Energy

ഒരു ഡൗൺ ടു എർത്ത് പ്രത്യേക വിശകലനം: E20 പുനർചിന്തനത്തിന്

എഥനോളിനെ മൂല്യമേറിയ ഒരു വ്യവസായ അസംസ്‌കൃത വസ്തുവായി (Industrial Feedstock) ഉപയോഗിക്കാനുള്ള സാധ്യതകൾ പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Anumita Roychowdhury

ഏപ്രിൽ 1 മുതൽ ഇന്ത്യയിലുടനീളമുള്ള ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (ഇ20 - E20) വിതരണം ചെയ്യേണ്ടതുണ്ട്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനുമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ, ഈ നീക്കം ഒരു 'ഇരട്ടത്തലയുള്ള വാൾ' (double-edged sword) പോലെയാണെന്ന അഭിപ്രായം ശക്തമാണ്. ഇത് മലിനീകരണം കുറയ്ക്കുന്നതിൽ എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തിൽ തർക്കമുണ്ട്. മാത്രമല്ല, പൂർണ്ണമായ വൈദ്യുതീകരണം (Electrification) പോലുള്ള മലിനീകരണമില്ലാത്ത ബദൽ മാർഗ്ഗങ്ങളിലേക്കുള്ള ഗതാഗത മേഖലയുടെ മാറ്റത്തെ ഇത് വൈകിപ്പിക്കുമോ എന്നും ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ ഒരു സുപ്രധാന ചോദ്യം ഉയരുന്നു: ഇന്ധന എഞ്ചിനുകൾക്കായി (Internal-combustion engines) ഉയർന്ന അളവിൽ എഥനോൾ കലർത്തുന്നതിന് മുൻഗണന നൽകുന്നതിന് പകരം, എഥനോളിനെ വിലയേറിയ ഒരു വ്യാവസായിക അസംസ്‌കൃത വസ്തുവായും ഇന്ധനമായും കാണേണ്ടതുണ്ടോ? ഇ20 നിബന്ധനയുടെ ആഘാതങ്ങളെക്കുറിച്ചുള്ള ഒരു വിശദമായ പരിശോധനയാണിത്.

വാഹനങ്ങളെ ബാധിക്കുന്ന ഇ20 (E20) ഇന്ധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇന്ധനക്ഷമതയെക്കുറിച്ചുമാണ് ഉപഭോക്താക്കൾക്കിടയിലുള്ള പ്രധാന ആശങ്ക. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ 30 മുതൽ 35 ശതമാനം വരെ ഊർജ്ജക്ഷമത കുറവാണെന്നാണ് പറയപ്പെടുന്നത്. അതിനാൽ, അതേ അളവിൽ കരുത്ത് ഉൽപ്പാദിപ്പിക്കാൻ എൻജിനുകൾ കൂടുതൽ ഇന്ധനം ഉപയോഗിക്കണ്ടി വരും, ഇത് ഉയർന്ന ഇന്ധന ഉപഭോഗത്തിലേക്ക് നയിക്കുന്നു. ഇ20-ന് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാത്ത പഴയ വാഹനങ്ങളിൽ - 2023 ഏപ്രിൽ മുതൽ ഇറങ്ങിയ വാഹനങ്ങൾ ഇ20 "മെറ്റീരിയൽ-കംപ്ലയിന്റ്" (E20 material-compliant) ആയിരിക്കണമെന്ന് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട് - ഇത് ഇന്ധനക്ഷമതയിൽ 2 മുതൽ 7 ശതമാനം വരെ കുറവുണ്ടാക്കാൻ സാധ്യതയുണ്ട്.

ആഗോള സാങ്കേതിക പഠനങ്ങൾ നൽകുന്ന തെളിവുകൾ സൂചിപ്പിക്കുന്നത് എഥനോൾ അമിതമായി ഈർപ്പം വലിച്ചെടുക്കുന്ന സ്വഭാവമുള്ളതാണെന്നും (Hygroscopic), അതൊരു ശക്തമായ ലായകമായി (Solvent) പ്രവർത്തിക്കുമെന്നുമാണ്. ഇത് ലോഹ നിർമ്മിതമായ ഇന്ധന പൈപ്പുകൾ, ഇന്ധന ടാങ്കുകൾ, കാർബറേറ്ററുകൾ എന്നിവയിൽ ഈർപ്പം മൂലമുണ്ടാകുന്ന തുരുമ്പിന് (Corrosion) കാരണമായേക്കാം. പഴയ വാഹനങ്ങളിൽ ദീർഘകാലം ഇ20 ഉപയോഗിക്കുന്നത് പ്രധാനപ്പെട്ട റബ്ബർ ഹോസുകളും പ്ലാസ്റ്റിക് സീലുകളും കടുപ്പമേറിയതാകാനും ഒടുവിൽ അവയിൽ വിള്ളലുകൾ വീഴാനും ഇടയാക്കും. ഉപഭോക്താക്കളുടെ ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, പഴയ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ (Retrofit) യാതൊരു പദ്ധതിയും നിലവിലില്ല. അതേസമയം, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഫോർ ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM) തുടങ്ങിയ വ്യവസായ സംഘടനകൾ ഇ20 പഴയ വാഹനങ്ങൾക്കും സുരക്ഷിതമാണെന്ന് വാദിക്കുന്നു; തേയ്മാനത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെ "തെറ്റായ വിവരങ്ങൾ" എന്ന് പറഞ്ഞ് അവർ തള്ളിക്കളയുകയും ചെയ്യുന്നു.

