Climate Change

എന്താണ് ഗുരൈസ് മേഘവിസ്ഫോടനം? ഇന്ത്യയിൽ കാലവർഷം വൈകാൻ കാരണമെന്ത്? ഒരു വിശകലനം

ഈ രണ്ട് പ്രതിഭാസങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

DTE Staff

2026 ജൂൺ 17-ന് ബന്ദിപ്പോറയിലെ ഗുരൈസിലുള്ള തുലൈൽ താഴ്‌വരയെ ഉലച്ചുകൊണ്ട് ഒരു മേഘവിസ്ഫോടനമുണ്ടായി. കാർഷിക വിളനിലങ്ങളെ വിഴുങ്ങുകയും, ജനജീവിതം പരക്കെ ദുസ്സഹമാക്കുകയും, അതീവ പ്രാധാന്യമുള്ള ഒരു പാലത്തിന് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത പെട്ടെന്നുണ്ടായ പ്രളയമാണ് പിന്നീട് അവിടെ കണ്ടത്.

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കാലവർഷത്തിന്റെ വരവിനായി ഇപ്പോഴും കാത്തിരിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത് എന്നതാണ് ഏറെ കൗതുകകരം. ജൂൺ മാസത്തിൽ ഇതുവരെ ഇന്ത്യയിൽ പെയ്യേണ്ട മഴയിൽ 38 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മധ്യ ഇന്ത്യയിലാകട്ടെ ഇത് 62 ശതമാനം വരെ കുറവാണ്.

ഇതിലും രസകരമായ മറ്റൊരു കാര്യം, ഈ രണ്ട് തീവ്രാവസ്ഥകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് മുൻപ്, ഗുരൈസിലുണ്ടായ മേഘവിസ്ഫോടനത്തെക്കുറിച്ചും അത് എന്തുകൊണ്ടാണ് സംഭവിച്ചതെന്നും നമ്മൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.

ഗുരൈസിലുണ്ടായ മേഘവിസ്ഫോടനം ചക്വാലി നല്ലയിലെ (ചാൽ) ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിന് കാരണമായി. അടുത്തുള്ള ഗ്രാമങ്ങളിലേക്ക് ചെളിയും കല്ലുകളും അവശിഷ്ടങ്ങളും ഒലിച്ചിറങ്ങിയത് പ്രാദേശിക റോഡുകൾക്ക് കേടുപാടുകൾ വരുത്തുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പ്രളയജലം കൃഷിയിടങ്ങളിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കും ഇരച്ചുകയറിയത് കർഷകരിലും ഗ്രാമീണരിലും വലിയ ആശങ്കയുണ്ടാക്കി. എന്നാൽ ഇതുവരെ ജീവഹാനിയൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ്, ജൂൺ 2-നും ഡോഡ, കിഷ്ത്വാർ, പൂഞ്ച് എന്നിവിടങ്ങളിൽ മേഘവിസ്ഫോടനങ്ങൾ ഉണ്ടായിരുന്നു. ഇത് റോഡുകൾ തടസ്സപ്പെടുന്നതിനും വീടുകളിൽ വെള്ളം കയറുന്നതിനും വാഹനങ്ങൾ കുടുങ്ങുന്നതിനും ഇടയാക്കി. അവിടെയും ആളപായമൊന്നും ഉണ്ടായിരുന്നില്ല.

അങ്ങനെയെങ്കിൽ, എന്താണ് ഈ മേഘവിസ്ഫോടനങ്ങൾക്ക് കാരണം? രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മൺസൂൺ വഴിമുട്ടി നിൽക്കുന്നതുമായി ഇവയ്ക്ക് എന്താണ് ബന്ധം?

(പരിഭാഷ, എഡിറ്റിംഗ് സുരേന്ദ്രൻ കണ്ണൂർ)