ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യ, സ്വാഭാവികമായും രാസവളങ്ങളുടെ കാര്യത്തിലും ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, കൃഷിക്ക് ആവശ്യമായ ഈ വളങ്ങളുടെ സുഗമമായ ലഭ്യത രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഏതാണ്ട് സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെങ്കിലും, രാസവളങ്ങളുടെ കാര്യത്തിൽ അവസ്ഥ മറിച്ചാണ്. രാസവളങ്ങൾക്കായാലും അവ നിർമ്മിക്കാനാവശ്യമായ വസ്തുക്കൾക്കായാലും ഇന്ത്യക്ക് ഇറക്കുമതിയെ വലിയതോതിൽ ആശ്രയിക്കേണ്ടി വരുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള എഫ്.എ.ഒ (FAO) നൽകുന്ന കണക്കുകൾ പ്രകാരം, രാസവളങ്ങളുടെ അളവിലും മൂല്യത്തിലും ലോകത്ത് ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. നിലവിൽ അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം, ഇന്ത്യയുടെ ഈ ബലഹീനതയെ കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
മാർച്ച് 10-ന്, പ്രകൃതിവാതക വിതരണം നിയന്ത്രിക്കാനും മുൻഗണനാ മേഖലകളെ സംരക്ഷിക്കാനുമായി കേന്ദ്ര സർക്കാർ 1955-ലെ അത്യാവശ്യ സാധന നിയമം (Essential Commodities Act) നടപ്പിലാക്കി. ഇതോടെ പെട്രോകെമിക്കൽ, വളം നിർമ്മാണ ശാലകൾക്കുള്ള വാതക വിതരണം 70 ശതമാനമായി പരിമിതപ്പെടുത്തി. ഇതിനെത്തുടർന്ന് വളം ഫാക്ടറികൾ അവയുടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നില്ലെന്നും വളം വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നുമാണ് വ്യവസായ മേഖലയിൽ നിന്നുള്ള സൂചനകൾ. വരാനിരിക്കുന്ന ഖാരിഫ് (Kharif) കൃഷി സീസണിനായി ഫെബ്രുവരി പകുതി മുതൽ തന്നെ വളം ശേഖരിച്ചും മുൻകൂട്ടി ഓർഡറുകൾ നൽകിയും ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് മാർച്ച് 14-ന് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മാർച്ച് 13-ലെ കണക്കനുസരിച്ച് യൂറിയ, ഡയമോണിയം ഫോസ്ഫേറ്റ് (DAP), നൈട്രജൻ-ഫോസ്ഫറസ്-പൊട്ടാസ്യം (NPK) എന്നിവയുടെ ശേഖരം കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ വളരെ കൂടുതലാണ്. എങ്കിലും, യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ ഈ കരുതൽ ശേഖരം മാത്രം മതിയാകില്ല.
കേന്ദ്ര രാസവസ്തു-വള മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2024-25 കാലയളവിൽ ഇന്ത്യയിലെ വളം ഉത്പാദനം 46.5 ദശലക്ഷം ടണ്ണായിരുന്നു; എന്നാൽ രാജ്യത്തെ ആകെ ആവശ്യം 64.9 ദശലക്ഷം ടണ്ണായിരുന്നു. ആവശ്യകതയിൽ ഏറ്റവും വലിയ പങ്ക് യൂറിയയ്ക്കാണ്, അതിനുപിന്നാലെ എൻ.പി.കെ (NPK) വളങ്ങൾ, ഡി.എ.പി (DAP), പൊട്ടാഷ് എന്നിവ വരുന്നു. ആഭ്യന്തര ഉത്പാദനവും ആവശ്യകതയും തമ്മിലുള്ള ഈ വലിയ വ്യത്യാസം പരിഹരിക്കുന്നത് ഇറക്കുമതിയിലൂടെയാണ്. 2024-25ൽ മാത്രം 16 ദശലക്ഷം ടൺ വളമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ഏകദേശം 70 ശതമാനം യൂറിയ ഇറക്കുമതിയും നടക്കുന്നത് ഒമാൻ, സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിൽ നിന്നാണ്. ഡി.എ.പി (DAP) വളത്തിന്റെ കാര്യമെടുത്താൽ, ആവശ്യത്തിന്റെ 40 ശതമാനത്തിലധികം സൗദി അറേബ്യയിൽ നിന്ന് മാത്രമാണ് വരുന്നത്. ഈ വ്യാപാരത്തിന്റെ ഭൂരിഭാഗവും കടന്നുപോകുന്നത് ഇപ്പോൾ ഫലത്തിൽ അടച്ചിട്ടിരിക്കുന്ന 'ഹോർമുസ് കടലിടുക്കിലൂടെ' (Strait of Hormuz) ആണ്.
"ഇന്ത്യയുടെ നൈട്രജൻ വിതരണത്തിന്റെ 30-40 ശതമാനവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അവിടെയുണ്ടാകുന്ന ഏതൊരു തടസ്സവും വളം വില വർദ്ധിപ്പിക്കുകയും സബ്‌സിഡി ബില്ലിനെ ബാധിക്കുകയും ചെയ്യും. ഇത് 'ന്യൂട്രിയന്റ് ബേസ്ഡ് സബ്‌സിഡി' (NBS) പദ്ധതിക്ക് കീഴിൽ സർക്കാരിന്റെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കും," ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് ലിമിറ്റഡിലെ (IFFCO) ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ്) രജനീഷ് പാണ്ഡെ പറയുന്നു.
ഇന്ത്യ ഗൾഫ് മേഖലയിൽ നിന്ന് പൊട്ടാഷ് ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും, രാജ്യത്ത് ഇതിന്റെ വാണിജ്യപരമായ ശേഖരമില്ലാത്തതിനാൽ ഈ വളത്തിനായി പൂർണ്ണമായും വിദേശ രാജ്യങ്ങളെത്തന്നെ ആശ്രയിക്കേണ്ടി വരുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)