ഐസ്റ്റോക്ക്
Agriculture

2035 വരെയും ആഗോള ജൈവഇന്ധന ഉൽപ്പാദനത്തിന്റെ നട്ടെല്ല് ഭക്ഷ്യവിളകൾ തന്നെയെന്ന് ഒ.ഇ.സി.ഡി-എഫ്.എ.ഒ (OECD-FAO) റിപ്പോർട്ട്

ഭക്ഷ്യസ്രോതസ്സുകളുമായി മത്സരിക്കേണ്ടാത്തതുമായ സെല്ലുലോസിക് അസംസ്‌കൃത വസ്തുക്കളിൽ (cellulosic feedstocks) നിന്ന് ഉൽപ്പാദിപ്പിക്കുന്ന ജൈവഇന്ധനങ്ങളുടെ വിപണി വിഹിതത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയില്ല.

Shagun

  • ഭക്ഷ്യാധിഷ്ഠിത ജൈവ ഇന്ധനങ്ങൾ 2035 വരെ ആഗോള ജൈവ ഇന്ധന ഉൽപ്പാദനത്തിന്റെ നട്ടെല്ലായി തുടരും.

  • ചോളം, കരിമ്പ്, സസ്യ എണ്ണകൾ എന്നിവയിൽ നിന്നുള്ള ആദ്യ തലമുറ എഥനോൾ, ബയോഡീസൽ എന്നിവ സുസ്ഥിരത ആശങ്കകൾക്കിടയിലും ആധിപത്യം തുടരും.

  • ഇത് സെല്ലുലോസിക് ബദലുകളിലേക്കുള്ള മാറ്റം പരിമിതപ്പെടുത്തുകയും ലോകമെമ്പാടുമുള്ള കൃഷിഭൂമി, ഭക്ഷ്യ വിതരണം, വിള വില എന്നിവയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും.

ഒ.ഇ.സി.ഡി-എഫ്.എ.ഓ (OECD-FAO) അഗ്രികൾച്ചറൽ ഔട്ട്ലുക്ക് 2026-2035 റിപ്പോർട്ട് പ്രകാരം, അടുത്ത ദശകത്തിലും ആഗോള ജൈവഇന്ധന വിപണിയിൽ ഒന്നാം തലമുറ (First-generation) ജൈവഇന്ധനങ്ങൾ തന്നെയായിരിക്കും ആധിപത്യം പുലർത്തുക. പ്രധാനമായും പഞ്ചസാര, ചോളം, അരി, മറ്റ് ധാന്യങ്ങൾ എന്നിവയിൽ നിന്ന് നിർമ്മിക്കുന്ന എഥനോളും; സോയാബീൻ, റേപ്സീഡ് (കടുക് വർഗ്ഗം), പാം ഓയിൽ തുടങ്ങിയ സസ്യ എണ്ണകളിൽ നിന്ന് നിർമ്മിക്കുന്ന ബയോഡീസലുമാണ് ഇതിൽ ഉൾപ്പെടുന്നത്.

പല രാജ്യങ്ങളിലും ജൈവഇന്ധനങ്ങളുടെ സുസ്ഥിരതയെക്കുറിച്ച് കൂടുതൽ പരിശോധനകളും വിമർശനങ്ങളും ഉയരുന്നുണ്ടെങ്കിലും ഈ പ്രവണത തുടരും. വിവിധ പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഘടനയിൽ കാര്യമായ വ്യത്യാസങ്ങളുണ്ടെങ്കിലും, പരമ്പരാഗതമായ ഭക്ഷ്യാധിഷ്ഠിത അസംസ്‌കൃത വസ്തുക്കൾ തന്നെയായിരിക്കും ഈ വ്യവസായത്തിൽ പ്രധാനമായും മുൻപന്തിയിൽ നിൽക്കുകയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

