2017-ൽ മരിയ ചുഴലിക്കാറ്റ്, പ്യൂർട്ടോ റിക്കോയിൽ വിതച്ച നാശം, ആ ദ്വീപിനെ വീണ്ടും വീണ്ടും ഇരയാക്കുകയും, അവിടുത്തെ വൈദ്യുതി വിതരണ ശൃംഖലയെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ദുർബലപ്പെടുത്തുകയും ചെയ്ത ശക്തമായ കൊടുങ്കാറ്റുകളുടെ പരമ്പരയിലെ ഒരു ഭാഗമായിരുന്നു. ഐസ്റ്റോക്ക്
Climate Change

കാലാവസ്ഥാ അപകടങ്ങൾ കണക്കുകൂട്ടലുകളെക്കാൾ ഗുരുതരം: പുതിയ റിപ്പോർട്ട്

പ്രമുഖ സാമ്പത്തിക-ധനകാര്യ ചട്ടക്കൂടുകൾ പലപ്പോഴും, കാലാവസ്ഥാ വ്യതിയാനത്തെ കേവലം ഒരു ചെറിയ ആഘാതമായി മാത്രമാണ് കണക്കാക്കുന്നത്. എന്നാൽ, അടിക്കടിയുണ്ടാകുന്ന തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, വർദ്ധിച്ചുവരുന്ന അനിശ്ചിതത്വം, പ്രകൃതി-സാമ്പത്തിക വ്യവസ്ഥകൾക്ക് സംഭവിക്കാവുന്ന ശാശ്വതമായ ആഘാതം എന്നിവയെ ഇത്തരം വിലയിരുത്തലുകൾ അവഗണിക്കുന്നു.

Akshit Sangomla

  • കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന തീവ്രമായ പ്രത്യാഘാതങ്ങളെയും, വരാനിരിക്കുന്ന വലിയ അപകടസാധ്യതകളെയും, നിലവിലെ സാമ്പത്തിക-ധനകാര്യ മാതൃകകൾ വളരെ നിസ്സാരമായാണ് കാണുന്നതെന്ന് പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

  • കാലാവസ്ഥാ വ്യതിയാനം ഒരേസമയം വിവിധ മേഖലകളെയും, പ്രദേശങ്ങളെയും തകിടം മറിക്കുമെന്ന് തെളിവുകൾ ഉണ്ടായിരുന്നിട്ടും, പല ഗവേഷണങ്ങളും ഇതിനെ നിസ്സാരമായി മാത്രമാണ് പരിഗണിക്കുന്നത്.

  • ശരാശരി താപനിലയെയും ജി.ഡി.പി വളർച്ചയെയും മാത്രം അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ, തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങളെയും, സാമൂഹിക അസമത്വത്തെയും, പ്രകൃതി വ്യവസ്ഥയ്ക്കുണ്ടാകുന്ന ആഘാതങ്ങളെയും മറച്ചുവെക്കുന്നുവെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു.

  • കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക സുരക്ഷിതത്വവും വിലയിരുത്തുമ്പോൾ, നിലവിലുള്ള മാതൃകകളുടെ പരിമിതികൾ തിരിച്ചറിയണമെന്ന് നയങ്ങൾ രൂപപ്പെടുത്തുന്നവരോടും നിക്ഷേപകരോടും റിപ്പോർട്ടിന്റെ രചയിതാക്കൾ ആവശ്യപ്പെടുന്നു.

എക്‌സെറ്റർ സർവ്വകലാശാലയിലെ, ഗ്രീൻ ഫ്യൂച്ചേഴ്സ് സൊല്യൂഷൻസും സാമ്പത്തിക മേഖലയിലെ സ്വതന്ത്ര ചിന്താകേന്ദ്രമായ കാർബൺ ട്രാക്കറും ചേർന്ന് തയ്യാറാക്കിയ പുതിയ റിപ്പോർട്ട് പ്രകാരം, നിലവിലെ സാമ്പത്തിക മാതൃകകളും, അവയെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണങ്ങളും, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ഗൗരവമായി കാണുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച്, തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങളും, തിരിച്ചുപിടിക്കാനാവാത്ത മാറ്റങ്ങളിലേക്ക് നയിക്കുന്ന നിർണായക ഘട്ടങ്ങളും സൃഷ്ടിക്കുന്ന അപകടസാധ്യതകളെ ഇവ തീർത്തും കുറച്ചു കാണുന്നു.

