പ്രാതിനിധ്യത്തിനുള്ള ഫോട്ടോ. ഐസ്റ്റോക്ക് വഴി ബാർട്ടോസ് ഹാഡിനിയാക്
Economy

യൂണിയൻ ബജറ്റ് 2026: ഇന്ത്യയിലെ കുട്ടികൾക്ക് സാമ്പത്തിക സർവേ നൽകുന്ന സൂചനകൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ, കുട്ടികൾക്ക് വേണ്ടിയുള്ള ബജറ്റ് പ്രവണതകൾ നോക്കിയാൽ, 2025–26 ലെ സാമ്പത്തിക സർവേ, കുട്ടികളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ കൂടുതൽ നന്നായി പ്രതിഫലിപ്പിക്കാൻ, സാമ്പത്തിക തീരുമാനങ്ങൾ ശക്തമാക്കാൻ കഴിയുന്ന മേഖലകളെ എടുത്തുകാണിക്കുന്നു.

Puja Marwaha

 2026–27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി 1-ന് പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സർവേ 2025–26, ഇന്ത്യയിലെ വിദ്യാഭ്യാസവും ആരോഗ്യവും സംബന്ധിച്ച പുരോഗതിയെ സമയോചിതമായി വിലയിരുത്തുന്നു. കുട്ടികളുമായി ബന്ധപ്പെട്ട പൊതു ചെലവുകളുടെ കഴിഞ്ഞകാല പ്രവണതകളോടൊപ്പം നോക്കുമ്പോൾ, ഇന്ത്യയുടെ യുവജനങ്ങളുടെ മാറിവരുന്ന ആവശ്യങ്ങളോട് ധനകാര്യ മുൻഗണനകൾ എങ്ങനെ യോജിപ്പിക്കാമെന്ന് ആലോചിക്കാൻ ചിന്തിക്കാനുള്ള അവസരം നൽകുന്നു.

ഇന്ത്യയുടെ ജനസംഖ്യാഘടനയിൽ കുട്ടികളും കൗമാരക്കാരും ഇപ്പോഴും നിർണായക പങ്ക് വഹിക്കുന്നു. 3 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർ മൊത്തം ജനസംഖ്യയുടെ ഏകദേശം 27 ശതമാനമാണ്. അടുത്ത ഇരുപത് വർഷത്തേക്കും ഈ പങ്ക് 20 ശതമാനത്തിന് മുകളിലായി തുടരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഇന്ത്യയുടെ ദീർഘകാല വികസന സാധ്യതകളുടെ കേന്ദ്രബിന്ദുവായി കുട്ടികളെ കാണുന്നു. അതിനാൽ അവരിലേക്കുള്ള പൊതുനിക്ഷേപത്തിന്റെ സ്വഭാവവും വ്യാപ്തിയും പ്രാധാന്യം നിറഞ്ഞതാണ്.

മാറുന്ന സാമ്പത്തിക മുൻഗണനകൾ

കഴിഞ്ഞ ഒരു ദശകത്തിനിടെ, കുട്ടികളുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി മാറ്റിവയ്ക്കുന്ന കേന്ദ്ര ബജറ്റിന്റെ വിഹിതത്തിൽ ക്രമാനുഗതമായ കുറവ് ഉണ്ടായിട്ടുണ്ട്. കണക്കുകളിൽ വകയിരുത്തലുകൾ വർദ്ധിച്ചിട്ടുണ്ടെങ്കിലും, കേന്ദ്ര ബജറ്റിലെ അവയുടെ വിഹിതം മുൻ ദശകത്തിന്റെ അവസാന പകുതിയിലെ 3 ശതമാനത്തിൽ നിന്ന് (2016–17, 2017–18 വർഷങ്ങളിൽ 3.32 ശതമാനം; 2018–19-ൽ 3.24 ശതമാനം) അടുത്ത വർഷങ്ങളിൽ ഏകദേശം 2.3 ശതമാനമായി (2024–25-ൽ 2.28 ശതമാനം; 2025–26-ൽ 2.29 ശതമാനം) താഴ്ന്നിട്ടുണ്ട്. ഉയർന്ന ജനസംഖ്യയും വർദ്ധിച്ചുവരുന്ന വികസന സങ്കീർണ്ണതയും കണക്കിലെടുക്കുമ്പോൾ, ആനുപാതികമായ സാമ്പത്തിക മുൻഗണന നിലനിർത്തിയിട്ടുണ്ടോ എന്ന ചോദ്യം ഇത് ഉയർത്തുന്നുണ്ട്.

