സുസ്ഥിര വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും, പ്രത്യേകിച്ച് പാവപ്പെട്ട ജനവിഭാഗങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ പരിസ്ഥിതി-കാലാവസ്ഥാ നയങ്ങൾ സാമ്പത്തിക പ്രാപ്യതയ്ക്ക് (താങ്ങാനാവുന്ന ചെലവിന്) മുൻഗണന നൽകണം.
ജൈവഭക്ഷണം, ശുദ്ധോർജ്ജം, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുടെ ഉയർന്ന ചെലവ് പരിസ്ഥിതി സൗഹൃദ പരിഹാരങ്ങൾ സമ്പന്നർക്ക് മാത്രം പ്രാപ്യമാകുന്ന അവസ്ഥ സൃഷ്ടിക്കാൻ ഇടയാക്കുന്നു.
സുസ്ഥിരതയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും കർഷകരുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്താനും ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനും സഹായിക്കുന്ന കാർഷിക രീതികളാണ് ഇന്ത്യയ്ക്ക് ആവശ്യം.
ചെലവുകുറഞ്ഞ മലിനജല സംസ്കരണം, സംസ്കരിച്ച മാലിന്യങ്ങളുടെ സുരക്ഷിതമായ പുനരുപയോഗം, മലിനീകരണ നിയന്ത്രണം എന്നിവയിലൂടെ വലിയ സാമ്പത്തികച്ചെലവുള്ള അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കാതെ തന്നെ ഇന്ത്യയ്ക്ക് പരിസ്ഥിതി വെല്ലുവിളികളെ നേരിടാൻ കഴിയും.
ഊർജ്ജ ദാരിദ്ര്യം അനുഭവിക്കുന്നവരിലേക്ക്, പ്രത്യേകിച്ച് സ്ത്രീകളിലേക്ക് ശുദ്ധോർജ്ജം എത്തിച്ചേരേണ്ടതുണ്ട്; കാരണം എല്ലാവരെയും ഉൾക്കൊള്ളുന്നതും താങ്ങാനാവുന്നതുമല്ലാത്ത ഒരു വളർച്ചയും സുസ്ഥിരമാകില്ല.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ 'താങ്ങാനാവുന്ന ചെലവ്' (സാമ്പത്തിക പ്രാപ്യത) ഒരു പ്രധാന വിഷയമായി ഉയർന്നു വന്നു. അതിന്റെ കാരണങ്ങൾ വ്യക്തവുമാണ്. എന്നാൽ രാഷ്ട്രീയ ചർച്ചകളിൽ ഈ വിഷയത്തെ മുൻനിരയിലേക്ക് കൊണ്ടുവരാൻ എന്തുകൊണ്ടാണ് ഇത്രയധികം സമയമെടുത്തതെന്നും, ഈ മാറ്റം ഇനി അമേരിക്കയിലെ വികസനത്തിന് എന്ത് അർത്ഥമാണ് നൽകുന്നതെന്നും നാം ചോദിക്കേണ്ടതുണ്ട്. ഇന്ത്യയിലുള്ള നമ്മളെ സംബന്ധിച്ച് സുസ്ഥിരതയുടെ അടിത്തറ തന്നെ താങ്ങാനാവുന്ന ചെലവായതിനാൽ ഞാൻ ഇത് പ്രത്യേകം ചോദിക്കുകയാണ്.
യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ 'നീല സുനാമി' രാജ്യമൊട്ടാകെ ആഞ്ഞടിക്കുകയും, ദീർഘകാലമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടകളായിരുന്ന സംസ്ഥാനങ്ങളിൽ പോലും വിജയം നേടുകയും ചെയ്തു. ഇറാൻ യുദ്ധം ഒരു പ്രധാന വിഷയമായിരുന്നെങ്കിലും, വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളായിരുന്നു - ഡീസൽ, ഭക്ഷണം, ഊർജ്ജം എന്നിവയുടെ വിലക്കയറ്റം മുതൽ സമീപ വർഷങ്ങളിൽ അഫോർഡബിൾ ഹെൽത്ത്കെയർ വ്യവസ്ഥകളിൽ വരുത്തിയ മാറ്റങ്ങൾ കാരണമുണ്ടായ ഭീമമായ മെഡിക്കൽ ബില്ലുകൾ വരെ അതിൽ ഉൾപ്പെടുന്നു.
