1.5°C എന്ന ആഗോളതാപന പരിധി ഇനി കൈവരിക്കാനാകില്ലെന്നും ഇത് കാലാവസ്ഥാ വ്യതിയാന ഭീഷണികൾ കൂടുതൽ കടുപ്പിക്കുമെന്നും എമിഷൻസ് ഗ്യാപ് റിപ്പോർട്ട് 2026 മുന്നറിയിപ്പ് നൽകുന്നു.
ആഗോള ഹരിതഗൃഹ വാതക ഉദ്വമനത്തിൽ ചെറിയ കുറവുണ്ടായെങ്കിലും, ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള ഉദ്വമനം തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുകയാണ്.
ഈ പരിധി കവിയുന്ന സാഹചര്യം കുറയ്ക്കാനും, നൂറ്റാണ്ടിന്റെ അവസാനത്തോടെ സുരക്ഷിതമായ അളവിലേക്ക് താപനില തിരികെ കൊണ്ടുവരാനും ഹരിതഗൃഹ വാതക കുറയ്ക്കൽ നടപടികൾ അടിയന്തരമായി വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നു.
അന്തരീക്ഷത്തിലേക്ക് അനിയന്ത്രിതമായി ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടുന്നതിലൂടെ ഉണ്ടാകുന്ന ആഗോളതാപനത്തിന്റെ ഗുരുതരമായ ആഘാതങ്ങൾ ലോകം തുടർന്നും നേരിടേണ്ടി വരും.
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) പുറത്തിറക്കിയ ഹരിതഗൃഹ വാതക ഉദ്വമനത്തെക്കുറിച്ചുള്ള ആഗോള വിലയിരുത്തലിന്റെ 17-ാം പതിപ്പായ 'എമിഷൻസ് ഗ്യാപ് റിപ്പോർട്ട് 2026: ദി പോയിന്റ് ഓഫ് റിട്ടേൺ' വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: "വ്യവസായവൽക്കരണത്തിന് മുമ്പുള്ള നിലയേക്കാൾ ആഗോളതാപനം 1.5°C ആയി പരിമിതപ്പെടുത്താനുള്ള സാധ്യത ഇനി ബാക്കിയില്ല."
പാരിസ് കരാറിലൂടെ നിശ്ചയിച്ച 1.5°C എന്ന സുരക്ഷാപരിധി മറികടക്കുന്നത് കാലാവസ്ഥാ അടിയന്തരാവസ്ഥയെ കൂടുതൽ രൂക്ഷമാക്കും.
"1.5°C-ന് മുകളിലുള്ള ഓരോ ചെറിയ താപവർദ്ധനവും ഓരോ അധിക വർഷത്തെ ചൂടും കാലാവസ്ഥാ ഭീഷണികൾ വർദ്ധിപ്പിക്കുന്നു" എന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) മുന്നറിയിപ്പ് നൽകുന്നു. ഏതായാലും, 1.5°C എന്ന പരിധി പൂർണ്ണമായും സുരക്ഷിതമായി ഒരിക്കലും കണക്കാക്കപ്പെട്ടിരുന്നില്ല.
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ മുൻകാല താപനില റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിലാണ് 'എമിഷൻസ് ഗ്യാപ് റിപ്പോർട്ട്' പുറത്തുവരുന്നത്. 2024-ൽ ലോകത്താദ്യമായി താപനില വർദ്ധനവ് 1.5°C കടന്നിരുന്നു.
രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ സെപ്റ്റംബറായിരുന്നു 2026-ലേത്. ഈ മാസത്തെ ആഗോള ശരാശരി താപനില 16.27°C ആയിരുന്നു. ഇത് 1991-2020 ശരാശരിയേക്കാൾ 0.82°C ഉയർന്നതും, വ്യവസായവൽക്കരണത്തിന് മുമ്പുള്ള നിലയേക്കാൾ 1.63°C കൂടുതലുമാണ്. കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്റെ വിവരമനുസരിച്ച്, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ മാസങ്ങളിലൊന്നായിരുന്നു 2026 ഓഗസ്റ്റ്.