വിദ്യാഭ്യാസം: നേട്ടങ്ങളും വെല്ലുവിളികളും

സാമ്പത്തിക സർവേ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഒന്ന് ഇന്ത്യയിലാണ് - 24.69 കോടി വിദ്യാർത്ഥികൾ, 14.71 ലക്ഷം സ്കൂളുകൾ, 1.01 കോടി അധ്യാപകർ. പ്രാരംഭ ഘട്ടങ്ങളിലെ പ്രവേശനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, സെക്കൻഡറി തലത്തിലെ നിരക്ക് 52.2 ശതമാനത്തിൽ മാത്രമാണ്. ഇത് എട്ടാം ക്ലാസ് കഴിഞ്ഞ കുട്ടികളെ നിലനിർത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.

സർവേ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് സ്കൂളുകളുടെ ഏകീകൃതമല്ലാത്ത വ്യാപനം. ആകെ സ്കൂളുകളുടെ 54 ശതമാനവും അടിസ്ഥാന വിദ്യാഭ്യാസം മാത്രം നൽകുമ്പോൾ, ഗ്രാമപ്രദേശങ്ങളിൽ സെക്കൻഡറി വിദ്യാഭ്യാസം നൽകുന്ന സ്കൂളുകൾ വെറും 17.1 ശതമാനമാണ്. നഗരങ്ങളിൽ ഇതിന് വിപരീതമായി 38.1 ശതമാനം സ്കൂളുകൾ സെക്കൻഡറി തലത്തിൽ പ്രവർത്തിക്കുന്നു. ഈ അസമത്വം, ഗ്രാമീണ വിദ്യാർത്ഥികളുടെ ഉയർന്ന ക്ലാസുകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും, മാറിപ്പോകൽ, യാത്രാസമയം വർധിക്കൽ, പഠനം ഉപേക്ഷിക്കൽ എന്നിവക്ക് ഇടയാക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിലും. ഗതാഗത സൗകര്യങ്ങൾക്കും സ്കൂൾ അടിസ്ഥാനസൗകര്യങ്ങൾക്കും ധനസഹായം ആവശ്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു.

മറ്റു വെല്ലുവിളികളും നിലനിൽക്കുന്നു. പ്രതീക്ഷിക്കപ്പെടുന്ന പഠനവർഷങ്ങൾ ഇപ്പോഴും ഏകദേശം 13 വർഷത്തിലാണ്, ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ലക്ഷ്യമിടുന്ന കുറഞ്ഞത് 15 വർഷം എന്ന ലക്ഷ്യത്തേക്കാൾ താഴെ.

ബജറ്റ് വിനിയോഗങ്ങളുടെ മാതൃകകൾ ഈ വിടവുകൾ വ്യക്തമാക്കുന്നു. കുട്ടികളുമായി ബന്ധപ്പെട്ട ചെലവുകളിൽ ഏറ്റവും വലിയ വിഹിതം സമഗ്ര ശിക്ഷാ പദ്ധതിക്കാണെങ്കിലും, യഥാർത്ഥ ചെലവ് പലപ്പോഴും അനുവദനീയതയെക്കാൾ കുറവായിട്ടുണ്ട്.

ക്ലാസ് മുറിക്ക് അപ്പുറം

വിദ്യാഭ്യാസത്തിലെ അതീവ പ്രാധാന്യമുള്ള മറ്റു വശങ്ങളിലേക്കും സർവേ ശ്രദ്ധ ക്ഷണിക്കുന്നു. പരഖ് ദേശീയ സർവേക്ഷൻ 2024 പ്രകാരം, മൂന്നാം ക്ലാസിലെ ഗണിതശേഷി 2021-ലെ 42 ശതമാനത്തിൽ നിന്ന് 2024-ൽ 65 ശതമാനമായി ഉയർന്നിട്ടുണ്ട്. ഭാഷാ പ്രാവീണ്യം ഇതേ കാലയളവിൽ 39 ശതമാനത്തിൽ നിന്ന് 57 ശതമാനമായും വർധിച്ചു.

