മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കത്തിലായ കൃഷിയിടം ഐസ്റ്റോക്ക്
Climate Change

മഹാരാഷ്ട്രയിൽ മിന്നൽ വരൾച്ച രൂക്ഷമാകുന്നു; ഭാഗികമായി വരണ്ട ജില്ലകൾ ഉയർന്ന അപകടസാധ്യതയിലെന്ന് പഠനം

44 വർഷത്തെ വിവരങ്ങൾ വിശകലനം ചെയ്തുള്ള പഠനത്തിൽ അഹില്യാനഗർ, ബീഡ്, ധാരാശിവ്, സാംഗ്ലി, സോലാപ്പൂർ എന്നീ ജില്ലകളാണ് മിന്നൽ വരൾച്ച ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്നത് എന്ന് കണ്ടെത്തി. എട്ട് ദിവസത്തെ കാലയളവിൽ 9 ശതമാനത്തിലധികം നിരക്കിലാണ് ഇവിടെ വരൾച്ച തീവ്രമാകുന്നത്.

Himanshu Nitnaware

  1. 44 വർഷത്തെ വിവരങ്ങൾ വിശകലനം ചെയ്തു നടത്തിയ പഠനമനുസരിച്ച്, മഹാരാഷ്ട്രയിൽ മിന്നൽ വരൾച്ച ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്ന മേഖലകളായി അഹില്യാനഗർ, ബീഡ്, ധാരാശിവ്, സാംഗ്ലി, സോലാപ്പൂർ എന്നീ ജില്ലകൾ മാറി.

  2. ഈ അർദ്ധ വരണ്ട ജില്ലകളിൽ മിന്നൽ വരൾച്ച വളരെ വേഗത്തിൽ രൂക്ഷമാകുന്നതായി രേഖപ്പെടുത്തി; എട്ട് ദിവസത്തെ കാലയളവിൽ 9 ശതമാനത്തിലധികം നിരക്കിലാണ് ഇവിടെ വരൾച്ച തീവ്രമാകുന്നത്.

  3. മിന്നൽ വരൾച്ചയുടെ ദൈർഘ്യത്തിൽ വലിയ മാറ്റമില്ലെങ്കിലും, സിന്ധുദുർഗ്, സോലാപ്പൂർ തുടങ്ങിയ ജില്ലകളിൽ വരൾച്ച ഉണ്ടാകുന്നതിന്റെ വേഗത വളരെ വേഗത്തിൽ വർദ്ധിച്ചുവരുന്നതായി ഗവേഷകർ കണ്ടെത്തി.

  4. കടുത്ത നാശനഷ്ടങ്ങൾ സംഭവിക്കുന്നതിന് മുൻപ് കർഷകർക്കും ജലസേചന വിഭാഗ അധികൃതർക്കും കൃത്യമായി പ്രതികരിക്കാൻ സാധിക്കുന്നതിനായി പ്രത്യേക മിന്നൽ വരൾച്ച നിരീക്ഷണ സംവിധാനങ്ങളും, മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന രീതികളും, കാലാവസ്ഥാ വ്യതിയാന പ്രതിരോധ നയങ്ങളും ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

44 വർഷത്തെ വിവരങ്ങൾ വിശകലനം ചെയ്തു നടത്തിയ പുതിയ പഠനമനുസരിച്ച്, മഹാരാഷ്ട്രയിൽ മിന്നൽ വരൾച്ചാഭീഷണി ഏറ്റവും കൂടുതൽ നേരിടുന്ന മേഖലകളായി അഹില്യാനഗർ, ബീഡ്, ധാരാശിവ്, സാംഗ്ലി, സോലാപ്പൂർ എന്നീ ജില്ലകൾ മാറി.

'ഫിസിക്സ് ആൻഡ് കെമിസ്ട്രി ഓഫ് ദി എർത്ത്' (Physics and Chemistry of the Earth) എന്ന ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, ഭാഗികമായി വരണ്ട മേഖലകളായ ഈ ഉൾനാടൻ ജില്ലകളിൽ മിന്നൽ വരൾച്ച വളരെ വേഗത്തിലും രൂക്ഷമായും ഉണ്ടാകുന്നതായി കണ്ടെത്തിയത്. എട്ട് ദിവസത്തെ കാലയളവിൽ 9 ശതമാനത്തിലധികം നിരക്കിലാണ് ഇവിടെ വരൾച്ച തീവ്രമാകുന്നത്. മിന്നൽ വരൾച്ചയുടെ ദൈർഘ്യത്തിൽ വലിയ മാറ്റമില്ലെങ്കിലും, സിന്ധുദുർഗ്, സോലാപ്പൂർ തുടങ്ങിയ ജില്ലകളിൽ വരൾച്ച ഉണ്ടാകുന്നതിന്റെ വേഗത വളരെ വേഗത്തിൽ വർദ്ധിച്ചുവരുന്നതായി പഠനം വ്യക്തമാക്കുന്നു.

