ജാർഖണ്ഡിലെ ഗുമ്ല ജില്ലയിലുള്ള ഒരു പ്രാദേശിക വിപണിയിൽ ഗോത്രവർഗ്ഗ സ്ത്രീകൾ വിറക് വിൽക്കുന്നു. സംസ്ഥാനത്തെ ഗോത്രവർഗ്ഗ കുടുംബങ്ങളുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നാണ് വിറക് വില്പന. ഫോട്ടോ: ശ്രുതി അഗർവാൾ / സിഎസ്ഇ
Energy

ഊർജ്ജ പ്രതിസന്ധിയും വിറകിന്റെ തിരിച്ചുവരവും

വീടുകളിൽ ഇന്ധനമായി വിറക് ഇപ്പോഴും ഉപയോഗിക്കപ്പെടാൻ കാരണം അതിന്റെ എളുപ്പത്തിലുള്ള ലഭ്യതയും, വിതരണത്തിലെ വിശ്വാസ്യതയും, താങ്ങാനാവുന്ന വിലയുമാണ്

Richard Mahapatra

പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയിലെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഒരു ഊർജ്ജ വിപണിയെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ദ്രവരൂപത്തിലുള്ള പെട്രോളിയം ഗ്യാസ് (LPG) സിലിണ്ടറുകൾക്കായി ജനങ്ങൾ പരിഭ്രാന്തിയോടെ ക്യൂ നിൽക്കുകയും, ഇന്ധനക്ഷാമം മൂലം ഭക്ഷണശാലകൾ അടച്ചുപൂട്ടുകയും ചെയ്യുമ്പോൾ, പാചകവാതകത്തിന് പകരമായി മറ്റൊരു ഇന്ധനം വാർത്തകളിൽ ഇടംപിടിക്കുന്നു - വിറക്. രാജ്യത്തുടനീളമുള്ള വിറക് ഗോഡൗണുകളിൽ ആവശ്യക്കാരുടെ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. മെട്രോ നഗരങ്ങളിൽ പോലും, ആളുകൾ നഗരപ്രാന്തങ്ങളിൽ ഉണക്കക്കമ്പുകൾ ശേഖരിക്കാനോ വിറക് വിൽപ്പനക്കാരെ അന്വേഷിക്കാനോ കൂട്ടമായി എത്തുന്നതായാണ് റിപ്പോർട്ട്.

ഛത്തീസ്ഗഢ്, ജാർഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ പണ്ടേ എൽപിജിയിലേക്ക് മാറിയവർക്കിടയിൽ വിറക് ഉപയോഗം കുത്തനെ കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. റായ്പൂരിൽ വിറക് കെട്ടുകൾ വിൽക്കുന്ന കാഴ്ച സാധാരണമായിരിക്കുന്നു. ജാർഖണ്ഡിലെ റാഞ്ചി റെയിൽവേ സ്റ്റേഷന് പുറത്ത് വിറകിനോട് ആളുകൾക്ക് പുതിയൊരു താൽപ്പര്യം ഉടലെടുത്തിട്ടുണ്ട്. യാത്രക്കാരേക്കാൾ കൂടുതൽ വിറക് കെട്ടുകളുമായി റാഞ്ചിയിലെത്തുന്ന ലോഹർദാഗ പാസഞ്ചർ ട്രെയിനിന്റെ പഴയ കഥകൾ ജനങ്ങളുടെ മനസ്സിൽ വീണ്ടും ഉണർന്നിരിക്കുന്നു. ഒഡീഷയിലെ ബലാംഗീറിൽ എൽപിജി ഉപഭോക്താക്കൾ ഇപ്പോൾ വിറകിന്റെ പുതിയ ഉപഭോക്താക്കളായി മാറിക്കഴിഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എണ്ണപ്രതിസന്ധി രൂക്ഷമാകുമ്പോൾ, ഇന്ത്യ വീണ്ടും പഴയ പാചക ഇന്ധനത്തെ ആശ്രയിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.

1974-ലെ എണ്ണപ്രതിസന്ധി ഓർക്കുന്നവർക്ക് സമാനമായ എൽപിജി ക്ഷാമം ഓർമ്മയുണ്ടാകും. പച്ചക്കറികൾക്കൊപ്പം വിറക് വിറ്റിരുന്ന പ്രാദേശിക ചന്തകളിൽ നിന്ന്, ഇന്ന് നാം കാണുന്ന എൽപിജി ഏജൻസികളിലേക്കുള്ള ഇന്ത്യയുടെ വലിയ മാറ്റം തുടങ്ങിയ പതിറ്റാണ്ടായിരുന്നു അത്. ഇന്ന് എൽപിജി എന്താണോ, അതായിരുന്നു അന്ന് വിറക്. ഈ മാറ്റം ഇന്നും പൂർണ്ണമായിട്ടില്ല. പുരാതനമായ ഈ പാചകരീതിയിലേക്കുള്ള തിരിച്ചുപോക്ക് ഇന്നും തുടരുന്നു, ഇത് ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഊർജ്ജ സുരക്ഷയും പരമാധികാരവും ഉറപ്പാക്കുന്നു. വിറക് എന്നത് കേവലം ഒരു ഊർജ്ജ സ്രോതസ്സ് മാത്രമല്ല, ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങളെ നിലനിർത്തുന്ന കോടിക്കണക്കിന് ഡോളറിന്റെ ഒരു വലിയ വ്യാപാര മേഖല കൂടിയാണ്.