അമേരിക്കയിലെയും പുറംലോകത്തെയും ഭാവി നയങ്ങൾക്കുള്ള സുപ്രധാനമായ ഒരു സൂചനയാണിത്. വളരെക്കാലമായി, പരിസ്ഥിതി-കാലാവസ്ഥാ തന്ത്രങ്ങൾ ജനകീയമോ താങ്ങാനാവുന്നതോ ആയിരിക്കേണ്ടതിന്റെ ആവശ്യകതയെ വിലകുറച്ചു കാണുകയായിരുന്നു. പരിസ്ഥിതി നയങ്ങൾ പലപ്പോഴും വികസനത്തിന്റെയും വ്യവസായങ്ങളുടെയും ചെലവ് വർദ്ധിപ്പിച്ചു; ഈ പ്രവണത കൃഷി, ഊർജ്ജം തുടങ്ങിയ മേഖലകളിലേക്ക് പോലും വ്യാപിച്ചു. ജൈവകൃഷിയുടെ കാര്യം തന്നെയെടുക്കുക. കീടനാശിനികളുടെ ദോഷഫലങ്ങൾ കുറയ്ക്കാനുള്ള ഒരു ഹരിതനയം പലപ്പോഴും അതിനെ പരമ്പരാഗത കൃഷിയേക്കാൾ ചെലവേറിയതാക്കി മാറ്റുന്നു. ഇത് ഭക്ഷ്യവില വർദ്ധിക്കുന്നതിന് കാരണമാകുന്നു, അതായത് സമൂഹത്തിലെ ഒരു ചെറിയ വിഭാഗം സമ്പന്നർക്ക് മാത്രമേ ഇത്തരം 'നല്ല' ഭക്ഷണം വാങ്ങാൻ സാധിക്കുന്നുള്ളൂ. ഫലത്തിൽ അതൊരു വരേണ്യവർഗ്ഗത്തിന്റെ മാത്രം തിരഞ്ഞെടുപ്പായി മാറുന്നു.
ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഇത് പ്രായോഗികമല്ല. ഇവിടെ ഭക്ഷണത്തിന്റെ വില പാവപ്പെട്ടവർക്ക് മാത്രമല്ല, ഭക്ഷ്യവിതരണ പദ്ധതികൾക്കായി വൻതോതിൽ സംഭരണം നടത്തേണ്ട സർക്കാരിനും നിർണ്ണായകമാണ്. അതുകൊണ്ടാണ് നമ്മുടെ ലോകത്ത്, കൃഷി എന്നത് ഭക്ഷ്യോൽപ്പാദനച്ചെലവ് വർദ്ധിപ്പിച്ചുകൊണ്ടല്ല, മറിച്ച് അത് കുറച്ചുകൊണ്ട് എങ്ങനെ കർഷകരുടെ ക്ഷേമം ഉറപ്പാക്കാം, ഭക്ഷണച്ചെലവ് എങ്ങനെ താങ്ങാനാവുന്നതാക്കാം, കൃഷിയെ എങ്ങനെ കൂടുതൽ സുസ്ഥിരമാക്കാം എന്നതിനെക്കുറിച്ച് നാം ചർച്ച ചെയ്യുന്നത്.
ജലമലിനീകരണത്തിന്റെ കാര്യത്തിലും നാം ഇതേ പാഠം സാവധാനത്തിലെങ്കിലും പഠിച്ചുകൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ വികസിത രാജ്യങ്ങളുടെ മലിനീകരണ നിയന്ത്രണ മാതൃകകളാണ് നാം സ്വീകരിച്ചത് - ഓരോ വീടുകളിൽ നിന്നുമുള്ള മലിനജലം ഭൂഗർഭ ഡ്രെയിനേജ് ശൃംഖലകൾ വഴി ശേഖരിച്ച്, പൈപ്പുകളിലൂടെ മൈലുകളോളം പമ്പ് ചെയ്ത് കേന്ദ്രീകൃത സംസ്കരണ പ്ലാന്റുകളിലേക്ക് എത്തിക്കുക. എന്നാൽ ഈ രീതിക്ക് ആവശ്യമായ ഭീമമായ മൂലധനച്ചെലവ് അസമത്വത്തിലേക്ക് നയിക്കുന്നുവെന്ന് നാം തിരിച്ചറിഞ്ഞു.
