ചില ചിത്രങ്ങൾ നമ്മുടെ മനസ്സിൽ നിന്ന് മായുകയേ ഇല്ല. പതിറ്റാണ്ടുകൾക്ക് മുൻപ് രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ കണ്ട കാഴ്ച അത്തരത്തിലൊന്നാണ്. വെളുപ്പിന് കോടമഞ്ഞ് മാറിത്തുടങ്ങുന്ന സമയത്ത്, ഞാൻ അവിടുത്തെ ഒരു ഡയറി കാണാൻ പോയി. വിദേശ സിനിമകളിലേതുപോലെ വരിവരിയായി നിർത്തിയ പശുക്കളെ, കൈകൾ കൊണ്ട് പാൽ കറന്നെടുക്കുന്ന കാഴ്ചയാകും അവിടെയെന്ന് ഞാൻ കരുതി (യന്ത്രങ്ങൾ വരുന്നതിന് മുൻപുള്ള കാലമായിരുന്നു അത്). പക്ഷേ, ഞങ്ങൾ ചെന്നുചേർന്നത് വളരെ സാധാരണമായ ഒരു കെട്ടിടത്തിന് മുന്നിലായിരുന്നു. അവിടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ ഒരു വരിയായി നിൽക്കുന്നു. ഓരോരുത്തരായി തങ്ങളുടെ പാത്രങ്ങൾ പാൽ അളക്കാനുള്ള ചെറിയൊരു മെഷീനിൽ വയ്ക്കുന്നു, ഒരു സ്ലിപ്പ് കൈപ്പറ്റുന്നു, പാൽ വലിയൊരു പാത്രത്തിലേക്ക് ഒഴിക്കുന്നു.
അവർക്കാർക്കും അക്ഷരങ്ങൾ അറിയില്ലായിരുന്നു. എങ്കിലും ആ സ്ലിപ്പിൽ പാലിന്റെ അളവ് മാത്രമല്ല, അതിന്റെ കൊഴുപ്പിന്റെ അളവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അതിനനുസരിച്ചാണ് അവർക്ക് പണം ലഭിക്കുകയെന്നും അവർ എനിക്ക് വലിയ ആത്മവിശ്വാസത്തോടെ കാണിച്ചു തന്നു. ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് പാൽ ശേഖരിക്കുന്ന വാഹനങ്ങൾ, ആ പാത്രങ്ങൾ പെട്ടെന്ന് തന്നെ വലിയ ഡയറികളിലേക്ക് കൊണ്ടുപോയി. ഇതാണ് ഇന്ത്യയൊട്ടാകെ ഇന്ന് പിന്തുടരുന്ന പ്രസിദ്ധമായ അമൂൽ മാതൃക. ധാരാളം പശുക്കളുള്ള വലിയ ഡയറികൾക്കും, ഒന്നോ രണ്ടോ പശുക്കളുള്ള ചെറിയ വീടുകൾക്കും, ഒരുപോലെ ഈ സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാകാം.
രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങൾ വർദ്ധിക്കുകയും, ആഗോളവൽക്കരണത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ, ആ ചിത്രം ഏറെ പ്രസക്തമാണ്. വളർന്നുവരുന്ന ഈ പുതിയ ലോകക്രമത്തിൽ ഓരോ രാജ്യവും തങ്ങളുടെ സ്വന്തം കരുത്തും വിഭവങ്ങളും ഉപയോഗിച്ച് ഭാവി സുരക്ഷിതമാക്കേണ്ടതുണ്ടെന്ന്, കഴിഞ്ഞ ലക്കത്തിലെ കോളത്തിൽ ഞാൻ എഴുതിയിരുന്നു. അതുകൊണ്ട് തന്നെ, പഴയ സമ്പന്ന രാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക പ്രസക്തി വീണ്ടെടുക്കാൻ കഷ്ടപ്പെടുമ്പോൾ, അവരിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയ്ക്ക് മുന്നേറാനുള്ള ഏറ്റവും നല്ല വഴി ഏതാണെന്ന് നാം ആഴത്തിൽ ചിന്തിക്കേണ്ട സമയമാണിത്.
