100 വർഷത്തെ വെള്ളപ്പൊക്കം എന്നാൽ 100 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന വെള്ളപ്പൊക്കമല്ല, മറിച്ച് ഏതെങ്കിലും വർഷത്തിൽ സംഭവിക്കാൻ 1 ശതമാനം സാധ്യതയുള്ള വെള്ളപ്പൊക്കമാണ്.
2018 ലെ കേരളത്തിലെ വെള്ളപ്പൊക്കത്തെ 1924 ലെ മഹാപ്രളയവുമായി താരതമ്യം ചെയ്തതോടെ ഇത്തരം സംഭവങ്ങൾ ഉടൻ ആവർത്തിക്കില്ലെന്ന പ്രതീതി സൃഷ്ടിച്ചു.
2026 ലെ പമ്പ, മണിമല നദികളിലെ വെള്ളപ്പൊക്കം ഉൾപ്പെടെ 2018 മുതൽ കേരളത്തിൽ ആവർത്തിച്ചുള്ള വെള്ളപ്പൊക്കം എന്തുകൊണ്ടാണ് ആ ധാരണ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കാണിക്കുന്നു.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ ആസൂത്രണം, ഒഴിപ്പിക്കല് തയ്യാറെടുപ്പ്, താഴ്ന്ന പ്രദേശങ്ങളുടെ സംരക്ഷണം എന്നിവയ്ക്ക് വെള്ളപ്പൊക്ക അപകടസാധ്യത രേഖപ്പെടുത്തലും 100 വര്ഷത്തെ വെള്ളപ്പൊക്ക കണക്കുകൂട്ടലും ഇപ്പോള് അത്യന്താപേക്ഷിതമാണ്.
2018 ലെ മഹാപ്രളയത്തിന് ശേഷം, സമീപഭാവിയിലെങ്കിലും ഇനിയൊരു മഹാപ്രളയത്തിന് സാക്ഷ്യം വഹിക്കേണ്ടിവരില്ല എന്ന ആശ്വാസത്തിലായിരുന്നു മലയാളികൾ. എന്നാൽ, 2018 നു ശേഷം കേരളത്തിൽ പ്രളയങ്ങൾ ഒരു തുടർക്കഥയാകുന്നു. 2026ൽ പമ്പാ-മണിമല തീരങ്ങൾ 2018ലെ പ്രളയത്തിന് സമാനമായ നിലയിൽ വെള്ളത്തിൽ മുങ്ങി, അനേകം പേർക്ക് ജീവഹാനിയും മറ്റ് കനത്ത നാശനഷ്ടങ്ങളും ഉണ്ടാക്കി. 2018ൽ മഹാപ്രളയമുണ്ടായപ്പോൾ, നമുക്ക് അതിനോട് താരതമ്യം ചെയ്യാൻ സമീപ ഭൂതകാലത്ത് മറ്റ് സമാനസംഭവങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട്, വിദഗ്ദ്ധരും മാധ്യമങ്ങളും അതിനെ '99ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924ൽ (കൊല്ലവർഷം 1099ൽ) ഉണ്ടായ മഹാപ്രളയത്തോടാണ് താരതമ്യപ്പെടുത്തിയത്. 1924ലെയും 2018ലെയും വെള്ളപ്പൊക്കങ്ങളെ നൂറ്റാണ്ടിന്റെ പ്രളയങ്ങൾ എന്ന് നമ്മൾ ഇപ്പോൾ വിശേഷിപ്പിക്കാറുണ്ട്. നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന പ്രളയം എന്ന അർത്ഥത്തിൽ, ഒരു സാങ്കേതിക പദമായ 100-year flood എന്ന് വിശേഷിപ്പിച്ചു. ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രളയം എന്ന നിലയിൽ ഒരു തരത്തിൽ നമുക്ക് ആശ്വാസം നൽകിയ ഒരു പ്രയോഗം കൂടിയായിരുന്നു അത്.