എല്ലാവർക്കും ഇത്തരം സേവനങ്ങൾ നൽകാനുള്ള സാമ്പത്തിക ശേഷി സർക്കാരിന് ഉണ്ടാകാറില്ല. ഇത് പിന്നീട് മലിനീകരണത്തിലേക്ക് നയിക്കുന്നു; നമ്മുടെ നഗരങ്ങളിൽ ന്യൂനപക്ഷത്തിന്റെ സംസ്കരിച്ച മലിനജലം ഭൂരിപക്ഷത്തിന്റെ സംസ്കരിക്കാത്ത മലിനജലവുമായി കലരുന്നു. ഇതിനെ ഞാൻ "വിസർജ്ജനത്തിന്റെ രാഷ്ട്രീയ സമ്പദ്വ്യവസ്ഥ" (political economy of defecation) എന്ന് വിളിക്കുന്നു, കാരണം ഈ സംവിധാനത്തിൽ പാവപ്പെട്ടവരല്ല, മറിച്ച് സമ്പന്നരാണ് സബ്സിഡി നേടുന്നത്. നമ്മുടെ നഗരങ്ങളിലെ ഏറ്റവും വലിയ ധനികർക്ക് പോലും വെള്ളത്തിന്റെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും "പൂർണ്ണമായ" ചെലവ് താങ്ങാൻ കഴിയില്ലെന്നതാണ് ഇതിന് കാരണം. അതുകൊണ്ടാണ് ചെലവേറിയ ഭൂഗർഭ ഡ്രെയിനേജ് നിർമ്മാണങ്ങളെ മാത്രം ആശ്രയിക്കാതെ, നിലവിലുള്ള സ്ലഡ്ജ് ട്രാൻസ്പോർട്ടേഷൻ വാഹനങ്ങൾ ഉപയോഗിച്ച് ജലമലിനീകരണം കൈകാര്യം ചെയ്യാനുള്ള പുതിയ തന്ത്രങ്ങൾ ഇന്ത്യ ഇപ്പോൾ രൂപപ്പെടുത്തുന്നത്.
എന്നാൽ നമ്മുടെ നദികളെ ഇല്ലാതാക്കുന്ന വിസർജ്യങ്ങളെ മണ്ണിലെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാക്കി - അതായത് ഭക്ഷ്യോൽപ്പാദനം വർദ്ധിപ്പിക്കാനും വിലകൂടിയ രാസവളങ്ങൾക്ക് പകരമുള്ള ജൈവവളങ്ങളാക്കി - മാറ്റാൻ കഴിയുമ്പോഴാണ് കാര്യങ്ങൾ അടിമുടി മാറിമറിയുന്നത്. മണ്ണിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും മണ്ണിൽ വിഷാംശം കലരാതെയും നാം ഇത് ചെയ്യണം. അങ്ങനെയെങ്കിൽ, വേർതിരിച്ചെടുക്കാൻ ചെലവേറിയതും മാലിന്യങ്ങളുടെ സുരക്ഷിതമായ പുനരുപയോഗത്തെ തടസ്സപ്പെടുത്തുന്നതുമായ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക എന്നുകൂടി ഇതിനർത്ഥമുണ്ട്.
ആദ്യം മലിനമാക്കുകയും പിന്നീട് വൃത്തിയാക്കുകയും ചെയ്യുന്നതിന് പകരം, മലിനീകരണം തടയുകയോ കുറഞ്ഞത് പരമാവധി കുറയ്ക്കുകയോ ചെയ്യണം എന്നുകൂടി ഇതിനർത്ഥമുണ്ട്. ഭക്ഷ്യവ്യവസ്ഥയിൽ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ഉദാഹരണമായി എടുക്കാം. മൃഗസംരക്ഷണവും ശുചിത്വവും മെച്ചപ്പെടുത്തി രോഗങ്ങൾ തടയുകയും, അതുവഴി ചികിത്സാ മരുന്നുകളുടെ ഉപയോഗം കുറയ്ക്കുകയുമാണ് ഇതിനുള്ള ശരിയായ പരിഹാരം.
