നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്പ്‌മെന്റ് (നബാർഡ്) നടത്തുന്ന ദ്വൈമാസ സർവേയായ 'റൂറൽ എക്കണോമിക് കണ്ടീഷൻസ് & സെന്റിമെന്റ്സ് സർവേ' അനുസരിച്ച്, ഇന്ത്യയിലെ പകുതിയിലധികം ഗ്രാമീണ കുടുംബങ്ങളിലും കഴിഞ്ഞ വർഷം വരുമാനത്തിൽ യാതൊരു വർദ്ധനവും ഉണ്ടായിട്ടില്ല. സർവേയിൽ പങ്കെടുത്ത കുടുംബങ്ങളിൽ അഞ്ചിലൊന്ന് പേരും കഴിഞ്ഞ വർഷം തങ്ങളുടെ വരുമാനത്തിൽ ഇടിവുണ്ടായതായി രേഖപ്പെടുത്തി.
ജീവിതച്ചെലവ് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും ഗ്രാമീണ വരുമാനം വർദ്ധിക്കാതെ സ്തംഭനാവസ്ഥയിലാണെന്നാണ് സർവേ സൂചിപ്പിക്കുന്നത്.
2024 സെപ്തംബർ മുതലാണ് നബാർഡ് ഈ സർവേ നടത്തിവരുന്നത്. മുൻകാലങ്ങളിലെ സാമ്പത്തിക സ്ഥിതിയും കുടുംബങ്ങളുടെ സാമ്പത്തിക മനോഭാവവും ഒരുപോലെ ഈ സർവേ രേഖപ്പെടുത്തുന്നു.
മൺസൂണിന്റെയും വിതയ്ക്കലിന്റെയും ആദ്യ മാസത്തോട് അനുബന്ധിച്ച് 2026 ജൂൺ അവസാന വാരത്തിലും 2026 ജൂലൈ ആദ്യ വാരത്തിലുമായി നടത്തിയ സർവേ അനുസരിച്ച്, ഏകദേശം 53 ശതമാനം കുടുംബങ്ങളും മുൻ വർഷത്തെ അപേക്ഷിച്ച് തങ്ങളുടെ വരുമാനത്തിൽ മാറ്റമൊന്നുമില്ലെന്ന് വ്യക്തമാക്കി; 20 ശതമാനത്തോളം പേർ വരുമാനം കുറഞ്ഞതായി പറഞ്ഞപ്പോൾ 28 ശതമാനത്തോളം പേർ വരുമാനം വർദ്ധിച്ചതായി രേഖപ്പെടുത്തി.
“കഴിഞ്ഞ വർഷത്തിൽ വരുമാന വർദ്ധനവ് രേഖപ്പെടുത്തിയ ഗ്രാമീണ കുടുംബങ്ങളുടെ അനുപാതം 2025 നവംബറിലെ സർവേ മുതൽ തുടർച്ചയായ ഇടിവ് കാണിക്കുന്നുണ്ട്. ഇത് 2026 ജൂലൈയിൽ 27.7 ശതമാനത്തിലെത്തി - സർവേ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്,” എന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതായത്, നാലിൽ മൂന്ന് ഭാഗത്തോളം കുടുംബങ്ങൾക്കും വരുമാനത്തിൽ യാതൊരു വർദ്ധനവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, വരുമാനത്തിൽ ഇടിവുണ്ടായതായി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. വരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കുന്ന കുടുംബങ്ങളുടെ അനുപാതം 2026 ജനുവരിയിലെ സർവേയ്ക്ക് ശേഷം വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. നബാർഡിന്റെ ജനുവരിയിലെ സർവേയിൽ ഏകദേശം 43 ശതമാനം കുടുംബങ്ങളാണ് വരുമാനത്തിൽ "മാറ്റമില്ല" എന്ന് രേഖപ്പെടുത്തിയത്. ജൂലൈയിൽ ഇത് 53 ശതമാനമായി ഉയർന്നത് 10 ശതമാനത്തിന്റെ വർദ്ധനവാണ് കാണിക്കുന്നത്.