എന്നാൽ, 2018 നു ശേഷം തുടർച്ചയായി കേരളം മഹാപ്രളയങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു. 100-year-flood ('നൂറുവർഷ പ്രളയം') എന്ന സാങ്കേതിക സംജ്ഞ തെറ്റാണെന്നാണോ ഇത് സൂചിപ്പിക്കുന്നത്? അല്ല എന്നാണുത്തരം. 2018ൽ ഈ വിഷയം ചർച്ച ചെയ്തപ്പോൾ നമുക്ക് തൊട്ടു മുന്നിൽ മറ്റൊരു പ്രളയം ഇല്ലാതിരുന്നതും, അതിനു മുൻപ് സംഭവിച്ച പ്രളയത്തിനും 2018നും ഇടയിൽ 94 വർഷത്തെ ഇടവേള ഉണ്ടായതും 100-year flood എന്ന നാമത്തിലെ 100 വർഷങ്ങളോട് ചേർത്തുവായിച്ച്, അങ്ങനെയൊരർത്ഥം ഊഹിച്ചെടുത്തിടത്താണ് നമുക്ക് പിഴച്ചത്. യഥാർത്ഥത്തിൽ, 100-year-flood എന്ന സാങ്കേതിക പദം കൊണ്ട് സൂചിപ്പിക്കുന്നത് ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രളയം എന്നല്ല. മറിച്ച്, ഒരു വർഷം പ്രളയം സംഭവിക്കാനുള്ള ഒരു ശതമാനമുള്ള സാധ്യതയെ സൂചിപ്പിക്കാൻ 'ഫ്ലഡ് മാപ്പിങ്ങിൽ' ഉപയോഗിക്കുന്ന ഒരു സാങ്കേതിക പദമാണ് 100-year-flood അഥവാ നൂറുവർഷ പ്രളയം. നൂറ്റാണ്ടിന്റെ പ്രളയം എന്ന പേര് കാലങ്ങളായി നമ്മൾ ഉപയോഗിക്കാറുണ്ടെങ്കിലും, ഇതിനെ ശാസ്ത്രഭാഷയിൽ "1% സാധ്യതയുള്ള വെള്ളപ്പൊക്കം" എന്നാണ് ശാസ്ത്രജ്ഞർ കൂടുതൽ കൃത്യതയോടെ വിളിക്കുന്നത്. ഇതേപോലെ, പ്രളയസാധ്യത 2% ആണെങ്കിൽ, അതിനെ 50-year flood, അഥവാ 50 വർഷ പ്രളയം എന്നും, അത് 5% ആകുമ്പോൾ അതിനെ 20 വർഷ പ്രളയം എന്നുമാണ് പറയുക. 20 വർഷ പ്രളയമെന്നാൽ, ആ പ്രദേശത്തെ വെള്ളപ്പൊക്ക സാധ്യത സാധാരണ പറയാറുള്ള 100 വർഷ പ്രളയത്തേക്കാൾ അഞ്ചിരട്ടി കൂടുതലാണ് എന്നർത്ഥം. ഇവയെ മൊത്തത്തിൽ ആന്വൽ എക്‌സിഡൻസ് പ്രോബബിലിറ്റി അഥവാ വാർഷിക കവിയൽ സാധ്യത എന്ന് വിളിക്കാം.
ഇതിനെ ഒന്നുകൂടി ലളിതമാക്കി പറഞ്ഞാൽ, ഒരു നാണയം എറിയുമ്പോൾ ഹെഡ് വരാനുള്ള സാധ്യത 50% ആണെന്ന് കരുതുക. എന്നാൽ, അതിന്റെ അർഥം ഹെഡ് തുടർച്ചയായി രണ്ടു തവണ വരാൻ കഴിയില്ലെന്നല്ല; അതിന് 25% സാധ്യതയുണ്ട്. അതുപോലെ തന്നെ, നൂറു-വർഷ പ്രളയം എന്ന പ്രതിഭാസം സംഭവിക്കാൻ 100 വർഷം കാത്തിരിക്കണം എന്നർത്ഥമില്ല. മറിച്ച് ഏതൊരു വർഷത്തിലും അത് സംഭവിക്കാനുള്ള സാധ്യത ഒരു ശതമാനമുണ്ട് എന്നാണത് അർത്ഥമാക്കുന്നത്. ഓരോ വർഷവും അതേ വ്യാപ്തിയിലുള്ളതോ അതിൽ കൂടുതലുള്ളതോ ആയ പ്രളയം സംഭവിക്കാനുള്ള സാധ്യത ഒരു ശതമാനമാണ് എന്നർത്ഥം. അതായത്, 2018ലെ മഹാപ്രളയം അതിനു തൊട്ടടുത്ത വർഷങ്ങളിലെ പ്രളയ സാധ്യതയെ പൂജ്യമാക്കുന്നില്ല.
