രൂക്ഷമായ വരൾച്ചയും വനനശീകരണവും മൂലം ഇന്തോനേഷ്യയിൽ പടർന്നുപിടിച്ച കാട്ടുതീ തെക്കുകിഴക്കൻ ഏഷ്യയിലുടനീളം വിഷപ്പുക പടർത്തുകയും, അത് ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തു; ഇതോടെ ശക്തമായ സർക്കാർ നടപടി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായി.
ജീവഹാനിക്കും ശ്വാസകോശ രോഗങ്ങൾക്കും കാരണമായ ഈ വൻ ദുരന്തത്തിൽ ഏകദേശം 19 ലക്ഷം ഹെക്ടർ ഭൂമിയാണ് കത്തിനശിച്ചത്. ഇത് അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്കയ്ക്കും അതിർത്തികടന്നുള്ള മുൻകരുതൽ നടപടികൾക്കും വഴിവെച്ചു.
സിംഗപ്പൂരിൻ്റെ പ്രശസ്തമായ ആകാശക്കാഴ്ചകൾ കനത്ത പുകപടലങ്ങൾക്കുള്ളിൽ മറഞ്ഞുപോകുകയാണ്. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ IQAir-ൻ്റെ ലോകത്തിലെ ഏറ്റവും മലിനമായ പ്രമുഖ നഗരങ്ങളുടെ പട്ടികയിൽ സിംഗപ്പൂർ ഒന്നാമതെത്തുന്ന രീതിയിൽ വായുമലിനീകരണം ഭയാനകമായ അളവിലേക്ക് ഉയർന്നു. അതിർത്തിക്കപ്പുറം മലേഷ്യയിലാകട്ടെ, വിഷപ്പുക പടർന്നതിനെത്തുടർന്ന് സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായി. എന്നാൽ ഈ മലിനീകരണ ദുരന്തം കൂടുതൽ വഷളാക്കുന്നത് എന്താണ്?
അസാധാരണമായ വരൾച്ച കാരണം കാടുകളും കരിനിലങ്ങളും (peatlands) കത്തിയാളുന്ന ഇന്തോനേഷ്യയിലാണ് ഇതിൻ്റെ ഉത്തരം. പുകപടലങ്ങൾ പടരുമ്പോൾ, രാജ്യത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്; കാട്ടുതീ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ രംഗത്തെത്തിയിരിക്കുന്നത്.
ഈ പുകപടലങ്ങൾ മലേഷ്യയും ഫിലിപ്പീൻസും ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പടരുകയും ജനങ്ങളുടെ ആരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും സാരമായി ബാധിക്കുകയും ചെയ്തു.
ഈ ദുരന്തം മനുഷ്യജീവനുകളും കവർന്നു. ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുള്ള ബ്രോമോ തെംഗർ സെമേരു നാഷണൽ പാർക്കിലെ കാട്ടുതീ അണയ്ക്കുന്നതിനിടെ അഞ്ചുപേർ മരണപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ശക്തമായ കാറ്റും ഉണങ്ങിയ സസ്യങ്ങളുമാണ് തീ അതിവേഗം പടരാൻ കാരണമായത്.
രോഗബാധിതരുടെ എണ്ണവും ഉയരുകയാണ്. റോയിട്ടേഴ്സ് പുറത്തുവിട്ട ഇന്തോനേഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം ഒക്ടോബർ 13 ഓടെ ഏഴ് പ്രവിശ്യകളിലായി 2,83,000-ത്തിലധികം പേർക്കാണ് ശ്വാസകോശ രോഗങ്ങൾ റിപ്പോർട്ട് ചെയ്തത്.
തീ ഇപ്പോഴും പടർന്നുകൊണ്ടിരിക്കുകയാണ്. സ്വതന്ത്ര നിരീക്ഷണ പ്ലാറ്റ്ഫോമായ 'നുസന്താര അറ്റ്ലസി'ൻ്റെ കണക്കനുസരിച്ച് സെപ്റ്റംബർ അവസാനത്തോടെ ഏകദേശം 19 ലക്ഷം ഹെക്ടർ ഭൂമിയാണ് കത്തിനശിച്ചത്. എന്നാൽ ഇവ സ്വതന്ത്ര പഠന കണക്കുകളാണെന്നും ഇന്തോനേഷ്യൻ സർക്കാർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു.
അപ്പോൾ, എന്താണ് ഈ തീപിടുത്തങ്ങൾക്ക് ആക്കം കൂട്ടുന്നത്? ജൂൺ മാസം മുതൽ അനുഭവപ്പെടുന്ന അസാധാരണമായ വരൾച്ചയും കൃഷിക്കായി വനം വെട്ടിത്തെളിക്കുന്നതുമാണ് ഇതിന് പ്രധാന കാരണം. കാർഷിക ആവശ്യങ്ങൾക്കായി ഇടുന്ന തീ, സമീപത്തുള്ള വനങ്ങളിലേക്കും കരിനിലങ്ങളിലേക്കും (peatlands) പടരുകയാണ് ചെയ്യുന്നത്.
കരിനിലങ്ങളിലെ തീപിടുത്തം പ്രത്യേകം അപകടകരമാണ്. കാർബൺ സമൃദ്ധമായ ഉണങ്ങിയ മണ്ണിലൂടെ കത്തിയമരുന്ന ഇവ വൻതോതിൽ പുക ഉത്പാദിപ്പിക്കുന്നു. ഇവ ഭൂമിക്കടിയിൽ മാസങ്ങളോളം പുകഞ്ഞു കത്താൻ സാധ്യതയുള്ളതിനാൽ അണച്ചുപൂട്ടുവാൻ തീർത്തും ബുദ്ധിമുട്ടാണ്.
ശക്തമായ 'എൽ നിനോ' പ്രതിഭാസം അന്തരീക്ഷം കൂടുതൽ വരണ്ടതാക്കുകയും തീപിടുത്ത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, തീ അണയ്ക്കാൻ ആവശ്യമായ മഴ ലഭ്യത ഇതിനാൽ കുറയുകയും ചെയ്യുന്നു.
ഈ പ്രതിസന്ധി ഇപ്പോൾ അതിർത്തികൾ കടന്നുള്ള സംയുക്ത നടപടികൾക്ക് വഴിതുറന്നിരിക്കുകയാണ്.
പുകപടലങ്ങൾക്ക് കാരണമായേക്കാവുന്ന വനമേഖലകളുമായി ബന്ധമുള്ള ഏഴ് ഇന്തോനേഷ്യൻ കമ്പനികൾക്ക് ഒക്ടോബർ 16-ന് സിംഗപ്പൂർ മുൻകരുതൽ നോട്ടീസ് അയച്ചു. ഒക്ടോബർ 19-ന് മൂന്ന് കമ്പനികളെക്കൂടി ഇതിൽ ഉൾപ്പെടുത്തിയതോടെ ആകെ കമ്പനികളുടെ എണ്ണം 10 ആയി ഉയർന്നു.
തീപിടുത്തം നേരിടാൻ അയൽരാജ്യങ്ങളുടെ സഹായം സ്വീകരിക്കാൻ ഇന്തോനേഷ്യയും സമ്മതിച്ചിട്ടുണ്ട്, എങ്കിലും ഇതിന്റെ പ്രവർത്തനപരമായ ക്രമീകരണങ്ങൾ ഇതുവരെ അന്തിമമായിട്ടില്ല.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)