ഊർജ്ജം താങ്ങാനാവാത്ത വിലയിലേക്ക് എത്തുമ്പോഴാണ് യാഥാർത്ഥ്യം കൂടുതൽ സങ്കീർണ്ണമാകുന്നത്. ഇന്ന് വലിയൊരു വിഭാഗം ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ, ഊർജ്ജ ദാരിദ്ര്യത്തിൽ ജീവിക്കാൻ നിർബന്ധിതരാകുന്നു. അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വിശ്വസനീയമായ ഊർജ്ജം അവർക്കില്ല; ഭക്ഷണം പാകം ചെയ്യുക എന്നാൽ ചുള്ളിക്കമ്പുകളും ഇലകളും ചാണകവും ശേഖരിച്ച് പുകയുന്ന അടുപ്പുകളിൽ കത്തിക്കുക എന്നാണ് അർത്ഥം. ഇവിടെ കൽക്കരിയോ കരിയോ വാങ്ങാൻ പോലും കഴിയാത്തത്ര ഉയർന്നതാണ് ഊർജ്ജ ദാരിദ്ര്യം. താരതമ്യേന സമ്പന്നമായ പ്രദേശങ്ങളിൽ ജീവിക്കുന്ന നമ്മെപ്പോലുള്ളവർക്ക് പോലും ഇതിന്റെ ചെലവ് വളരെ കൂടുതലായി തോന്നുന്നു. അതിനാൽ, ശുദ്ധോർജ്ജത്തിലേക്കുള്ള മാറ്റം ആസൂത്രണം ചെയ്യുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമായ രീതിയിൽ ചെയ്യാൻ നാം ശീലിക്കേണ്ടതുണ്ട്. ശുദ്ധോർജ്ജ മേഖലയിൽ ചൈന വലിയ തോതിൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ചതും അതുവഴി ചെലവ് കുറഞ്ഞതും ഇന്നത്തെ ആശ്വാസകരമായ ഒരു കാര്യമാണ്. എന്നാൽ അത് മാത്രം പോരാ – ഈ ഊർജ്ജച്ചെലവ് എല്ലാവർക്കും താങ്ങാനാവുന്നതും സാധാരണക്കാർക്ക് ലഭ്യമാകുന്നതുമാണെന്ന് നാം ഉറപ്പുവരുത്തണം.
പരിസ്ഥിതി-കാലാവസ്ഥാ നയങ്ങൾ നടപ്പിലാക്കി വന്നിരുന്ന രീതി മാറ്റേണ്ടതുണ്ട് എന്നതാണ് യാഥാർത്ഥ്യം. കാരണം എല്ലാവരെയും ഉൾക്കൊള്ളുന്നതും താങ്ങാനാവുന്നതുമല്ലാത്ത ഒരു വളർച്ചയും സുസ്ഥിരമാകില്ല. ഇത് പുതിയൊരു തലമുറ ഹരിത രീതികൾക്ക് രൂപം നൽകും - ഭൂമിയെ തകർത്തെറിയുകയും കൊള്ളയടിക്കുകയും ചെയ്ത ശേഷം ആ നാശനഷ്ടങ്ങൾ പരിഹരിക്കാൻ നമ്മുടെ പക്കൽ ആവശ്യത്തിന് പണമുണ്ടെന്ന് അഹങ്കരിക്കുന്നതിന് പകരം, ഈ ഭൂമിയിൽ ജീവിക്കാൻ പാവപ്പെട്ടവരുടെ പരിസ്ഥിതിബോധത്തിൽ നിന്ന് പഠിക്കുന്ന രീതികളാണവ. കാരണം ആ നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള പണമൊന്നും നമ്മുടെ കൈവശമില്ല.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)