കിഴക്കൻ ലണ്ടനിലെ തേംസ് വെള്ളപ്പൊക്ക ബാരിയറുകൾ. ഐസ്റ്റോക്ക്
Climate Change

കിഴക്കൻ ലണ്ടൻ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിൽ - നാശനഷ്ടങ്ങൾ കുറയ്ക്കാനുള്ള വഴികൾ

നഗര പ്രതിരോധ പദ്ധതികളിൽ പ്രകൃതിക്ക് പ്രാധാന്യം നൽകിയാൽ അപകടം കുറയും, ജനപങ്കാളിത്തം വർദ്ധിക്കും.

Ravindra Jayaratne, Maciej Pawlik

  • നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും കാരണം, കിഴക്കൻ ലണ്ടൻ കടുത്ത പ്രളയഭീഷണി നേരിടുകയാണ്. ഇവിടുത്തെ ആകെയുള്ള കെട്ടിടങ്ങളിൽ, 13 ശതമാനവും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള അതീവ അപകട മേഖലകളിലോ, ഇടത്തരം അപകട മേഖലകളിലോ ആണ് സ്ഥിതി ചെയ്യുന്നത്.

  • ഹരിത മേൽക്കൂരകൾ, തണ്ണീർത്തടങ്ങൾ, തുടങ്ങിയ പ്രകൃതിദത്ത പരിഹാരമാർഗ്ഗങ്ങൾ നടപ്പിലാക്കുന്നത് വഴി, വെള്ളത്തിന്റെ കുത്തൊഴുക്ക് കുറയ്ക്കാനും പ്രളയസാധ്യത ലഘൂകരിക്കാനും സാധിക്കും.

  • സാമ്പത്തികവും, സാമൂഹികവുമായ പിന്നോക്കാവസ്ഥ ഈ അപകടസാധ്യതയുടെ ആഘാതം വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ പരിഗണിക്കുന്ന, ഒരു കൂട്ടായ നഗര അതിജീവന സമീപനങ്ങൾ ഇവിടെ അത്യന്താപേക്ഷിതമാണ്.

2021-ൽ, ലണ്ടനിൽ, ആയിരത്തിലധികം കെട്ടിടങ്ങളിലാണ് വെള്ളം കയറിയത്. ഇത് ഏകദേശം 281 ദശലക്ഷം പൗണ്ടിലധികം ഇൻഷുറൻസ് നഷ്ടത്തിന് കാരണമായി. റെക്കോർഡുകൾ ഭേദിക്കുന്ന പ്രളയങ്ങൾ ഇപ്പോഴും യുകെയിൽ തുടരുകയാണ്.

ലണ്ടൻ നഗരത്തിലെ 13 ശതമാനം കെട്ടിടങ്ങളും, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള 'ഹൈ' അല്ലെങ്കിൽ 'മീഡിയം' റിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് തെംസ് നദിക്ക് അടുത്തുള്ള താഴ്ന്ന പ്രദേശങ്ങളായ കിഴക്കൻ ലണ്ടനിൽ താമസിക്കുന്നവർക്ക്, ജീവനു തന്നെ ഭീഷണിയായേക്കാവുന്ന പ്രളയ മുന്നറിയിപ്പുകൾ താമസിയാതെ ഒരു യാഥാർത്ഥ്യമായി മാറിയേക്കാം.