നിരവധി വൈരുദ്ധ്യങ്ങൾ

E20 ഇന്ധനത്തിലേക്കുള്ള മാറ്റം എഞ്ചിനിലെ ജ്വലന പ്രക്രിയയിൽ (combustion chemistry) വലിയ മാറ്റങ്ങൾ വരുത്തുന്നു, ഇത് സമ്മിശ്രമായ ഫലങ്ങളാണ് നൽകുന്നത്. എഥനോളിൽ ഓക്സിജൻ കൂടുതലായതിനാൽ, ഇത് ഇന്ധനം നന്നായി കത്താൻ സഹായിക്കുകയും കാർബൺ മോണോക്സൈഡ്, നോൺ-മീഥെയ്ൻ ഹൈഡ്രോകാർബണുകൾ, പുകപടലങ്ങൾ (particulate soot) എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഇത് പുതിയ ചില വെല്ലുവിളികളും ഉയർത്തുന്നുണ്ട്. എഥനോൾ കത്തുമ്പോൾ നൈട്രജൻ ഓക്സൈഡുകളുടെ (NOx) അളവ് കൂടാനും അസറ്റാൽഡിഹൈഡ് (acetaldehyde) പോലുള്ള വിഷാംശമുള്ള സംയുക്തങ്ങൾ പുറന്തള്ളപ്പെടാനും സാധ്യതയുണ്ടെന്ന് സാങ്കേതിക തെളിവുകൾ സൂചിപ്പിക്കുന്നു. എഥനോൾ ധാരാളമായി ഉപയോഗിക്കുന്ന ബ്രസീലിനെ അപേക്ഷിച്ച്, ഇന്ത്യയിൽ ഇത്തരം മലിനീകരണങ്ങൾ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ ഉള്ള മാനദണ്ഡങ്ങൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

കൂടാതെ, E20 ഇന്ധനം പെട്രോളിന്റെ വേപ്പർ പ്രഷർ (Reid Vapor Pressure) വർദ്ധിപ്പിക്കുന്നു, ഇത് ഇന്ധനം പെട്ടെന്ന് നീരാവിയാകാൻ കാരണമാകുന്നു. പഴയ വാഹനങ്ങളിലെ 'ഇവാപ്പറേറ്റീവ് എമിഷൻ കൺട്രോൾ' (EVAP) സിസ്റ്റങ്ങളെ ഇത് ദോഷകരമായി ബാധിച്ചേക്കാം. പ്രത്യേകിച്ച്, ഇന്ധന നീരാവി ആഗിരണം ചെയ്യുന്ന ചെറിയ ചാർക്കോൾ കാനിസ്റ്ററുകൾ (charcoal canisters) ഉള്ള പഴയ വാഹനങ്ങളിൽ ഇത് കൂടുതൽ സമ്മർദ്ദം ചെലുത്തും. ലളിതമായി പറഞ്ഞാൽ, ഇന്ധന നീരാവി അന്തരീക്ഷത്തിലേക്ക് നേരിട്ട് കലരാൻ ഇത് കാരണമായേക്കാം.

