ലോകരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര തർക്കങ്ങൾ മുറുകുന്നതോടെ, ആഫ്രിക്കയിലെ ധാതുശേഖരത്തിന് മുൻപത്തേക്കാൾ വലിയ പ്രാധാന്യം കൈവരുന്നുവെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഫ്രിക്കയിൽ ഏകദേശം 29.5 ട്രില്യൺ യുഎസ് ഡോളർ മൂല്യമുള്ള ധാതുസമ്പത്തുണ്ടെന്നാണ് കണക്കാക്കുന്നത്; എന്നാൽ ഇവ വെറും അസംസ്‌കൃത വസ്തുക്കളായി മാത്രം കയറ്റി അയക്കുന്നതിനാൽ, അവ ശുദ്ധീകരിച്ച് ഉൽപ്പന്നങ്ങളാക്കുമ്പോൾ ലഭിക്കുന്ന വലിയ ലാഭവിഹിതം ആഫ്രിക്കയ്ക്ക് ലഭിക്കുന്നില്ല.
വെറുമൊരു അസംസ്‌കൃത വസ്തു കയറ്റുമതി രാജ്യം എന്ന നിലയിൽ നിന്ന് മാറി, ആഗോള വിതരണ ശൃംഖലയിലെ നിർണ്ണായക ഘട്ടങ്ങളിൽ, ധാതുക്കൾ ഭാഗികമായി ശുദ്ധീകരിച്ച് നൽകുന്ന രീതിയിലേക്ക് ആഫ്രിക്കൻ രാജ്യങ്ങൾ മാറണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
ഈ ധാതുസമ്പത്തിന്റെ പൂർണ്ണമായ ഗുണം ലഭിക്കണമെങ്കിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, ഖനികളെക്കുറിച്ചുള്ള കൃത്യമായ ഭൗമശാസ്ത്ര വിവരങ്ങൾ എന്നിവ അത്യാവശ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യങ്ങളുടെ വിദേശ നാണയ ശേഖരം വർദ്ധിപ്പിക്കാനും, സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും, സ്വർണ്ണ ഖനനവും അതിന്റെ ശരിയായ വിനിയോഗവും വലിയൊരു അവസരമായി റിപ്പോർട്ടിൽ പ്രത്യേകം പറയുന്നു.
ആഗോള വ്യാപാര മേഖലയിൽ, രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ആഫ്രിക്കയുടെ വമ്പിച്ച ധാതുശേഖരത്തിന് വീണ്ടും വലിയ പ്രാധാന്യം ലഭിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകശക്തികൾക്കിടയിലെ ഈ മത്സരത്തിൽ, ആഫ്രിക്കൻ മണ്ണിലെ വിഭവങ്ങൾ ഇപ്പോൾ അതീവ തന്ത്രപ്രധാനമായ ഒന്നായി മാറിയിരിക്കുകയാണ്.
മാറിക്കൊണ്ടിരിക്കുന്ന വ്യാപാര നിയമങ്ങൾ, കയറ്റുമതി നിയന്ത്രണങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യവസായ മത്സരം എന്നിവ ആഗോള വിതരണ ശൃംഖലയെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ആഗോള വിപണിയിൽ തങ്ങളുടെ സ്ഥാനം എവിടെയായിരിക്കണമെന്ന് കൃത്യമായി തീരുമാനിച്ചാൽ, ആഫ്രിക്കയ്ക്ക് ഈ മാറ്റം വലിയൊരു അവസരമാക്കി മാറ്റാൻ കഴിയുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
'കോംപെൻഡിയം ഓഫ് ആഫ്രിക്കാസ് സ്ട്രാറ്റജിക് മിനറൽസ്, 2026' എന്ന ഈ റിപ്പോർട്ടിലെ അഞ്ച് പ്രധാന കണ്ടെത്തലുകളിൽ ഒന്ന് 'ആഗോള വ്യാപാര-സാമ്പത്തിക പുനർനിർമ്മാണം' എന്നതാണ്. ബാറ്ററികൾക്കും, മറ്റ് ആധുനിക സാങ്കേതിക വിദ്യകൾക്കും ആവശ്യമായ അപൂർവ്വ ധാതുക്കളുടെ ലഭ്യതയിൽ ലോകം വലിയ പ്രതിസന്ധി നേരിടുമ്പോൾ, ആഫ്രിക്കൻ ധാതുക്കളുടെ പ്രസക്തി എത്രത്തോളമാണെന്ന് ഈ റിപ്പോർട്ട് അടിവരയിടുന്നു.
