ചിത്രീകരണം: ഐസ്റ്റോക്ക് വഴി നാറ്റട്രാവൽ
Climate Change

എൽ നിനോ അതിവേഗം ശക്തി പ്രാപിച്ചുവെന്ന് സ്ഥിരീകരിച്ചു, ഇനിയും കൂടുതൽ ശക്തമായേക്കാം: ഡബ്ല്യു.എം.ഒ

2027 ഫെബ്രുവരി വരെ എൽ നിനോ തുടരുമെന്നും ഈ വർഷാവസാനത്തോടെ അത് പരമാവധിയിൽ എത്തുമെന്നും WMO-യ്ക്ക് ഏതാണ്ട് ഉറപ്പാണ്; എന്നാൽ ഇതിന്റെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്നതിൽ ചെറിയ അനിശ്ചിതത്വം നിലനിൽക്കുന്നു

Akshit Sangomla

  • ഇക്വറ്റോറിയൽ പസഫിക്കിലെ എൽ നിനോ അതിവേഗം ശക്തി പ്രാപിക്കുകയും ഇപ്പോൾ പൂർണ്ണമായി സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇത് 2027 ഫെബ്രുവരി വരെ തുടരുമെന്ന് ഏതാണ്ട് ഉറപ്പാണെന്നും ഈ വർഷാവസാനത്തോടെ ഉച്ചസ്ഥായിയിലെത്താൻ സാധ്യതയുണ്ടെന്നും ഡബ്ല്യു.എം.ഒ (WMO) വ്യക്തമാക്കുന്നു.

  • നിനോ 3.4 മേഖലയിലെ സമുദ്രോപരിതല താപനില നിലവിൽ ശരാശരിയേക്കാൾ 2°C-ൽ അധികമാണ്. ഇത് 3.6°C വരെ ഉയർന്നേക്കാം. അങ്ങനെ സംഭവിച്ചാൽ, കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസമായി ഇത് മാറിയേക്കാം.

ലോക കാലാവസ്ഥാ സംഘടനയുടെ (WMO) ഏറ്റവും പുതിയ വിവരമനുസരിച്ച്, ഇക്വറ്റോറിയൽ പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം കഴിഞ്ഞ ഒരു മാസത്തിനിടെ അതിവേഗം ശക്തി പ്രാപിക്കുകയും ഇപ്പോൾ പൂർണ്ണമായി സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 2026 അവസാനത്തോടെ ഇത് കൂടുതൽ ശക്തമായി ഉച്ചസ്ഥായിയിലെത്താൻ സാധ്യതയുണ്ട്. ഈ എൽ നിനോ പ്രതിഭാസം 2027 ഫെബ്രുവരി വരെ തുടരാൻ ഏകദേശം 100 ശതമാനം സാധ്യതയുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ WMO ചൂണ്ടിക്കാണിച്ചു. കാലാവസ്ഥാ പ്രവചനത്തിൽ ഐക്യരാഷ്ട്രസഭയുടെ ഈ ഏജൻസി ഇത്ര ഉയർന്ന നിശ്ചിതത്വം രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്.

വ്യാപാര കാറ്റുകളുടെ (trade winds) വേഗത കുറയുന്നതോ ദിശ മാറുന്നതോ കാരണം കിഴക്കൻ, മധ്യ ഇക്വറ്റോറിയൽ പസഫിക് സമുദ്രത്തിൽ ഉണ്ടാകുന്ന 'എൽ നിനോ സതേൺ ഓസിലേഷൻ' (ENSO) പ്രതിഭാസത്തിലെ സാധാരണയേക്കാൾ ചൂടേറിയ ഘട്ടമാണ് എൽ നിനോ. സാധാരണയായി എൽ നിനോ, ആഗോള ശരാശരി താപനില വർദ്ധിക്കുന്നതിനും മഴയുടെ ഗതിമാറ്റത്തിനും കാരണമാകുന്നു. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ച, ഉഷ്ണതരംഗം, കാട്ടുതീ, പ്രളയം തുടങ്ങിയ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളിലേക്ക് നയിച്ചേക്കാം.

