ഐസ്റ്റോക്ക്
Environment

പക്ഷികളിലൂടെ പടരുന്ന പ്ലാസ്റ്റിക് മലിനീകരണം: പുതിയ പഠനങ്ങൾ

ബയോവെക്റ്ററിംഗ്" (Biovectoring) എന്ന പ്രക്രിയയിലൂടെ പക്ഷികൾ പ്രതിവർഷം നൂറുകണക്കിന് കിലോഗ്രാം പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നു

Andy J Green

വിശന്നു വലയുന്ന കടൽകാക്കകൾ (Gulls) നമ്മുടെ ചിപ്‌സും സാൻഡ്‌വിച്ചും മാത്രമല്ല തട്ടിയെടുക്കുന്നത്. അവ നമ്മുടെ ശീലങ്ങൾ പഠിക്കുകയും വിശ്വസിക്കാവുന്ന ഭക്ഷണ സ്രോതസ്സുകൾ തേടുകയും ചെയ്യുന്നു. മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ, ലാൻഡ്‌ഫില്ലുകൾ (മാലിന്യം കുഴിച്ചുമൂടുന്ന ഇടങ്ങൾ) അല്ലെങ്കിൽ ഭക്ഷണാവശിഷ്ടങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന ഇടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം ഭക്ഷണ സ്രോതസ്സുകൾ പ്രയോജനപ്പെടുത്തുന്നതിനായി പല കടൽകാക്കകളും തീരപ്രദേശങ്ങളിൽ നിന്ന് ഉൾനാടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.

നമ്മുടെ മാലിന്യങ്ങൾ എവിടെയൊക്കെ സംസ്കരിക്കപ്പെടുന്നുവോ, അവിടെയെല്ലാം കടൽകാക്കകൾക്കും മറ്റ് പക്ഷികൾക്കും ഇര തേടാൻ സാധിക്കും. ലാൻഡ്‌ഫില്ലുകളിൽ മാലിന്യങ്ങൾ മൂടുന്നതിന് മുൻപ് തന്നെ കടൽകാക്കകൾ അവ ഭക്ഷണമാക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ പുരണ്ട പ്ലാസ്റ്റിക് അല്ലെങ്കിൽ ഗ്ലാസ് കഷണങ്ങൾ ചെറുതാണെങ്കിൽ അവ അവയെ മുഴുവനായി വിഴുങ്ങും. ഭക്ഷണം മാത്രമേ ദഹിക്കുകയുള്ളൂ, പക്ഷി തിരികെ അതിന്റെ വിശ്രമസ്ഥലത്തേക്ക് (Roost site) പറക്കുമ്പോൾ ദഹിക്കാത്ത മാലിന്യങ്ങൾ അവിടെ ഛർദ്ദിച്ചു കളയുന്നു (Regurgitated). ഇത് ആ പ്രദേശത്തെ മലിനമാക്കുന്നു. മലിനകാരികളുടെ ഇത്തരത്തിലുള്ള നീക്കത്തെയാണ് "ബയോവെക്റ്ററിംഗ്" (Biovectoring) എന്ന് വിളിക്കുന്നത്.

പക്ഷികളുടെ ദൈനംദിന സഞ്ചാരത്തിലൂടെ എത്രമാത്രം പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും പ്രധാനപ്പെട്ട പ്രകൃതിദത്ത മേഖലകളിലേക്ക് എത്തുന്നുവെന്ന് എന്നെപ്പോലെയുള്ള ശാസ്ത്രജ്ഞർ ആദ്യമായി കണക്കാക്കുകയാണ്. യുകെയിലും വടക്കൻ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും പ്രജനനം നടത്തുന്ന പല 'ലെസ്സർ ബ്ലാക്ക് ബാക്ക്ഡ്' കടൽകാക്കകളും തെക്കൻ സ്പെയിനിലെ അൻഡലൂഷ്യയിലേക്ക് ദേശാടനം നടത്തുന്നു. അവിടെ ഒരു ലക്ഷത്തിലധികം വരുന്ന ഇവ പ്രധാനമായും നെൽവയലുകളെയും ലാൻഡ്‌ഫില്ലുകളെയുമാണ് ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. ഭാഗ്യവശാൽ, ഈ പക്ഷികളിൽ പലതിലും പ്രജനന സമയത്ത് ജിപിഎസ് ടാഗുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇത് അവയുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാൻ സഹായിക്കുന്നു.

