ലോകമെമ്പാടും ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്നതും ജനപ്രീതിയുള്ളതുമായ പഴമാണ് വാഴപ്പഴം. വർഷങ്ങളായി വാഴക്കൃഷി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ 'പനാമ' രോഗത്തെ (Panama disease), ഒടുവിൽ ശാസ്ത്രീയമായി മറികടക്കാൻ വഴി തെളിയുന്നു.
ലോകത്ത് കയറ്റുമതി ചെയ്യപ്പെടുന്ന വാഴപ്പഴങ്ങളിൽ ഭൂരിഭാഗവും 'കാവൻഡിഷ്' (Cavendish) എന്ന ഒരൊറ്റ ഇനത്തിൽപ്പെട്ടതാണ്. ഈ ഇനത്തിന് ജനിതകപരമായ വൈവിധ്യങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ, രോഗബാധയേൽക്കാൻ സാധ്യത കൂടുതലാണ്. മണ്ണിലൂടെ പകരുന്നതും വാഴകളുടെ നാശത്തിന് കാരണമാകുന്നതുമായ ഒന്നാണ് ഫ്യൂസേറിയം വിൽറ്റ് (Fusarium wilt) അഥവാ പനാമ രോഗം. ഇതിന്റെ അതിതീവ്രമായ 'റേസ് 4' (Race 4) വിഭാഗമാണ് ലോകമെമ്പാടുമുള്ള കാവൻഡിഷ് വാഴകളെ നശിപ്പിക്കുന്നത്.
ഈ രോഗം ബാധിച്ചാൽ, വാഴകൾ വാടിക്കരിഞ്ഞു പോവുകയും, വരുംകാല കൃഷികളെക്കൂടി ബാധിക്കുന്ന തരത്തിൽ രോഗാണുക്കൾ മണ്ണിൽ അവശേഷിക്കുകയും ചെയ്യും.
എന്നാൽ, ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ശാസ്ത്രജ്ഞർ. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ ആൻഡ്രൂ ചെൻ, എലിസബത്ത് ഐറ്റ്കെൻ എന്നിവരും അവരുടെ സംഘവും ഈ രോഗത്തെ (STR4) പ്രതിരോധിക്കാൻ ശേഷിയുള്ള ജനിതക മേഖല തിരിച്ചറിഞ്ഞതായി സർവകലാശാല പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അഞ്ചുവർഷം നീണ്ടുനിന്ന കഠിനമായ പരിശ്രമത്തിനൊടുവിലാണ് ഗവേഷക സംഘം ഈ നേട്ടം കൈവരിച്ചത്. ഇതിനായി ജനിതക ഘടനയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളും (Genome sequencing), രോഗബാധയെക്കുറിച്ചുള്ള കൃത്യമായ പരിശോധനകളും അവർ ഉപയോഗപ്പെടുത്തി.
"കൽക്കട്ട 4 (Calcutta 4) എന്ന പേരുള്ള ഒരു കാട്ടുവാഴയിനത്തിലാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതെന്ന് ഞങ്ങൾ കണ്ടെത്തി. വളരെ പെട്ടെന്ന് വംശവർദ്ധനവ് നടത്താൻ കഴിവുള്ള ഈ കാട്ടുവാഴയെ, രോഗം എളുപ്പത്തിൽ ബാധിക്കുന്ന മറ്റ് ഇനം വാഴകളുമായി സങ്കലനം (Crossing) ചെയ്യിച്ചാണ് ഞങ്ങൾ ഈ വിജയം നേടിയത്," എന്ന് ഗവേഷകനായ ചെൻ വിശദീകരിച്ചു.
മനുഷ്യരിൽ ആകെ 46 ക്രോമോസോമുകൾ (23 ജോഡികൾ) ഉള്ളതുപോലെ, ഓരോ മാതാപിതാക്കളിൽ നിന്നും ലഭിച്ച രണ്ട് സമ്പൂർണ്ണ ക്രോമോസോം സെറ്റുകൾ അടങ്ങിയവയാണ് 'ഡിപ്ലോയ്ഡ്' (Diploid) കോശങ്ങൾ.