"മധ്യ-കിഴക്കൻ ഇക്വറ്റോറിയൽ പസഫിക്കിലെ സമുദ്രോപരിതല താപനിലയിലെ വ്യതിയാനങ്ങൾ അളക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന 'നിനോ 3.4' ഇൻഡക്സ് അനുസരിച്ച്, താപനില 2026 മേയ്-ജൂലൈ മാസങ്ങളിൽ ശരാശരിയേക്കാൾ +1.5°C ഉയർന്നതെങ്കിൽ, ജൂലൈയോടെ അത് +2.0°C ആയി അതിവേഗം വർദ്ധിച്ചിട്ടുണ്ട്," എന്ന് WMO വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

2026 സെപ്റ്റംബർ-നവംബർ മാസങ്ങളിലെ താപനിലയെക്കുറിച്ചുള്ള WMO പ്രവചനം

“ജൂലൈ അവസാനത്തിനും ഓഗസ്റ്റ് പകുതിക്കുമിടയിൽ സമുദ്രോപരിതല താപനില ശരാശരിയേക്കാൾ 2.2°C മുതൽ 2.6°C വരെ കൂടുതലായിരുന്നു. ഇത് പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പ്രവചനങ്ങൾ അനുസരിച്ച് ഇതിന്റെ തീവ്രത ശരാശരിയേക്കാൾ 3.6°C വരെ ഉയർന്നേക്കാം,” വാർത്താ സമ്മേളനത്തിൽ WMO ക്ലൈമറ്റ് പ്രെഡിക്ഷൻ സർവീസസ് ഡിവിഷൻ മേധാവി വിൽഫ്രാൻ മൂഫൂമ-ഓകിയ പറഞ്ഞു.

“എൽ നിനോയുടെ ശക്തി അളക്കുന്നതിന് ഡബ്ല്യു.എം.ഒ നിലവിലെ മാനദണ്ഡങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയ ശേഷമുള്ള കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ എൽ നിനോ ആയിരിക്കാം ഇത്,” ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി സെലസ്റ്റെ സൗലോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചൂടുപിടിക്കുന്നത് സമുദ്രത്തിന്റെ ഉപരിതലത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് സമുദ്രത്തിനടിയിലും (sub surface) മുൻപെങ്ങുമില്ലാത്തവിധം താപനില ഉയരുന്നുണ്ട്. “ചില പ്രദേശങ്ങളിൽ സമുദ്രത്തിനടിയിലെ താപനില സാധാരണയേക്കാൾ 8°C വരെ കൂടുതലായിരുന്നു, ഇത് ഞെട്ടിക്കുന്നതാണ്,” മൂഫൂമ-ഓകിയ പറഞ്ഞു. “സമുദ്ര ഉപരിതലത്തിലെയും അതിനടിയിലെയും നിലവിലെ സാഹചര്യങ്ങൾ എൽ നിനോ തുടരുന്നതിനും വരും മാസങ്ങളിൽ ഇത് കൂടുതൽ ശക്തിപ്പെടാനുള്ള സാധ്യതയ്ക്കും ശക്തമായ തെളിവ് നൽകുന്നു,” ഡബ്ല്യു.എം.ഒ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

2027 ഫെബ്രുവരി വരെ എൽ നിനോ തുടരുമെന്നും ഈ വർഷാവസാനത്തോടെ അത് പരമാവധി ശക്തിയിലഎത്തുമെന്നും ഡബ്ല്യു.എം.ഒ-യ്ക്ക് ഏതാണ്ട് ഉറപ്പാണെങ്കിലും, ഇതിന്റെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്നതിൽ ചെറിയ അനിശ്ചിതത്വം നിലനിൽക്കുന്നു. എൽ നിനോയുടെ സാന്നിധ്യം ലോകമെമ്പാടുമുള്ള താപനില, മഴ, അന്തരീക്ഷ ചലനങ്ങൾ എന്നിവയിൽ വൻ മാറ്റങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

2026 സെപ്റ്റംബർ-നവംബർ മാസങ്ങളിലെ മഴയെക്കുറിച്ചുള്ള WMO പ്രവചനം

എന്നാൽ ഒരു എൽ നിനോയുടെ ശക്തി അത് ഏത് പ്രദേശത്ത് എത്രത്തോളം കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് നേരിട്ട് നിർണ്ണയിക്കുന്നില്ല. "ഇതിന്റെ പ്രഭാവം സ്ഥലത്തിനും സീസണിനും അനുസരിച്ച് മാറും. മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിലെയും അറ്റ്ലാന്റിക് സമുദ്രത്തിലെയും സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് കാലാവസ്ഥാ ഘടകങ്ങൾക്ക് ഇതിൽ മാറ്റങ്ങൾ വരുത്താൻ കഴിയും," വാർത്താക്കുറിപ്പിൽ പറയുന്നു.

