ഐസ്റ്റോക്ക്
Energy

വൈദ്യുതി ഇറക്കുമതിയിൽ നിന്നും ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് കേരളത്തിന് എങ്ങനെ മാറാം?

എന്തുകൊണ്ടാണ് റൂഫ് ടോപ്പ് സോളാർ, കമ്മ്യൂണിറ്റി ബാറ്ററികൾ, ഉപഭോഗ നിയന്ത്രണ സംവിധാനം എന്നിവ കേരളത്തിന്റെ ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് നിർണ്ണായകമാകുന്നത്?

Priya Pillai

  • സംസ്ഥാനത്തിനകത്തുനിന്നു ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് കേരളത്തിന് ആവശ്യമായതിന്റെ 22 ശതമാനത്തോളം മാത്രമാണ് നിലവിൽ നികത്താൻ സാധിക്കുന്നത്. ഇത് സംസ്ഥാനത്തെ ഊർജ്ജ ആവശ്യങ്ങൾക്കായി പുറത്തുനിന്നുള്ള വൈദ്യുതിയെ വൻതോതിൽ ആശ്രയിക്കാൻ ഇടയാക്കുന്നു.

  • 2026 ഏപ്രിലിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 6,000 മെഗാവാട്ട് കടന്നു. 2031-ഓടെ ഇത് 10,000 മെഗാവാട്ടായി ഉയരുമെന്നാണ് കെ.എസ്.ഇ.ബി.എൽ. (KSEBL) പ്രവചിക്കുന്നത്.

  • വർദ്ധിച്ചുവരുന്ന കൂളിംഗ് ഉപയോഗം, കാലവർഷത്തിലെ അനിശ്ചിതത്വങ്ങൾ, വൈദ്യുതി ഇറക്കുമതി നേരിടുന്ന സമ്മർദ്ദം എന്നിവ കേരളത്തിന്റെ ഊർജ്ജ ആവശ്യകത മുൻകൂട്ടി കണക്കാക്കുന്നതിലും ആസൂത്രണം ചെയ്യുന്നതിലുമുള്ള പോരായ്മകളെ തുറന്നുകാട്ടുന്നു.

  • വികേന്ദ്രീകൃത സോളാർ സംവിധാനങ്ങൾ, കമ്മ്യൂണിറ്റി ബാറ്ററി സ്റ്റോറേജ്, ഉപഭോഗ നിയന്ത്രണ സംവിധാനം (Demand-side management), കാലാവസ്ഥ ആധിഷ്ഠിതമായ പ്രവചനങ്ങൾ എന്നിവയിലൂടെ മാത്രമേ കേരളത്തിന് ഊർജ്ജ സുരക്ഷിതത്വത്തിലേക്ക് മുന്നേറാൻ സാധിക്കൂ എന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു.

വീടുകളിലെ സോളാർ (Rooftop solar) ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ അതിവേഗം വളരുമ്പോഴും കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. ഈ പ്രകടമായ വൈരുദ്ധ്യം വലിയൊരു പ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇനി കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുക എന്നത് മാത്രമല്ല കേരളം നേരിടുന്ന വെല്ലുവിളി; മറിച്ച്, അതിവേഗം വർദ്ധിച്ചുവരുന്ന ആവശ്യകതയെ കൃത്യമായി കൈകാര്യം ചെയ്യാനും അത്യാവശ്യമുള്ള സമയത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കാനുമുള്ള സംവിധാനം ഒരുക്കുക കൂടിയാണ്.

നിലവിൽ കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 22 ശതമാനം മാത്രമാണ് സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കി 78 ശതമാനവും പുറത്തുനിന്നാണ് എത്തിക്കുന്നത്. സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനത്തിൽ 2,008 മെഗാവാട്ട് വലിയ ജലവൈദ്യുതി ശേഷിയും 2,627 മെഗാവാട്ട് സൗരോർജ്ജവുമാണ് ഉള്ളത്.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം അതിവേഗം ഉയരുകയാണ്. 2026 ഏപ്രിലിൽ ചരിത്രത്തിലാദ്യമായി ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം (Peak demand) 6,000 മെഗാവാട്ട് കടന്നു. 2031-ഓടെ ഇത് 10,000 മെഗാവാട്ടിൽ എത്തുമെന്നാണ് കെ.എസ്.ഇ.ബി.എൽ (KSEBL) കണക്കാക്കുന്നതെങ്കിലും, ഗാർഹിക ഉപയോഗത്തിലുണ്ടായ വൻ വർദ്ധനവ് ചൂണ്ടിക്കാണിക്കുന്നത് ഈ ലക്ഷ്യം അതിനുമുമ്പ് തന്നെ മറികടന്നേക്കാം എന്നാണ്.

