ഇറാനെതിരെയുള്ള യുഎസിന്റെയും ഇസ്രായേലിന്റെയും സൈനിക നടപടികൾ ആഗോള ദക്ഷിണ രാജ്യങ്ങളിൽ (Global South) വലിയ തോതിലുള്ള പണപ്പെരുപ്പം, കടക്കെണി, കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്ക് വഴിതുറക്കുമെന്ന് പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഊർജ്ജ ഇറക്കുമതിയെയും പ്രവാസി വരുമാനത്തെയും (Remittance) ആശ്രയിച്ചു കഴിയുന്ന ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ സമ്പദ്‌വ്യവസ്ഥകൾക്കാണ് ഇതിന്റെ ആഘാതം കൂടുതൽ ഏൽക്കേണ്ടി വരിക. ഇന്ധന-ഭക്ഷ്യ വിലവർദ്ധനവ്, വ്യാപാര പാതകളിലെ തടസ്സങ്ങൾ, വിപണിയിലെ ഡോളർ ലഭ്യതയിലുണ്ടാകുന്ന കുറവ് എന്നിവയ്ക്ക് പുറമെ ഗൾഫ് രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മോശമാകുന്നതും ഇവിടങ്ങളിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കും.
ഇറാനെതിരെയുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും (യു.എസ്) ഇസ്രായേലിന്റെയും സൈനിക നടപടികൾ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളെ പണപ്പെരുപ്പം, കടക്കെണി, കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയിലേക്ക് തള്ളിവിട്ടേക്കാമെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ ഊർജ്ജ ഇറക്കുമതിയെയും പ്രവാസി വരുമാനത്തെയും (Remittance) ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങളാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്.
'ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് അസോസിയേഷൻസ്' പുറത്തുവിട്ട 'വാർ ഓൺ ഇറാൻ ആൻഡ് ദി ഗ്ലോബൽ സൗത്ത്' (War on Iran and the Global South) എന്ന ഈ റിപ്പോർട്ട് പുറത്തുവരുന്നത് ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷങ്ങൾ പുകയുന്ന പശ്ചാത്തലത്തിലാണ്. ഇറാനെതിരെ തുടർച്ചയായ മൂന്നാം രാത്രിയും യുഎസ് വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. ഇറാനെതിരെ സമുദ്ര ഉപരോധം പുനഃസ്ഥാപിക്കുമെന്നും സുരക്ഷിതമായ കടന്നുപോകലിനായി കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണിത്. യുഎസ് നയത്തിൽ പെട്ടെന്നുണ്ടായ ഈ മാറ്റം, ഇറാനും ഇസ്രായേലും തമ്മിൽ ആഴ്ചകൾക്ക് മുൻപ് ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ നൽകിയ ആശ്വാസത്തിന് അറുതി വരുത്തിയിരിക്കുകയാണ്. ഇത് ആഗോള ദക്ഷിണ രാജ്യങ്ങളുടെ (Global South) സാമ്പത്തിക ഭദ്രതയെക്കുറിച്ച് പുതിയ ആശങ്കകൾക്ക് കാരണമാകുന്നു.
