പഞ്ചാബിലെ ജലന്ധർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വരുന്നതും കാത്ത് നിൽക്കുന്ന യാത്രക്കാർ.  ഫോട്ടോ: iStock
Climate Change

ഇന്ത്യൻ നഗരങ്ങളിൽ ചൂട് കഠിനമാകുന്നു: താപനില ഉയരുന്നത് പ്രതീക്ഷിച്ചതിലും വേഗത്തിലെന്ന് കണ്ടെത്തൽ

ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ജലന്ധർ, പട്യാല, ഹിസാർ, ഈറോഡ് എന്നീ നഗരങ്ങളിൽ ചൂട് അതിശക്തമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

Shagun

യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയുടെ (UEA) നേതൃത്വത്തിൽ നടന്ന പുതിയ ഗവേഷണമനുസരിച്ച്, ആഗോള താപനില 2°C വർദ്ധിക്കുന്ന സാഹചര്യത്തിൽ ജലന്ധർ, പട്യാല, ഹിസാർ, ഈറോഡ് തുടങ്ങിയ ഇന്ത്യയിലെ രണ്ടാം നിര നഗരങ്ങളിൽ ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് 0.7 മുതൽ 0.8°C വരെ അധിക ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഫെബ്രുവരി 4-ന് പി.എൻ.എ.എസ് (PNAS) ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ, ദക്ഷിണ അമേരിക്ക, മിഡിൽ ഈസ്റ്റ്, യുഎസ്എ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലുള്ള 104 ഇടത്തരം നഗരങ്ങളിലെ (മൂന്ന് ലക്ഷം മുതൽ പത്ത് ലക്ഷം വരെ ജനസംഖ്യയുള്ളവ) ഭാവി താപനില ട്രെൻഡുകൾ വിശകലനം ചെയ്തു.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച അഞ്ച് വലിയ നഗരങ്ങളിൽ, ഇന്ത്യയിലെ ജലന്ധർ, ചൈനയിലെ ഫുയാങ്, ഇറാഖിലെ കിർകുക്ക് എന്നിവിടങ്ങളിലാണ് ഗ്രാമീണ മേഖലയേക്കാൾ 0.7-0.8°C അധിക താപനില വർദ്ധനവ് കണ്ടത്.

എന്നാൽ ഈജിപ്തിലെ അസ്യുത്, ഇന്ത്യയിലെ പട്യാല, ചൈനയിലെ ഷാങ്‌ക്യു തുടങ്ങിയ മറ്റ് നഗരങ്ങളിൽ ഇത് 1.5 മുതൽ 2°C വരെ അധികമായേക്കാം; അതായത് ചുറ്റുമുള്ള പ്രദേശങ്ങളേക്കാൾ 100 ശതമാനം വരെ കൂടുതൽ ചൂട് ഈ നഗരങ്ങളിൽ അനുഭവപ്പെടുമെന്ന് അത്യാധുനിക ക്ലൈമറ്റ് പ്രൊജക്ഷൻ, മെഷീൻ ലേണിംഗ് വിദ്യകൾ ഉപയോഗിച്ച് നടത്തിയ പഠനം കണ്ടെത്തി.

മൊത്തത്തിൽ, പഠനവിധേയമാക്കിയ 104 നഗരങ്ങളിൽ 81 ശതമാനത്തിലും പകൽസമയത്തെ ഉപരിതല താപനില, ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളേക്കാൾ വർദ്ധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഇതിൽ ഇന്ത്യയിലെയും ചൈനയിലെയും 16 ശതമാനം നഗരങ്ങളിൽ, ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ആഗോള താപനില 2°C വർദ്ധിക്കുന്ന സാഹചര്യത്തിൽ, അധികമായി അനുഭവപ്പെടുന്ന ചൂട് ഗ്രാമപ്രദേശങ്ങളിലേതിനേക്കാൾ 50 മുതൽ 112 ശതമാനം വരെ കൂടുതലായിരിക്കും.

ജലന്ധർ, ബിക്കാനീർ, പട്യാല, ഹിസാർ, മഥുര, ഈറോഡ്, ബിജാപൂർ, പർഭാനി, നന്ദേഡ് വാഗാല, അക്കോള, മുസാഫർനഗർ, റോഹ്തക്, ബതിന്ദ, ഖമ്മം, ഷാജഹാൻപൂർ, ഗയ, സത്ന എന്നിവയാണ് പഠനത്തിൽ ഉൾപ്പെട്ട ഇന്ത്യൻ നഗരങ്ങൾ.

കോൺക്രീറ്റും ടാറും ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ സൗരതാപം ആഗിരണം ചെയ്യുന്നതും, തണുപ്പിനായി സസ്യലതാദികൾ ഇല്ലാത്തതും, എയർ കണ്ടീഷണറുകൾ പോലുള്ള മനുഷ്യ പ്രവർത്തനങ്ങളിൽ നിന്നുള്ള ചൂടും കാരണം നഗരങ്ങളിൽ താപം കേന്ദ്രീകരിക്കുന്ന 'അർബൻ ഹീറ്റ് ഐലൻഡ്' പ്രതിഭാസം മൂലമാണ്, നഗരങ്ങളിൽ ഗ്രാമങ്ങളേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. പ്രാദേശികമായ കാലാവസ്ഥാ മാറ്റങ്ങളും, സസ്യജാലങ്ങളുടെ കുറവും, ഈ ചൂടിന്റെ തീവ്രത വർദ്ധിപ്പിക്കുമെന്നും ഇത് നഗരവാസികളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ജനസംഖ്യയ്ക്ക് പുറമെ, തീരപ്രദേശങ്ങളിൽ നിന്നും, മലനിരകളിൽ നിന്നും, നിശ്ചിത ദൂരപരിധിയിലുള്ള നഗരങ്ങളെയാണ് മറ്റ് സ്വാധീനങ്ങൾ ഒഴിവാക്കി കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി പഠനത്തിനായി തിരഞ്ഞെടുത്തത്.

നിലവിലെ പ്രവചനങ്ങൾ പലപ്പോഴും ഭാവിയിലെ നഗരതാപത്തെ കുറച്ചുകാണുകയാണ് ചെയ്യുന്നതെന്നും, ഉദാഹരണത്തിന് വടക്കേ ഇന്ത്യയിലെ പല നഗരങ്ങളിലും താപനില 3°C വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും യുഇഎയിലെ ക്ലൈമാറ്റിക് റിസർച്ച് യൂണിറ്റിലെ മനോജ് ജോഷി പറഞ്ഞു. സാറാ ബെർക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഗവേഷണം നടത്തിയത്.

യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ (UEA), സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ നിന്നുള്ള സാറാ ബെർക്കിന്റെ നേതൃത്വത്തിലായിരുന്നു ഈ ഗവേഷണം. മലനിരകളിലോ തീരപ്രദേശങ്ങളിലോ ഉള്ള നഗരങ്ങളെ ഈ പഠനത്തിൽ നിന്നും ഗവേഷക സംഘം ഒഴിവാക്കിയിരുന്നു. കുന്നുകൾ, തടാകങ്ങൾ, സമുദ്രങ്ങൾ തുടങ്ങിയ ഭൂപ്രകൃതിപരമായ സവിശേഷതകളുടെ സ്വാധീനം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തത്. മറ്റ് വ്യത്യാസങ്ങൾക്ക് പകരം, കാലാവസ്ഥയുമായി ബന്ധപ്പെട്ട ഭൗതിക പ്രക്രിയകളെ അടിസ്ഥാനമാക്കിയുള്ള ബന്ധങ്ങൾ കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത് സഹായിച്ചു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)