ആഭ്യന്തര ഉത്പാദനവും വർദ്ധിച്ചുവരുന്ന ആവശ്യകതയും തമ്മിലുള്ള വിടവ് നികത്താൻ കെ.എസ്.ഇ.ബി പരമ്പരാഗതമായി വൈദ്യുതി വാങ്ങൽ, സീസണൽ പവർ ബാങ്കിംഗ് (Power banking) എന്നിവയെയാണ് ആശ്രയിച്ചിരുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലെ വേനൽക്കാല ആവശ്യകത നികത്തുന്നതിനായി ഉത്തർപ്രദേശ്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി കേരളം വൈദ്യുതി കൈമാറ്റ കരാറുകളിൽ ഏർപ്പെടാറുണ്ട്. തിരിച്ചുകൊടുക്കുമ്പോൾ 103 മുതൽ 105 ശതമാനം വരെ നൽകണം എന്ന നിബന്ധനയിലാണ് ഈ വൈദ്യുതി വാങ്ങുന്നത്. ഇതിനുപുറമേ, പീക്ക് സമയത്തെ ആവശ്യത്തിനായി റിയൽ ടൈം ബിഡ്ഡിംഗിലൂടെയും കെ.എസ്.ഇ.ബി അധിക വൈദ്യുതി വാങ്ങുന്നു. മൺസൂൺ എത്തുന്നതോടെ അണക്കെട്ടുകൾ നിറയുകയും കൂടുതൽ ജലവൈദ്യുതി ഉത്പാദിപ്പിച്ച് കടം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകാനോ വിൽക്കാനോ സാധിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ സാധാരണയായി വൈദ്യുതി ആവശ്യകത കുറയുമെന്നാണ് ബോർഡ് കരുതിയിരുന്നത്. മൺസൂൺ സമയത്ത് ആഭ്യന്തര ഉത്പാദനവും മുൻകൂട്ടി നിശ്ചയിച്ച ഇറക്കുമതിയും മതിയാകുമെന്നും കണക്കുകൂട്ടി. എന്നാൽ, വേനൽക്കാലത്ത് ഉണ്ടാക്കിയ വൈദ്യുതി കൈമാറ്റ കരാറുകളുടെ താളം തെറ്റിക്കുന്ന രീതിയിൽ പ്രതീക്ഷിക്കാത്ത പ്രതിസന്ധികൾ ഉണ്ടായി.

എൽ നിനോ (El Niño) പ്രതിഭാസം മൂലം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും വേനലിന് സമാനമായ ചൂട് തുടർന്നത് വീടുകളിൽ എയർ കണ്ടീഷണർ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം കുത്തനെ കൂട്ടി. ഇത് ആവശ്യകത പ്രവചിക്കുന്നതിലെ പാളിച്ചകൾ തുറന്നുകാട്ടി. അതേസമയം, കൽക്കരി ക്ഷാമം മൂലം കേന്ദ്ര നിലയങ്ങളിലെ ഉത്പാദനം തടസ്സപ്പെട്ടത്, കേരളത്തിന് ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യമായി വന്ന സമയത്ത് അന്തർസംസ്ഥാന വൈദ്യുതി ലഭ്യതയെ പ്രതികൂലമായി ബാധിച്ചു.

വൈദ്യുതി ആവശ്യകത വീണ്ടും ഉയർന്ന് 2026 സെപ്റ്റംബർ 5-ന് 5,045 മെഗാവാട്ടിലെത്തി. ഇതോടെ, ആഭ്യന്തര ജലവൈദ്യുതി ഉത്പാദനവും മുൻകൂട്ടി കരാറിലായ ഇറക്കുമതിയും ഗാർഹിക ആവശ്യങ്ങൾ നിറവേറ്റാനോ പഴയ വൈദ്യുതി ബാങ്കിംഗ് ബാധ്യതകൾ തീർക്കാനോ തികയാതെ വന്നു.

എന്തുകൊണ്ട് പഴയ പരിഹാരങ്ങൾ മതിയാവില്ല?

കേരളത്തിന്റെ മുന്നിലുള്ള ഊർജ്ജ സ്രോതസ്സുകൾ ചെലവ്, പാരിസ്ഥിതിക സുസ്ഥിരത, വ്യാപ്തി (Scalability), ദീർഘകാല ഊർജ്ജ സുരക്ഷ എന്നിവ മുൻനിർത്തി വിലയിരുത്തപ്പെടേണ്ടതുണ്ട്.

കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നത് വലിയ ജലവൈദ്യുത പദ്ധതികളാണ്. എന്നാൽ ഇനി അവ വികസിപ്പിക്കുക എന്നത് സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങൾക്ക് പ്രായോഗികമായ പരിഹാരമല്ല. അനുയോജ്യമായ ഭൂരിഭാഗം സ്ഥലങ്ങളും പരിസ്ഥിതി ലോല മേഖലകളിലാണ്. ഇത് പാരിസ്ഥിതികാനുമതി ലഭിക്കുന്നത് സങ്കീർണ്ണമാക്കുകയും പദ്ധതി പൂർത്തിയാകാൻ 15 വർഷത്തിലേറെ കാലതാമസം വരുത്തുകയും ചെയ്യുന്നു.

പ്രകൃതിദുരന്ത സാധ്യത ഏറിയ കേരളത്തിൽ അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കൂടി നിലനിൽക്കുന്നതിനാൽ, ഉത്പാദനം കൂട്ടാൻ പരമ്പരാഗത ജലവൈദ്യുത പദ്ധതികൾ അനുയോജ്യമല്ല.

പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുതി (Pumped hydro storage) വലിയ സംഭരണശേഷി നൽകുന്നുണ്ടെങ്കിലും, അനുയോജ്യമായ ഭൂപ്രകൃതിയുടെ കുറവും പരിസ്ഥിതി പ്രശ്നങ്ങളും കേരളത്തിൽ ഇതിന് തടസ്സമാണ്. കൂടാതെ, ആറ് മുതൽ ഏഴ് വർഷം വരെയെടുക്കുന്ന നിർമ്മാണ കാലയളവ് അടിയന്തര ആവശ്യങ്ങൾക്ക് ഇതിനെ അപര്യാപ്തമാക്കുന്നു.

തുടർച്ചയായ വൈദ്യുതി ലഭ്യതയ്ക്ക്, ചെറിയ ആണവ നിലയങ്ങൾ ഒരു ബദലായേക്കാമെങ്കിലും, കേരളത്തിന്റെ അടിയന്തര ഊർജ്ജ മാറ്റത്തിന് അവ അനുയോജ്യമല്ല. കൂടിയ നിർമ്മാണ ചെലവ്, ഉത്പാദന-സുരക്ഷാ പരിപാലന ചെലവുകൾ, കൂടാതെ ഏഴ് വർഷത്തോളമെടുക്കുന്ന നിർമ്മാണ കാലാവധി എന്നിവ ഇതിന്റെ പ്രതികൂല ഘടകങ്ങളാണ്.

ജനസാന്ദ്രതയേറിയതും പരിസ്ഥിതി ലോലവുമായ ഒരു സംസ്ഥാനത്ത് ആണവനിലയങ്ങൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുക പ്രയാസമാണ്. കൂടാതെ, ആണവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിലെ വെല്ലുവിളികളും വലിയ ആശങ്കയുണ്ടാക്കുന്നു.

ഒരു സാങ്കേതികവിദ്യയെ മാത്രം ആശ്രയിക്കുന്നതിന് പകരം, പുനരുപയോഗ ഊർജ്ജം, ഉപഭോഗം കുറയ്ക്കൽ, വികേന്ദ്രീകൃത ഉത്പാദനം, അനുയോജ്യമായ സംഭരണ സംവിധാനങ്ങൾ (Storage) എന്നിവ കോർത്തിണക്കിയ സംയോജിത തന്ത്രമാണ് കൂടുതൽ വിശ്വസനീയം. സ്വന്തം വിഭവങ്ങളിൽ അധിഷ്ഠിതമായ, പ്രാദേശികവും ജനകേന്ദ്രീകൃതവുമായ സമീപനത്തിലൂടെ ഊർജ്ജ സുരക്ഷയിലേക്കും സ്വയംപര്യാപ്തതയിലേക്കും കേരളത്തിന് ഘടനാപരമായ ഒരു മാറ്റം ആവശ്യമാണ്.