ഉപഭോഗ ചെലവുകളുമായി ചേർത്തു വായിക്കുമ്പോൾ, ഇത് രൂക്ഷമായ ജീവിതച്ചെലവ് പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കാരണം, സർവേ വ്യക്തമാക്കുന്നത് പോലെ, “മാസവരുമാനത്തിന്റെ വലിയൊരു പങ്ക് കുടുംബങ്ങൾ ഉപഭോഗ ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നത് തുടരുന്നു; അതായത് പ്രതിമാസ വരുമാനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഉപഭോഗ ചെലവുകൾക്കായി മാറ്റിവെക്കപ്പെടുന്നു.”
മാത്രമല്ല, കുടുംബങ്ങളിൽ വലിയൊരു വിഭാഗവും ഉപഭോഗത്തിൽ വർദ്ധനവുണ്ടായതായി രേഖപ്പെടുത്തി. ജൂലൈയിലെ സർവേയിൽ ഏകദേശം 74 ശതമാനം കുടുംബങ്ങളും ചെലവുകൾ വർദ്ധിച്ചതായി വ്യക്തമാക്കി. “ഉപഭോഗത്തിലുണ്ടായ നേരിയ കുറവ് പ്രതിഫലിപ്പിച്ചുകൊണ്ട്, ഉപഭോഗ ചെലവുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയവരുടെ അനുപാതം 74.1 ശതമാനമായി കുറഞ്ഞു. സർവേ ആരംഭിച്ചതിനു ശേഷം ഈ അനുപാതം 75 ശതമാനത്തിന് താഴേക്ക് പതിക്കുന്ന രണ്ടാമത്തെ സന്ദർഭം മാത്രമാണിത്,” എന്ന് സർവേ പറയുന്നു.
സർവേ കാലയളവിൽ, ഗ്രാമീണ വരുമാനത്തെ പിന്തുണച്ചിരുന്ന മറ്റൊരു സ്രോതസ്സിലും കുറവുണ്ടായതായി കണ്ടു. “സർവേയുടെ 2026 ജൂലൈ റൗണ്ടിൽ, കുടുംബങ്ങളുടെ പ്രതിമാസ വരുമാനത്തിൽ സർക്കാർ സബ്‌സിഡികളുടെയും സാമ്പത്തിക സഹായങ്ങളുടെയും (transfers) ശരാശരി വിഹിതം 8.11 ശതമാനമായിരുന്നു; ഇത് 2026 മേയിലെ 8.04 ശതമാനത്തിൽ നിന്ന് ചെറിയൊരു വർദ്ധനവ് മാത്രമാണ്,” എന്ന് വ്യക്തമാക്കുന്ന സർവേ, “ഈ വിഹിതം 2025 ജനുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കായ 10.28 ശതമാനത്തേക്കാൾ വളരെ താഴെയാണെന്നും” കൂട്ടിച്ചേർക്കുന്നു. അർഹരായ ഗുണഭോക്താക്കളിലേക്ക് കൃത്യമായി സഹായങ്ങൾ എത്തിക്കുന്നതും ചോർച്ചകൾ തടഞ്ഞതുമാണ് ഇതിന് കാരണമായി നബാർഡ് ചൂണ്ടിക്കാണിക്കുന്നത്.
അടുത്ത പാദത്തിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഗ്രാമീണ കുടുംബങ്ങൾ. എന്നാൽ അടുത്ത ഒരു വർഷത്തെക്കുറിച്ചുള്ള വിലയിരുത്തലിൽ, “വരും വർഷത്തെക്കുറിച്ചുള്ള വരുമാന പ്രതീക്ഷകൾ വീണ്ടും മങ്ങുകയും സർവേ ആരംഭിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതീക്ഷ രേഖപ്പെടുത്തുകയും ചെയ്തു. മൺസൂൺ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും പൊതുവായ സാമ്പത്തിക സംഭവവികാസങ്ങളുമാകാം ഇതിന് കാരണം.”
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)