സംഘർഷം വീണ്ടും ശക്തമായാൽ അത് ഊർജ്ജ വിതരണത്തെയും വ്യാപാര പാതകളെയും സാമ്പത്തിക വിപണികളെയും വീണ്ടും തടസ്സപ്പെടുത്തുമെന്നും വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഈ സംഘർഷം സൃഷ്ടിക്കുന്ന സാമ്പത്തികവും ധനപരവുമായ പ്രത്യാഘാതങ്ങളിലാണ് റിപ്പോർട്ട് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, ഈ സംഭവവികാസങ്ങളെ ഒറ്റപ്പെടുത്തി കാണാൻ കഴിയില്ലെന്ന് ഇതിന്റെ രചയിതാക്കൾ ഊന്നിപ്പറയുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമായ "ഇറാൻ, ലെബനൻ പരമാധികാര ലംഘനങ്ങളുടെ" പശ്ചാത്തലത്തിലാണ് ഈ യുദ്ധം അരങ്ങേറുന്നതെന്ന് അവർ വാദിക്കുന്നു. അതിനാൽ പണപ്പെരുപ്പം, കടബാധ്യത, വ്യാപാര തടസ്സങ്ങൾ, പ്രവാസി വരുമാന നഷ്ടം എന്നിവയെക്കുറിച്ചുള്ള വിശകലനങ്ങൾ ഈ വിശാലമായ രാഷ്ട്രീയ-നിയമ പശ്ചാത്തലത്തിൽ വേണം വായിച്ചെടുക്കാനെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നാല് പ്രധാന വഴികളിലൂടെയാണ് ആഗോള ദക്ഷിണ രാജ്യങ്ങൾക്ക് ഈ പ്രതിസന്ധി നേരിടേണ്ടി വരുന്നത്: വർദ്ധിച്ചുവരുന്ന ഊർജ്ജ-ഭക്ഷ്യ വിലകൾ, കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ, കുറയുന്ന പ്രവാസി പണമൊഴുക്ക്, ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ മോശമാകുന്ന തൊഴിൽ സാഹചര്യങ്ങൾ എന്നിവയാണവയെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
സംഘർഷം രൂക്ഷമായാൽ കറൻസി മൂല്യത്തകർച്ചയ്ക്കും ഡോളർ ലഭ്യതയിലുണ്ടാകുന്ന കുറവിനും ഒപ്പം ഇന്ധന ഇറക്കുമതിച്ചെലവ് കുത്തനെ ഉയരുന്ന പ്രതിസന്ധിയും നേരിടേണ്ടി വരുന്ന ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ, ദക്ഷിണ കൊറിയ, തായ്ലൻഡ്, ഫിലിപ്പീൻസ് എന്നിവയും ഉൾപ്പെടുന്നു. ഈ സാഹചര്യം സർക്കാരുകളുടെയും ബിസിനസ്സുകളുടെയും വായ്പാ ചെലവുകൾ വർദ്ധിപ്പിക്കുകയും സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാനുള്ള അവരുടെ ശേഷിയെ പരിമിതപ്പെടുത്തുകയും ചെയ്യും.
റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ഇതിനെ താരതമ്യപ്പെടുത്തിക്കൊണ്ട്, 2022-ലെ ആദ്യ രണ്ട് മാസങ്ങളിൽ ലോക ബാങ്കിന്റെ കമ്മോഡിറ്റി മാർക്കറ്റ് ഡാറ്റ പ്രകാരം ആഗോള ഊർജ്ജ വില 54 ശതമാനവും ഭക്ഷ്യവില 18 ശതമാനവും ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നീണ്ടുനിൽക്കുന്ന ഒരു ഇറാൻ സംഘർഷം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എണ്ണക്കപ്പൽ പാതകളെയും ആഗോള ഊർജ്ജ വിതരണത്തെയും നേരിട്ട് ബാധിക്കുമെന്നതിനാൽ ഇത് നിയന്ത്രിക്കുക കൂടുതൽ കഠിനമായിരിക്കും.
