ഐസ്റ്റോക്ക്
Energy

വൈദ്യുതി മേഖലയിലെ മാറ്റത്തിന് സ്മാർട്ട് മീറ്ററുകൾ, തടസ്സങ്ങൾ ഏറെ

മീറ്റർ ഘടിപ്പിക്കൽ, മെയിന്റനൻസ് ജീവനക്കാരുടെ കുറവ്, മീറ്ററിംഗ് അടിസ്ഥാനസൗകര്യങ്ങളിലെ പ്രാവീണ്യക്കുറവ് എന്നിവ പുരോഗതി മന്ദഗതിയിലാക്കും

Puja Das

  • ഇന്ത്യയുടെ സ്മാർട്ട് മീറ്ററിംഗ് സംരംഭം വൈദ്യുതി കമ്പനികൾക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകുന്നു.

  • എന്നാൽ ഡാറ്റാ വിനിയോഗം, മാനവശേഷി, ഉപഭോക്തൃ വിശ്വാസം തുടങ്ങിയ വെല്ലുവിളികൾ സംരംഭത്തിന്റെ മുഴുവൻ സാധ്യതകളെയും തടസ്സപ്പെടുത്തുന്നു.

  • ബീഹാർ പോലുള്ള സംസ്ഥാനങ്ങൾ കാര്യമായ നേട്ടങ്ങൾ കാണിക്കുന്നുണ്ടെങ്കിലും ഈ പ്രശ്നങ്ങൾ പരിഹരിക്കാതെ, പദ്ധതിയുടെ ദീർഘകാല ആഘാതം പരിമിതമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

  • മെച്ചപ്പെട്ട ഡാറ്റാ അനലിറ്റിക്സും ഉപഭോക്തൃ ഇടപഴകലും ആവശ്യമാണ്.

ഇന്ത്യയുടെ വിപുലമായ സ്മാർട്ട് മീറ്ററിംഗ് പദ്ധതി നിരവധി വൈദ്യുതി വിതരണ കമ്പനികൾക്ക് സാമ്പത്തികവും പ്രവർത്തനപരവുമായ നേട്ടങ്ങൾ നൽകുന്നുണ്ടെങ്കിലും, ഡാറ്റയുടെ ഫലപ്രദമായ വിനിയോഗം, മാനവവിഭവശേഷി വികസനം, ഉപഭോക്തൃ ഇടപഴകൽ എന്നിവയുമായി ബന്ധപ്പെട്ട പരിഹരിക്കപ്പെടാത്ത വെല്ലുവിളികൾ അടിയന്തിരമായി അഭിസംബോധന ചെയ്യാത്ത പക്ഷം, പദ്ധതിയുടെ ദീർഘകാല പ്രഭാവം പരിമിതമാകുമെന്ന് വിദഗ്ധരും യൂട്ടിലിറ്റി മേധാവികളും മുന്നറിയിപ്പ് നൽകുന്നു.

സ്മാർട്ട് പ്രീപെയ്ഡ് മീറ്ററുകൾ ബില്ലിംഗ് കാര്യക്ഷമതയും വരുമാന വീണ്ടെടുക്കലും മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെങ്കിലും, ഇവ വഴി സൃഷ്ടിക്കപ്പെടുന്ന വലിയ തോതിലുള്ള ഡാറ്റയെ പ്രവർത്തനക്ഷമമായ തീരുമാനങ്ങളാക്കി മാറ്റുന്നതിൽ വൈദ്യുതി മേഖല ഇപ്പോഴും പാടുപെടുകയാണെന്ന്, 2026 ജനുവരി 19-ന് നടന്ന ഒരു വ്യവസായ പരിപാടിയിൽ സംസ്ഥാന യൂട്ടിലിറ്റികളിലെയും വൈദ്യുതി മേഖലയിലെയും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സാമ്പത്തിക നേട്ടങ്ങൾ, പക്ഷേ പുരോഗതിയിൽ ഭിന്നത