പ്രധാന സാമ്പത്തിക ശക്തികളെല്ലാം തന്നെ ഒരു രാജ്യത്തെ മാത്രം (ഉദാഹരണത്തിന് ചൈന) വിഭവങ്ങൾക്കായി ആശ്രയിക്കുന്നതിലെ അപകടം മനസ്സിലാക്കി മറ്റ് വഴികൾ തേടുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യമാർന്ന ധാതുസമ്പത്തുള്ള ആഫ്രിക്കയാണ് ഇപ്പോൾ ഈ അന്വേഷണങ്ങളുടെ കേന്ദ്രബിന്ദു.
ആഫ്രിക്കയുടെ മണ്ണിലുള്ള ധാതുസമ്പത്തിന്റെ മൂല്യം, ഏകദേശം 29.5 ട്രില്യൺ ഡോളർ വരുമെന്നാണ് കണക്കാക്കുന്നത്. ഇത് ലോകത്തെ ആകെ ധാതുശേഖരത്തിന്റെ 20 ശതമാനത്തോളം വരും. ഇതിൽ 8.6 ട്രില്യൺ ഡോളർ മൂല്യമുള്ള വിഭവങ്ങൾ ഇന്നും ഭൂമിക്കടിയിൽ ആരും തൊടാതെ കിടക്കുകയാണ്. ഇത് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മൊത്തം വാർഷിക വരുമാനത്തിന്റെ (GDP) രണ്ടര ഇരട്ടിയോളം വരും. ഇത്രയേറെ സമ്പത്ത് ഉണ്ടായിട്ടും, അതിന്റെ ഗുണഫലങ്ങളുടെ വളരെ ചെറിയൊരു ഭാഗം മാത്രമേ ആഫ്രിക്കയ്ക്ക് നിലവിൽ ലഭിക്കുന്നുള്ളൂ.
"പ്രശ്നം ധാതുക്കളുടെ ലഭ്യതയല്ല, മറിച്ച് അവയെ മൂല്യവത്തായ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിലാണ്" എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ധാതുസമ്പത്തിനെ ഉൽപ്പാദനക്ഷമമായ ആസ്തികളായും, മികച്ച അടിസ്ഥാന സൗകര്യങ്ങളായും, വ്യവസായ ശാലകളായും മാറ്റുന്നതിലാണ് ആഫ്രിക്ക പ്രധാനമായും പിന്നാക്കം നിൽക്കുന്നത്. സ്വന്തമായി ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്നതാണ് ആഫ്രിക്ക നേരിടുന്ന പ്രധാന വെല്ലുവിളി.
നിലവിൽ, ലോകത്തെ മാംഗനീസ് ശുദ്ധീകരണത്തിന്റെയും, അപൂർവ്വ ധാതുക്കളുടെയും 90 ശതമാനവും നിയന്ത്രിക്കുന്നത് ചൈനയാണ്. ബാറ്ററികളിൽ ഉപയോഗിക്കുന്ന ഗ്രാഫൈറ്റ് ഉൽപ്പാദനത്തിലും ചൈനയാണ് മുന്നിൽ. വിമാന നിർമ്മാണം, പ്രതിരോധ മേഖല എന്നിവയ്ക്ക് ആവശ്യമായ ക്രോമിയം, ടങ്സ്റ്റൺ തുടങ്ങിയവയുടെ കാര്യത്തിലും ഇതേ രീതിയിലുള്ള ആധിപത്യം കാണാം. കൂടാതെ, ആണവോർജ്ജം വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചതോടെ യുറേനിയത്തിന്റെ പ്രാധാന്യവും ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, ആഫ്രിക്കയുടെ നിഷ്പക്ഷമായ നിലപാടുകളും വിവിധതരം ധാതുക്കളുടെ ശേഖരവും വലിയൊരു മുതൽക്കൂട്ടാണ്. ഇതിനെ ഒരു "തന്ത്രപരമായ മുൻതൂക്കം" എന്നാണ് റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്. എങ്കിലും, കണ്ണുംപൂട്ടി എല്ലാ മേഖലകളിലേക്കും ഇറങ്ങിച്ചെല്ലുന്നതിന് പകരം, വളരെ ആലോചിച്ച് മാത്രമേ ആഗോള വിപണിയുടെ ഭാഗമാകാവൂ എന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