മാലഗയിലെ 'ഫ്യൂന്റെ ഡി പീഡ്ര' തടാകം ദേശാടനം നടത്തുന്ന ഇത്തരം കടൽകാക്കകളുടെ ഒരു പ്രധാന കേന്ദ്രമാണ്. 'റാംസർ' (Ramsar) കൺവെൻഷൻ പ്രകാരം അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടമായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്. സ്പെയിനിലെ ഏറ്റവും വലിയ ഫ്ലമിംഗോ പ്രജനന കേന്ദ്രം കൂടിയാണിത്. കടൽകാക്കകൾ ഭക്ഷണത്തിനായി ലാൻഡ്‌ഫില്ലുകളിലേക്ക് 50 മൈൽ വരെ പറക്കുകയും പിന്നീട് വിശ്രമത്തിനായി തടാകത്തിലേക്ക് തിരികെ എത്തുകയും ചെയ്യുന്നു.

ജിപിഎസ് വിവരങ്ങളും ജലപക്ഷികളുടെ എണ്ണവും പക്ഷികൾ ഛർദ്ദിച്ചു കളയുന്ന അവശിഷ്ടങ്ങളുടെ (Pellets) വിശകലനവും സംയോജിപ്പിച്ചതിലൂടെ ശാസ്ത്രജ്ഞർ ഞെട്ടിക്കുന്ന ഒരു കണക്ക് കണ്ടെത്തി. ഓരോ വർഷവും ശരാശരി 400 കിലോഗ്രാം പ്ലാസ്റ്റിക്കും, ഗ്ലാസ്, വസ്ത്രങ്ങൾ, സെറാമിക്സ് എന്നിവയുൾപ്പെടെ രണ്ട് ടണ്ണിലധികം മറ്റ് മാലിന്യങ്ങളും ഈ ഇനം കടൽകാക്കകൾ മാത്രം തടാകത്തിൽ എത്തിക്കുന്നു. ഈ തടാകത്തിന് പുറത്തേക്ക് ഒഴുക്കില്ലാത്തതിനാൽ അത് ഉപ്പുവെള്ളമായി നിലനിൽക്കുകയും ഫ്ലമിംഗോകൾക്ക് അനുയോജ്യമാവുകയും ചെയ്യുന്നു. എന്നാൽ അവിടെയെത്തുന്ന പ്ലാസ്റ്റിക്കുകൾ തടാകത്തിൽ തന്നെ അവശേഷിക്കുകയും മൈക്രോപ്ലാസ്റ്റിക്കുകളായി മാറുകയും ചെയ്യുന്നു. ഇവ ഫ്ലമിംഗോ കുഞ്ഞുങ്ങളും ജലജീവികളും ഭക്ഷണമാക്കാൻ ഇടയാകുന്നു.

അൻഡലൂഷ്യയുടെ തീരപ്രദേശങ്ങളിൽ, ഈ കടൽകാക്കകൾക്കൊപ്പം അവിടെ സ്ഥിരതാമസക്കാരായ 'യല്ലോ-ലെഗ്ഡ്' കടൽകാക്കകളും ദേശാടകരായ വെള്ള സ്റ്റോർക്കുകളും (White storks) ചേരുന്നു. ലാൻഡ്‌ഫില്ലുകൾ സന്ദർശിക്കുന്ന പ്രധാന മൂന്ന് തരം ജലപക്ഷികളാണിവ.

ചരിത്രനഗരമായ കാഡിസിലെ തണ്ണീർത്തടങ്ങളിൽ (മറ്റൊരു റാംസർ സൈറ്റ്), ഈ മൂന്ന് ഇനം പക്ഷികളും ചേർന്ന് വിവിധ തരത്തിലുള്ള പ്ലാസ്റ്റിക്കുകൾ പല ഭാഗങ്ങളിലായി പടർത്തുന്നു. ഓരോ വർഷവും 530 കിലോഗ്രാം പ്ലാസ്റ്റിക്കാണ് പക്ഷികളുടെ വിസർജ്യത്തിലൂടെയും ഛർദ്ദിയിലൂടെയും ഇവിടെ എത്തുന്നത്. സ്റ്റോർക്കുകൾ വലിപ്പത്തിൽ വലുതായതുകൊണ്ട് ഓരോ പക്ഷിയും കൂടുതൽ മാലിന്യം വഹിക്കുമെങ്കിലും, കടൽകാക്കകളാണ് കൂടുതൽ പ്ലാസ്റ്റിക് എത്തിക്കുന്നത്.

