ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച് ഏവരും ഏറെ കാത്തിരുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മേയ് 16-ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ തീരങ്ങൾ, ആൻഡമാൻ നിക്കോബാാർ ദ്വീപുകൾ എന്നിവിടങ്ങളിൽ എത്തിച്ചേർന്നു. മേയ് 26-ഓടെ ഇത് കേരള തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കുകിഴക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും, നിക്കോബാർ ദ്വീപുകളിലേക്കും, ശ്രീ വിജയ പുരം (പോർട്ട് ബ്ലെയർ) ഉൾപ്പെടെയുള്ള ആൻഡമാൻ ദ്വീപുകളുടെ ചില ഭാഗങ്ങളിലേക്കും ഇന്ന്, 2026 മേയ് 16-ന് പ്രവേശിച്ചു. മൺസൂണിന്റെ വടക്കൻ അതിർത്തി (Northern Limit of Monsoon) 5°N/75°E, 6°N/79°E, 8°N/85°E, 10.5°N/90°E, 13.5°N/95°E, 15.5°N/98°E എന്നീ രേഖാംശങ്ങളിലൂടെയാണ് കടന്നുപോകുന്നത്," ഐ.എം.ഡി മേയ് 16-ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച് കേരളത്തിൽ കാലവർഷം സാധാരണയായി ജൂൺ ഒന്നിനാണ് എത്താറുള്ളത് എന്നാൽ ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ നേരത്തെയെത്തിയേക്കുമെന്ന് സൂചന. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, മൂന്ന് തവണ കാലവർഷം അതിന്റെ സാധാരണ തീയതിക്ക് മുമ്പേ എത്തിയിട്ടുണ്ട് - 2025-ൽ (മേയ് 24), 2024-ൽ (മേയ് 30), 2022-ൽ (മേയ് 29). എന്നാൽ 2023-ൽ കാലവർഷം ഒരാഴ്ച വൈകി ജൂൺ 8-നും, 2021-ൽ രണ്ട് ദിവസം വൈകി ജൂൺ 3-നുമാണ് എത്തിയത്. 2020-ൽ മൺസൂൺ കാറ്റുകൾ അതിന്റെ കൃത്യമായ തീയതിയായ ജൂൺ ഒന്നിന് തന്നെ എത്തിയിരുന്നു.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) കൂടുതൽ ശക്തമാകുന്ന തെക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങൾ ഒഴിച്ചാൽ, രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രധാന മഴക്കാലം തെക്കുപടിഞ്ഞാറൻ മൺസൂൺ തന്നെയാണ്. എന്നാൽ, ഒരു 'സൂപ്പർ എൽ നിനോ'യുടെ (Super El Niño) കറുത്ത നിഴൽ വീണുകിടക്കുന്നതിനാൽ ഇത്തവണ രാജ്യത്ത് മൺസൂൺ കാറ്റുകൾക്ക് മുന്നോട്ടുള്ള പോക്ക് കഠിനമായിരിക്കും.
ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ 'എൽ നിനോ സതേൺ ഓസിലേഷൻ' (ENSO) പ്രതിഭാസത്തിൽ സമുദ്രോപരിതല താപനില സാധാരണയേക്കാൾ ഉയരുന്ന അവസ്ഥയാണ് എൽ നിനോ. ഈ ഘട്ടത്തിൽ, തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്ത് ലഭിക്കുന്ന മഴയുടെ അളവ് പൊതുവെ കുറയാറാണ് പതിവ്. എൽ നിനോ പ്രതിഭാസം മേയ് നവംബർ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ എത്രയും പെട്ടെന്ന് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) ഏപ്രിൽ 24-ന് വ്യക്തമാക്കിയിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) മേയ് 14-ന് പുറത്തുവിട്ട ഏറ്റവും പുതിയ വിവരമനുസരിച്ച്, മേയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 82 ശതമാനമാണ്. കൂടാതെ, ഇത് 2026 ഡിസംബർ മുതൽ 2027 ഫെബ്രുവരി വരെ തുടരാൻ 96 ശതമാനം സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
പല കാലാവസ്ഥാ ശാസ്ത്രജ്ഞരും കാലാവസ്ഥാ ഏജൻസികളും വിശ്വസിക്കുന്നത് 2026-ൽ വരാനിരിക്കുന്ന എൽ നിനോ പ്രതിഭാസം വളരെ ശക്തമായിരിക്കുമെന്നാണ്; ഇതിനെയാണ് സാധാരണയായി 'സൂപ്പർ എൽ നിനോ' എന്ന് വിളിക്കുന്നത്. എന്നാൽ നമ്മൾ വസന്തകാല പ്രവചന പ്രതിബന്ധം (spring predictability barrier) കടന്നുപോകുന്നതോടെ വരും ആഴ്ചകളിൽ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും.