ഉദാഹരണത്തിന്, ദക്ഷിണേഷ്യയിലും ഓസ്ട്രേലിയയിലും കാലാവസ്ഥ നിർണ്ണയിക്കുന്നതിൽ 'ഇന്ത്യൻ ഓഷൻ ഡൈപോൾ' (IOD) പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഐ.ഒ.ഡി പോസിറ്റീവ് ഘട്ടത്തിലാകുമ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ സാധാരണയേക്കാൾ ചൂടേറിയതും കിഴക്കൻ ഭാഗങ്ങൾ തണുത്തതുമായിരിക്കും. സെപ്റ്റംബറിനും നവംബറിനുമിടയിൽ പോസിറ്റീവ് ഐ.ഒ.ഡി രൂപപ്പെടുമെന്ന് WMO പ്രതീക്ഷിക്കുന്നു. ഇത് ദക്ഷിണേഷ്യയിൽ എൽ നിനോ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളിൽ ചിലതിനെ പ്രതിരോധിക്കാൻ സഹായിച്ചേക്കാം.

"അതേസമയം, ഇക്വറ്റോറിയൽ അറ്റ്ലാന്റിക് സമുദ്രം പൊതുവെ ചൂടേറിയതായി തുടരുമെന്നും വടക്കൻ, തെക്കൻ ട്രോപ്പിക്കൽ അറ്റ്ലാന്റിക്കിലെ സമുദ്രോപരിതല താപനില സാധാരണയേക്കാൾ ഉയർന്ന നിലയിൽ നിൽക്കുമെന്നും പ്രവചിക്കപ്പെടുന്നു. ഈ സാഹചര്യങ്ങൾ വിവിധ പ്രദേശങ്ങളിലെ സാധാരണ എൽ നിനോ പ്രഭാവങ്ങളെ ശക്തിപ്പെടുത്താനോ ദുർബലപ്പെടുത്താനോ മാറ്റിമറിക്കാനോ ഇടയാക്കും," WMO വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

മഴയുടെ ഗതിമാറ്റത്തെക്കുറിച്ചുള്ള WMO പ്രവചനം ഒരു സാധാരണ എൽ നിനോയുടെ ലക്ഷണങ്ങൾ തന്നെയാണ് കാണിക്കുന്നത്. ഹോൺ ഓഫ് ആഫ്രിക്ക, മധ്യ-തെക്കൻ തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, മാരിടൈം കോണ്ടിനന്റ്, ഓസ്ട്രേലിയ, വടക്കൻ തെക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സാധാരണയേക്കാൾ കുറഞ്ഞ മഴയേ (വരണ്ട സാഹചര്യം) പ്രവചിക്കുന്നുള്ളൂ.

"സ്പാനിഷ് ഭാഷയിൽ എൽ നിനോ എന്നാൽ 'ആൺകുട്ടി' എന്നാണ് അർത്ഥം – എന്നാൽ ലോകമെമ്പാടുമുള്ള സമൂഹങ്ങൾക്കും സാമ്പത്തിക വ്യവസ്ഥകൾക്കും വലിയ തിരിച്ചടി നൽകാനുള്ള ശേഷി ഇതിനുണ്ട്. വരൾച്ചയിലും പ്രളയത്തിലും നിന്നുള്ള വിനാശകരമായ ആഘാതങ്ങൾ നാം ഇപ്പോൾ തന്നെ കാണുന്നുണ്ട്, എൽ നിനോ തീവ്രമാകുന്നതോടെ ഈ പ്രത്യാഘാതങ്ങൾ ഇനിയും വർദ്ധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്," സൗലോ പറഞ്ഞു.

"ഈ അസാധാരണമായ എൽ നിനോയെ നേരിടാൻ അസാധാരണമായ തയ്യാറെടുപ്പും പ്രതികരണവും ആവശ്യമാണ്. ലോക കാലാവസ്ഥാ സംഘടനയുടെ 50 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ജീവനും ജീവിതോപാധികളും സംരക്ഷിക്കുന്നതിനായി കാലാവസ്ഥാ പ്രവചനങ്ങളും സേവനങ്ങളും നൽകുന്ന ദേശീയ കാലാവസ്ഥാ-ഹൈഡ്രോളജിക്കൽ സർവീസുകളുമായി ചേർന്ന് ഇത്തരമൊരു വലിയ മുൻകൈ ഞങ്ങൾ എടുത്തിട്ടില്ല," സൗലോ കൂട്ടിച്ചേർത്തു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)