"ധനമന്ത്രാലയങ്ങൾ, നിയന്ത്രണ ഏജൻസികൾ, ഉപദേശക സമിതികൾ, നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയെ സംബന്ധിച്ചിടത്തോളം ഈ റിപ്പോർട്ട് വിരൽചൂണ്ടുന്നത് ഒരൊറ്റ നിഗമനത്തിലേക്കാണ്," റിപ്പോർട്ടിന്റെ രചയിതാക്കൾ കുറിച്ചു. "നിലവിലുള്ള സാമ്പത്തിക-ധനകാര്യ ചട്ടക്കൂടുകളുടെ സങ്കൽപ്പങ്ങൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറത്തുള്ള വലിയൊരു അപകടസാധ്യതയാണ് കാലാവസ്ഥാ വ്യതിയാനം മുന്നോട്ടുവെക്കുന്നത്."

കാലാവസ്ഥാ പ്രതിസന്ധി: നിസ്സാരവൽക്കരിക്കപ്പെടുന്ന അപകടസാധ്യതകൾ

സാമ്പത്തിക ചട്ടക്കൂടുകളിൽ, കാലാവസ്ഥയുമായി ബന്ധപ്പെട്ട ആഘാതങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതും, അതിനാൽ തന്നെ ധനകാര്യ മേഖലയിൽ ഈ അപകടസാധ്യതകൾ കുറച്ചുകാണിക്കപ്പെടുന്നതിനും പിന്നിൽ പല കാരണങ്ങളുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളതാപനത്തെ നിലവിൽ സുസ്ഥിരമായി മുന്നോട്ടുപോകുന്ന ഒരു സാമ്പത്തിക വ്യവസ്ഥയിലുണ്ടാകുന്ന നിസ്സാരമായ ആഘാതം മാത്രമായി മിക്ക സാമ്പത്തിക ചട്ടക്കൂടുകളും കാണുന്നു എന്നതാണ് ഇതിലെ പ്രധാന പ്രശ്നമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതുമായി ബന്ധപ്പെട്ട് അറുപതോളം കാലാവസ്ഥാ ശാസ്ത്രജ്ഞരുമായി രചയിതാക്കൾ സംസാരിക്കുകയുണ്ടായി. താപനില ഉയരുമ്പോൾ, കാലാവസ്ഥാ ആഘാതങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായല്ല ഉണ്ടാകുന്നതെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. പകരം, "കാലാവസ്ഥാ വ്യതിയാനങ്ങൾ ഒരേസമയം പല മേഖലകളെയും തകർക്കും; വ്യാപാരം, ധനകാര്യം, കുടിയേറ്റം, ഭൗമരാഷ്ട്രീയം എന്നിവയിലൂടെ വിവിധ രാജ്യങ്ങളെ ഇത് പരസ്പരം ബാധിക്കും; ഒപ്പം പരിസ്ഥിതിയിലും മനുഷ്യവ്യവസ്ഥയിലും അപ്രതീക്ഷിതവും നിയന്ത്രണാതീതവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും," പഠനം പറയുന്നു.

ചുരുക്കത്തിൽ, ആഗോളതാപനത്തിന്റെ ഫലങ്ങൾ ചില മേഖലകളിലെ ഉൽപ്പാദനം കുറയ്ക്കുന്ന വെറുമൊരു ആഘാതം മാത്രമല്ല, മറിച്ച് നിലവിലുള്ള സാമ്പത്തിക വ്യവസ്ഥകളെത്തന്നെ പുനർനിർമ്മിക്കുന്ന ഒന്നാണ്. ആളുകൾക്ക് എവിടെ താമസിക്കാം, എന്തൊക്കെ ഉൽപ്പാദിപ്പിക്കാം, അടിസ്ഥാന സൗകര്യങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കാം, ഏതൊക്കെ പ്രദേശങ്ങൾ സാമ്പത്തികമായി നിലനിൽക്കും എന്നതിനെയെല്ലാം ഇത് മാറ്റിമറിക്കും.

അപകടസാധ്യതകളുടെ കണക്കുകൂട്ടലിൽ അവഗണിക്കപ്പെടുന്ന ദുരന്തങ്ങൾ

സാമ്പത്തിക മാതൃകകൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ വിലയിരുത്തുന്ന രീതിയിലെ പോരായ്മയാണ് രണ്ടാമത്തെ ദൗർബല്യം. ആളുകളും വിപണികളും ഉഷ്ണതരംഗങ്ങൾ, പ്രളയം, വരൾച്ച തുടങ്ങിയ തീവ്ര സംഭവങ്ങളിലൂടെയാണ് കാലാവസ്ഥാ വ്യതിയാനത്തെ അനുഭവിക്കുന്നത്. എന്നാൽ മിക്ക മാതൃകകളും ആഗോള ഉപരിതല താപനിലയിലെ ശരാശരി മാറ്റങ്ങളെ മാത്രമാണ് അപകടസാധ്യതകളുമായി ബന്ധിപ്പിക്കുന്നത്. ഇത്തരം തീവ്രമായ സാഹചര്യങ്ങൾ പൊതുവെ അവഗണിക്കപ്പെടുകയാണ് പതിവെന്ന് റിപ്പോർട്ട് പറയുന്നു.