സോളാർ വളർച്ചയ്ക്ക് സംഭരണ സംവിധാനം വേണം

കേരളത്തിലെ പുനരുപയോഗ ഊർജ്ജ വളർച്ചയുടെ മുൻനിരയിൽ സോളാർ ഊർജ്ജമാണ്. 2020-നും 2026-നുമിടയിൽ സോളാർ ഉത്പാദനം 275 ദശലക്ഷം യൂണിറ്റിൽ (MU) നിന്ന് 2,421 ദശലക്ഷം യൂണിറ്റായി ഒമ്പത് മടങ്ങോളമാണ് വർദ്ധിച്ചത്. വികേന്ദ്രീകൃത സോളാർ ഉത്പാദനത്തെ കമ്മ്യൂണിറ്റി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങളുമായി (C-BESS) സംയോജിപ്പിച്ച് പ്രാദേശികമായി ഊർജ്ജം ഉത്പാദിപ്പിക്കുന്നതാണ് ഏറ്റവും പ്രായോഗികമായ അടിയന്തര മാർഗ്ഗം.

എങ്കിലും വലിയൊരു പ്രവർത്തന വെല്ലുവിളി ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പകൽസമയത്ത് ഉത്പാദിപ്പിക്കുന്ന സോളാർ ഊർജ്ജത്തിന്റെ മൂന്നിൽ രണ്ടുഭാഗവും ആവശ്യക്കാർ കുറവുള്ള സമയത്ത് നേരിട്ട് ഗ്രിഡിലേക്ക് എത്തുകയാണ് ചെയ്യുന്നത്. എന്നാൽ വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് വൻ തുക നൽകി പുറത്തുനിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യേണ്ടിയും വരുന്നു.

പ്രാദേശിക ട്രാന്സ്ഫോർമറുകളിൽ ഭൂരിഭാഗവും പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നതിനാൽ കൂടുതൽ റൂഫ്‌ടോപ്പ് സോളാറുകൾ ഗ്രിഡിലേക്ക് ബന്ധിപ്പിക്കുന്നതിന് പ്രായോഗികമായ തടസ്സങ്ങൾ നേരിടുന്നുണ്ട്.

പകൽ സമയത്തുണ്ടാകുന്ന അധിക സോളാർ ഊർജ്ജം ശേഖരിച്ചു വെച്ച് വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് ഉപയോഗിക്കാൻ പ്രാദേശിക സംഭരണ സംവിധാനങ്ങൾക്ക് (Localised storage) സാധിക്കും. കമ്മ്യൂണിറ്റി ബാറ്ററികൾക്ക് (C-BESS) ഈ വിടവ് നികത്താനും, ട്രാന്സ്ഫോർമറുകളുടെ ഭാരം കുറയ്ക്കാനും, കേന്ദ്രീകൃത അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ കൂടുതൽ പുനരുപയോഗ ഊർജ്ജം ഉൾക്കൊള്ളാൻ ഗ്രിഡിനെ പ്രാപ്തമാക്കാനും കഴിയും.

ഉപഭോഗവും നിയന്ത്രിക്കപ്പെടണം

വൈദ്യുതി സംരക്ഷണവും കാര്യക്ഷമത വർദ്ധിപ്പിക്കലും ഉൾപ്പെടുന്ന ഉപഭോഗ നിയന്ത്രണ സംവിധാനങ്ങൾ (Demand-side management) കേരളത്തിന്റെ ഊർജ്ജ ആസൂത്രണത്തിന്റെ കേന്ദ്രബിന്ദുവാകണം. ഇത് ചെലവേറിയ പുതിയ പദ്ധതികളുടെ ആവശ്യകത കുറയ്ക്കുകയും ഗ്രിഡിലെ ഉടനടിയുള്ള സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യും.

അത്യാവശ്യമില്ലാത്തതും ആഘോഷങ്ങൾക്കായുള്ളതുമായ വൈദ്യുതി ഉപയോഗത്തിന് പ്രതിസന്ധി ഘട്ടങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്നത് പരിഗണിക്കാം. വിവിധ മേഖലകളിലെ വൈദ്യുതി ഉപയോഗത്തിന് നിശ്ചിത സമയക്രമങ്ങൾ (Staggered demand schedules) ഏർപ്പെടുത്തുന്നത് പീക്ക് സമയത്തെ ഉപയോഗം കുറയ്ക്കാനും, ലോഡ് വിതരണം സുഗമമാക്കാനും, സമ്മർദ്ദ സമയങ്ങളിൽ പ്രാദേശിക ട്രാന്സ്ഫോർമറുകൾ തകരാറിലാകുന്നത് തടയാനും സഹായിക്കും.

വിശ്വാസ്യത, സുസ്ഥിരത, ഊർജ്ജ സുരക്ഷയിലേക്കുള്ള ഘട്ടപരമായ മാറ്റം എന്നിവ മുൻനിർത്തിയുള്ള വ്യക്തമായ നയമാണ് കേരളത്തിന്റെ ഊർജ്ജ പരിവർത്തനത്തെ നയിക്കേണ്ടത്.

