ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലുള്ള ലേബർ ചൗക്കിലെ ഒരു തൊഴിലാളി. വിവേക് മിശ്ര
Energy

"നഗരം തിരക്കിലാണ്, പക്ഷേ ഞങ്ങളുടെ പണി പോയി"; ഇന്ധനവിലയും ജീവിതച്ചെലവും ഉയരുമ്പോൾ തൊഴിലിനായി നെട്ടോട്ടമോടി ഡൽഹിയിലെ തൊഴിലാളികൾ

എൽപിജി വിലവർദ്ധനയും വിതരണത്തിലെ അനിശ്ചിതത്വവും മൂലം വീടുകളിൽ വിറകും വറളിയും (cow dung) വീണ്ടും ഉപയോഗിച്ചു തുടങ്ങുന്നു; പലരും ഗ്രാമങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നു.

Vivek Mishra

തുടരുന്ന ഊർജ്ജ പ്രതിസന്ധിക്കിടയിൽ, പാചകവാതകം വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും മാസം തള്ളിനീക്കാൻ വിറകും വറളിയും (ചാണക വറളി) ഉപയോഗിക്കേണ്ടി വരികയാണെന്നും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലുള്ള ദിവസവേതന തൊഴിലാളികൾ പറയുന്നു.

തെക്കുകിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ തിരക്കേറിയ ലേബർ ജംഗ്ഷനിൽ, കൊടുംചൂടിലും ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ ഓരോ ദിവസവും തൊഴിലാളികൾ ഒത്തുകൂടുന്നു. എന്നാൽ ജീവിതച്ചെലവ് കുതിച്ചുയരുമ്പോഴും ജോലികൾ ഇല്ലാതായിരിക്കുകയാണെന്ന് പലരും പറയുന്നു.

സമീപ ആഴ്ചകളിൽ സ്ഥിതിഗതികൾ വളരെ മോശമായതായി ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ നിന്നുള്ള തൊഴിലാളിയായ ജമീൽ പറഞ്ഞു. തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലെ സ്ട്രീറ്റ് നമ്പർ 26-ലാണ് അദ്ദേഹം താമസിക്കുന്നത്. “സാർ, സാഹചര്യത്തെക്കുറിച്ച് ഞാൻ എന്ത് പറയാനാണ്? ഇന്ന് തന്നെ ഒരു തൊഴിലാളി മരിച്ചു. രാജ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പണിയൊന്നുമില്ലാതെ വിശപ്പുകാരണം അയാൾക്ക് അസുഖം ബാധിക്കുകയും മരിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.

ദ്രവീകൃത പെട്രോളിയം ഗ്യാസ് (LPG) സിലിണ്ടറുകളുടെ വില വർദ്ധിച്ചതിനാൽ ഭാര്യയെയും മക്കളെയും നാട്ടിലേക്ക് തിരിച്ചയച്ചുവെന്നും, ഇപ്പോൾ താൻ തന്നെ ഡൽഹി വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ജമീൽ കൂട്ടിച്ചേർത്തു.

ഉയരുന്ന ചെലവുകളും കുറയുന്ന വരുമാനവും

പതിനാലാം വയസ്സിൽ ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ നിന്ന് ഡൽഹിയിലെത്തിയ റാം സിംഗ് എന്ന മറ്റൊരു തൊഴിലാളി, നിലവിലെ പ്രതിസന്ധി തന്റെ പ്രതീക്ഷകൾ കെടുത്തിയതായി പറഞ്ഞു. ഗ്രാമത്തിൽ എനിക്കായി ഒന്നും അവശേഷിക്കുന്നില്ല; എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്നേ മടങ്ങിപ്പോയേനെ എന്ന് അദ്ദേഹം പറഞ്ഞു.

“ഇവിടെ ചിലപ്പോൾ മലിനീകരണം കാരണം പണി നിൽക്കും, ചിലപ്പോൾ മഹാമാരി കാരണം, ഇപ്പോൾ ഇറാൻ-അമേരിക്ക യുദ്ധം ഈ സാഹചര്യം ഉണ്ടാക്കിയിരിക്കുന്നു. എനിക്ക് പണി കിട്ടുന്നില്ല, ഒരു പ്രതീക്ഷയും കാണുന്നുമില്ല,” അദ്ദേഹം പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. “5 രൂപയുണ്ടായിരുന്ന സമോസയ്ക്ക് ഇപ്പോൾ 15 രൂപയാണ്. വീട്ടിൽ ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിലും കരിഞ്ചന്ത കാരണം 800 രൂപയുടെ സിലിണ്ടർ 1,400 രൂപയ്ക്കാണ് വിൽക്കുന്നത്.”

3-4 കിലോഗ്രാം വരുന്ന ചെറിയ ഗ്യാസ് സിലിണ്ടറുകൾ നിറയ്ക്കാനുള്ള ചെലവും കുതിച്ചുയർന്നതായി അവിടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ചന്ദൻ സിംഗ് പറഞ്ഞു. “മുമ്പ് കിലോയ്ക്ക് 100 രൂപയായിരുന്നു, ഇപ്പോൾ അത് 300 മുതൽ 400 രൂപ വരെയായി,” അദ്ദേഹം പറഞ്ഞു.

സമീപത്തുള്ള വാത്മീകി മൊഹല്ലയിലെ പല താമസക്കാരും ഇപ്പോൾ ജോലിക്ക് പോകുന്നത് തന്നെ നിർത്തിയിരിക്കുകയാണ്. അസഹനീയമായ ചൂടും തൊഴിലില്ലായ്മയും ഇന്ധനക്ഷാമവും നിലവിലെ ദുരിതപൂർണ്ണമായ സാഹചര്യത്തെ കൂടുതൽ വഷളാക്കിയെന്ന് തൊഴിലാളികൾ പറയുന്നു.