സാധാരണ വരൾച്ചയേക്കാൾ വളരെ വേഗത്തിൽ - ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ - ആണ് മിന്നൽ വരൾച്ച രൂപപ്പെടുന്നത്. മഴയുടെ കുറവ്, ഉയർന്ന താപനില, മണ്ണിലെ ഈർപ്പം പെട്ടെന്ന് വറ്റുന്നത്, അന്തരീക്ഷത്തിന് വെള്ളത്തിനായുള്ള ഉയർന്ന ആവശ്യകത എന്നിവ ചേർന്നാണ് ഇതിന് കാരണമാകുന്നത്.

മഹാരാഷ്ട്രയിലെ മിന്നൽ വരൾച്ചയുടെ രീതി ക്രമേണ മാറിക്കൊണ്ടിരിക്കുകയാണെന്നും, സംസ്ഥാനത്തുടനീളം ഒരേപോലെ കാണപ്പെടുന്നതിന് പകരം ചില നിർദ്ദിഷ്ട മേഖലകളിൽ കേന്ദ്രീകരിച്ചാണ് ഈ ഭീഷണി വർദ്ധിക്കുന്നതെന്നും ഗവേഷകർ പറഞ്ഞു.

അർദ്ധ വരണ്ട ജില്ലകളിൽ മണ്ണിലെ ഈർപ്പം പെട്ടെന്ന് വറ്റുന്നു

1981 മുതൽ 2024 വരെയുള്ള കാലയളവിലെ മിന്നൽ വരൾച്ചയെക്കുറിച്ചാണ് പഠനം വിശകലനം ചെയ്തത്. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കുറഞ്ഞതോ മിതമായതോ ആയ മിന്നൽ വരൾച്ചയാണ് രേഖപ്പെടുത്തിയത്, അവിടെ സാധാരണ കാലാവസ്ഥാ സാഹചര്യങ്ങളിൽ ക്രമേണയാണ് ഈർപ്പം കുറഞ്ഞു വന്നത്.

എന്നാൽ ഭാഗികമായി വരണ്ട ഉൾനാടൻ ജില്ലകളായ അഹില്യാനഗർ, ബീഡ്, ധാരാശിവ്, സാംഗ്ലി, സോലാപ്പൂർ എന്നിവിടങ്ങളിൽ ഉയർന്ന തീവ്രതയും വേഗത്തിലുള്ള വരൾച്ച രൂപീകരണവും കാണപ്പെട്ടു. മണ്ണിലെ ഈർപ്പം പെട്ടെന്ന് വറ്റുന്നത്, മഴയുടെ കുറവ്, ഉയർന്ന താപനില, വർദ്ധിച്ച ബാഷ്പ സമ്മർദ്ദം (Vapour pressure deficit) എന്നിവയെല്ലാം ചേർന്നാണ് ഈ പ്രദേശങ്ങളിൽ മിന്നൽ വരൾച്ചയുടെ വേഗത കൂട്ടുന്നത് എന്ന് ഗവേഷകർ പറഞ്ഞു.

അന്തരീക്ഷം ഭൂമിയിൽ നിന്നും സസ്യങ്ങളിൽ നിന്നും എത്രത്തോളം ഈർപ്പം വലിച്ചെടുക്കുന്നുവെന്ന് അളക്കുന്നതാണ് ബാഷ്പ സമ്മർദ്ദം. ഇതിന്റെ അളവ് കൂടുമ്പോൾ വരൾച്ചയുടെ വേഗതയും കൂടുന്നു. ഉയർന്ന തീവ്രതയും വേഗത്തിലുള്ള വരൾച്ചയും ഒന്നിച്ചുവരുമ്പോൾ മണ്ണിൽ ഈർപ്പം വീണ്ടെടുക്കാൻ കുറഞ്ഞ സമയം മാത്രമേ ലഭിക്കൂ, ഇത് രൂക്ഷമായ ഈർപ്പക്ഷാമത്തിലേക്ക് നയിക്കുമെന്ന് പഠനം പറയുന്നു.