വിള അവശിഷ്ടങ്ങൾ, പ്രത്യേക ഊർജ്ജ വിളകൾ അല്ലെങ്കിൽ മരക്കഷണങ്ങൾ തുടങ്ങിയ സെല്ലുലോസിക് അസംസ്‌കൃത വസ്തുക്കളിൽ നിന്ന് നിർമ്മിക്കുന്ന രണ്ടാം തലമുറ (Second generation) ജൈവഇന്ധനങ്ങൾ, ഭക്ഷ്യസ്രോതസ്സുകളുമായി മത്സരിക്കാതെ തന്നെ ജൈവഇന്ധനം ഉൽപ്പാദിപ്പിക്കാനുള്ള ഒരു വഴി ഒരുക്കുന്നുണ്ട്. എന്നാൽ, മൊത്തം ഉൽപ്പാദനത്തിൽ ഇവയുടെ വിഹിതത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒ.ഇ.സി.ഡി (OECD)-യും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയും (FAO) സംയുക്തമായി തയ്യാറാക്കിയ ഈ റിപ്പോർട്ട്, ആഗോള, പ്രാദേശിക, ദേശീയ തലങ്ങളിലെ കാർഷിക ഉൽപ്പന്നങ്ങളുടെയും ജലാശയ ഭക്ഷ്യവിപണികളുടെയും പത്ത് വർഷത്തെ സാധ്യതകളെയാണ് വിലയിരുത്തുന്നത്.

ആഗോള കൃഷിഭൂമിയിൽ ഭക്ഷണം, കാലിത്തീറ്റ, ഇന്ധനം എന്നിവയുടെ ആവശ്യകതകൾ തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ കണ്ടെത്തലുകൾ പുറത്തുവരുന്നത്. ചോളം, കരിമ്പ്, സസ്യ എണ്ണകൾ എന്നിവ ജൈവഇന്ധന ഉൽപ്പാദനത്തിന്റെ പ്രധാന അടിത്തറയായി തുടരുന്ന സാഹചര്യത്തിലും; കൃഷിഭൂമിയെ ആശ്രയിക്കാത്ത ചുരുക്കം ചില അസംസ്‌കൃത വസ്തുക്കളിലൊന്നായ ഉപയോഗിച്ച എണ്ണകളിൽ (waste-oil-based) നിന്നുള്ള ഡീസലിന്റെ ഉൽപ്പാദനം കുറയുന്ന പശ്ചാത്തലത്തിലും, പ്രധാന വിളകളുടെ ഇന്ധന-ഭക്ഷ്യ ആവശ്യങ്ങൾ തമ്മിലുള്ള മത്സരത്തിൽ നിന്ന് വലിയൊരു ആശ്വാസം പ്രതീക്ഷിക്കേണ്ടതില്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2035 ആകുമ്പോഴേക്ക്, ആഗോള ധാന്യ ഉപയോഗത്തിന്റെ 40 ശതമാനം ഭക്ഷണ ആവശ്യങ്ങൾക്കായും 34 ശതമാനം കാലിത്തീറ്റക്കായും ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. ജൈവഇന്ധനങ്ങളും മറ്റ് വ്യാവസായിക ആവശ്യങ്ങളും ഏകദേശം കാൽഭാഗത്തോളം (25%) വരും. ഇത് ഭൂമിയുടെയും വിളകളുടെയും വിലയ്ക്കുമേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷ്യേതര അസംസ്‌കൃത വസ്തുക്കളിലേക്കുള്ള (non-food feedstocks) മാറ്റത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല.

വർദ്ധിച്ചുവരുന്ന ആവശ്യകതകൾ നിറവേറ്റുന്നതിനായി കൃഷിരീതികളിൽ മാറ്റം വരുത്തുമ്പോഴും ഇതാണ് അവസ്ഥ: ആഗോളതലത്തിൽ ചോളം കൃഷി ചെയ്യുന്ന വിസ്തൃതി ഏകദേശം 4 ശതമാനം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വളർച്ച ഒരേസമയം ഭക്ഷണം, കാലിത്തീറ്റ, ഇന്ധനം എന്നിവയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. ആഗോള എഥനോൾ ഉൽപ്പാദനം 2035-ഓടെ മൊത്തത്തിൽ 162.5 ബില്യൺ ലിറ്ററിലെത്തുമെന്നാണ് പ്രവചനം. ഇതിൽ മൊത്തം അസംസ്‌കൃത വസ്തുക്കളുടെ 61 ശതമാനം ചോളവും, 22 ശതമാനം കരിമ്പും, 5 ശതമാനം ശർക്കരപ്പാവു (molasses), 2 ശതമാനം ഗോതമ്പും ആയിരിക്കും നൽകുക.

