കാലാവസ്ഥാ വ്യതിയാനം ഹജ്ജ് തീർത്ഥാടനത്തിനെത്തുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഗുരുതരവും വർദ്ധിച്ചുവരുന്നതുമായ ഭീഷണികൾ ഉയർത്തുന്നതായി പുതിയ പഠനം. 2024-ലെ ഹജ്ജ് വേളയിൽ കഠിനമായ ചൂടും ഈർപ്പവും (Humidity) മനുഷ്യശരീരത്തിന് താങ്ങാവുന്ന പരിധികളെ മറികടന്നതായി പഠനം വ്യക്തമാക്കുന്നു.
പഠന റിപ്പോർട്ട് അനുസരിച്ച്, 2024-ലെ ഹജ്ജ് വേളയിൽ പല മണിക്കൂറുകളിലും ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ (Heat stress) ആരോഗ്യവാന്മാരായ യുവാക്കൾക്ക് പോലും അതിജീവിക്കാൻ കഴിയുന്ന പരിധിക്ക് അപ്പുറമായിരുന്നു. 2024 ജൂണിൽ, ചൂടിന്റെയും ഈർപ്പത്തിന്റെയും സംയുക്ത ആഘാതം കാരണം ഏകദേശം നാല് മണിക്കൂർ തുടർച്ചയായി പുറത്തിറങ്ങുന്നത് മരണകാരണമാകാമെന്ന അവസ്ഥയിലായിരുന്നു; തണുപ്പിക്കാനുള്ള സംവിധാനങ്ങളോ ഉടനടിയുള്ള ആശ്വാസമോ ഇല്ലാത്ത പക്ഷം ഇത് അപകടസാധ്യത വർദ്ധിപ്പിച്ചു.
പാകിസ്ഥാനിലെ ഇസ്‌ലാമാബാദിലുള്ള വെതർ ആൻഡ് ക്ലൈമറ്റ് സർവീസസ്, ജർമ്മനിയിലെ ബെർലിൻ ആസ്ഥാനമായുള്ള ക്ലൈമറ്റ് അനലിറ്റിക്സ് എന്നിവടങ്ങളിൽ നിന്നുള്ള സംയുക്ത സംഘമാണ് യൂറോപ്യൻ ജിയോസയൻസസ് യൂണിയൻ (EGU) അസംബ്ലി 2026-ൽ ഈ പഠനം അവതരിപ്പിച്ചത്. വരും പതിറ്റാണ്ടുകളിൽ ഹജ്ജ് തീർത്ഥാടന വേളയിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കൂടുതൽ അപകടകരമാകുമെന്ന് പഠനം ഊന്നിപ്പറയുന്നു.
ഇസ്‌ലാമിലെ അഞ്ച് തൂണുകളിൽ ഒന്നാണ് ഹജ്ജ്. ഓരോ വർഷവും ദശലക്ഷക്കണക്കിന് തീർത്ഥാടകർ മക്കയിലെത്തുകയും മണിക്കൂറുകളോളം വെയിലത്ത് നടന്നു ചെയ്യേണ്ട കർമ്മങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇതിൽ 'അറഫാ സംഗമം' ആണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള കർമ്മമായി കണക്കാക്കുന്നത്; കാരണം അന്നേ ദിവസം മുഴുവൻ തണൽ കുറഞ്ഞ തുറസ്സായ സ്ഥലങ്ങളിലാണ് തീർത്ഥാടകർ ചിലവഴിക്കുന്നത്. 'സഅ്‌യ്' (Sa’i) കർമ്മം ഇൻഡോർ ആക്കിയതും മിനായിൽ കൂടുതൽ സ്ഥിരം ഷെൽട്ടറുകൾ നിർമ്മിച്ചതും പോലുള്ള മാറ്റങ്ങൾ ഇപ്പോൾ നടപ്പിലാക്കുന്നുണ്ടെങ്കിലും, ഇവ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നതോടൊപ്പം ഹജ്ജിന്റെ പരമ്പരാഗത അന്തരീക്ഷത്തിൽ മാറ്റം വരുത്തുന്നുവെന്നും EGU പ്രസ്താവനയിൽ പറയുന്നു.
2024-ലെ ഹജ്ജിനിടെ ഏകദേശം 1,300 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഭാവിയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാൻ സൗദി അറേബ്യ ഗവൺമെന്റ് പദ്ധതിയിടുന്നുണ്ട്; കഠിനമായ ചൂടും ഈർപ്പവും ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ ഇത് ആശങ്ക വർദ്ധിപ്പിക്കുന്ന കാര്യമാണ്.
ഭാവിയിലെ ഹജ്ജ് സീസണുകളിൽ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ രീതികളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് പഠനത്തിന് പിന്നിലെ ഗവേഷകർ നിരീക്ഷിക്കുന്നു. അടുത്ത 20 മുതൽ 30 വർഷം വരെ താരതമ്യേന തണുപ്പുള്ള സീസണുകളിലാണ് ഹജ്ജ് നടക്കുകയെങ്കിലും, 2050-ഓടെ അത് വീണ്ടും ചൂടുള്ള കാലഘട്ടത്തിലേക്ക് മാറും. ആ ഘട്ടത്തിൽ, അത്യുഷ്ണം ഏൽക്കാനുള്ള സാധ്യതകൾ വീണ്ടും ശക്തമാകുകയും ഭാവിയിലെ തീർത്ഥാടനങ്ങളെ കൂടുതൽ അപകടകരമായ അവസ്ഥയിലാക്കുകയും ചെയ്യും.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ആഗോളതലത്തിൽ പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ശാസ്ത്രജ്ഞർ ആഹ്വാനം ചെയ്തു. തീർത്ഥാടകരെ സംരക്ഷിക്കാൻ മാത്രമല്ല, ഹജ്ജിന്റെ സത്തയും പരമ്പരാഗതമായ രീതികളും നിലനിർത്തുന്നതിനും ഇത്തരം നടപടികൾ അത്യാവശ്യമാണെന്ന് അവർ വിശദീകരിച്ചു. പ്രതിരോധ മാർഗ്ഗങ്ങൾക്ക് അപകടസാധ്യത കുറയ്ക്കാൻ കഴിയുമെങ്കിലും, ആഗോളതാപനം തുടരുകയാണെങ്കിൽ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കാൻ അവയ്ക്ക് കഴിയില്ല.
കാലാവസ്ഥാ വ്യതിയാനം എന്നത് ഇപ്പോൾ കേവലം ഒരു പരിസ്ഥിതി പ്രശ്നം മാത്രമല്ലെന്നും, മറിച്ച് അത് ലോകമെമ്പാടുമുള്ള മതപരമായ ആചാരങ്ങളെയും വലിയ ജനക്കൂട്ടങ്ങൾ ഒത്തുചേരുന്ന പരിപാടികളെയും ബാധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)