2024-ൽ, നമ്മൾ ഒരിക്കലും ലംഘിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത ഒരു അതിര് ലോകം കടന്നു.
പാരീസ് കരാർ നിശ്ചയിച്ച നിർണായകമായ 1.5 ഡിഗ്രി സെൽഷ്യസ് പരിധിയും കടന്ന് ആഗോള താപനില ഉയർന്നത് ചരിത്രത്തിലാദ്യമായാണ്. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) പുറത്തിറക്കിയ 'ലിമിറ്റിങ് ഓവർഷൂട്ട്' (Limiting Overshoot) എന്ന പുതിയ റിപ്പോർട്ട്, 1.5°C ആഗോള താപന പരിധി നമ്മൾ മറികടക്കുമെന്ന ഒഴിവാക്കാനാവാത്ത യാഥാർത്ഥ്യം അംഗീകരിക്കാൻ ലോകസമൂഹത്തോട് ആവശ്യപ്പെടുന്നു. വരും വർഷങ്ങളിൽ 1.5 ഡിഗ്രി പരിധി ലംഘിക്കപ്പെടും എന്നത് നമ്മുടെ പുതിയ യാഥാർത്ഥ്യമാണെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ റിപ്പോർട്ട് നൽകുന്നത്. അതിജീവിക്കാൻ, 'അതിലംഘനം, പരമാവധിയിലെത്തൽ, ക്രമാനുഗതമായ കുറവ്' (Overshoot, Peak, and Decline) എന്നീ ഘട്ടങ്ങളിലൂടെയുള്ള പാത നാം പിന്തുടരണം.
ഇതിനെ ഒരു പനി പോലെ സങ്കൽപ്പിക്കുക. ആദ്യം 'അതിലംഘനം' സംഭവിക്കുന്നു - അതായത് നമ്മൾ താത്കാലികമായി 1.5 ഡിഗ്രി പരിധി കടക്കുന്നു. രണ്ടാമതായി, ഈ താപനിലയെ നമ്മൾ 'പരമാവധിയിൽ' തടഞ്ഞുനിർത്തണം; ഈ പനിയെ 2 ഡിഗ്രി സെൽഷ്യസിന് താഴെയായി നിർത്താനും, അതിന്റെ ദൈർഘ്യം പരമാവധി കുറയ്ക്കാനും നാം ശ്രമിക്കണം. എന്നാൽ നിലവിലെ കാലാവസ്ഥാ നയങ്ങൾ അനുസരിച്ച്, 2100 ആകുമ്പോഴേക്കും ശരാശരി ആഗോള താപവർദ്ധനവ് 2.6°C വരെ എത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അവസാനമായി, 'കുറവ്' സംഭവിക്കുന്നു - നെറ്റ് സീറോ കൈവരിച്ചും, മീഥെയ്ൻ പോലുള്ള ഹരിതഗൃഹ വാതകങ്ങൾ വെട്ടിക്കുറച്ചും, അന്തരീക്ഷത്തിൽ നിന്ന് കാർബൺ നേരിട്ട് വേർതിരിച്ചെടുത്തും നമ്മൾ താപനിലയെ താഴേക്ക് കൊണ്ടുവരുന്നു.
ഇതിന്റെ പ്രത്യാഘാതങ്ങൾ ഭാവിയിലെ പ്രവചനങ്ങൾ മാത്രമല്ല, ഇപ്പോൾ നമ്മുടെ മുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ യാഥാർത്ഥ്യങ്ങളാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)