ഫെബ്രുവരി 18-ന് ഇന്ത്യയും ബ്രിട്ടനും ചേർന്ന്, 'ഇന്ത്യ-യുകെ ഓഫ്‌ഷോർ വിൻഡ് ടാസ്‌ക്‌ഫോഴ്‌സ്' ഉദ്ഘാടനം ചെയ്തു. ഈ കൂട്ടായ്മയെ കേവലം ഒരു ടാസ്‌ക്‌ഫോഴ്‌സ് എന്നതിലുപരി ഒരു "ട്രസ്റ്റ്‌ഫോഴ്‌സ്" (Trustforce) എന്നാണ് കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രി പ്രഹ്ലാദ് ജോഷി വിശേഷിപ്പിച്ചത്. കൃത്യമായ സമയപരിധിക്കുള്ളിൽ നടപ്പിലാക്കാവുന്ന പദ്ധതികളിലൂടെ, ശുദ്ധമായ ഊർജ്ജ മേഖലയിലെ സഹകരണം വേഗത്തിലാക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
ബ്രിട്ടീഷ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി, ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ എന്നിവരുടെ സാന്നിധ്യത്തിൽ സംസാരിക്കവെ, ഈ പ്ലാറ്റ്‌ഫോം വെറും പ്രതീകാത്മകമായി ഒതുങ്ങാതെ നേട്ടങ്ങൾ കൈവരിക്കണമെന്ന് മന്ത്രി ജോഷി പറഞ്ഞു. ആഗോളതലത്തിലെ പാഠങ്ങളെ, ഇന്ത്യയുടെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള പരിഹാരങ്ങളായി മാറ്റാൻ ഈ ടാസ്‌ക്‌ഫോഴ്‌സിന് സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷൻ 2035-ന്റെയും, നാലാമത് ഇന്ത്യ-യുകെ എനർജി ഡയലോഗിന്റെയും ഭാഗമായി രൂപീകരിച്ച ഈ ടാസ്‌ക്‌ഫോഴ്‌സ്, ഇന്ത്യയിലെ വളർന്നു വരുന്ന ഓഫ്‌ഷോർ വിൻഡ് (കടൽകാറ്റിൽ നിന്നുള്ള ഊർജ്ജം) മേഖലയ്ക്ക് ആവശ്യമായ തന്ത്രപരമായ നേതൃത്വവും ഏകോപനവും നൽകാനാണ് ലക്ഷ്യമിടുന്നത്. ഈ മേഖലയിലുള്ള യുകെയുടെ അനുഭവസമ്പത്തും, ഇന്ത്യയിലെ വിപുലമായ വിപണിയും ദീർഘകാലമായുള്ള ആവശ്യകതയും ചേരുന്നത്, വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഭാവി സഹകരണത്തിനായി മൂന്ന് പ്രധാന മേഖലകളാണ് മന്ത്രി മുന്നോട്ട് വെച്ചത്. വിപണി രൂപകല്പനയും, കടൽത്തീരങ്ങൾ പാട്ടത്തിന് നൽകുന്നതിനുള്ള നിയമങ്ങളും ഉൾപ്പെടുന്നതാണ് ഒന്നാമത്തെ മേഖല. തുറമുഖങ്ങളുടെ ആധുനികവൽക്കരണം, പ്രാദേശിക നിർമ്മാണം എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യ വികസനമാണ് രണ്ടാമത്തേത്. ദീർഘകാല മൂലധന നിക്ഷേപം ഉറപ്പാക്കി, സാമ്പത്തിക വെല്ലുവിളികൾ കുറയ്ക്കുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം.
വിശ്വസനീയമായ ഊർജ്ജ ലഭ്യത ഉറപ്പാക്കുന്നതിലൂടെ, ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിൽ കടൽകാറ്റ് ഊർജ്ജം ഒരു നിർണ്ണായക ഘടകമാകുമെന്ന്, അദ്ദേഹം പറഞ്ഞു. ഇതിനായി ഗുജറാത്ത്, തമിഴ്‌നാട് തീരങ്ങളിൽ അനുയോജ്യമായ മേഖലകൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജി ഇതിനായുള്ള പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കി വരികയാണ്.
ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 7,453 കോടി രൂപയുടെ (ഏകദേശം 710 ദശലക്ഷം പൗണ്ട്) വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (VGF) പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. സങ്കീർണ്ണമായ ഒരു മേഖലയായതിനാൽ, മികച്ച തുറമുഖ സൗകര്യങ്ങളും കൃത്യമായ നിയമസംവിധാനങ്ങളും ഇതിന് ആവശ്യമാണെന്ന് മന്ത്രി സമ്മതിച്ചു.
നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷനുമായുള്ള ഇതിന്റെ ബന്ധം വ്യക്തമാക്കിയ മന്ത്രി, തീരദേശ വ്യവസായങ്ങൾക്കും ഹൈഡ്രജൻ ക്ലസ്റ്ററുകൾക്കും ആവശ്യമായ വൈദ്യുതി ഈ കടൽകാറ്റ് പദ്ധതികൾ വഴി നൽകാമെന്നും പറഞ്ഞു. ഹൈഡ്രജൻ മേഖലയിൽ ഇന്ത്യയുടെ മുന്നേറ്റം പ്രകടമാണെന്നും, ഗ്രീൻ ഹൈഡ്രജന്റെ വില കിലോയ്ക്ക് 279 രൂപയായും ഗ്രീൻ അമോണിയയുടേത് 49.75 രൂപയായും കുറഞ്ഞതായും അദ്ദേഹം അറിയിച്ചു.
നിലവിൽ ഇന്ത്യയുടെ ഫോസിൽ ഇതര ഇന്ധന ശേഷി, 272 ജിഗാവാട്ട് പിന്നിട്ടു. ഇതിൽ 141 ജിഗാവാട്ട് സൗരോർജ്ജവും, 55 ജിഗാവാട്ട് കാറ്റാടി ഊർജ്ജവുമാണ്. ഈ സാമ്പത്തിക വർഷം മാത്രം വലിയ തോതിലുള്ള അധിക ശേഷി ഇന്ത്യ കൈവരിച്ചതായും മന്ത്രി വ്യക്തമാക്കി. വിഷൻ 2035-ന് കീഴിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും വ്യാവസായിക കരുത്തും വർദ്ധിപ്പിക്കാൻ, ഇന്ത്യ-യുകെ സഹകരണം സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.