കേരളത്തിന്റെ പശ്ചാത്തലത്തിൽ ഇതിനെ വിശദീകരിച്ചാൽ, 2018 ഓഗസ്റ്റിൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ അടിസ്ഥാനത്തിൽ പലരും വിലയിരുത്തിയത് അത് വിരൽ ചൂണ്ടുന്നത് ഒരു 100-വർഷ പ്രളയസാധ്യതയിലേക്കാണ് എന്നാണ്. ഇതിനു മുൻപ് ഇതുപോലൊരു മഹാപ്രളയം കേരളത്തിൽ ഉണ്ടായത് 1924-ലാണ്. 1924-നും 2018-നും ഇടയിൽ കൃത്യമായി 94 വർഷത്തെ ഇടവേള ഉണ്ടായിരുന്നു. എന്നാൽ 2018 കഴിഞ്ഞ് തൊട്ടടുത്ത വർഷം 2019-ലും 2026ലും കേരളത്തിൽ പ്രളയമുണ്ടായി. ഇതിനിടയിൽ അത്ര ചെറുതല്ലാത്ത വെള്ളപ്പൊക്കങ്ങളുമുണ്ടായി. നേരത്തെ വെള്ളം കയറിയ അതേ പ്രദേശങ്ങളിലാണ് തൊട്ടടുത്ത വർഷങ്ങളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തത്. "100-വർഷ വെള്ളപ്പൊക്കം ആവർത്തിക്കില്ല" എന്ന തെറ്റിദ്ധാരണ തിരുത്താൻ ഈ സംഭവം കാരണമായി. അതായത്, അനേകം 100-വർഷ പ്രളയങ്ങൾ ഒന്നിന് പിറകെ ഒന്നായി സംഭവിക്കാം!
നദികളിൽ പ്രളയ ജലനിരപ്പിന് (flood elevation) കാരണമാകുന്ന പരമാവധി ജലപ്രവാഹനിരക്കിനെ കണക്കാക്കിയാണ് നൂറുവർഷ പ്രളയം നിർണ്ണയിക്കുന്നത്. മുൻവർഷങ്ങളിലെ നദീപ്രവാഹത്തിന്റെ തോത് അല്ലെങ്കിൽ മഴയുടെ പരമാവധി അളവ് മുതലായവ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്ഥിതിവിവരക്കണക്കിനെ ഫ്ലഡ് മോഡലിംഗ് സോഫ്ട്‍വെയറുകളുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഈ നിഗമനത്തിലെത്തുന്നത്. ഇങ്ങനെ കണക്കാക്കുന്ന സ്ഥലങ്ങളെ നൂറുവർഷ പ്രളയ സാധ്യതാ പ്രദേശം അഥവാ 100-year floodplain എന്ന് വിളിക്കുന്നു. അതായത്, ഒരു പ്രദേശം 'നൂറുവർഷ പ്രളയ സാധ്യതാ പ്രദേശം' ആണെന്ന് പറഞ്ഞാൽ, ആ പ്രദേശത്ത് ഒരു വർഷത്തിൽ 1% സാധ്യതയുള്ള പ്രളയത്തിന്റെ വെള്ളം എത്താൻ സാധ്യതയുള്ള പ്രദേശമാണെന്നാണ് മനസ്സിലാക്കേണ്ടത്.
