വാഹനങ്ങളിൽ നിന്നുള്ള പുക പൂർണ്ണമായും ഇല്ലാതാക്കുന്നത് വഴി 2050-ഓടെ ഇന്ത്യയിൽ 17 ലക്ഷം (1.7 മില്യൺ) അകാല മരണങ്ങൾ തടയാൻ കഴിയുമെന്ന് ഗവേഷണ സംഘടനയായ ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടിന്റെ (ICCT) പുതിയ വിലയിരുത്തൽ വ്യക്തമാക്കുന്നു.
'2050 വരെയുള്ള പുകയില്ലാത്ത ഗതാഗതത്തിന്റെ ആരോഗ്യ നേട്ടങ്ങൾ' എന്ന പഠനം, 2050-ഓടെ പൂർണ്ണമായും പുകയില്ലാത്ത ഗതാഗതത്തിലേക്ക് മാറുകയാണെങ്കിൽ ഇന്ത്യയ്ക്ക് കൈവരിക്കാൻ കഴിയുന്ന ആരോഗ്യപരമായ നേട്ടങ്ങളെയാണ് കണക്കാക്കുന്നത്. ഇന്ത്യ ഗതാഗത മേഖല പൂർണ്ണമായും വൈദ്യുതീകരിക്കുകയാണെങ്കിൽ, റോഡ് ഗതാഗത മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളും രോഗങ്ങളും കുത്തനെ കുറയ്ക്കാൻ ഇത്തരം ഒരു മാറ്റത്തിന് കഴിയും.
റോഡ് ഗതാഗതത്തിൽ നിന്നുള്ള മലിനീകരണം ഇന്ത്യയിൽ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി ഉയർന്നുവന്നിട്ടുണ്ട്. 2024-ൽ ഓരോ ആറ് മിനിറ്റിലും സംഭവിക്കുന്ന ഒരു അകാല മരണത്തിനും, ഓരോ 34 മിനിറ്റിലും കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു പുതിയ ആസ്ത്മ കേസിനും കാരണം റോഡ് മലിനീകരണമാണെന്ന് പഠനം പറയുന്നു. റോഡ് ഗതാഗതത്തിൽ നിന്നുള്ള മലിനീകരണം മൂലമുണ്ടാകുന്ന ആഗോള അകാല മരണങ്ങളിൽ 13 ശതമാനവും ഇന്ത്യയിലാണ് സംഭവിക്കുന്നത്.
ദേശീയ തലസ്ഥാന മേഖലയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി
റോഡ് ഗതാഗതത്തിൽ നിന്നുള്ള വായുമലിനീകരണത്തിന്റെ ആരോഗ്യ ഭീഷണി ഇന്ത്യയിലുടനീളം വ്യത്യസ്തമാണ്. "രാജ്യത്തെ ജനസംഖ്യയുടെ 5 ശതമാനം മാത്രം വസിക്കുന്ന ദേശീയ തലസ്ഥാന മേഖലയിലാണ് (NCR) റോഡ് ഗതാഗത മലിനീകരണം മൂലം കുട്ടികളിലുണ്ടാകുന്ന ആസ്ത്മ കേസുകളിൽ നാലിലൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തങ്ങളുടെ ദൈനംദിന ജീവിതത്തിനിടയിൽ ട്രാഫിക് മലിനീകരണത്തിന് ഇരയാകുന്ന കുട്ടികളാണിവർ," പഠനത്തിന്റെ സഹ-രചയിതാവും ICCT സീനിയർ ഗവേഷകനുമായ ലിംഗ്സി ജിൻ പറഞ്ഞു.