ഇന്ത്യയിലെ കാലാവസ്ഥ ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇന്ധനം നീരാവിയാകുന്നത് (evaporative emissions) പരിശോധിക്കാൻ ലാബുകളിൽ ഉപയോഗിക്കുന്ന താപനിലാ മാതൃകകൾ പലപ്പോഴും ഇന്ത്യയിലെ കഠിനമായ വേനൽക്കാലത്തെ കണക്കിലെടുക്കുന്നില്ല. കറുത്ത ടാർ റോഡുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലെ ഇന്ധനം അമിതമായ ചൂടുകാരണം വേഗത്തിൽ തിളച്ചു മറിയാൻ സാധ്യതയുണ്ട്. ഇങ്ങനെ ഉണ്ടാവുന്ന വലിയ അളവിലുള്ള ഇന്ധന നീരാവിയെ ഉൾക്കൊള്ളാൻ വാഹനങ്ങളിലെ 'ഇവാപ്പറേറ്റീവ് എമിഷൻ കൺട്രോൾ' (EVAP) സിസ്റ്റങ്ങൾക്ക് സാധിക്കാതെ വന്നേക്കാം. കൂടാതെ, പഴയ ഇന്ധന ടാങ്കുകളിലൂടെയും റബ്ബർ പൈപ്പുകളിലൂടെയും ഈ നീരാവി പുറത്തേക്ക് വരാൻ സാധ്യതയുണ്ട്. വിഷാംശമുള്ള ഇത്തരം വാതകങ്ങൾ അന്തരീക്ഷത്തിലെ ഓസോൺ പാളിയെ ദോഷകരമായി ബാധിക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്നു. ഈ കാരണങ്ങളാൽ ബ്രസീൽ, യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ ഇത്തരം മലിനീകരണം തടയാൻ കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ നിയമങ്ങൾ ഇവയെ അപേക്ഷിച്ച് ഇപ്പോഴും ദുർബലമാണ്.

ഊർജ്ജ കാര്യത്തിൽ സ്വയംപര്യാപ്തത നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിചിത്രമായ ചില സാഹചര്യങ്ങൾക്കും കാരണമായിട്ടുണ്ട്. രാജ്യം ഇപ്പോൾ വ്യവസായ ആവശ്യങ്ങൾക്കുള്ള എഥനോളും ചോളവും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണ്. ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന എഥനോളിന്റെ ഭൂരിഭാഗവും ഗതാഗത മേഖലയിലേക്ക് പോകുന്നതിനാൽ കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ, പാനീയ വ്യവസായങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നു. ഈ വ്യവസായങ്ങൾ നിലനിർത്താൻ ഇന്ത്യക്ക് എഥനോൾ ഇറക്കുമതി ചെയ്യേണ്ടി വരുന്നു. അതുപോലെ തന്നെ, പണ്ട് ചോളം കയറ്റുമതി ചെയ്തിരുന്ന ഇന്ത്യ, ഇപ്പോൾ എഥനോൾ നിർമ്മാണശാലകൾക്കായി ചോളം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്.

ഈ പുതിയ നയം ഭക്ഷണവും ഇന്ധനവും തമ്മിൽ ഒരു വലിയ മത്സരത്തിന് വഴിതെളിച്ചിരിക്കുകയാണ്. 2023-24 കാലഘട്ടത്തിൽ എഥനോളിന് ഡിമാൻഡ് കൂടിയതോടെ ചോളത്തിന് വലിയ ക്ഷാമം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് കോഴി വളർത്തൽ (poultry) മേഖലയെ ദോഷകരമായി ബാധിക്കുകയും ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു. 2025-26 ലെ സാമ്പത്തിക സർവേ പ്രകാരം, എഥനോൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾക്ക് അനുസരിച്ച് അതിന്റെ വിലയിൽ മാറ്റമുണ്ടാകുന്നുണ്ട്. ചോളത്തിൽ നിന്ന് നിർമ്മിക്കുന്ന എഥനോളിന് കൂടുതൽ വില ലഭിക്കുന്നത് കർഷകരെ കൂടുതൽ സ്ഥലത്ത് ചോളം കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്നു. കൂടാതെ, എഥനോൾ നിർമ്മാണത്തിനായി കരിമ്പ് പോലുള്ള ധാരാളം വെള്ളം ആവശ്യമുള്ള കൃഷികളിലേക്ക് മാറുന്നത് ഭൂഗർഭ ജലനിരപ്പ് ഗണ്യമായി കുറയ്ക്കാൻ ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.

വ്യവസായ ആവശ്യങ്ങളിലേക്കുള്ള ചുവടുമാറ്റം

നിലവിലെ നയങ്ങൾ പെട്രോളിൽ എഥനോൾ കലർത്തുന്നതിന് (blending) വലിയ മുൻഗണന നൽകുന്നുണ്ട്. എന്നാൽ, ഇത് ഒരു താൽക്കാലിക പരിഹാരം മാത്രമാണെന്നും, പൂർണ്ണമായും മലിനീകരണം ഇല്ലാത്ത ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തെ ഇത് മന്ദഗതിയിലാക്കുമെന്നും വിമർശകർ ഭയപ്പെടുന്നു. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ പുകക്കുഴലിലൂടെയുള്ള മലിനീകരണം പൂർണ്ണമായും ഒഴിവാക്കാനും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഗുണങ്ങൾ നൽകാനും സാധിക്കും. അതിനാൽ, ഗതാഗത മേഖലയിൽ എഥനോളിന്റെ ഉപയോഗം പരിമിതപ്പെടുത്തുകയും, പകരം എഥനോൾ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന മരുന്ന്, കെമിക്കൽ തുടങ്ങിയ വ്യവസായ മേഖലകൾക്ക് കൂടുതൽ പിന്തുണ നൽകുകയും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