ഉത്തരാർദ്ധഗോളത്തിൽ വസന്തകാലം (മാർച്ച്-മേയ്) നിലനിൽക്കുന്ന ഈ സമയത്ത്, പസഫിക് സമുദ്രവും അന്തരീക്ഷവും തമ്മിലുള്ള പരസ്പര സമ്പർക്കം സാധാരണയേക്കാൾ വളരെ കുറവായിരിക്കും. സമുദ്രത്തിലെ ഈ ശാന്തത കാരണം, വരും മാസങ്ങളിൽ 'എൽ നിനോ' ഉൾപ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങൾ എങ്ങനെയൊക്കെയായിരിക്കുമെന്ന് മുൻകൂട്ടി കണക്കുകൂട്ടാൻ കമ്പ്യൂട്ടർ മോഡലുകൾക്ക് വലിയ ബുദ്ധിമുട്ടാണ്. എന്നാൽ, പ്രവചിക്കുന്നത് പോലെ ഈ എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തമായാൽ അതിന്റെ ആഘാതവും കനത്തതായിരിക്കും. ഇത് ഇന്ത്യയിൽ ഈ സീസണിൽ ലഭിക്കേണ്ട കാലവർഷത്തിന്റെ അളവ് വൻതോതിൽ കുറയ്ക്കാൻ കാരണമാകും.
എൽ നിനോ മൺസൂൺ മഴയെ സ്വാധീനിക്കാനുള്ള സാധ്യതയെക്കുറിച്ച് ഐ.എം.ഡി ഇതിനകം തന്നെ സൂചന നൽകിയിട്ടുണ്ട്. ഏപ്രിൽ 13-ന് നടത്തിയ വാർത്താ സമ്മേളനത്തിൽ, ഇന്ത്യയിൽ ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയേക്കാൾ കുറവായിരിക്കുമെന്നും (ദീർഘകാല ശരാശരിയുടെ 92 ശതമാനം മഴ മാത്രം) കാലാവസ്ഥാ ഏജൻസി പ്രവചിച്ചിരുന്നു. ഈ മഴക്കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വരൾച്ചയ്ക്ക് സമാനമായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാവുന്ന രീതിയിൽ മഴ കുറയാൻ 35 ശതമാനം സാധ്യതയുണ്ടെന്നും ഐ.എം.ഡി വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.
വിളവിറക്കുന്നതിനും മറ്റ് കാർഷിക ആവശ്യങ്ങൾക്കുമായി ഇപ്പോഴും മൺസൂൺ മഴയെ ആശ്രയിക്കുന്ന ഇന്ത്യയിലെ 60 ശതമാനത്തിലധികം വരുന്ന കർഷകർക്ക് ഇത് വലിയ തിരിച്ചടിയായേക്കാം. വർഷങ്ങളായി കടുത്ത വനനശീകരണവും വരൾച്ചയും നേരിടുന്ന സിന്ധു-ഗംഗാ സമതലം (Indo-Gangetic Plain) പോലുള്ള പല പ്രദേശങ്ങളിലും കടുത്ത വരൾച്ചയോ വരൾച്ചയ്ക്ക് സമാനമായ സാഹചര്യങ്ങളോ ഉണ്ടാകാനുള്ള സാധ്യതയും ഇത് വർദ്ധിപ്പിക്കുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)