അതേസമയം, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾ CWSN) ഉള്ള സ്കൂളുകൾ വെറും 35 ശതമാനവും, അതിനായി പരിശീലനം ലഭിച്ച അധ്യാപകർ ഉള്ളത് 38 ശതമാനം സ്കൂളുകളിലുമാണ്. മാനസികക്ഷേമ സൂചനകളും ആശങ്കാജനകമാണ് - 55 ശതമാനം വിദ്യാർത്ഥികൾക്കേ സ്കൂളിൽ പോകാനുള്ള പ്രചോദനമുള്ളു; പകുതിയിലും കുറവ് കുട്ടികൾക്കാണ് മാനസിക സുരക്ഷ അനുഭവപ്പെടുന്നത്.

ഇതിന് വിരുദ്ധമായി, കുട്ടികളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച ബജറ്റ് വകയിരുത്തലുകൾ, മൊത്തം കുട്ടികളുമായി ബന്ധപ്പെട്ട ചെലവിന്റെ വളരെ ചെറിയ വിഹിതമാണ്. വിദ്യാഭ്യാസ നിക്ഷേപങ്ങൾ കുട്ടികളുടെ മാനസിക ക്ഷേമം, സുരക്ഷ എന്നിവയുമായി കൂട്ടിച്ചേർക്കേണ്ടതുണ്ടെന്ന സൂചനയാണിത് - ഇവയില്ലാതെ അർത്ഥവത്തായ പഠനവും നിലനിൽപ്പും സാധ്യമാകില്ല.

മുഖ്യധാരയിൽ ഇല്ലാത്ത കൗമാരക്കാർ

സാമ്പത്തിക സർവേയിലെ ശ്രദ്ധേയമായ കണ്ടെത്തലുകളിൽ ഒന്ന്, സ്കൂളിന് പുറത്തുള്ള കൗമാരക്കാരെക്കുറിച്ചുള്ളതാണ്. 14 മുതൽ 18 വയസ് വരെ പ്രായമുള്ള ഏകദേശം രണ്ട് കോടി കൗമാരക്കാർ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്താണെന്ന് കണക്കാക്കുന്നു. സാമ്പത്തിക വിഷമങ്ങൾ, സ്കൂൾ പ്രവേശന ബുദ്ധിമുട്ടുകൾ, സാമൂഹ്യ–സാംസ്കാരിക തടസ്സങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

NEP 2020യും സുസ്ഥിര വികസന ലക്ഷ്യങ്ങളും (SDG–4, ലക്ഷ്യം 4.1), എല്ലാ കുട്ടികളും സൗജന്യവും, സമവായപരവുമായ ഗുണമേന്മയുള്ള, പ്രാഥമികവും, സെക്കൻഡറിയുമായ വിദ്യാഭ്യാസം ഫലപ്രദമായ പഠനഫലങ്ങളോടെ, പൂർത്തിയാക്കണമെന്നാണ് ലക്ഷ്യമിടുന്നത്.

എന്നാൽ, പുതിയ UDISE+ (2024–25) ഡാറ്റ പ്രകാരം, അടിസ്ഥാനതലത്തിൽ നിലനിൽപ്പ് 98.9 ശതമാനമായിരിക്കുമ്പോൾ, സെക്കൻഡറി തലത്തിൽ അത് 47.2 ശതമാനമായി താഴുന്നു - പന്ത്രണ്ടാം ക്ലാസ് വരെ പഠനം പൂർത്തിയാക്കുന്നവർ ഇത്രയേറെ കുറവാണെന്ന് ഇത് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനത്തിലും തുടർ വിദ്യാഭ്യാസത്തിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, ഒമ്പതു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികളുടെ പഠനം ഇപ്പോഴും ആശങ്കാജനകമാണ്.