ബീഹാറിന്റെ അനുഭവം സ്മാർട്ട് മീറ്ററിംഗ് മേഖലയിൽ ഒരു പ്രധാന റഫറൻസ് പോയിന്റായി ഉയർന്നു. 84 ലക്ഷത്തിലധികം സ്മാർട്ട് പ്രീപെയ്ഡ് മീറ്ററുകൾ സ്ഥാപിച്ചതോടെ സാമ്പത്തിക മാറ്റങ്ങൾ സംഭവിച്ചതായി ബീഹാർ ഊർജ്ജ വകുപ്പിലെ മനോജ് കുമാർ സിംഗ് പറഞ്ഞു. 2021–22 സാമ്പത്തിക വർഷത്തിൽ ഏകദേശം 300 കോടി രൂപയുടെ മൊത്തം നഷ്ടം 2025–26 അവസാനം 2,000 കോടി രൂപയ്ക്ക് മുകളിലുള്ള ലാഭമായി മാറി,

അതേസമയം ബില്ലിംഗ് കാര്യക്ഷമത 75 ശതമാനത്തിൽ നിന്ന് 87 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ വരുമാന ശേഖരണം ഏകദേശം ഇരട്ടിയായി. മോഷണ സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാൻ എനർജി ഓഡിറ്റുകളും, ഫീഡർ–വിതരണ ട്രാൻസ്ഫോർമർ തലങ്ങളിൽ അണ്ടർ-ബില്ലിംഗും സഹായകമായതായി സിംഗ് അറിയിച്ചു. സ്മാർട്ട് മീറ്ററുകൾ "അനുമാനാധിഷ്ഠിത പ്രവർത്തനങ്ങളിൽ നിന്നു പ്രവചനാത്മക, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കലിലേക്കും, റെഗുലേറ്ററി നിരാകരണങ്ങൾ കുറയ്ക്കലിലേക്കും, താരിഫ് വിശ്വാസ്യത മെച്ചപ്പെടുത്തലിലേക്കും" വ്യാപിച്ചുവെന്നു അദ്ദേഹം ഊന്നിപ്പറഞ്ഞു.

എന്നിരുന്നാലും, മറ്റ് വിദഗ്ധരും യൂട്ടിലിറ്റി കമ്പനികളും, ഇത്തരം നേട്ടങ്ങൾ യാന്ത്രികമല്ലെന്നും, സംസ്ഥാനങ്ങളിലും യൂട്ടിലിറ്റികളിലും പുരോഗതി അസമമായി തുടരുകയാണെന്നും മുന്നറിയിപ്പ് നൽകി.

ഡാറ്റയുടെ പ്രവാഹം, ശേഷി പരിമിതം

സ്മാർട്ട് മീറ്ററുകൾ സൃഷ്ടിക്കുന്ന ഡാറ്റ പൂർണ്ണമായും ചൂഷണം ചെയ്യാൻ യൂട്ടിലിറ്റികളുടെ കഴിവില്ലായ്മയാണ് ഏറ്റവും നിരന്തരമായ വെല്ലുവിളികളിലൊന്ന്. നൂതന യൂട്ടിലിറ്റികൾ പോലും നിലവിൽ ലഭ്യമായ ഡാറ്റയുടെ നാലിലൊന്നിൽ താഴെ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് മുതിർന്ന ഡിസ്കോം ഉദ്യോഗസ്ഥർ സമ്മതിച്ചു.

ഫീൽഡ് എഞ്ചിനീയർമാർക്ക് ഗ്രാനുലാർ മീറ്റർ ഡാറ്റ പ്രയോജനപ്രദമാക്കുന്ന രീതിയിൽ മാറ്റുന്നതിന് ഐടി, ഫിനാൻസ്, ഓപ്പറേഷൻസ് എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന പ്രത്യേക കഴിവുകൾ ആവശ്യമാണെന്ന് കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടറിലെ ശാലു അഗർവാൾ അഭിപ്രായപ്പെട്ടു. ഈ സംയോജനം ഇല്ലാതെ, സ്മാർട്ട് മീറ്ററിംഗ് ഒരു പരിവർത്തന ഉപകരണം എന്നതിന് പകരം കേവലം നിയമപരമായ മാറ്റം ആയി മാറാൻ സാധ്യതയുണ്ട്.