2021-ലെ ടെക്സസ് ശീതക്കാറ്റാണ് ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ആഗോള താപനിലയുടെ ശരാശരി കണക്കുകളിൽ ഇത് വലിയ മാറ്റമുണ്ടാക്കിയില്ലെങ്കിലും, വൈദ്യുതി വിതരണ ശൃംഖല തകരാറിലായതോടെ ദശലക്ഷക്കണക്കിന് ആളുകൾ ഇരുട്ടിലാവുകയും ഏകദേശം 195 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുകയും ചെയ്തു.

"മരണനിരക്ക് വർദ്ധിക്കുന്നതിനും, ഉൽപ്പാദനക്ഷമത കുറയുന്നതിനും, അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയ്ക്കും, രാഷ്ട്രീയ അസ്ഥിരതയ്ക്കും ഇത്തരം തീവ്ര സാഹചര്യങ്ങൾ കാരണമാകുന്നു. എന്നാൽ ശരാശരി താപനിലയെ അടിസ്ഥാനമാക്കിയുള്ള അളവുകോലുകൾക്ക് ഈ ആഘാതങ്ങളെ കൃത്യമായി രേഖപ്പെടുത്താൻ കഴിയില്ല," റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഭാവിയിൽ ആഗോളതാപനം വർദ്ധിക്കുമ്പോൾ, ഇത്തരത്തിലുള്ള സംഭവങ്ങൾ ഉയർത്തുന്ന ഭീഷണി കൂടുതൽ നിർണ്ണായകമാകും. "സാമ്പത്തിക സ്ഥിരതയുടെ കാഴ്ചപ്പാടിൽ നോക്കിയാൽ, ശരാശരി ഫലങ്ങളല്ല, മറിച്ച് ഇത്തരം തീവ്രമായ സാഹചര്യങ്ങളാണ് വ്യവസ്ഥാപിതമായ അപകടസാധ്യതകൾക്ക് പ്രധാന കാരണമാകുന്നത്," റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

യഥാർത്ഥ നഷ്ടങ്ങൾ തിരിച്ചറിയുന്നതിൽ ജി.ഡി.പി പരാജയപ്പെടുന്നു

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങൾ അളക്കാൻ, ജി.ഡി.പി (GDP) എന്ന ഏക മാനദണ്ഡത്തെ മാത്രം ആശ്രയിക്കുന്നതിനെ ഈ റിപ്പോർട്ട് ചോദ്യം ചെയ്യുന്നു.

"മനുഷ്യരുടെ മരണങ്ങൾ, വിഭവ വിതരണത്തിലുണ്ടാകുന്ന മാറ്റങ്ങൾ, അസമത്വം, സാംസ്കാരികമായ നഷ്ടങ്ങൾ, പലായനം, ആവാസവ്യവസ്ഥയുടെ തകർച്ച, സാമൂഹിക ജീവിതത്തിലുണ്ടാകുന്ന തടസ്സങ്ങൾ എന്നിവയൊന്നും പ്രതിഫലിപ്പിക്കാൻ ജി.ഡി.പിക്ക് കഴിയില്ല. ചില സന്ദർഭങ്ങളിൽ, ദുരന്തങ്ങൾക്ക് ശേഷമുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി പണം ചിലവഴിക്കുമ്പോൾ ജി.ഡി.പി ഉയരുന്നതായി പോലും കാണപ്പെട്ടേക്കാം; ഇത് യഥാർത്ഥത്തിൽ സംഭവിച്ച ജനക്ഷേമത്തിലെ ഇടിവിനെ പൂർണ്ണമായും മറച്ചുവെക്കുന്നു," എന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.

