Environment

ഗോബർ ടൈംസ്: ഇന്ത്യയുടെ പരിസ്ഥിതി നായകർ

ചിപ്‌കോ പ്രസ്ഥാനത്തിന്റെയും, ജലസംരക്ഷകരുടെയും, ഗോത്രവർഗ്ഗ പോരാട്ടങ്ങളുടെയും കഥകൾ; ഒപ്പം ഇന്ത്യയുടെ സവിശേഷമായ പരിസ്ഥിതി ബോധത്തിന് അടിത്തറ പാകിയ ശാസ്ത്രജ്ഞരെയും നമുക്ക് പരിചയപ്പെടാം.

Richard Mahapatra, Chhavi Mathur

"ബ്രിട്ടീഷ് ഭരണകാലത്തിന് ശേഷമാണ് ഇന്ന് നമ്മൾ കാണുന്ന രീതിയിലുള്ള ഒരു പരിസ്ഥിതി അവബോധം ഇന്ത്യയിൽ രൂപപ്പെട്ടത്. ബ്രിട്ടീഷ് അധിനിവേശം നമ്മുടെ പ്രകൃതിയുടെ മേൽ വലിയൊരു ആഘാതമാണ് ഉണ്ടാക്കിയത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രകൃതിയെ നിയന്ത്രിക്കാനും, മാറ്റം വരുത്താനും, ചൂഷണം ചെയ്യാനും അവർ ശ്രമിച്ചു.

ബ്രിട്ടീഷുകാർ വരുന്നതിന് മുൻപുള്ള കാലഘട്ടത്തിൽ, ഭരണകൂടങ്ങൾ വളരെ അപൂർവ്വമായി മാത്രമേ പ്രകൃതിവിഭവങ്ങളുടെ കാര്യത്തിൽ ഇടപെട്ടിരുന്നുള്ളൂ. എന്നാൽ ബ്രിട്ടീഷ് ഭരണത്തിൽ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇടപാടുകളിൽ ഗവൺമെന്റ് നേരിട്ട് ഇടപെടുകയും വലിയ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു."

രാമചന്ദ്ര ഗുഹ, "പ്രകൃതിയുമായുള്ള സംവാദം"

പരിസ്ഥിതി, പരിസ്ഥിതിവാദം, പരിസ്ഥിതിപ്രവർത്തകൻ - ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾക്ക് ഏറെ ആഴമേറിയ അർത്ഥങ്ങളുണ്ട്. കാരണം, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും ജനജീവിതവും രാഷ്ട്രീയവുമെല്ലാം പ്രകൃതിയുമായി അത്രമേൽ കെട്ടുപിണഞ്ഞുകിടക്കുന്നു. നമ്മുടെ നിലനിൽപ്പിന്റെ ആധാരശില തന്നെ പരിസ്ഥിതിയാണ്.

ഇപ്പോഴും ഇന്ത്യയിലെ പകുതിയോളം ജനങ്ങൾ കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. ഏകദേശം 20 ശതമാനം ആളുകൾ ഉപജീവനത്തിനായി വനങ്ങളെയും, ഗ്രാമീണ മേഖലയിലെ വലിയൊരു വിഭാഗം കന്നുകാലി വളർത്തലിനെയും ആശ്രയിക്കുന്നു. നമ്മുടെ ആധുനിക സമ്പദ്‌വ്യവസ്ഥ പോലും ധാതുക്കൾ ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് തന്നെ, ഒരു ഇന്ത്യക്കാരനായിരിക്കുക എന്നതിനർത്ഥം പരിസ്ഥിതിയുടെ ഭാഗമായിരിക്കുക എന്നാണ്. പ്രകൃതിയെ സംരക്ഷിക്കാനായി പോരാടുന്നത് നമ്മുടെ സ്വന്തം നിലനിൽപ്പിനായുള്ള പോരാട്ടം കൂടിയാണ്.

ഇതുപോലുള്ള കൂടുതൽ അറിവുകൾക്കായി 'ഡൗൺ ടു എർത്തി'ന്റെ (Down To Earth) സഹോദര വെബ്സൈറ്റായ 'യംഗ് എൻവയോൺമെന്റലിസ്റ്റ്' (Young Environmentalist) സന്ദർശിക്കാവുന്നതാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)