"ഭക്ഷണമോ അതോ ഇന്ധനമോ" (food versus fuel) എന്ന പ്രതിസന്ധി ഒഴിവാക്കാൻ, വിളവെടുപ്പിന് ശേഷമുള്ള അവശിഷ്ടങ്ങളിൽ നിന്നും നഗരമാലിന്യങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന 'സെക്കൻഡ് ജനറേഷൻ' (2G) എഥനോളിന് ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകണം. ഭക്ഷ്യേതര വിളകളിൽ നിന്ന് ബയോ-എഥനോൾ നിർമ്മിക്കുന്നതിനായുള്ള 'പി.എം. ജീവൻ' (PM-JI-VAN) പോലുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തി 2G എഥനോൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കേണ്ടതുണ്ട്.

അമേരിക്ക പോലുള്ള വൻകിട സമ്പദ്‌വ്യവസ്ഥകളിൽ ഈ മാറ്റം പ്രകടമാണ്. അവിടെ പെട്രോളിൽ എഥനോൾ കലർത്തുന്നത് 10-15 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു; ബാക്കി വരുന്ന എഥനോൾ വ്യവസായ ആവശ്യങ്ങൾക്കായിട്ടാണ് ഉപയോഗിക്കുന്നത്. അമേരിക്കയിലെ സർക്കാരും സ്വകാര്യ ബയോടെക് കമ്പനികളും എഥനോളിനെ പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്കുകളായും (renewable plastics), ഗ്രീൻ സോൾവെന്റുകൾ പോലുള്ള മൂല്യമേറിയ ഉൽപ്പന്നങ്ങളായും മാറ്റാനുള്ള സാങ്കേതികവിദ്യകൾക്കായി വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. യൂറോപ്പിലും സമാനമായ രീതിയിൽ പ്ലാസ്റ്റിക്കുകൾ, അണുനാശിനികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കാൻ എഥനോൾ ഉപയോഗിക്കുന്നു. ജർമ്മനിയിൽ 2024-ൽ മരുന്ന്-കെമിക്കൽ നിർമ്മാണ മേഖലകളിൽ ബയോ-എഥനോളിന്റെ ഉപയോഗം 40 ശതമാനം വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. 2035-ഓടെ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം 90 ശതമാനം കുറയ്ക്കാൻ ലക്ഷ്യമിടുന്ന യൂറോപ്യൻ യൂണിയൻ, ഇലക്ട്രിക് വാഹനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. അവിടെ മാലിന്യങ്ങളിൽ നിന്നുള്ള ജൈവ ഇന്ധനങ്ങൾക്ക് (biofuels) വളരെ കുറഞ്ഞ പ്രാധാന്യം മാത്രമേ നൽകുന്നുള്ളൂ. കൂടാതെ, യൂറോപ്പിലും ബ്രിട്ടനിലും ഭക്ഷണവിളകളിൽ നിന്നുള്ള ഇന്ധനം വിമാനങ്ങളിൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്; പകരം മാലിന്യങ്ങളിൽ നിന്നുള്ള ഇന്ധനങ്ങൾക്ക് (2G fuels) മാത്രമാണ് അനുമതിയുള്ളത്.

ബോയിലറുകളിലും ചെറിയ തോതിലുള്ള വൈദ്യുതി ഉൽപ്പാദനത്തിനും ഒരു വൃത്തിയുള്ള ഇന്ധനമായി എഥനോളിനെ ഉപയോഗിക്കാം. ഇതിന് ചില സാങ്കേതിക വെല്ലുവിളികളുണ്ട്; ഊർജ്ജ സാന്ദ്രത കുറവായതും, വെള്ളം ആഗിരണം ചെയ്യാനുള്ള സ്വഭാവവും, ലോഹങ്ങളെ നശിപ്പിക്കാനുള്ള (corrosive) കഴിവും കാരണം പ്രത്യേക സംഭരണ സംവിധാനങ്ങൾ ഇതിന് ആവശ്യമാണ്. എങ്കിലും, ഇത്തരം വെല്ലുവിളികൾ പരിഹരിച്ചുകൊണ്ട് എഥനോളിനെ ഗതാഗതത്തിന് പകരം മൂല്യമേറിയ ഒരു വ്യവസായ അസംസ്‌കൃത വസ്തുവായി (industrial feedstock) മാറ്റാൻ ഇന്ത്യക്ക് സാധിക്കും. ഇതിനായി ജ്വലന സാങ്കേതികവിദ്യകളിൽ (combustion technology) ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതിയാകും.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)