നമുക്ക് ക്ഷീരമേഖലയെ തന്നെ ഉദാഹരണമായി എടുക്കാം. പാശ്ചാത്യ രാജ്യങ്ങൾ ഈ മേഖലയെ സമീപിച്ചത് മറ്റ് ബിസിനസുകളെപ്പോലെ തന്നെയാണ് - വലിയ തോതിലുള്ള ഉൽപ്പാദനം, വ്യവസായവൽക്കരണം, അമിതമായ യന്ത്രവൽക്കരണം എന്നിവയായിരുന്നു അവരുടെ രീതി. ഇതിനു പിന്നിലെ ലോജിക് വളരെ ലളിതമാണ്: ഉൽപ്പാദനം കൂടുമ്പോൾ കൂടുതൽ വിൽക്കാം, അതിലൂടെ വലിയ ലാഭമുണ്ടാക്കാം.
എന്നാൽ, ഈ നേട്ടങ്ങൾ വലിയൊരു വില നൽകിയാണ് അവർ നേടിയെടുത്തത്. കീടനാശിനികളുടെയും, ആന്റിബയോട്ടിക്കുകളുടെയും അമിത ഉപയോഗം പരിസ്ഥിതി മലിനീകരണത്തിലേക്കും ഭക്ഷണത്തിന്റെ സുരക്ഷിതത്വമില്ലായ്മയിലേക്കും നയിച്ചു. ഇത് നിയന്ത്രിക്കാൻ നിയമങ്ങൾ വന്നപ്പോൾ ചെലവ് വീണ്ടും കൂടി. പാലിന് വില കുറയ്ക്കാൻ സർക്കാരുകൾ സബ്‌സിഡികൾ നൽകേണ്ടി വന്നു. എന്നാൽ ഇന്ന്, പാലിന്റെ ഉൽപ്പാദനം ആവശ്യക്കാരേക്കാൾ കൂടുതലായതോടെ പ്രശ്നം സങ്കീർണ്ണമായി. അതിനാൽ ഉൽപ്പാദകർക്ക് പുതിയ വിപണികൾ കണ്ടെത്തേണ്ടി വരുന്നു.
ഇതിന്റെ ഫലമായാണ് ഇന്ന് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര തർക്കങ്ങൾ നടക്കുന്നത്. അശാസ്ത്രീയമായി വില കുറച്ച ഇത്തരം ഉൽപ്പന്നങ്ങൾ, സ്വന്തം രാജ്യത്തെ കർഷകരെയും ഉൽപ്പാദനത്തെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ രാജ്യങ്ങൾ ആശങ്കാകുലരാണ്. ലത്തീൻ അമേരിക്കൻ രാജ്യങ്ങൾ വ്യാവസായിക കൃഷിരീതിയിൽ വലിയ പുരോഗതി കൈവരിച്ചതിനാൽ, 'യൂറോപ്യൻ യൂണിയൻ-മെർക്കോസൂർ' വ്യാപാര കരാർ വന്നാൽ തങ്ങളുടെ ബിസിനസ് തകരുമെന്ന് യൂറോപ്യൻ കർഷകർ ഭയപ്പെടുന്നു. ഇന്ത്യയുടെ കാര്യമെടുത്താൽ, യൂറോപ്യൻ യൂണിയനും അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ ഏറ്റവും തർക്കവിഷയമായി നിൽക്കുന്നത് കൃഷിയും ക്ഷീരമേഖലയുമാണ്. അത് തികച്ചും ന്യായവുമാണ്.
ഇന്ത്യയുടെ ക്ഷീരവികസന മാതൃക എന്തുകൊണ്ട് വ്യത്യസ്തമാണെന്നും, അത് നമ്മുടെ സാമ്പത്തിക സുരക്ഷയ്ക്ക് എത്രത്തോളം പ്രധാനമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ഭാവിക്കായി നാം രൂപപ്പെടുത്തുന്ന സാമ്പത്തിക മാതൃകകളിൽ ഇതിന് വലിയ സ്ഥാനമുണ്ട്. ഇന്ന് ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന പാലിന്റെ നാലിലൊന്ന് ഇന്ത്യയിൽ നിന്നാണ്. സാമ്പത്തിക സർവേ 2025-26 പ്രകാരം, കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിലെ കന്നുകാലി വളർത്തൽ മേഖല 7 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ നേട്ടം ഏതെങ്കിലും വൻകിട കോർപ്പറേറ്റ് കമ്പനികളുടേതല്ല, മറിച്ച് രാജസ്ഥാനിലെ ആ ഗ്രാമത്തിൽ ഞാൻ കണ്ടതുപോലെയുള്ള ദശലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളുടെ കഠിനാധ്വാനത്തിന്റേതാണ്. ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് പണമെത്തുന്നു എന്നതാണ് ഈ വളർച്ചയുടെ പ്രത്യേകത. ഇത് അവരുടെ ജീവിതനിലവാരം ഉയർത്താനും, തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പാലിന്റെ തന്നെ ഉപഭോക്താക്കളായി മാറാനും അവരെ സഹായിക്കുന്നു.