സാമ്പത്തിക പിരിമുറുക്കം കുടുംബബന്ധങ്ങളെ ബാധിക്കുന്നതായും കുടുംബങ്ങൾക്കുള്ളിൽ അസ്വസ്ഥതകൾ വർദ്ധിക്കുന്നതായും ചിലർ ഡൗൺ ടു എർത്തിനോട് പറഞ്ഞു. പാചകവാതക വിതരണത്തിലുണ്ടായ തടസ്സങ്ങളും ദൈനംദിന ജീവിതത്തിലുണ്ടായ പ്രയാസങ്ങളും പല ദമ്പതികൾക്കിടയിലും കലഹങ്ങൾക്ക് കാരണമാവുകയും ചില ബന്ധങ്ങൾ വിവാഹമോചനത്തിൽ വരെ അവസാനിക്കുകയും ചെയ്തതായി അവർ പറഞ്ഞു. തുടർച്ചയായുണ്ടായ ഈ പ്രതിസന്ധികൾ കുടുംബങ്ങളുടെ സമാധാനം നശിപ്പിക്കുകയും ബന്ധങ്ങളില്ലാതാക്കുകയും ചെയ്തതായി അവർ പറഞ്ഞു.

വലതുവശത്ത്: ജമീൽ, ചന്ദൻ സിംഗ്, രാം സിംഗ്, സഹപ്രവർത്തകർ.

തൊഴിലാളികൾ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു

എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ ഈ പ്രദേശത്തെ ഏകദേശം 40 ശതമാനം തൊഴിലാളികളും ഇതിനകം തന്നെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയതായി ചന്ദൻ സിംഗ് കണക്കാക്കുന്നു. "യുദ്ധം അവസാനിച്ചതായി റിപ്പോർട്ടുകളുണ്ട്, പക്ഷേ വില കുറഞ്ഞിട്ടില്ല, പാചകവാതക വിതരണം മെച്ചപ്പെട്ടിട്ടുമില്ല," ജമീൽ പറഞ്ഞു. ഈ പ്രതിസന്ധി പലരെയും കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുവെന്നും, സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഒരു ദിവസത്തെ മുഴുവൻ കൂലി സമ്പാദിക്കുക എന്നത് പോലും വിദൂര സ്വപ്നമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ പരിസരത്ത് താമസിക്കുന്ന സുഭാഷ് എന്ന മറ്റൊരു തൊഴിലാളി പറഞ്ഞത്, തനിക്ക്, അടുത്തുള്ള ഫരീദാബാദിൽ ജോലി ലഭിച്ചെങ്കിലും ഇന്ധനവില വർദ്ധനവ് തന്റെ പ്രതിമാസ ചെലവുകളെ സാരമായി ബാധിക്കുന്നു എന്നാണ്. മയൂർ വിഹാർ ഫേസ് 3-ലെ ഘടൗലി കോളനിയിലുള്ള തൊഴിലാളികൾ പറയുന്നത് ഏകദേശം 30 ശതമാനത്തോളം തൊഴിലാളികൾ ആ പ്രദേശം വിട്ടുപോയി എന്നാണ്.

ജോലിസാധ്യതകൾ കുറവാണെങ്കിലും ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത് ഒരു പരിധിവരെ സുരക്ഷിതമാണെന്ന് റാം സിംഗ് പറഞ്ഞു. "ഗ്രാമത്തിൽ ജോലിയൊന്നുമില്ല, പക്ഷേ വിറകും കുറച്ച് റേഷനും കിട്ടും. അവിടെ ഞങ്ങൾ പട്ടിണി കിടന്ന് മരിക്കില്ല. ഇവിടെ ഞങ്ങൾ പട്ടിണിയുടെ വക്കിലാണ്," അദ്ദേഹം പറഞ്ഞു.

പരമ്പരാഗത ഇന്ധനങ്ങളിലേക്കുള്ള മാറ്റം

എൽപിജി ലഭിക്കാൻ പ്രയാസമായതും അമിതവിലയും കാരണം തങ്ങൾ വിറക്, ചാണക വറളി തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് പല തൊഴിലാളികളും പറഞ്ഞു.

"കോവിഡ് സമയത്ത് എല്ലാം അടഞ്ഞുകിടന്നതിനാലാണ് ഞങ്ങൾ നാട്ടിലേക്ക് മടങ്ങിയത്," റാം സിംഗ് പറഞ്ഞു. "എന്നാൽ ഇപ്പോൾ നഗരം സജീവമാണ്, തിരക്കിലുമാണ്, എന്നിട്ടും ഞങ്ങളുടെ ജോലി ഇല്ലാതായിരിക്കുന്നു."

അടിസ്ഥാന ഭക്ഷണസാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ചന്ദൻ സിംഗ് കൂട്ടിച്ചേർത്തു. "ഒരുകാലത്ത് വില കുറഞ്ഞതെന്ന് ഞങ്ങൾ കരുതിയിരുന്ന ഭക്ഷണത്തിന് ഇപ്പോൾ വലിയ വിലയാണ്. കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണ്," അദ്ദേഹം പറഞ്ഞു. ഇന്ധനവില നിയന്ത്രണവിധേയമാകുകയും തൊഴിലവസരങ്ങൾ മെച്ചപ്പെടുകയും ചെയ്തില്ലെങ്കിൽ വരും ആഴ്ചകളിൽ സാഹചര്യത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)