ദേശീയ തലസ്ഥാന മേഖലയിൽ, റോഡ് ഗതാഗത മലിനീകരണം കാരണം 2024-ൽ മാത്രം ഡൽഹിയിൽ 2,800 അകാല മരണങ്ങളും കുട്ടികളിൽ 1,500 പുതിയ ആസ്ത്മ കേസുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ICCT വ്യക്തമാക്കുന്നു. എൻ.സി.ആറിലെ കടുത്ത മലിനീകരണമുള്ള പ്രദേശങ്ങളിൽ, എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വായുമലിനീകരണത്തിനായി ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള വാർഷിക NO₂ (നൈട്രജൻ ഡയോക്സൈഡ്) പരിധിയായ ക്യൂബിക് മീറ്ററിന് 10 മൈക്രോഗ്രാം എന്ന തോതിനേക്കാൾ കൂടുതലാണ് റോഡ് ഗതാഗതം വഴി മാത്രം ഉണ്ടാകുന്നത്.
"അതിരൂക്ഷമായ മലിനീകരണ ഭീഷണിയുള്ള ഈ പ്രദേശങ്ങളിൽ പുകയില്ലാത്ത വാഹനങ്ങളിലേക്കുള്ള (Zero-Emission Vehicles) മാറ്റം വേഗത്തിലാക്കുന്നത് പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ഏറ്റവും direct ആയ വഴികളിലൊന്നാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ വാഹനങ്ങളാണ് പ്രധാന വില്ലൻ
വലിയ വാഹനങ്ങളിൽ (Heavy Vehicles) നിന്നുള്ള മലിനീകരണത്തെക്കുറിച്ച് ICCT പഠനം മുന്നറിയിപ്പ് നൽകുന്നു. കാരണം, "2024-ൽ ഇന്ത്യയിലെ റോഡ് ഗതാഗതത്തിൽ നിന്നുള്ള പുകയിലെ NOx (നൈട്രജൻ ഓക്സൈഡ്) മലിനീകരണത്തിന്റെ 79 ശതമാനത്തിനും PM₂.₅ മലിനീകരണത്തിന്റെ 64 ശതമാനത്തിനും കാരണം വലിയ വാഹനങ്ങളായിരുന്നു."
ഗതാഗത മേഖലയിൽ പൂജ്യം-ഉദ്‌വമനം കൈവരിക്കുന്നതിനുള്ള പാതയിൽ, ഇലക്ട്രിക് ട്രക്കുകളിലേക്കും ബസുകളിലേക്കും വേഗത്തിൽ മാറാൻ ICCT ശുപാർശ ചെയ്യുന്നു. ICCT ഗവേഷകനായ മൂർത്തി നായർ പറയുന്നു: "ഇന്ത്യയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്ക് റോഡ് ഗതാഗതം ഒരു പ്രധാന കാരണമായി തുടരുന്നു. അർത്ഥവത്തായ മാറ്റമുണ്ടാക്കാൻ, പുകയില്ലാത്ത വാഹനങ്ങളുടെ ഉപയോഗം വേഗത്തിലാക്കുകയും, നിയന്ത്രണങ്ങളിലൂടെ പഴക്കമുള്ളതും ഉയർന്ന മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കുകയും വേണം."
ICCT ഇന്ത്യ മാനേജിംഗ് ഡയറക്ടർ അമിത് ഭട്ട് ഇത് ശരിവെയ്ക്കുന്നു: "ലാബുകളിൽ പരിശോധിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ വളരെ ഉയർന്ന അളവിലാണ് റോഡുകളിൽ ഓടുമ്പോൾ വാഹനങ്ങൾ യഥാർത്ഥത്തിൽ മലിനീകരണമുണ്ടാക്കുന്നത്. വാഹനങ്ങളിൽ നിന്നുള്ള പുക പൂർണ്ണമായി ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി വൈദ്യുതീകരണം (Electrification) മാത്രമാണ്. ഗതാഗതവുമായി ബന്ധപ്പെട്ട വായുമലിനീകരണം കുറയ്ക്കുന്നതിനും അതുവഴിയുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും പുകയില്ലാത്ത വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കേണ്ടത് അത്യാവശ്യമാണ്."
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)