സാമ്പത്തിക രംഗത്തെ അപകടസാധ്യതകളും വരുംദിവസങ്ങളിൽ വർദ്ധിച്ചേക്കാം. അന്താരാഷ്ട്ര നാണയ നിധി (IMF) കണക്കാക്കുന്നത് പ്രകാരം, 2024 മുതൽ 2027 വരെയുള്ള കാലയളവിൽ വികസ്വര രാജ്യങ്ങൾ നൽകേണ്ട പലിശയുടെ 44 ശതമാനവും നൽകേണ്ടി വരുന്നത് ആഫ്രിക്കയിലെ 22 സബ്-സഹാറൻ രാജ്യങ്ങളാണ്. കൂടാതെ വേൾഡ് ബാങ്കിന്റെയും ഐഎംഎഫിന്റെയും കടബാധ്യത വിശകലനങ്ങൾ പ്രകാരം, നിലവിൽ 21 ആഫ്രിക്കൻ വികസ്വര രാജ്യങ്ങൾ കടുത്ത കടക്കെണിയിലോ അല്ലെങ്കിൽ അതിന്റെ ഉയർന്ന ഭീഷണിയിലോ ആണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ദക്ഷിണേഷ്യയെ സംബന്ധിച്ചിടത്തോളം, വിദേശത്തുനിന്നുള്ള പ്രവാസി വരുമാനത്തിന്റെ സുരക്ഷിതത്വത്തെയാണ് ഇത് ബാധിക്കുക. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി വരുമാനം കൈപ്പറ്റുന്ന ഇന്ത്യയിലേക്ക് 2023-ലും 2024-ലുമായി ലഭിച്ച 137 ബില്യൺ ഡോളറിൽ ഏകദേശം 51 ബില്യൺ ഡോളറും മിഡിൽ ഈസ്റ്റിൽ നിന്നാണ് എത്തിയതെന്ന് വേൾഡ് ബാങ്ക് ഡാറ്റ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ പാകിസ്താന് ലഭിച്ച 36 ബില്യൺ ഡോളർ പ്രവാസി വരുമാനത്തിൽ 55 ശതമാനവും ഈ മേഖലയിൽ നിന്നായിരുന്നു.
സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ ഗൾഫ് രാജ്യങ്ങളിലെ 25 ദശലക്ഷത്തിലധികം (2.5 കോടി) കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ കൂടുതൽ വഷളാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയെ (ILO) ഉദ്ധരിച്ചുകൊണ്ട്, ഗൾഫ് രാജ്യങ്ങളിലെ മൊത്തം തൊഴിലാളികളിൽ 76 മുതൽ 95 ശതമാനം വരെ കുടിയേറ്റ തൊഴിലാളികളാണെന്നും ഖത്തറിലെയും കുവൈറ്റിലെയും സ്വകാര്യ മേഖലയിലെ ജീവനക്കാരിൽ 90 ശതമാനത്തിലധികവും പ്രവാസികളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഗൾഫ് രാജ്യങ്ങളിലെ സോവറിൻ വെൽത്ത് ഫണ്ടുകൾ (sovereign wealth funds) സംയുക്തമായി 5 ട്രില്യൺ ഡോളറിലധികം ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. പ്രതിസന്ധി ഉണ്ടായാൽ അവർ വിദേശ നിക്ഷേപങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് സ്വന്തം രാജ്യങ്ങളിലെ വികസനത്തിനും അടിസ്ഥാന സൗകര്യ പുനർനിർമ്മാണത്തിനുമായി ഈ ഫണ്ടുകൾ ഉപയോഗിച്ചേക്കാം. ഇത് ആഗോള തലത്തിലെ പുതിയ നിക്ഷേപങ്ങളുടെ ഒഴുക്ക് മന്ദഗതിയിലാക്കാൻ കാരണമാകും.
തുടക്കത്തിൽ വർദ്ധിച്ചുവരുന്ന ഇന്ധന വില, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, വ്യാപാര പ്രതിസന്ധികൾ എന്നിവയിലൂടെയാണ് ഈ പ്രത്യാഘാതങ്ങൾ അനുഭവപ്പെടുകയെങ്കിലും, ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധം അന്താരാഷ്ട്ര ഫണ്ടുകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും പണപ്പെരുപ്പം, കടബാധ്യത, കയറ്റുമതി-ഇറക്കുമതിയിലെ അസന്തുലിതാവസ്ഥ (balance of payments pressures) എന്നിവ വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് ആഗോള ദക്ഷിണ രാജ്യങ്ങളിൽ വലിയൊരു മാക്രോ ഇക്കണോമിക് പ്രതിസന്ധിക്ക് കാരണമാകുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)