ലാഹോൾ-സ്പിറ്റിയിലെ ഉദയ്പൂർ-പാംഗി റോഡിൽ കാധുനാലയ്ക്ക് സമീപം ഉരുൾപൊട്ടലിനെത്തുടർന്ന് വാഹനം തകർന്നു. ഫോട്ടോ: രോഹിത് പരാഷർ
Climate Change

ഹിമാചലിൽ നാശം വിതച്ച് കാലവർഷം: ഉരുൾപൊട്ടലിൽ 13 മരണം; ആവർത്തിക്കുന്ന ദുരന്തങ്ങൾ വീണ്ടും ചോദ്യങ്ങളുയർത്തുന്നു

121 റോഡുകൾ അടച്ചു, കർഷകരുടെ വിളകൾ നശിച്ചു; കഴിഞ്ഞ നാല് വർഷത്തിനിടെ കാലവർഷ ദുരന്തങ്ങൾ വരുത്തിവെച്ചത് 20,000 കോടിയിലധികം രൂപയുടെ നഷ്ടം

Rohit Prashar

ഹിമാചൽ പ്രദേശിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചതോടെ വെള്ളപ്പൊക്കം, മേഘവിസ്ഫോടനം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളുടെ വ്യാപ്തി വർദ്ധിച്ചിരിക്കുകയാണ്. ജൂലൈ 24-ന് ലാഹോൾ-സ്പിറ്റി ജില്ലയിലെ ഉദയ്പൂർ സബ് ഡിവിഷനിൽ ഉൾപ്പെടുന്ന സംസാരി-കിലാർഡ്-തിരോട്ട്-താണ്ടി റോഡിലെ കധു നാലയ്ക്ക് സമീപം, കുളൂവിൽ നിന്ന് പാംഗിയിലേക്ക് പോവുകയായിരുന്ന ഒരു വാഹനത്തിന് മുകളിലേക്ക് കുന്നിൻ മുകളിൽ നിന്ന് കൂറ്റൻ പാറക്കല്ലുകൾ പതിച്ചു. ഈ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന 13 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു; രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. എട്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഒരു ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്.

മരിച്ചവരിൽ 11 പേർ തന്റെ മണ്ഡലത്തിൽ നിന്നുള്ളവരാണെന്നും രണ്ടുപേർ ലാഹോൾ-സ്പിറ്റി ജില്ലയിൽ നിന്നുള്ളവരാണെന്നും പാംഗി-ഭർമോർ എം.എൽ.എ ജനക് രാജ് പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സ പുരോഗമിക്കുകയാണെന്നും റോഡ് ഗതാഗതയോഗ്യമാക്കാൻ ജില്ലാ ഭരണകൂടവും ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും (BRO) മറ്റ് ഏജൻസികളും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "ഹിമാചലിൽ മൺസൂൺ കാലത്ത് വർദ്ധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങളുടെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും ഭാവിയിലേക്ക് ഫലപ്രദമായ തന്ത്രങ്ങൾ തയ്യാറാക്കുകയും ചെയ്യേണ്ടതുണ്ട്," ജനക് രാജ് കൂട്ടിച്ചേർത്തു.

തുടർച്ചയായ മഴ സൃഷ്ടിക്കുന്ന പ്രത്യാഘാതം റോഡുകളിൽ മാത്രം ഒതുങ്ങുന്നതല്ല. നിലവിൽ സംസ്ഥാനത്ത് 121 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. പലയിടത്തും കുടിവെള്ളം, വൈദ്യുതി, വാർത്താവിനിമയ സേവനങ്ങൾ എന്നിവ തടസ്സപ്പെട്ടു. ഇതുമൂലം യാത്ര ചെയ്യുന്നതിനും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച്, മൺസൂൺ ആരംഭിച്ചതോടെ ദുരന്തങ്ങളുടെ നിരക്ക് കുത്തനെ ഉയർന്നു. ഇതുവരെ 19 പ്രധാന ഉരുൾപൊട്ടലുകളും 11 പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങളും (Flash floods) 6 മേഘവിസ്ഫോടനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ലാഹോൾ-സ്പിറ്റിയിലെ കർഷകരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ജഹൽമ തോട് (Jahalma drain) കവിഞ്ഞൊഴുകി പാലം ഒലിച്ചുപോയതിനാൽ വിളവെടുത്ത മുട്ടകോസും പച്ചപ്പട്ടാണിയും വിപണിയിൽ എത്തിക്കാൻ അവർക്ക് സാധിക്കുന്നില്ല. പല കർഷകരും തങ്ങളുടെ വിളകൾ പാടത്തുതന്നെ നശിപ്പിച്ചുകളയാൻ നിർബന്ധിതരായിരിക്കുകയാണ്. 2023 മുതൽ ജഹൽമ തോട് കർഷകർക്ക് വലിയ പ്രതിസന്ധിയാണെന്ന് ലാഹോളിലെ യുവ കർഷകനായ രാഹുൽ ദുഷി പറഞ്ഞു. "എല്ലാ മൺസൂണിലും ഈ അവസ്ഥ ആവർത്തിക്കുന്നു, വിളവെടുപ്പ് പൂർത്തിയായ ധാന്യങ്ങൾ വിപണിയിലെത്തുന്നില്ല. ഇത് കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. എന്നാൽ ഇതുവരെ ഇതിനൊരു ശാശ്വത പരിഹാരം കാണാൻ സാധിച്ചിട്ടില്ല."

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിമാചൽ പ്രദേശിൽ മൺസൂൺ ദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും ഒരുപോലെ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ദുരന്ത വിലയിരുത്തൽ റിപ്പോർട്ട് അനുസരിച്ച്, 2022-ൽ മൺസൂൺ ദുരന്തങ്ങളിൽ 276 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ സംഖ്യ 2023-ൽ 428 ആയും 2025-ൽ 468 ആയും ഉയർന്നു. ഈ വർഷങ്ങളിൽ സംസ്ഥാനത്തിന് 20,000 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടുണ്ട്.

വർദ്ധിച്ചുവരുന്ന ഈ സംഭവങ്ങൾ വെറുമൊരു പ്രകൃതിദുരന്തം മാത്രമല്ല, മറിച്ച് ഹിമാലയൻ മേഖലകളിലെ കാലാവസ്ഥാ വ്യതിയാനം, ദുർബലമായ ഭൂപ്രകൃതി, അടിസ്ഥാന സൗകര്യ വികസനം, ദുരന്തസാധ്യത മുൻകൂട്ടി അറിയാനുള്ള തയാറെടുപ്പുകൾ എന്നിവയെക്കുറിച്ചെല്ലാം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പർവതമേഖലകളിൽ പരിസ്ഥിതി സൗഹൃദമായ വികസന പദ്ധതികളും ദുരന്തസാധ്യത കുറയ്ക്കാനുള്ള നടപടികളും കൈക്കൊണ്ടില്ലെങ്കിൽ വരും വർഷങ്ങളിൽ മൺസൂണിന്റെ ആഘാതം ഇതിലും രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)