യു.എൻ.ഇ.പി.യുടെ (UNEP) വാർഷിക വിലയിരുത്തൽ വ്യക്തമാക്കുന്നത്, 2024-ലെ നിലവാരത്തെ അപേക്ഷിച്ച് 2025-ൽ ആഗോള ഹരിതഗൃഹ വാതക ഉദ്വമനത്തിൽ ചെറിയൊരു കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്. ഈ വിലയിരുത്തൽ പ്രകാരം, "2025-ൽ ആഗോള ഹരിതഗൃഹ വാതക ഉദ്വമനം ആകെ 58.4 ജിഗാടൺ കാർബൺ ഡൈ ഓക്സൈഡ് ഇക്വിവലന്റ് (Gt CO₂e) ആയിരുന്നു." ഇത് 2024-ലെ അളവിനേക്കാൾ 0.1 Gt CO₂e കുറവാണ്.
ആകെ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ മൂന്നിൽ രണ്ടിലധികവും ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ളവയാണ്. ബാക്കിയുള്ളവ ഭൂവിനിയോഗം, ഭൂവിനിയോഗ മാറ്റം, വനപരിപാലനം (LULUCF) എന്നിവയിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ്, ഫ്ലൂറിനേറ്റഡ് വാതകങ്ങൾ (F-gases) എന്നിവയാണ്.
എന്നിരുന്നാലും, ആകെ ഉദ്വമനത്തിലുണ്ടായ ഈ ചെറിയ കുറവ് ആശങ്കാജനകമായ മറ്റൊരു യാഥാർത്ഥ്യത്തെ മറച്ചുവെക്കുന്നുണ്ട്: ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് ഉദ്വമനം 2025-ലും ഉയർന്നുകൊണ്ടിരുന്നു.
'എമിഷൻസ് ഗ്യാപ് റിപ്പോർട്ട് 2026' ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെയാണ്: "പെട്രോളിയം, കൽക്കരി, ഗ്യാസ് എന്നീ ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതിലൂടെയുള്ള കാർബൺ ഡൈ ഓക്സൈഡ് ഉദ്വമനവും, നൈട്രസ് ഓക്സൈഡ്, ഫ്ലൂറിനേറ്റഡ് വാതകങ്ങൾ എന്നിവയുടെ പുറന്തള്ളലും 2025-ലും തുടർച്ചയായി വർദ്ധിച്ചു. എന്നാൽ മീഥെയ്ൻ ഉദ്വമനം 2024-ലേതിന് സമാനമായി മാറ്റമില്ലാതെ തുടർന്നു."
എൽ.യു.എൽ.യു.സി.എഫ് (LULUCF) മേഖലയിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് ഉദ്വമനത്തിൽ ഏകദേശം 0.5 ഗീഗാടൺ (Gt CO₂e) കുറവുണ്ടായതാണ് ഫോസിൽ കാർബൺ ഡൈ ഓക്സൈഡ് വർദ്ധനവിനെ നികത്തിയത് എന്ന് ഈ വിലയിരുത്തൽ വ്യക്തമാക്കുന്നു. "അസാധാരണമാംവിധം കാട്ടുതീ പടർന്നുപിടിച്ച 2024-നെ അപേക്ഷിച്ച്, 2025-ൽ ആഗോളതലത്തിൽ കാട്ടുതീ മൂലമുള്ള കാർബൺ ഉദ്വമനം കുറഞ്ഞത് ഉൾപ്പെടെ, ബയോമാസ് കത്തുന്നതിലുണ്ടായ കുറവാണ് LULUCF മേഖലയിലെ കാർബൺ ഡൈ ഓക്സൈഡ് ഉദ്വമനം കുറയാൻ ഭാഗികമായി കാരണമായത്," റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ആഗോള ഹരിതഗൃഹ വാതക ഉദ്വമനം ഉയർന്ന നിലയിൽ തുടരുകയാണെന്നും കുറയാൻ തുടങ്ങിയിട്ടില്ലെന്നും ഈ വിലയിരുത്തൽ മുന്നറിയിപ്പ് നൽകുന്നു. "ആഫ്രിക്കൻ യൂണിയൻ ഒഴികെയുള്ള ജി20 (G20) അംഗരാജ്യങ്ങൾ മൊത്തം ആഗോള ഉദ്വമനത്തിന്റെ 76 ശതമാനത്തിനും കാരണമാകുന്നുണ്ട്. LULUCF