ഉയർന്ന താപനില, കുറഞ്ഞ സസ്യ സമ്പത്ത്, മണ്ണിലെ ഈർപ്പവും താപനിലയും തമ്മിലുള്ള ശക്തമായ പരസ്പരബന്ധം എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് ഉപരിതലം വേഗത്തിൽ വരളാൻ കാരണമാകുന്നുവെന്നും ഗവേഷകർ പറഞ്ഞു.

ഈർപ്പമുള്ള തീരദേശ മേഖലകളിൽ ഭീഷണി കുറവ്

ഇതിനുനേരെ വിപരീതമായി, കിഴക്കൻ ജില്ലകളായ ഭണ്ഡാര, ഗാഡ്ചിരോളി, ഗോണ്ടിയ, വാർധ എന്നിവടങ്ങളിലും രത്നഗിരി, പാൽഘർ, ഥാണെ, സിന്ധുദുർഗ് തുടങ്ങിയ തീരദേശ ജില്ലകളിലും പൊതുവെ കുറഞ്ഞ തീവ്രതയും കുറഞ്ഞ വരൾച്ചാ വേഗതയുമാണ് കാണപ്പെട്ടത്.

മെച്ചപ്പെട്ട മഴ ലഭ്യത, ഈർപ്പമുള്ള കാലാവസ്ഥ, മണ്ണിന്റെ ഈർപ്പം സംഭരിക്കാനുള്ള ഉയർന്ന ശേഷി എന്നിവ ഈ പ്രദേശങ്ങളിൽ ഉപരിതലം പെട്ടെന്ന് വരളുന്നത് തടയാൻ സഹായിച്ചതായി പഠനം പറയുന്നു.

എന്നിരുന്നാലും, കാലാനുസൃതമായി ഈ രീതിയിൽ വ്യത്യാസങ്ങൾ വരുന്നുണ്ട്.

കാലവർഷമില്ലാത്ത സീസണിൽ, മിന്നൽ വരൾച്ചയുടെ ശരാശരി ദൈർഘ്യം ഗണ്യമായി വർദ്ധിക്കുന്നു; താനെ, നാസിക്, പാൽഘർ, പുണെ ഉൾപ്പെടെയുള്ള പല ജില്ലകളിലും ശരാശരി 20 മുതൽ 25 ദിവസം വരെ ഇത് നീണ്ടുനിൽക്കുന്നു.

മധ്യ മഹാരാഷ്ട്രയിലെ അഹില്യാനഗർ, ജാൽന, ഛത്രപതി സംബാജിനഗർ എന്നീ ഭാഗങ്ങളിലും, കിഴക്കൻ ജില്ലകളായ അകോല, അമരാവതി, യവത്മാൾ, വാർധ എന്നിവിടങ്ങളിലും ശരാശരി മിന്നൽ വരൾച്ചയുടെ ദൈർഘ്യത്തിൽ ചെറിയ വർദ്ധനവ് പഠനം കണ്ടെത്തി.

ഭോപ്പാലിലെ മൗലാനാ ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മുഖ്യ ഗവേഷകനായ വികാസ് പൂനിയ പറയുന്നത് മിന്നൽ വരൾച്ച പ്രാദേശിക തലത്തിലേക്ക് ചുരുങ്ങുന്നുണ്ടെങ്കിലും കൂടുതൽ ശക്തമാകുന്നു എന്നാണ്.

"ഗാഡ്ചിരോളി, ചന്ദ്രപൂർ തുടങ്ങിയ ജില്ലകളിൽ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം മിന്നൽ വരൾച്ച അടിക്കടി സംഭവിക്കുന്നുണ്ട്," അദ്ദേഹം പറഞ്ഞു.

"എന്നാൽ അഹില്യാനഗർ, ബീഡ്, ധാരാശിവ്, സാംഗ്ലി, സോലാപ്പൂർ തുടങ്ങിയ ജില്ലകളിൽ നേരത്തെ തന്നെ ചൂടും വരണ്ടതുമായ കാലാവസ്ഥയാണുള്ളത്. ഇവിടെ മിന്നൽ വരൾച്ച ഉണ്ടാകുമ്പോൾ, മണ്ണിലെ ഈർപ്പം വളരെ വേഗത്തിൽ അപ്രത്യക്ഷമാകുന്നു, ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു."

മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളുടെ ആവശ്യകത

മൺസൂൺ സീസണിൽ മിന്നൽ വരൾച്ച വളരെ അപൂർവ്വമായിരുന്നുവെന്നും, പഠന കാലയളവിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ര രണ്ടിൽ താഴെ സംഭവങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും പൂനിയ പറഞ്ഞു. എന്നാൽ മൺസൂൺ ഇല്ലാത്ത സീസണിൽ ഇവ വളരെ സാധാരണമായിരുന്നു, പല പ്രദേശങ്ങളിലും 15 മുതൽ 25 വരെയും ചില സ്ഥലങ്ങളിൽ 25-ൽ അധികം തവണയും മിന്നൽ വരൾച്ച രേഖപ്പെടുത്തി.

മൺസൂൺ ഇല്ലാത്ത സീസണിൽ നിന്ന് മൺസൂണിലേക്ക് മാറുന്ന സമയത്ത് കിഴക്കൻ മഹാരാഷ്ട്രയിലും മിന്നൽ വരൾച്ചാ സംഭവങ്ങൾ കൂടുതലായി രേഖപ്പെടുത്തി. വരും പതിറ്റാണ്ടുകളിൽ കാലാവസ്ഥാ വ്യതിയാനം കാരണം മിന്നൽ വരൾച്ചയുടെ ആവൃത്തി ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് പൂനിയ മുന്നറിയിപ്പ് നൽകി.

"ഉയരുന്ന താപനില അന്തരീക്ഷത്തിന് വെള്ളത്തിനായുള്ള ദാഹം വർദ്ധിപ്പിക്കുന്നു," അദ്ദേഹം പറഞ്ഞു. "ഇതിനർത്ഥം കുറഞ്ഞ സമയത്തേക്ക് മഴ കുറഞ്ഞാൽ പോലും അത് വേഗത്തിൽ രൂക്ഷമായ മിന്നൽ വരൾച്ചയായി മാറും എന്നാണ്."

മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മണ്ണിലെ ഈർപ്പം, അന്തരീക്ഷ പ്രതികരണങ്ങൾ, ബാഷ്പീകരണ ആവശ്യകത എന്നിവ വരൾച്ചാ നിരീക്ഷണ സംവിധാനങ്ങളിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മിക്ക വരൾച്ചാ നയങ്ങളും സാവധാനത്തിൽ ഉണ്ടാകുന്ന വരൾച്ചകളെ നേരിടാൻ രൂപകൽപ്പന ചെയ്തതാണെന്നും എന്നാൽ മിന്നൽ വരൾച്ച വേഗത്തിൽ ഉയർന്നുവരുന്ന ഒരു ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മാസങ്ങൾക്ക് പകരം ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ ഇവ തീവ്രമാകുന്നതിനാൽ, നിലവിലുള്ള നയങ്ങളും പ്രതികരണ സംവിധാനങ്ങളും പലപ്പോഴും പതുക്കെയാണ് പ്രവർത്തിക്കുന്നത്," അദ്ദേഹം പറഞ്ഞു. "കടുത്ത നാശനഷ്ടങ്ങൾ സംഭവിക്കുന്നതിന് മുൻപ് സർക്കാരുകൾക്കും കർഷകർക്കും ജലസേചന അധികൃതർക്കും നടപടിയെടുക്കാൻ സാധിക്കുന്നതിനായി പ്രത്യേക മിന്നൽ വരൾച്ച നിരീക്ഷണ സംവിധാനങ്ങളും, മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന രീതികളും, കാലാവസ്ഥാ വ്യതിയാന പ്രതിരോധ നയങ്ങളും ഇപ്പോൾ ആവശ്യമാണ്."

ഇത്തരം കണ്ടെത്തലുകൾ വരൾച്ച പ്രവചനം ശക്തിപ്പെടുത്താനും, ജലസേചന ആസൂത്രണം മെച്ചപ്പെടുത്താനും, മഹാരാഷ്ട്രയിലുടനീളമുള്ള ജലവിഭവ വിനിയോഗത്തെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് സഹ-രചയിതാവും ഗവേഷകയുമായ ദീപിക യാദവ് പറഞ്ഞു.

"പെട്ടെന്ന് വികസിക്കുന്ന വരൾച്ച വലിയ നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുൻപ് കർഷകർക്കും നിയമനിർമ്മാതാക്കൾക്കും പ്രതികരിക്കാൻ സമയം ലഭിക്കുന്നതിന്, മുന്നറിയിപ്പ് സംവിധാനങ്ങളിൽ കര-അന്തരീക്ഷ ഇടപെടലുകളെ ഉൾപ്പെടുത്തുന്നത് സഹായിക്കും," അവർ പറഞ്ഞു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

FD-Maharashtra.pdf
Preview