ഇത് പരിഹരിക്കുന്നതിന്, ചില യൂട്ടിലിറ്റികൾ സമർപ്പിത ഐടി, ഡാറ്റാ അനലിറ്റിക്സ് വിഭാഗങ്ങൾ സൃഷ്ടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്, അതേസമയം ഡാറ്റാ വ്യാഖ്യാനങ്ങൾ സബ്-ഡിവിഷൻ, ഫീഡർ തലങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഊർജ്ജ മന്ത്രാലയം ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു.

ഉപഭോക്തൃ പ്രതിരോധവും വിശ്വാസക്കുറവും

ഉപഭോക്‌താക്കളുടെ സ്വീകാര്യത മറ്റൊരു പ്രശ്നമായി തുടരുന്നു. മീറ്റർ മാറ്റിസ്ഥാപിക്കുമ്പോഴും പ്രീപെയ്ഡ് സംവിധാനങ്ങളിലേക്കുള്ള മാറ്റം വരുമ്പോഴും ഉണ്ടാകുന്ന എതിർപ്പ്, തെറ്റായ വിവരങ്ങൾ, ബില്ലിംഗ് ഉത്കണ്ഠകൾ എന്നിവ പരാതികൾക്കും രാഷ്ട്രീയ സമ്മർദ്ദത്തിനും കാരണമാകുന്നത് തുടരുന്നുവെന്ന് യൂട്ടിലിറ്റി മേധാവികൾ സമ്മതിച്ചു.

റീചാർജ് ചെയ്തതിനുശേഷം വീണ്ടും കണക്ഷൻ വൈകുന്നത്, മീറ്റർ, നെറ്റ്‌വർക്ക്, ബില്ലിംഗ് സംവിധാനങ്ങൾ എന്നിവ തമ്മിലുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സോളാർ റൂഫ് ഉപഭോക്താക്കൾ പ്രീപെയ്ഡ് മീറ്ററുകളിലേക്ക് മാറുന്നതിൽ ആശയക്കുഴപ്പം തുടങ്ങിയ വെല്ലുവിളികൾ കാൺപൂർ വൈദ്യുതി വിതരണ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സാമുവൽ പോൾ ചൂണ്ടിക്കാട്ടി.

പ്രതികൂല പ്രതികരണങ്ങൾ ഒഴിവാക്കാൻ നിരന്തരമായ ബോധവൽക്കരണ പ്രചാരണങ്ങൾ , ലളിതമായ ബില്ലിംഗ് ഫോർമാറ്റുകൾ, കൂടാതെ ഇൻസ്റ്റലേഷനുശേഷമുള്ള ഉപഭോക്തൃ പിന്തുണ, എന്നിവ അനിവാര്യമാണെന്ന് പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. “കൂടുതൽ മീറ്ററുകൾ സ്ഥാപിക്കുന്നതല്ല വിഷയം; ഉപഭോക്താക്കൾക്ക് അതിന്റെ പ്രയോജനങ്ങൾ വ്യക്തമായി അനുഭവപ്പെടുന്നതാണ് പ്രധാനമെന്ന്” ചർച്ചയ്ക്കിടെ ഒരു കേന്ദ്ര ഊർജ്ജ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