2021-ൽ പുറത്തിറങ്ങിയ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് സർവേ പ്രകാരം, ഇന്ത്യൻ കുടുംബങ്ങളിൽ മൂന്നിലൊന്ന് ഭാഗവും വിറകാണ് പ്രധാന പാചക ഇന്ധനമായി ഉപയോഗിക്കുന്നത്; ഗ്രാമീണ മേഖലയിൽ പകുതിയോളം കുടുംബങ്ങളും ഇത് തുടരുന്നു. 2009-2010 കാലഘട്ടത്തിൽ ഏകദേശം 75 ശതമാനം ഗ്രാമീണ കുടുംബങ്ങളും വിറകിനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇന്ധനമാറ്റം അതിന്റെ ലക്ഷ്യസ്ഥാനത്ത് നിന്ന് ഇന്നും ഏറെ അകലെയാണ്. നഗരപ്രദേശങ്ങളിൽ ഈ മാറ്റം ഏകദേശം പൂർത്തിയായിട്ടുണ്ട്, അവിടെ 89 ശതമാനം കുടുംബങ്ങളും എൽപിജി ഉപയോഗിക്കുന്നു. എങ്കിലും, ഛത്തീസ്ഗഢ്, ഒഡീഷ തുടങ്ങി ഗ്രാമീണ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ ഇപ്പോഴും 50 ശതമാനത്തിലധികം കുടുംബങ്ങൾ വിറകോ വരളിയോ (ചാണകവറളി) പാചകത്തിനായി ഉപയോഗിക്കുന്നു. നാഷണൽ ഫാമിലി ഹെൽത്ത് സർവേ-5 പ്രകാരം ജനസംഖ്യയുടെ 41 ശതമാനം പേരും വിറക്, ചാണകം തുടങ്ങിയ ബയോമാസ് ഇന്ധനങ്ങളാണ് പാചകത്തിന് ഉപയോഗിക്കുന്നത്.

യഥാർത്ഥത്തിൽ, ലോകമെമ്പാടും വിറക് ഇപ്പോഴും പ്രിയപ്പെട്ട ഒരു പാചക ഇന്ധനമായി തുടരുന്നു. ഗ്രാൻഡ് വ്യൂ റിസർച്ച് എന്ന മാർക്കറ്റ് റിസർച്ച് കമ്പനിയുടെ കണക്കനുസരിച്ച് 2024-ൽ ആഗോള വിറക് വിപണിയുടെ മൂല്യം 37.04 ബില്യൺ ഡോളറാണ്; 2030-ഓടെ ഇത് ഏകദേശം 46 ബില്യൺ ഡോളറിൽ എത്തുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ വർദ്ധിച്ചുവരുന്ന ആവശ്യകതയാണ് ഈ വളർച്ചയ്ക്ക് കാരണം.

ഗാർഹിക ഊർജ്ജ സ്രോതസ്സുകളിൽ വിറകിന്റെ തുടർച്ചയായ സാന്നിധ്യം ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള മാറ്റത്തിന്റെ പരാജയമല്ല. മറിച്ച്, അതിന്റെ എളുപ്പത്തിലുള്ള ലഭ്യത, വിതരണത്തിലെ വിശ്വാസ്യത, താങ്ങാനാവുന്ന വില എന്നിവ കൊണ്ടാണ് അത് നിലനിൽക്കുന്നത്. എൽപിജി പ്രതിസന്ധിയിൽ ആളുകൾ വിറകിനായി നെട്ടോട്ടമോടുന്നത് ഇതിന് തെളിവാണ്. കൂടാതെ, വിറക് എന്നത് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഗ്രാമീണ ഉപജീവന വിപണി കൂടിയാണ്. ഇന്ത്യയിൽ ശേഖരിക്കപ്പെടുന്ന വിറകിന്റെ ഏകദേശം 18 ശതമാനവും അത് ശേഖരിക്കുന്ന ഗ്രാമങ്ങളിലെ ഉപയോഗത്തിനല്ല, മറിച്ച് അടുത്തുള്ള പട്ടണങ്ങളിലും നഗരങ്ങളിലും വിൽക്കാൻ വേണ്ടിയുള്ളതാണെന്ന് 'ജേണൽ ഓഫ് ഡെവലപ്‌മെന്റ് ഇക്കണോമിക്‌സി'ലെ ഒരു പ്രബന്ധം ചൂണ്ടിക്കാട്ടുന്നു. അടുത്ത കാലത്തായി നഗരങ്ങളിലെ ചേരി പ്രദേശങ്ങളിൽ വിറക് ഉപയോഗം കൂടുന്നതായി റിപ്പോർട്ടുകളുണ്ട്. മലിനീകരണ ഭീഷണി നിലനിൽക്കുമ്പോഴും, ഊർജ്ജ പരമാധികാരം (Energy Sovereignty) ഉറപ്പാക്കുന്നതിൽ വിറകിന്റെ പങ്ക് നിസ്സാരമായി കാണാനാവില്ല.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)