കൗമാരക്കാരെ, പ്രത്യേകിച്ച് പെൺകുട്ടികളെ - സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കുന്നത് ഒരു സാമൂഹിക ബാധ്യത മാത്രമല്ല; രാജ്യത്തിന്റെ സാമ്പത്തിക ഭാവിയിലേക്കുള്ള തന്ത്രപ്രധാന നിക്ഷേപവുമാണ്. പെൺകുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസ നില കൂടുതൽ ഉൽപ്പാദകമായ തൊഴിൽശക്തി, തൊഴിൽപങ്കാളിത്തം, ആരോഗ്യ–പോഷകഫലങ്ങൾ, തലമുറകളിലേക്കുള്ള ഗുണഫലങ്ങൾ എന്നിവയ്ക്ക് വഴിയൊരുക്കുന്നു. ഇതിലൂടെ സമവായപരവും ദൃഢവുമായ സാമ്പത്തിക വളർച്ച സാധ്യമാകുന്നു.

ബജറ്റ് കാഴ്ചപ്പാടിൽ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലേക്കുള്ള സ്ഥിരമായ നിക്ഷേപം വ്യക്തിഗത ശാക്തീകരണത്തെക്കാൾ അപ്പുറം ദീർഘകാല നേട്ടങ്ങൾ നൽകുന്നു. അതിനാൽ, സെക്കൻഡറിയും, ഹയർ സെക്കൻഡറിയും വരെ പെൺകുട്ടികൾ സ്കൂളിൽ തുടരുന്നതു ഉറപ്പാക്കുക എന്നത് ഇന്ത്യയുടെ വളർച്ചാ ലക്ഷ്യങ്ങളുടെ കാതലാണ്.

ആരോഗ്യം, പോഷണം, ഉയർന്നുവരുന്ന ഭീഷണികൾ

സാമ്പത്തിക സർവേ പ്രകാരം, കുട്ടികളുടെ പോഷണവും ആരോഗ്യവും സംബന്ധിച്ച പൊതു നിക്ഷേപങ്ങൾ, മരണനിരക്കുകളിൽ വലിയ കുറവുകൾ ഉൾപ്പെടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1990 മുതൽ മാതൃത്വ മരണനിരക്ക് 86 ശതമാനവും, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 78 ശതമാനവും കുറക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ പോഷണവുമായി ബന്ധപ്പെട്ട പദ്ധതികളിലേക്കുള്ള സ്ഥിരമായ നിക്ഷേപങ്ങളാണ് ഇതിന് പിന്നിൽ; ഇവയിൽ യഥാർത്ഥ ചെലവ് പലപ്പോഴും ബജറ്റ് കണക്കുകൾക്ക് തുല്യമോ അതിലധികമോ ആണ്.

അതേസമയം, പോഷണ–ആരോഗ്യ വെല്ലുവിളികളുടെ സ്വഭാവം മാറുകയാണ്. കലോറി ഉപയോഗം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, സൂക്ഷ്മപോഷകക്കുറവുകൾ തുടരുന്നു; കൂടാതെ കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണവും സ്ഥൂലതയും വർധിക്കുന്നു. പ്രത്യേകിച്ച് സ്കൂളുകളിൽ ഭക്ഷണഗുണമേന്മ, ബോധവൽക്കരണം, ആരോഗ്യകരമായ ശീലങ്ങൾ എന്നിവ മുൻനിർത്തിയ പോഷണ ലക്ഷ്യങ്ങൾ അനിവാര്യമാണെന്ന് ഇത് വ്യക്തമാക്കുന്നു.