മേഖല ഒഴികെയുള്ള ഇവരുടെ ഉദ്വമനം 2025-ൽ 0.7 ശതമാനം വർദ്ധിച്ചു," എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ദശകത്തിൽ 63 രാജ്യങ്ങൾ തങ്ങളുടെ ഹരിതഗൃഹ വാതക ഉദ്വമനം കുറച്ചിട്ടുണ്ട്. എന്നാൽ 124 രാജ്യങ്ങളിൽ ഉദ്വമനം വർദ്ധിക്കുകയാണുണ്ടായത്. "ആളോഹരി ഉദ്വമനവും ചരിത്രപരമായ ഉദ്വമനവും ഉയർന്ന നിലയിലുള്ള പല രാജ്യങ്ങളിലും ഉദ്വമനത്തിന്റെ അളവ് പരമാവധിയിൽ (peak) എത്തിയിട്ടില്ല," എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ 1.5°C എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഹരിതഗൃഹ വാതക കുറയ്ക്കൽ നടപടികൾ വേഗത്തിലാക്കുക എന്നതാണ് ഇനി വേണ്ടതെന്നാണ് ഈ പഠനത്തിന്റെ പ്രധാന നിഗമനം. "നിശ്ചിത പരിധിക്കും മുകളിലേക്ക് താപനില ഉയരുന്ന സാഹചര്യത്തിന്റെ (overshoot) വ്യാപ്തിയും ദൈർഘ്യവും പരമാവധി കുറയ്ക്കുകയും, നൂറ്റാണ്ടിന്റെ അവസാനത്തോടെ താപവർദ്ധനവ് 1.5°C ലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ദൗത്യം."
"ഏറ്റവും കുറഞ്ഞ 1.5°C അമിതതാപന ഘട്ടം (lowest possible 1.5°C overshoot)" എന്ന സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കവേ ഈ വിലയിരുത്തൽ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: "ഈ പാതയിലേക്ക് എത്തുന്നതിന്, 2025-ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ആഗോള ഹരിതഗൃഹ വാതക ഉദ്വമനം 2030-ഓടെ 18 ശതമാനവും, 2035-ഓടെ 45 ശതമാനവും, 2040-ഓടെ 69 ശതമാനവും കുറയ്ക്കേണ്ടതുണ്ട്. താപനില 1.5°C ലോ അതിൽ താഴെയോ ആയി തിരികെ എത്തിക്കുന്നതിന് അന്തരീക്ഷത്തിൽ നിന്ന് വലിയ തോതിൽ കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യേണ്ടത് (CO₂ removal) ആവശ്യമാണ്."
"ഇതിൽ നിന്ന് മനസ്സിലാക്കേണ്ട പ്രധാന വിഷയം ലളിതമാണ് - ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം എത്രയും വേഗം വെട്ടിക്കുറയ്ക്കുന്ന നയങ്ങൾ നടപ്പിലാക്കാൻ സർക്കാരുകൾ തയ്യാറാകണം," എന്ന് ആഗോള ശാസ്ത്ര-നയ സ്ഥാപനമായ ക്ലൈമറ്റ് അനലിറ്റിക്സിന്റെ സി.ഇ.ഒ (CEO) ബിൽ ഹെയർ പറയുന്നു. "സർക്കാരുകൾ പരമാവധി ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ, ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ആഗോളതാപനം ഏകദേശം 1.7°C ൽ തടഞ്ഞുനിർത്താനും, നൂറ്റാണ്ടിന്റെ അവസാനത്തോടെ അത് 1.5°C ന് താഴേക്ക് ഗണ്യമായി കുറച്ചുകൊണ്ടുവരാനും സാധിക്കുമെന്ന് ഞങ്ങളുടെ വിശകലനങ്ങൾ വ്യക്തമാക്കുന്നു," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)