"പുതിയ തലമുറയിൽപ്പെട്ട വാഴച്ചെടികളിൽ, പനാമ രോഗകാരിയെ (STR4) കടത്തിവിട്ട ശേഷം, അതിനെ അതിജീവിച്ചവയുടെയും നശിച്ചുപോയവയുടെയും ഡിഎൻഎ ഞങ്ങൾ താരതമ്യം ചെയ്തു. ഇതിലൂടെ, 'കൽക്കട്ട 4' എന്ന വാഴയിനത്തിലെ അഞ്ചാം നമ്പർ
ക്രോമോസോമിലാണ് ഈ രോഗപ്രതിരോധശേഷി ഒളിഞ്ഞിരിക്കുന്നതെന്ന് ഞങ്ങൾക്ക് കണ്ടെത്താനായി," ചെൻ വിശദീകരിച്ചു.
ഓരോ തവണയും വാഴകൾ സങ്കലനം (Crossing) ചെയ്ത് പുതിയ തൈകൾ ഉണ്ടായ ശേഷം, അവയെ കുറഞ്ഞത് 12 മാസമെങ്കിലും വളർത്തേണ്ടതുണ്ട്. അതിനുശേഷം മാത്രമേ അവയുടെ പ്രതിരോധശേഷി പരിശോധിക്കാനും വീണ്ടും വംശവർദ്ധനവിനായി ഉപയോഗിക്കാനും സാധിക്കൂ എന്ന് സർവകലാശാലയുടെ പ്രസ്താവനയിൽ പറയുന്നു.
നിർണ്ണായകമായ ജനിതക പ്രതിരോധ ശേഷിയുള്ളതിനാലാണ് 'കൽക്കട്ട 4' തിരഞ്ഞെടുത്തത്. എന്നാൽ ഇത് കഴിക്കാൻ അത്ര രുചികരമല്ലാത്തതിനാൽ, നേരിട്ട് വിപണിയിൽ എത്തിക്കാൻ അനുയോജ്യമല്ലെന്നും ചെൻ ചൂണ്ടിക്കാട്ടി.
"രോഗലക്ഷണങ്ങൾ പുറത്തുവരുന്നതിന് മുൻപുതന്നെ തൈകളിലെ പ്രതിരോധ ശേഷി തിരിച്ചറിയാനുള്ള 'മോളികുലാർ മാർക്കറുകൾ' (Molecular markers) വികസിപ്പിക്കുകയാണ് അടുത്ത ഘട്ടം. ഇത് പുതിയ ഇനങ്ങൾ വികസിപ്പിക്കാനുള്ള സമയം കുറയ്ക്കുകയും, ചിലവ് ലാഭിക്കുകയും ചെയ്യും. അന്തിമമായി, കഴിക്കാൻ രുചിയുള്ളതും കൃഷി ചെയ്യാൻ എളുപ്പമുള്ളതും സ്വാഭാവികമായി തന്നെ രോഗപ്രതിരോധ ശേഷിയുള്ളതുമായ ഒരു വാഴയിനം വികസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം," അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്റ്റ്യൻ എയിഡ് (Christian Aid) 2025-ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടുമുള്ള 40 കോടിയിലധികം ആളുകൾ അവരുടെ ദൈനംദിന ഭക്ഷണത്തിന്റെ 15 മുതൽ 27 ശതമാനം വരെ വാഴപ്പഴത്തെയാണ് ആശ്രയിക്കുന്നത്.
'ഹോർട്ടികൾച്ചർ റിസർച്ച്' (Horticulture Research) എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെന്നിനും, ഐറ്റ്‌കെനും പുറമെ രാജീവ് കെ. വാർഷ്ണി ഉൾപ്പെടെയുള്ള പ്രമുഖ ഗവേഷകരും ഈ പഠനത്തിന്റെ ഭാഗമാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)