യഥാർത്ഥത്തിൽ അപകടസാധ്യതകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും, സാമ്പത്തിക വിദഗ്ധർക്കും, ധനകാര്യ വിശകലന വിദഗ്ധർക്കും ഒരു വ്യാജ സുരക്ഷിതത്വബോധം നൽകാൻ ഇത് കാരണമാകുന്നു. "ജനങ്ങളുടെ യഥാർത്ഥ ജീവിതസാഹചര്യങ്ങളും, ദീർഘകാല സാമൂഹിക സുസ്ഥിരതയും കൂടുതൽ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന പുതിയ മാനദണ്ഡങ്ങൾ ജി.ഡി.പിക്ക് പകരമായോ, അനുബന്ധമായോ ആവശ്യമാണെന്ന കാര്യത്തിൽ കാലാവസ്ഥാ വിദഗ്ധർക്കിടയിൽ ശക്തമായ യോജിപ്പുണ്ട്," എന്ന് റിപ്പോർട്ടിൽ പറയുന്നു.

കൂട്ടമായുണ്ടാകുന്ന ആഘാതങ്ങളും നിർണായക വഴിത്തിരിവുകളും അവഗണിക്കുന്നു

മറ്റൊരു വലിയ പോരായ്മ, സംയുക്ത അപകടസാധ്യതകളെ കണക്കിലെടുക്കാത്തതാണു - അതിജീവിക്കാൻ സമയം കിട്ടുന്നതിന് മുമ്പേ തന്നെ ഒരു പ്രദേശം, വീണ്ടും വീണ്ടും തീവ്രമായ പ്രശ്നങ്ങളെ നേരിടുന്ന സാഹചര്യം. ഇത്തരം ആഘാതങ്ങൾ, ഭക്ഷ്യ സംവിധാനങ്ങളെയും വിതരണ ശൃംഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ദുർബലപ്പെടുത്തുകയും, മേഖലകൾക്കപ്പുറം ദീർഘകാലത്തേക്ക് പ്രതികൂല പ്രതിഫലങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു

2017-ൽ ഇർമ, മരിയ എന്നീ ചുഴലിക്കാറ്റുകളും തുടർന്ന് 2022-ൽ ഫിയോണ ചുഴലിക്കാറ്റും ആഞ്ഞടിച്ച പ്യൂർട്ടോ റിക്കോയുടെ ഉദാഹരണമാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. "ഓരോ ദുരന്തവും മുൻപത്തേതിൽ നിന്ന് പൂർണ്ണമായി മുക്തമാകുന്നതിന് മുൻപാണ് സംഭവിച്ചത്. ഇത് അവിടുത്തെ വൈദ്യുതി വിതരണ ശൃംഖലയെയും മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ഘട്ടംഘട്ടമായി തകർത്തു," എന്ന് റിപ്പോർട്ട് പറയുന്നു.

ഊർജ്ജം, ഭൂവിനിയോഗം എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക വ്യവസ്ഥകളും പരിസ്ഥിതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതി വ്യവസ്ഥകളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ സാമ്പത്തിക വിദഗ്ധർ ഉപയോഗിക്കുന്ന 'സ്റ്റാൻഡേർഡ് ഇന്റഗ്രേറ്റഡ് അസസ്മെന്റ് മോഡലുകൾ' (IAM) അടിസ്ഥാനപരമായ ഒരു പ്രശ്നം നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

താപനില എത്ര മാറിയാലും അനിശ്ചിതത്വം (Uncertainty) ഒരേപോലെ തുടരുമെന്നാണ് ഈ മാതൃകകൾ പലപ്പോഴും കരുതുന്നത്. എന്നാൽ യഥാർത്ഥത്തിൽ താപനില കൂടുന്നതിനനുസരിച്ച് അനിശ്ചിതത്വവും വർദ്ധിക്കുന്നു. "കാലാവസ്ഥാ വ്യവസ്ഥ അതിന്റെ പഴയ സാഹചര്യങ്ങളിൽ നിന്ന് എത്രത്തോളം അകലുന്നുവോ, അത്രത്തോളം ശാരീരിക മാറ്റങ്ങൾ പ്രവചനാതീതമാകും. അപ്പോൾ സാമൂഹിക-സാമ്പത്തിക പ്രതികരണങ്ങൾ മാതൃകയാക്കുന്നത് കഠിനമാവുകയും, മുൻപില്ലാത്ത വിധത്തിലുള്ള പ്രത്യാഘാതങ്ങൾക്കുള്ള സാധ്യത കൂടുകയും ചെയ്യും. ചുരുക്കത്തിൽ, ആഗോളതാപനം കൂടുന്നതിനനുസരിച്ച് അനിശ്ചിതത്വത്തിന്റെ ആഴവും കൂടുന്നു," എന്ന് റിപ്പോർട്ടിൽ പറയുന്നു.