മാനവശേഷിയും വിതരണക്കാരും - പ്രതിസന്ധികൾ

സ്മാർട്ട് മീറ്ററിംഗ് നടപ്പാക്കൽ ജീവനക്കാരെ നിയമിക്കുന്നതിലുള്ള ഘടനാപരമായ ദൗർബല്യങ്ങൾ കൂടി പുറത്തുകൊണ്ടുവന്നതായി രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി. മീറ്റർ സ്ഥാപിക്കൽ, പരിപാലനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരിൽ ഉയർന്ന പിരിഞ്ഞു പോകൽ നിരക്ക്, അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ കമ്പനികളിലെ പ്രവർത്തനക്ഷമതയില്ലായ്മ, വിതരണക്കാരുടെ ജോലിയിലെ അസമത്വം എന്നിവ പുരോഗതിയെ മന്ദഗതിയിലാക്കാൻ സാധ്യതയുള്ള പ്രധാന പ്രതിസന്ധികളായി ഉയർന്നുവന്നു.

സ്മാർട്ട് മീറ്ററിംഗ് 10–12 വർഷം വരെ കാലാവധിയുള്ള മീറ്ററുകളെ ആധാരമാക്കിയുള്ള ഒരു ദീർഘകാല നിക്ഷേപമാണെന്ന് യൂട്ടിലിറ്റികൾ മുന്നറിയിപ്പ് നൽകി. അതിനാൽ, ഇൻസ്റ്റലേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു തുല്യമായി തന്നെ സ്ഥിരതയുള്ള പ്രവർത്തനവും സേവന ഗുണനിലവാരവും നിർണായകമാണെന്നും അവർ ഊന്നിപ്പറഞ്ഞു.

തുടർ നടപടികൾ

സിഇഇഡബ്ല്യു (CEEW) വിലെ അഗർവാളും എഫ്എസ്ആർ ഗ്ലോബലിലെ (FSR Global) ശ്വേത കുമാറും ചില പ്രധാന പരിഹാര മാർഗങ്ങളിൽ ഏകാഭിപ്രായത്തിലെത്തി. ഡിസ്കോം എഞ്ചിനീയർമാർക്കായുള്ള പരിശീലന പരിപാടികൾ വ്യാപിപ്പിക്കുക, വിതരണക്കാരുടെ കാര്യത്തിൽ കർശനമായ പ്രകടന മാനദണ്ഡങ്ങൾ നടപ്പാക്കുക, ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ അളക്കുന്നതിനായി മൂന്നാം കക്ഷി പഠനങ്ങൾ നിർബന്ധമാക്കുക, കൂടാതെ ഇന്ത്യ എനർജി സ്റ്റാക്ക് പോലുള്ള പരസ്പരം പ്രവർത്തിക്കാവുന്ന (interoperable) ഡാറ്റാ പങ്കിടൽ ഫ്രെയിംവർക്കുകളുടെ വികസനം വേഗത്തിലാക്കുക എന്നിവയാണ് അവർ ചൂണ്ടിക്കാട്ടിയ പ്രധാന നടപടികൾ.

ഇത്തരം സംവിധാനപരമായ പരിഷ്കാരങ്ങൾ ഇല്ലെങ്കിൽ, സ്മാർട്ട് മീറ്ററുകൾക്ക് കുറച്ചു കാലത്തേക്ക് വരുമാന സൂചികകൾ മെച്ചപ്പെടുത്താൻ കഴിയുമെങ്കിലും, ഇന്ത്യയുടെ ശുദ്ധ ഊർജ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനാവശ്യമായ വൈദ്യുതി വിതരണ മേഖലയിലെ പരിഷ്കാരങ്ങൾ സാധ്യമാക്കുന്നതിൽ അവ പരാജയപ്പെടുമെന്നുമാണ് മുന്നറിയിപ്പ്.

“ഡാറ്റ ഇല്ലെങ്കിൽ നമ്മൾ വെറും അഭിപ്രായമുള്ള മറ്റൊരാൾ മാത്രമാണ്. ഡാറ്റ ഉപയോഗിക്കാൻ ശേഷിയില്ലെങ്കിൽ, സ്മാർട്ട് മീറ്ററുകൾക്കും അവരുടെ പൂർണ്ണ മൂല്യം നൽകാൻ കഴിയില്ല.” ശ്വേത കുമാർ പറഞ്ഞു.