ഈ സാമ്പത്തിക മാതൃകയ്ക്ക് മറ്റ് രണ്ട് പ്രധാന വശങ്ങൾ കൂടിയുണ്ട്. ഒന്ന്, ഉൽപ്പാദനച്ചെലവ് കുറച്ചു നിർത്തുക എന്നതാണ്. ഇതുവഴി ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ പാൽ ലഭിക്കുകയും കർഷകർക്ക് കൂടുതൽ ലാഭം കിട്ടുകയും ചെയ്യുന്നു. വീട്ടുമുറ്റത്തെ കന്നുകാലി വളർത്തലിൽ, വീട്ടുകാർ തന്നെ അധ്വാനിക്കുന്നതിനാൽ തൊഴിൽച്ചെലവ് വളരെ കുറവാണ്. ഇന്ന് ലോകം മുഴുവൻ മൃഗങ്ങളെ, അവയുടെ സ്വാഭാവിക സാഹചര്യത്തിൽ വളർത്തുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുകയാണ്. ഇന്ത്യയിലെ കർഷകർ പണ്ടുമുതലേ പിന്തുടരുന്ന രീതിയിൽ, കന്നുകാലികൾക്ക് ആവശ്യമായ തീറ്റ പ്രകൃതിദത്തമായി കണ്ടെത്തുകയും, അവയുടെ ചാണകം കൃഷിക്ക് വളമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഈ രീതി നാം കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
രണ്ടാമത്തെ വശം, പുറത്തുനിന്നുള്ള മരുന്നുകളുടെയും മറ്റും ഉപയോഗം പരിമിതപ്പെടുത്തുക എന്നതാണ്. പാശ്ചാത്യ രാജ്യങ്ങളിലെ വലിയ ഫാമുകളിൽ മൃഗങ്ങൾ തിങ്ങിനിറഞ്ഞു കഴിയുന്നതുകൊണ്ട് രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. ഇത് തടയാൻ അവർ ആന്റിബയോട്ടിക്കുകൾ അമിതമായി ഉപയോഗിക്കുന്നു. എന്നാൽ ഇന്ത്യൻ കർഷകർ തങ്ങളുടെ പരമ്പരാഗത പരിചരണ രീതികളിലൂടെ രോഗങ്ങളെ അകറ്റി നിർത്തുന്നു. നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് (NDDB) ഇത്തരം പരമ്പരാഗത ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുന്നത് വഴി ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നു. ഇത്തരം രീതികൾ വിപുലീകരിക്കുന്നത് വഴി കർഷകരുടെ ലാഭം കൂടുകയും ജനങ്ങൾക്ക് ഗുണമേന്മയുള്ള ആഹാരം കുറഞ്ഞ വിലയിൽ ലഭിക്കുകയും ചെയ്യും.
ഉൽപ്പാദനം കേവലം കയറ്റുമതിക്ക് വേണ്ടി മാത്രമാകാതെ, സ്വന്തം നാട്ടിലെ ഉപഭോഗത്തിന് മുൻഗണന നൽകിയാൽ മാത്രമേ ഈ മാതൃക വിജയിക്കൂ. ഇന്ന് ഇന്ത്യയിൽ പാലിന് വലിയ പ്രാദേശിക വിപണിയുണ്ട്, പാലിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നുമുണ്ട്. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളിലൂടെ ജനങ്ങളിലേക്ക് പണമെത്തുന്നത്, ഈ വിപണിയെ നിലനിർത്താൻ സഹായിക്കും. എന്നാൽ ഇന്ന് പാൽ വിപണി വലിയൊരു വെല്ലുവിളി നേരിടുന്നുണ്ട് - പഴച്ചാറുകൾ എന്ന പേരിൽ വരുന്ന കൃത്രിമ പാനീയങ്ങളും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളും വിപണി കീഴടക്കുകയാണ്. ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ സംരംഭകത്വത്തിലൂടെ പാവപ്പെട്ടവരുടെ കൈകളിലേക്ക് പണമെത്തിക്കുന്ന നമ്മുടെ ഈ തനത് മാതൃകയെ നാം നെഞ്ചിലേറ്റണം.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)