പ്രാതിനിധ്യത്തിനുള്ള ഫോട്ടോ.  ഐസ്റ്റോക്ക്
Agriculture

ബജറ്റ് 2026: പച്ചക്കറികളെ കൈവിട്ടു; നാളികേരമടക്കം ഉയർന്ന മൂല്യമുള്ള വിളകൾക്ക് മുൻഗണന

നാളികേരം, കശുവണ്ടി, കൊക്കോ, ചന്ദന കൃഷികൾക്കായി 350 കോടി രൂപ വകയിരുത്തി

Shagun

  • 2026-27-ലെ കേന്ദ്ര ബജറ്റ് തേങ്ങ, കൊക്കോ, കശുവണ്ടി തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിളകൾക്ക് മുൻഗണന നൽകുന്നു.

  • ഈ മാറ്റത്തെ പിന്തുണയ്ക്കുന്നതിനായി 350 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

  • കർഷകരുടെ വരുമാനം വർധിപ്പിക്കുക, ഉൽപ്പാദനം വൈവിധ്യവത്കരിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

  • എന്നാൽ, കാർഷിക വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെ ബജറ്റിൽ ഒഴിവാക്കി എന്നത് ശ്രദ്ധേയമാണ്.

2026-27 ലെ കേന്ദ്ര ബജറ്റിൽ, ഭക്ഷ്യധാന്യങ്ങൾക്ക് പകരം തേങ്ങ, കൊക്കോ, കശുവണ്ടി, ചന്ദനം തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിളകൾക്ക് (high-value crops) സർക്കാർ ഊന്നൽ നൽകി. 'ഉയർന്ന മൂല്യമുള്ള കൃഷിക്കുള്ള പിന്തുണ' എന്ന നിലയിൽ 350 കോടി രൂപയാണ്, ഇതിനായി വകയിരുത്തിയിരിക്കുന്നത്.

കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പ്രധാന മുൻഗണനകളിലൊന്നായിട്ടാണ്, ഉയർന്ന മൂല്യമുള്ള കൃഷിയെ കാണുന്നത്. കാർഷിക ഉൽപ്പാദനം വൈവിധ്യവത്കരിക്കുന്നതിനും, ഉൽപ്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിക്കുന്നതിനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി, തീരപ്രദേശങ്ങളിൽ ഉയർന്ന മൂല്യമുള്ള വിളകൾക്കും, വടക്കുകിഴക്കൻ മേഖലയിൽ അഗർ മരങ്ങൾക്കും (Agar trees), മലയോര മേഖലകളിൽ ബദാം, വാൽനട്ട്, പൈൻ നട്‌സ് (pine nuts) എന്നിവയ്ക്കും സർക്കാർ പിന്തുണ നൽകുമെന്ന് 2026 ഫെബ്രുവരി 1-ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

എന്നാൽ 'ഉയർന്ന മൂല്യമുള്ള കൃഷി' എന്നത് തോട്ടവിളകളിൽ (plantation crops) മാത്രമായി ചുരുങ്ങിപ്പോയി എന്നതാണ് വാസ്തവം; പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ മറ്റ് ഉയർന്ന മൂല്യമുള്ള വിളകളെക്കുറിച്ച് ബജറ്റിൽ യാതൊരു പരാമർശവുമില്ല.

കാർഷിക മേഖലയിലെ മൊത്ത മൂല്യവർദ്ധനവിന്റെ (Gross Value Added) 33 ശതമാനവും ഉദ്യാനകൃഷി (Horticulture) മേഖലയിൽ നിന്നാണ്. 2024-25 ൽ ഹോർട്ടികൾച്ചർ ഉൽപ്പാദനം 362.08 മെട്രിക് ടണ്ണിലെത്തി; ഇത് 329.68 മെട്രിക് ടണ്ണായ ഭക്ഷ്യധാന്യ ഉൽപ്പാദനത്തെ മറികടക്കുന്നതാണ്.

"കാർഷിക ജിഡിപിയിലും, കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിലും, ഉദ്യാനവിളകളുടെ (പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും), സംഭാവന വർധിച്ചുവരികയാണ്. മാത്രമല്ല, ഏലം, കാപ്പി, തേയില തുടങ്ങിയ തോട്ടവിളകൾക്ക് പുറമെ പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും ഉയർന്ന മൂല്യമുള്ള വിളകളുടെ ഭാഗമാണ്. എന്നാൽ തേങ്ങയ്ക്കും, കൊക്കോയ്ക്കും മാത്രം ഊന്നൽ നൽകിക്കൊണ്ട് മറ്റ് വിളകളുടെ കാര്യത്തിൽ പൂർണ്ണ മൗനം പാലിക്കുകയാണ് ചെയ്തിരിക്കുന്നത്," അഹമ്മദാബാദ് ഐഐഎമ്മിലെ 'സെന്റർ ഫോർ മാനേജ്‌മെന്റ് ഇൻ അഗ്രികൾച്ചർ' മുൻ ചെയർപേഴ്‌സണും പ്രൊഫസറുമായ സുഖ്‌പാൽ സിംഗ് പറഞ്ഞു.

നാളികേര മേഖലയ്ക്ക് ഉത്തേജനം

പ്രധാന നാളികേര ഉൽപ്പാദക സംസ്ഥാനങ്ങളിൽ ഉൽപ്പാദനക്ഷമത വർധിപ്പിച്ചും, പഴക്കം ചെന്നതും ഉൽപ്പാദനരഹിതവുമായ മരങ്ങൾക്ക് പകരം പുതിയ തൈകൾ വെച്ചുപിടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഇടപെടലുകളിലൂടെയും നാളികേര ഉൽപ്പാദനത്തിൽ മത്സരശേഷി വർധിപ്പിക്കുന്നതിനായി സീതാരാമൻ ഒരു 'നാളികേര പ്രോത്സാഹന പദ്ധതി' (Coconut Promotion Scheme) നിർദ്ദേശിച്ചുകൊണ്ട് നാളികേര മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ നൽകി.

"ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉൽപ്പാദകർ. ഏകദേശം ഒരു കോടി കർഷകർ ഉൾപ്പെടെ 3 കോടി ജനങ്ങൾ ഉപജീവനത്തിനായി നാളികേരത്തെ ആശ്രയിക്കുന്നു," സീതാരാമൻ പറഞ്ഞു.

കൂടാതെ, കശുവണ്ടി (raw cashew), കൊക്കോ എന്നിവയുടെ ഉൽപ്പാദനത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി ഇന്ത്യൻ കശുവണ്ടി, കൊക്കോ എന്നിവയ്ക്ക് വേണ്ടി ഒരു പ്രത്യേക പദ്ധതിയും നിർദ്ദേശിക്കപ്പെട്ടു.

ചന്ദനത്തിന്റെ കാര്യത്തിൽ, കൃഷിയും വിളവെടുപ്പിന് ശേഷമുള്ള സംസ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.