ഇന്ത്യയിൽ, സർക്കാരിന്റെ സ്വന്തം സാമ്പത്തിക സർവേ 2025-26 ഈ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം (ഇന്ധനത്തിൽ എഥനോൾ കലർത്തുന്ന പദ്ധതി) കർഷകരുടെ വിള മുൻഗണനകളെ മാറ്റുകയാണെന്നും, കർഷകർ പയറുവർഗ്ഗങ്ങൾക്കും എണ്ണക്കുരുക്കൾക്കും പകരം ചോളത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. ഇത് ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കേണ്ടി വരുന്നതിനും ആഭ്യന്തര ഭക്ഷ്യവിലയിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുമെന്ന് സർവേ മുന്നറിയിപ്പ് നൽകുന്നു.

ആഗോളതലത്തിൽ, കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് അടുത്ത ദശകത്തിൽ മാറ്റങ്ങളുടെ വേഗത കുറവായിരിക്കുമെന്നാണ് ഒ.ഇ.സി.ഡി-എഫ്.എ.ഓ റിപ്പോർട്ട് പ്രവചിക്കുന്നത്. ആഗോള ജൈവഇന്ധന ഉപഭോഗവും ഉൽപ്പാദനവും 2035 വരെ പ്രതിവർഷം 1.4 ശതമാനം തോതിൽ മാത്രമേ വളരുകയുള്ളൂ. ഇത് മുൻ പത്ത് വർഷത്തെ അപേക്ഷിച്ച് അഞ്ചിൽ മൂന്ന് ഭാഗം മാത്രമാണ്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇന്ധന ഉപയോഗം കുറയുന്നതാണ് ഇതിന് പ്രധാന കാരണം.

എന്നാൽ ഈ വളർച്ചയുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രം ശക്തമായി മാറിക്കൊണ്ടിരിക്കുകയാണ്: ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ എന്നിവരുടെ നേതൃത്വത്തിലുള്ള വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ (Emerging economies) ആഗോള ജൈവഇന്ധന ആവശ്യകതയിലെ വർദ്ധനവിന്റെ 80 ശതമാനവും കൈയാളും. അതേസമയം ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുടെ ഈ വളർച്ചയിലെ പങ്ക് കഴിഞ്ഞ ദശകത്തിലെ 40 ശതമാനത്തിൽ നിന്ന് വരും വർഷങ്ങളിൽ വെറും 10 ശതമാനമായി കുറയും.

ആഗോളതലത്തിൽ, 2025-ൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ എഥനോൾ വിതരണത്തിന്റെയും ആവശ്യകതയുടെയും 51 ശതമാനം കൈകാര്യം ചെയ്തിരുന്നു. എന്നാൽ ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾ പ്രാധാന്യം നേടുന്നതോടെ 2035-ഓടെ ഇത് 43 ശതമാനമായി കുറയുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു.

ബയോമാസ് അധിഷ്ഠിത ഡീസലിന്റെ കാര്യത്തിൽ വ്യത്യസ്തമായ ഒരു രീതിയാണ് കാണുന്നത്. ഇവിടെ വളർന്നുവരുന്ന വിപണികളേക്കാൾ ഉപഭോഗത്തിൽ മുന്നിൽ നിൽക്കുന്നത് അമേരിക്കയും ഇന്തോനേഷ്യയുമാണ്. ഇതിന്റെ ആഗോള ഉൽപ്പാദനം 2035-ഓടെ 99 ബില്യൺ ലിറ്ററായി ഉയരുമെന്ന് കണക്കാക്കുന്നു. ഇതിൽ സസ്യ എണ്ണകൾ 69 ശതമാനവും, വിപണി വിഹിതം കുറയുന്നുണ്ടെങ്കിലും ഉപയോഗിച്ച പാചക എണ്ണകളും (used cooking oils) മൃഗക്കൊഴുപ്പും (tallow) 23 ശതമാനവും സംഭാവന ചെയ്യും.

(പരിഭാഷ, എഡിറ്റിംഗ് സുരേന്ദ്രൻ കണ്ണൂർ)