അടിയന്തരമായി, വർദ്ധിച്ചുവരുന്ന ആവശ്യകത നികത്താനും വലിയ സംഭരണ സംവിധാനങ്ങൾ ചാർജ്ജ് ചെയ്യാനുമായി പകൽ സമയത്തെ സോളാർ ഇറക്കുമതിക്കായി ദീർഘകാല കരാറുകൾ സംസ്ഥാനം ഉറപ്പാക്കണം. അതേസമയം, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പുനരുപയോഗ ഊർജ്ജം പീക്ക് സമയത്തെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി ഉപയോഗിക്കണം. ഇതിനായി പ്രാദേശിക സ്റ്റോറേജ് സംവിധാനങ്ങളുടെ സഹായത്തോടെ വിപണിയിലെ വിലകൂടിയ വൈദ്യുതിയെ ആശ്രയിക്കുന്നത് കുറയ്ക്കണം.

ഇതോടൊപ്പം ആഭ്യന്തര പുനരുപയോഗ ഊർജ്ജ ഉത്പാദനം, സംഭരണം, ഊർജ്ജ സംരക്ഷണം എന്നിവയിലെ നിരന്തരമായ നിക്ഷേപം വഴി പുറത്തുനിന്നുള്ള വൈദ്യുതി ആശ്രിതത്വം ക്രമേണ കുറയ്ക്കാൻ കേരളത്തിന് സാധിക്കും. ഒഴിവാക്കപ്പെടുന്ന ഉപയോഗത്തെ ഭാവിയിലെ ഊർജ്ജ ലഭ്യതയായി കണക്കാക്കി, ഊർജ്ജ സംരക്ഷണത്തെ പരിവർത്തനത്തിന്റെ പ്രധാന ഭാഗമായി കാണണം.

ചൂടേറുന്ന ഭാവിക്കായി ആസൂത്രണം

പഴയ രീതികളെയും കലണ്ടറുകളെയും മാത്രം അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ആസൂത്രണ രീതി മാറ്റേണ്ടതുണ്ട്. വർദ്ധിച്ചുവരുന്ന താപനില, മഴയുടെ ഭാവമാറ്റങ്ങൾ, തീവ്ര കാലാവസ്ഥ, കൂളിംഗ് ആവശ്യങ്ങൾ, വൈദ്യുതീകരണം, മാറുന്ന ഉപഭോഗ രീതികൾ എന്നിവ കണക്കിലെടുക്കുന്ന കാലാവസ്ഥ അധിഷ്ഠിത പ്രവചന രീതികൾ (Climate-informed forecasting) വേണം ഇനി നടപ്പാക്കാൻ.

ഇറക്കുമതിയെയും ഫോസിൽ ഇന്ധനങ്ങളെയും ആശ്രയിക്കുന്ന രീതിയിൽ നിന്ന് വികേന്ദ്രീകൃതവും ശക്തവുമായ ഒരു ഊർജ്ജ വ്യവസ്ഥിതിയിലേക്കുള്ള മാറ്റം ഇനി ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് അനിവാര്യതയാണ്.

ഊർജ്ജ ആസ്തികൾ സമൂഹത്തിന് കൈമാറുന്നതിലൂടെയും പ്രാദേശിക സംഭരണ സംവിധാനങ്ങൾ സജ്ജമാക്കുന്നതിലൂടെയും, ബാഹ്യ വിപണിയിലെ തടസ്സങ്ങളിൽ നിന്നും മൺസൂൺ പാളിച്ചകളിൽ നിന്നും സംരക്ഷണം നേടി സുസ്ഥിര ഊർജ്ജ സുരക്ഷയിലേക്ക് നീങ്ങാൻ കേരളത്തിന് സാധിക്കും.

കേരളത്തിന്റെ ഊർജ്ജ പരിവർത്തനം കൂടുതൽ വൈദ്യുതി കണ്ടെത്തുക എന്നതിൽ മാത്രം ഒതുങ്ങരുത്. അത് കാലാവസ്ഥ പ്രതിരോധ ശേഷിയുള്ളതും, പ്രാദേശികമായി ഉറപ്പിച്ചതും, സംഭരണ ശേഷിയുള്ളതും, ഘട്ടങ്ങളായി ഊർജ്ജ സുരക്ഷ കൈവരിക്കുന്നതുമായ ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതായിരിക്കണം.

(ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങൾ രചയിതാവിന്റേത് മാത്രമാണ്, ഡൗൺ ടു എർത്തിന്റെ നിലപാടുകളെ പ്രതിഫലിപ്പിക്കണമെന്നില്ല)

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)