അന്റാർട്ടിക്, ഗ്രീൻലാൻഡ് മഞ്ഞുപാളികളുടെ തകർച്ച, വനമേഖലകളിലെ മാറ്റങ്ങൾ, അറ്റ്ലാന്റിക് സമുദ്രജല പ്രവാഹത്തിലുണ്ടാകുന്ന (AMOC) മാറ്റങ്ങൾ തുടങ്ങിയ നിർണായക ഘട്ടങ്ങൾ മറികടക്കുമ്പോഴുണ്ടാകുന്ന അപ്രതീക്ഷിതവും ശാശ്വതവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നിലവിൽ കാര്യമായ കണക്കുകൂട്ടലുകൾ നടക്കുന്നില്ല.

"ഒരിക്കൽ സംഭവിച്ചു കഴിഞ്ഞാൽ മാറ്റിയെടുക്കാൻ കഴിയാത്ത പരിസ്ഥിതി ആഘാതങ്ങളായിരിക്കും ഇത്തരം 'ടിപ്പിംഗ് പോയിന്റുകൾ' ഭൂമിയിൽ ഉണ്ടാക്കുക". ഇത് സാമ്പത്തിക രംഗത്ത് വലിയ തകർച്ചയ്ക്കും, എല്ലാ മേഖലകളെയും ബാധിക്കുന്ന പ്രത്യാഘാതങ്ങൾക്കും കാരണമാകും. കാര്യങ്ങൾ കൃത്യമായ ക്രമത്തിൽ, തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകുമെന്ന് കരുതുന്ന, പരമ്പരാഗത സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന കണക്കുകൂട്ടലുകളെത്തന്നെ ഇത് പാടെ തെറ്റിക്കും.

നയരൂപീകരണത്തിൽ ജാഗ്രത അനിവാര്യമാണ്

ആഗോളതാപനം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ, സാമ്പത്തിക മാതൃകകൾ നൽകുന്ന വിവരങ്ങളെ വെറും പ്രവചനങ്ങളായി കാണരുതെന്നും, ഈ സംവിധാനങ്ങൾ നൽകുന്ന കൃത്യത, അവയുടെ വിശ്വാസ്യതയായി തെറ്റിദ്ധരിക്കരുതെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

"വ്യവസ്ഥാപിതമായ അപകടസാധ്യതകളെയും, പുനരുപയോഗ ഊർജ്ജ നിക്ഷേപങ്ങളുടെ നേട്ടങ്ങളെയും അവഗണിക്കുന്ന, ഇത്തരം പരിമിതികൾ സ്ഥാപനങ്ങൾ തുറന്നു സമ്മതിക്കണം. തെറ്റായ ഈ വിവരങ്ങളെ നയരൂപീകരണത്തിനുള്ള അടിസ്ഥാനമായി മാറ്റാൻ അനുവദിക്കരുത്," എന്ന് രചയിതാക്കൾ കുറിച്ചു.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകടങ്ങൾ കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഗ്രീൻ ഫ്യൂച്ചേഴ്‌സ് സൊല്യൂഷൻസിലെ സീനിയർ ഇംപാക്ട് ഫെലോയും, റിപ്പോർട്ടിന്റെ പ്രധാന രചയിതാവുമായ ജെസ്സി എബ്രാംസ് പറയുന്നത് ഇങ്ങനെയാണ്: "താപനില 2 ഡിഗ്രി സെൽഷ്യസിനു മുകളിൽ പോയാൽ, കാര്യങ്ങൾ ലളിതമായി പരിഹരിക്കാവുന്ന സാമ്പത്തിക ക്രമീകരണങ്ങൾ കൊണ്ട് ഒതുങ്ങില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് വ്യക്തമായി അറിയാം."

"ഞങ്ങൾ സർവ്വേ നടത്തിയ ശാസ്ത്രജ്ഞരുടെ നിലപാട് വ്യക്തമാണ്: നിലവിലെ സാമ്പത്തിക മാതൃകകൾ കാലാവസ്ഥാ പ്രത്യാഘാതങ്ങളെ വളരെ കുറച്ചാണ് കാണുന്നത്. ഒന്നിനുപുറകെ ഒന്നായുണ്ടാകുന്ന തകർച്ചകൾ, മാറ്റങ്ങൾ തിരിച്ചുപിടിക്കാനാവാത്ത ഘട്ടങ്ങൾ, ആവർത്തിച്ചുള്ള ആഘാതങ്ങൾ, എന്നിവ ഈ മാതൃകകളിൽ ഉൾക്കൊള്ളാൻ കഴിയില്ല. ഇവയാണ് ഭാവിയിലെ സാമ്പത്തിക വളർച്ചയുടെ അടിത്തറയെത്തന്നെ ഇളക്കാൻ പോകുന്നത്." അദ്ദേഹം പറഞ്ഞു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)