ഈ മാലിന്യങ്ങൾ വിഴുങ്ങുന്നത് പക്ഷികളെ തന്നെ സാരമായി ബാധിക്കുന്നു. പ്ലാസ്റ്റിക് കുടുങ്ങിയോ ശ്വാസം മുട്ടിയോ ഉള്ള മരണം, പ്ലാസ്റ്റിക്കിലെ വിഷാംശങ്ങൾ എന്നിവ ഇവയ്ക്ക് ഭീഷണിയാണ്. പിന്നീട് ഇവ തടാകങ്ങളിൽ പുറന്തള്ളപ്പെടുമ്പോൾ മറ്റ് ജീവജാലങ്ങൾക്കും ഭീഷണിയാകുന്നു. കാഡിസ് ഉൾക്കടലിലെ പ്രധാന മേഖലകളായ മത്സ്യകൃഷിയിലൂടെയും ഉപ്പ് ഉൽപ്പാദനത്തിലൂടെയും ഈ പ്ലാസ്റ്റിക്കുകൾ നമ്മുടെ ഭക്ഷണ ശൃംഖലയിലേക്കും എളുപ്പത്തിൽ കടന്നുകൂടുന്നു.

സ്പെയിനിൽ നടന്ന ഈ പഠനങ്ങൾ യൂറോപ്പിലുടനീളം നിലനിൽക്കുന്ന പ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. യുകെയിൽ ഇത്തരം പഠനങ്ങൾ ഇതുവരെ നടന്നിട്ടില്ലെങ്കിലും കടൽകാക്കകൾ മാലിന്യം തേടിയെത്തുന്ന എല്ലായിടത്തും സമാനമായ പ്രശ്നങ്ങളുണ്ട്. ഭാവിയിൽ വൈറ്റ് സ്റ്റോർക്കുകൾ യുകെയിൽ വർദ്ധിച്ചാൽ അവയും ലാൻഡ്‌ഫില്ലുകൾ സന്ദർശിക്കാനും മലിനീകരണം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.

ലാൻഡ്‌ഫില്ലുകൾ ശാസ്ത്രീയമായി മൂടുന്നതും മാലിന്യ സംസ്കരണത്തിലെ പുരോഗതിയും യുകെയിലെയും മറ്റും കടൽകാക്കകളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട്. എന്നാൽ നമ്മുടെ ഉപഭോഗ സംസ്കാരം ഇത്രയധികം മാലിന്യങ്ങൾ സൃഷ്ടിക്കുന്നിടത്തോളം ഈ പ്ലാസ്റ്റിക് ചോർച്ച തുടരും. പുനരുപയോഗം (Recycle) ചെയ്യുന്നതിനേക്കാൾ നല്ലത് മാലിന്യം കുറയ്ക്കുന്നതും (Reduce) വസ്തുക്കൾ വീണ്ടും ഉപയോഗിക്കുന്നതുമാണ് (Reuse). കാരണം, ഭക്ഷണ പാത്രങ്ങൾ റീസൈക്കിൾ ചെയ്യുന്നതിന് മുൻപ് തന്നെ പക്ഷികൾ അവ ഭക്ഷണമാക്കാൻ സാധ്യതയുണ്ട്. ഭക്ഷണ പാത്രങ്ങൾ ചവറ്റുകുട്ടയിൽ ഇടുന്നതിന് മുൻപ് വൃത്തിയാക്കുന്നതും ഭക്ഷണാവശിഷ്ടങ്ങൾ വളമാക്കുന്നതും (Composting) ഈ പ്രതിഭാസം കുറയ്ക്കാൻ സഹായിക്കും.

ആൻഡി ജെ. ഗ്രീൻ - ഫ്രഷ് വാട്ടർ ഇക്കോളജി പ്രൊഫസർ, എസ്റ്റാസിയോൺ ബയോളജിക്ക ഡി ഡൊനാന (EBD-CSIC); മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)