ടവർ ഹാംലെറ്റ്സ്, ന്യൂഹാം, ഹാക്നി തുടങ്ങിയ നഗരഭാഗങ്ങൾ പണ്ട് ചതുപ്പുനിലങ്ങളായിരുന്ന ഇടത്താണ് നിർമ്മിച്ചിരിക്കുന്നത്. സ്വാഭാവികമായും വെള്ളം വലിച്ചെടുത്തിരുന്ന ഈ പ്രദേശങ്ങൾ പിന്നീട് നഗരവികസനത്തിനായി ഉപയോഗിച്ചു. ഇരുപതാം നൂറ്റാണ്ടോടെ ലണ്ടനിലെ ചതുപ്പുനിലങ്ങളുടെ 85 ശതമാനത്തിലധികവും നഷ്ടപ്പെട്ടു. വെള്ളം വാർന്നുപോകാൻ സഹായിച്ചിരുന്ന ഈ സ്വാഭാവിക സുരക്ഷാ കവചം ലണ്ടന് ഇന്ന് ഇല്ലാതായിരിക്കുന്നു. കടൽനിരപ്പ് ഉയരുന്നതും കൊടുങ്കാറ്റുകൾ പതിവാകുന്നതും പ്രളയസാധ്യത വർദ്ധിപ്പിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ നഗരവൽക്കരിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് ലണ്ടൻ; ഇവിടുത്തെ 78 ശതമാനം ഭൂമിയും നഗരപ്രദേശമാണ്. കോൺക്രീറ്റും ടാറും കെട്ടിടങ്ങളുടെ മേൽക്കൂരകളും നിറഞ്ഞ ഉപരിതലമായതിനാൽ വെള്ളം മണ്ണിലേക്ക് ഇറങ്ങാൻ സാധിക്കുന്നില്ല. പെട്ടെന്നുണ്ടാകുന്ന മഴവെള്ളപ്പാച്ചിൽ അഴുക്കുചാലുകൾക്ക് ഉൾക്കൊള്ളാനാവുന്നതിലും അധികമാവുന്നു. കിഴക്കൻ ലണ്ടൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഇത്തരത്തിലുള്ള 'സർഫസ് വാട്ടർ റൺഓഫ്' മൂലമുണ്ടാകുന്ന പ്രളയമാണ്.

തെംസ് ബാരിയർ പോലുള്ള വലിയ സംവിധാനങ്ങൾ, നദിയിലെ ജലനിരപ്പ് ഉയരുന്നത് മൂലമുള്ള പ്രളയത്തെ തടയാൻ സഹായിക്കുന്നുണ്ടെങ്കിലും, പ്രാദേശികമായി ഉണ്ടാകുന്ന ശക്തമായ മഴവെള്ളപ്പാച്ചിലിനെ തടയാൻ അവയ്ക്കാവില്ല. ഇത്തരം നിർമ്മിതികൾക്ക് പഴക്കം ചെല്ലുന്നതോടെ അവയുടെ അറ്റകുറ്റപ്പണി ചെലവുകളും വർദ്ധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം കൊടുങ്കാറ്റുകൾ ശക്തിപ്പെടുന്ന ഈ സാഹചര്യത്തിൽ ഇവയെ മാത്രം വിശ്വസിച്ചിരിക്കുന്നത് ഭാവിയിൽ അപകടകരമാണ്.

നദികളിലെ ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കാൻ എൻവയോൺമെന്റ് ഏജൻസി പോലുള്ള പ്രത്യേക വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും, കിഴക്കൻ ലണ്ടനിലെ പലയിടങ്ങളിലും വിക്ടോറിയൻ കാലഘട്ടത്തിലെ അഴുക്കുചാൽ സംവിധാനങ്ങളാണ് ഇപ്പോഴുമുള്ളത്. കുറഞ്ഞ മഴ മാത്രം കണക്കിലെടുത്ത് അന്ന് നിർമ്മിച്ച ഇവയ്ക്ക് ഇപ്പോഴത്തെ കനത്ത മഴ താങ്ങാനാവില്ല. ഇതിനാൽ മലിനജലം കുടിവെള്ളവുമായി കലരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഓരോ വർഷവും ഏകദേശം 39 ദശലക്ഷം ടൺ സംസ്കരിക്കാത്ത മലിനജലം തെംസ് നദിയിലേക്ക് ഒഴുകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയും കിഴക്കൻ ലണ്ടൻ നേരിടുന്ന മറ്റൊരു പ്രശ്നമാണ്. സാമ്പത്തിക പ്രയാസങ്ങൾ കാരണം പലർക്കും വെള്ളപ്പൊക്കത്തെയും ജലമലിനീകരണത്തെയും നേരിടാനുള്ള കൃത്യമായ സംവിധാനങ്ങളോ സാഹചര്യങ്ങളോ ഇല്ല. ടവർ ഹാംലെറ്റ്സ് (47%), ന്യൂഹാം (45%), ഹാക്നി (45%) തുടങ്ങിയ ഇടങ്ങളിലെ ഉയർന്ന ശിശു ദാരിദ്ര്യ നിരക്ക് സൂചിപ്പിക്കുന്നത്, പലപ്പോഴും പ്രളയത്തെ നേരിടാനുള്ള മുൻകരുതലുകൾ എടുക്കാൻ ഇവിടുത്തെ ജനങ്ങൾക്ക് സാധിക്കുന്നില്ല എന്നാണ്.