വളരെ പ്രത്യേകതകളുള്ള ഒരു ഭൂപ്രകൃതിയാണ് കേരളത്തിന്റേത്. കുത്തനെ ചരിഞ്ഞ മലനിരകൾ, 44 നദികൾ, പശ്ചിമഘട്ടത്തിൽ കുറഞ്ഞ കാലയളവിൽ ലഭിക്കുന്ന ഉയർന്ന അളവിലുള്ള മഴ എന്നിവ കേരളത്തെ വലിയൊരു അപകടമേഖലയാക്കുന്നുണ്ട്. കേരളത്തിൽ ഫ്ലഡ് മാപ്പിംഗ് കണക്കാക്കുമ്പോൾ ശാസ്ത്രജ്ഞർക്ക് നദീപ്രവാഹത്തിന്റെ തോതോ, കേവലം മഴയുടെ അളവോ മാത്രം നോക്കിയാൽ പോരാ, നദികളിലെ അണക്കെട്ടുകളുടെ സാന്നിധ്യം, വയലുകൾ, കായലുകൾ പോലെയുള്ള പരമ്പരാഗത ജല സംഭരണ കേന്ദ്രങ്ങളുടെയും നദീതീരങ്ങളുടെയും കൈയേറ്റം തുടങ്ങിയ ഘടകങ്ങളെ കൂടി കണക്കിലെടുക്കേണ്ടി വരുന്നു. നദികളുടെ സ്വാഭാവിക വീതി കുറഞ്ഞതും എക്കൽ അടിഞ്ഞുകൂടി ആഴം കുറഞ്ഞതും വെള്ളപ്പൊക്ക സാധ്യത കൂട്ടുന്നു.
പ്രളയത്തെ മുൻകൂട്ടി അറിയൽ, പ്രളയ സാധ്യതാ പ്രദേശങ്ങളുടെ നിർണ്ണയം, അപകട സാധ്യതാ വിശകലനം തുടങ്ങിയവയ്ക്കു വേണ്ടി ശാസ്ത്രീയ പഠനങ്ങൾ നടത്തേണ്ടത് കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് നിർണ്ണായകമായ കാര്യങ്ങളാണ്. നിലവിലെ പ്രളയബാധിത സ്ഥലങ്ങളിലെ റോഡുകൾ കെട്ടിടങ്ങൾ തുടങ്ങിയവയെ പ്രളയജലനിരപ്പിന് (flood line) മുകളിലായി നിലനിർത്തേണ്ടതിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ഏതൊക്കെ പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കേണ്ടത് എന്ന് മുൻകൂട്ടി പ്ലാൻ ചെയ്യാനും ഇത്തരത്തിലുള്ള പഠനങ്ങൾ അത്യന്താപേക്ഷിതമാണ്. അതിവേഗം മാറുന്ന കാലാവസ്ഥയും, സമുദ്രനിരപ്പിൽ നിന്ന് താണ പ്രദേശങ്ങളിലെ മനുഷ്യജീവനുകളുടെ സുരക്ഷയും കണക്കിലെടുക്കുമ്പോൾ, ഇതൊന്നും നമുക്ക് കേവല ശാസ്ത്രീയ പഠനങ്ങൾ മാത്രമല്ല, മറിച്ച് ജീവസംരക്ഷണത്തിനുള്ള അടിയന്തര മാർഗങ്ങളാണ്.
(ഗണേഷ് രാധാകൃഷ്ണൻ, ആൽബർട്ട, കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫ്രീലാൻസ് പത്രപ്രവർത്തകനാണ്.
ഗായത്രി അനിൽ കുമാർ, M.Eng (Environmental Engineering), M.S. (Water Resources Engineering), കാൽഗറി സർവകലാശാലയിൽ Coastal Flood Modelling research ചെയ്യുകയാണ്.
പ്രകടിപ്പിച്ച കാഴ്ചപ്പാടുകൾ രചയിതാക്കളുടെ സ്വന്തമാണ്, അവ ഡൗൺ ടു എർത്തിന്റെ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കണമെന്നില്ല)