കുട്ടികളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ സാന്നിധ്യവുമായി ബന്ധപ്പെട്ട പുതിയ ആശങ്കകളും സർവേ ഉയർത്തിക്കാട്ടുന്നു. ഇന്ത്യയിൽ ഏകദേശം 97 കോടി ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്; 86 ശതമാനം വീടുകളിലും സ്മാർട്ട്ഫോണുകളുണ്ട്. വിദ്യാഭ്യാസ ഇടപാടുകൾ കൂടുതൽ ഓൺലൈൻ ആകുന്നതോടെ, ശ്രദ്ധക്കുറവ്, മാനസികാരോഗ്യ പ്രശ്നങ്ങൾ, സാമൂഹ്യ–മാനസിക ക്ഷേമത്തിലെ ഇടിവ് തുടങ്ങിയ അപകടങ്ങൾ കൂടുതൽ പ്രസക്തമാകുന്നു. ഇവ ഇപ്പോഴും ബജറ്റ് ഘടനകളിൽ വ്യക്തമായി പ്രതിഫലിക്കുന്നില്ലെങ്കിലും, പൊതു നയങ്ങളും ചെലവുകളും മാറേണ്ട മേഖലകളെ സൂചിപ്പിക്കുന്നു.

ഈ സാഹചര്യത്തിൽ, സ്കൂൾ–കുടുംബകേന്ദ്രിതമായ ഡിജിറ്റൽ ഇടപെടലുകൾ നടപ്പാക്കാൻ സർക്കാരിന്റെ ധനസഹായം നിർണായകമാകും. ഇത് കുട്ടികളെ സുരക്ഷിതമായ ഡിജിറ്റൽ പരിസരങ്ങളിൽ വളരാനും ഭാവിക്ക് തയ്യാറായ ആത്മവിശ്വാസമുള്ള പൗരന്മാരാകാനും സഹായിക്കും.

തെളിവും ചെലവും തമ്മിലുള്ള ഏകീകരണം

സമീപവർഷങ്ങളിലെ ഏറ്റവും പുതിയ സാമ്പത്തിക സർവേയും, ചൈൽഡ് ബജറ്റ് ട്രെൻഡുകളും ഒരുമിച്ച് എടുത്താൽ, ഇന്ത്യ, ശിശു കേന്ദ്രീകൃത ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് ശക്തമായ അടിത്തറ പാകിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു, അതേസമയം ധനകാര്യ മുൻഗണനകളുടെ ആനുകാലിക പുനർമൂല്യനിർണയത്തിന്റെയും പുനഃക്രമീകരണത്തിന്റെയും ആവശ്യകത അടിവരയിടുന്നു. കുട്ടികളുടെ ആവശ്യങ്ങൾ അവരുടെ ജീവിതത്തിലെ പല ഘട്ടങ്ങളിലും മാറിവരുന്നു, പൊതുചെലവുകൾ ഈ പുരോഗതിയോട് പ്രതികരിക്കുന്ന തരത്തിൽ തുടരണം.

കേന്ദ്ര ബജറ്റ് രൂപപ്പെടുത്തുമ്പോൾ, തെളിവുകളും ചെലവുകളും തമ്മിലുള്ള അടുത്ത വിന്യാസം, മുൻകാല നേട്ടങ്ങൾ ഏകീകരിക്കാൻ സഹായിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ചെലവുകളുടെ ആപേക്ഷിക മുൻഗണന പുനഃസ്ഥാപിക്കുക, അനുവദിച്ച ഫണ്ടുകളുടെ വിനിയോഗം മെച്ചപ്പെടുത്തുക, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സംരക്ഷണം എന്നിവയിൽ സന്തുലിതമായ ശ്രദ്ധ ഉറപ്പാക്കുക എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.

ഇന്ത്യയുടെ ജനസംഖ്യാപരമായ ഭാവി, ഇന്നത്തെ കുട്ടികൾക്ക് പഠിക്കാനും വളരാനും പുരോഗതി കൈവരിക്കാനും നൽകുന്ന പിന്തുണയുടെ ഫലമായിരിക്കും. സാമ്പത്തിക സർവേ വ്യക്തമായ തെളിവുകൾ നൽകുന്നു. കുട്ടികളെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രമല്ല, രാജ്യത്തിന്റെ വികസനയാത്രയിലെ കേന്ദ്ര പങ്കാളികളായി അംഗീകരിക്കുന്ന ദാർശനികമായ തീരുമാനങ്ങളിലൂടെ പ്രതികരിക്കാനുള്ള അവസരം ഇപ്പോൾ ബഡ്ജറ്റിനുണ്ട്.