കെട്ടിടങ്ങളും, മതിലുകളും ശക്തമാക്കുന്നതിന് പുറമെ, പ്രളയസാധ്യത കുറയ്ക്കാൻ പ്രകൃതിദത്തമായ വഴികളുമുണ്ട്.

നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം, പ്രകൃതിയെയും ഉൾപ്പെടുത്തിയാൽ തെംസ് നദി പോലുള്ള നഗര ജലാശയങ്ങളുടെ അതിജീവന ശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്ന്, ഞങ്ങളുടെ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. പ്രകൃതിദത്തമായ പ്രളയ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച്, ജനങ്ങളെ ലളിതമായും ക്രിയാത്മകമായും ബോധവൽക്കരിക്കുന്നത്, അത്തരം പദ്ധതികൾക്ക് വലിയ ജനപിന്തുണ ലഭിക്കാൻ സഹായിക്കുമെന്നും ഞങ്ങളുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു.

പ്രകൃതിദത്തമായ പ്രതിരോധങ്ങൾ

നദീതീരങ്ങളിലും, കെട്ടിടങ്ങളുടെ മുകൾഭാഗത്തും, അനുയോജ്യമായ സസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്, ഉപരിതലത്തിലെ മഴവെള്ളപ്പാച്ചിൽ 90 ശതമാനം വരെ വൈകിപ്പിക്കാൻ സഹായിക്കും. കോൺക്രീറ്റോ, ടാറോ ചെയ്ത പ്രതലങ്ങളെപ്പോലെ, വെള്ളത്തെ പെട്ടെന്ന് ഒഴുക്കിവിടുന്നതിന് പകരം, സസ്യങ്ങൾ ആ വെള്ളം ആഗിരണം ചെയ്യുകയും, മണിക്കൂറുകൾക്ക് ശേഷം സാവധാനം പുറത്തുവിടുകയും ചെയ്യുന്നു. ഇത് അഴുക്കുചാൽ സംവിധാനങ്ങളിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുകയും, കവിഞ്ഞൊഴുകുന്നതു മൂലമുള്ള മലിനീകരണ ഭീഷണി കുറയ്ക്കുകയും ചെയ്യുന്നു.

നെതർലാൻഡിൽ, ബസ് സ്റ്റോപ്പുകൾക്ക് മുകളിൽ ഇത്തരത്തിൽ നൂറുകണക്കിന് ഹരിത മേൽക്കൂരകൾ നിർമ്മിച്ചിട്ടുണ്ട്. ഈ ഹരിത മേൽക്കൂരകളുടെ ഓരോ ചതുരശ്ര മീറ്ററും ഏകദേശം 20 ലിറ്റർ വെള്ളം ആഗിരണം ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ പ്രളയ നിയന്ത്രണത്തിന് മാത്രമല്ല, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, തേനീച്ചകളെയും മറ്റും ആകർഷിക്കുന്നതിനും തണൽ നൽകുന്നതിനും (ഇത് കെട്ടിടങ്ങൾ അമിതമായി ചൂടാകുന്നത് തടയുന്നു) സഹായിക്കും.

ബ്രിട്ടനിലെ ബ്രൈറ്റൺ, കാർഡിഫ് തുടങ്ങിയ നഗരങ്ങളിൽ ബസ് സ്റ്റോപ്പുകളിലെ ഹരിത മേൽക്കൂരകൾ, ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. കിഴക്കൻ ലണ്ടനിലും ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നത് ഒരു നല്ല തുടക്കമായിരിക്കും.

ഈസ്റ്റ് ലണ്ടൻ വാട്ടർവർക്സ് പാർക്ക് എന്ന പേരിൽ ഒരു ചാരിറ്റി സംഘടന നടത്തുന്ന പദ്ധതി ഇതിനൊരു ഉദാഹരണമാണ്. മുമ്പ് ഉപയോഗശൂന്യമായി കിടന്നിരുന്ന ഒരു കെട്ടിട സമുച്ചയത്തെ, സ്വാഭാവിക വനമാക്കി മാറ്റുകയാണ് ഇവർ ചെയ്യുന്നത്. കോൺക്രീറ്റ് നിറഞ്ഞ ഭൂമി, നീന്തൽ കുളങ്ങളായും, ജലം ശുദ്ധീകരിക്കുന്ന കണ്ടൽക്കാടുകളായും മാറ്റുന്നതിലൂടെ പ്രളയജലം സംഭരിക്കാൻ കൂടുതൽ ഇടം ലഭിക്കുകയും, നാട്ടുകാർക്ക് പ്രകൃതിയുമായി ഇഴുകിച്ചേരാൻ ഒരു ഇടം ഒരുങ്ങുകയും ചെയ്യുന്നു.

ലണ്ടനിലെ ക്വീൻ എലിസബത്ത് ഒളിമ്പിക് പാർക്കിൽ, മുമ്പ് അവശിഷ്ടങ്ങൾ തള്ളിയിരുന്ന ഒരിടം ഇന്ന് സുസ്ഥിരമായ ഒരു അഴുക്കുചാൽ സംവിധാനമായി മാറ്റിയിരിക്കുന്നു. ചെടികളും, തണ്ണീർത്തടങ്ങളും, ചതുപ്പുനിലങ്ങളും നിറഞ്ഞ ഇടങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കനത്ത മഴയുള്ള സമയത്ത്, വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാൻ സഹായിക്കുന്നു.

ഇത്തരം പ്രകൃതിദത്തമായ ക്രമീകരണങ്ങൾ, നദികളിലേക്കുള്ള കുത്തൊഴുക്ക് തടയുന്നു. 2014-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഏകദേശം 4,000 വീടുകളെ പ്രളയത്തിൽ നിന്ന് രക്ഷിക്കാൻ ഈ പാർക്കിലെ ജലമാനേജ്‌മെന്റ് സംവിധാനത്തിന് സാധിച്ചുവെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

ലണ്ടനിലെ ജനസംഖ്യ, നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നഗരത്തിന്റെ വിഭവങ്ങളിൽ വലിയ സമ്മർദ്ദമുണ്ടാക്കുകയും അനിയന്ത്രിതമായ നഗരവൽക്കരണത്തിന്റെ പ്രത്യാഘാതങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സാമൂഹികവും, സാമ്പത്തികവുമായ അസമത്വങ്ങൾ, ജനങ്ങളെ കൂടുതൽ ദുർബലരാക്കുന്നു. അതുകൊണ്ട് തന്നെ പ്രളയസാധ്യത എന്നത്, കേവലം ഒരു പാരിസ്ഥിതിക പ്രശ്നം മാത്രമല്ല, അത് രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണ്.

നഗരങ്ങളുടെ അതിജീവന പദ്ധതികളിൽ പ്രകൃതിയെ ഉൾപ്പെടുത്തുന്നത് അപകടസാധ്യതകൾ കുറയ്ക്കാനും ജനങ്ങളെ കൂടുതൽ പ്രാപ്തരാക്കാനും സഹായിക്കും. എന്നാൽ പ്രായോഗികമായ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ്, ഏത് പരിഹാരമാർഗ്ഗമാണ് ഏറ്റവും ഫലപ്രദമെന്നതിന്റെ വ്യക്തമായ തെളിവുകൾ ഭരണാധികാരികൾക്ക് ആവശ്യമാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)