"എല്ലാ മേഖലകളിലും ആഫ്രിക്ക സാന്നിധ്യമറിയിക്കണം എന്നല്ല ഇതിനർത്ഥം," എന്ന് വിശകലനം വ്യക്തമാക്കുന്നു. മറിച്ച്, ലോകത്ത് വിതരണ ശൃംഖലകൾ എവിടെയാണോ തടസ്സപ്പെടാൻ സാധ്യതയുള്ളത്, അവിടെ ഒരു ബദൽ ശക്തിയായി ആഫ്രിക്ക സ്ഥാനം ഉറപ്പിക്കണം. ഉദാഹരണത്തിന്, മാംഗനീസ് ശുദ്ധീകരണത്തിൽ ചൈനയ്ക്ക് പുറത്തുള്ള അപൂർവ്വം ഫാക്ടറികളിൽ ഒന്ന് ദക്ഷിണാഫ്രിക്കയിലാണ്. ചൈനയെ മാത്രം ആശ്രയിക്കാൻ ആഗ്രഹിക്കാത്ത രാജ്യങ്ങൾക്ക് ഇതൊരു വലിയ ആശ്വാസമാണ്. ഇത്തരം തന്ത്രപ്രധാനമായ ഇടങ്ങളിലാണ് ആഫ്രിക്ക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
സ്വന്തം മണ്ണിലെ വിഭവങ്ങൾക്കായി ആഫ്രിക്ക രണ്ടുതവണ വില നൽകേണ്ടി വരുന്നു എന്നതാണ് നിലവിലെ വലിയ ദുരന്തമെന്ന് റിപ്പോർട്ട് വാദിക്കുന്നു. വിലപിടിപ്പുള്ള ധാതുക്കൾ വളരെ കുറഞ്ഞ നിരക്കിൽ അസംസ്‌കൃത വസ്തുക്കളായി വിദേശത്തേക്ക് കയറ്റി അയക്കുകയും, പിന്നീട് അതേ വിഭവങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വിലകൂടിയ ഉൽപ്പന്നങ്ങൾ വൻതുക നൽകി ഇറക്കുമതി ചെയ്യുകയും വേണ്ടിവരുന്നു. ഫലത്തിൽ, സ്വന്തം സമ്പത്ത് അനുഭവിക്കാൻ ആഫ്രിക്ക ഇരട്ടി വില നൽകുകയാണ്.
അസംസ്‌കൃത ധാതുക്കൾ കയറ്റി അയക്കാനുള്ള ഭാരിച്ച ഗതാഗതച്ചെലവ് ആഫ്രിക്കൻ രാജ്യങ്ങൾ തന്നെ വഹിക്കേണ്ടി വരുന്നു. പിന്നീട് ഇവ വിദേശത്ത് സംസ്‌കരിച്ച് ഉൽപ്പന്നങ്ങളായി തിരിച്ചെത്തുമ്പോൾ, അതിന്റെ ഇൻഷുറൻസ്, കപ്പൽക്കൂലി, ലാഭവിഹിതം എന്നിവയെല്ലാം ചേർത്ത് വലിയൊരു തുക ആഫ്രിക്കയ്ക്ക് നൽകേണ്ടി വരുന്നു. ഇതുമൂലം, ആഗോള വിപണിയിലെ വലിയ ലാഭത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഈ രാജ്യങ്ങൾക്ക് ലഭിക്കുന്നുള്ളൂ.
മൂന്ന് പ്രധാന ഘടകങ്ങൾ - ധാതുക്കളുടെ ലഭ്യത, വിശ്വസനീയമായ അടിസ്ഥാന സൗകര്യങ്ങൾ (പ്രത്യേകിച്ച് വൈദ്യുതിയും ഗതാഗതവും), ശക്തമായ വിപണി - എന്നിവ ഒരേസമയം ഒരു ആഫ്രിക്കൻ രാജ്യത്തും ഒത്തുചേരുന്നില്ല എന്നതാണ് ഏറ്റവും വലിയ തടസ്സം. ധാതുക്കൾ ധാരാളമുണ്ടെങ്കിലും, വൈദ്യുതിയുടെ കുറവും മോശമായ ഗതാഗത സൗകര്യങ്ങളും കാരണം ലാഭകരമാകേണ്ട പല സംസ്‌കരണ പദ്ധതികളും പാതിവഴിയിൽ നിലച്ചുപോകുന്നു.
എന്നാൽ ഈ ധാതുക്കൾ നാട്ടിൽ തന്നെ സംസ്‌കരിക്കാൻ കഴിഞ്ഞാൽ ലഭിക്കുന്ന ലാഭം അതിശയിപ്പിക്കുന്നതാണ്. ഖനികളിൽ നിന്ന് ലഭിക്കുന്ന 2.8 ട്രില്യൺ ഡോളർ മൂല്യമുള്ള ഇരുമ്പയിര് ഉരുക്കാക്കി മാറ്റിയാൽ അതിന്റെ മൂല്യം 25.4 ട്രില്യൺ ഡോളറായി ഉയരും. അതുപോലെ 874 ബില്യൺ ഡോളറിന്റെ ബോക്സൈറ്റ്, അലുമിനിയം ആക്കി മാറ്റിയാൽ 15.4 ട്രില്യൺ ഡോളറിന്റെ മൂല്യം ലഭിക്കും.
എങ്കിലും, ആഫ്രിക്കയിൽ ഇപ്പോൾ ശുഭസൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. അംഗോള, തങ്ങളുടെ ആദ്യത്തെ 'അപൂർവ്വ ധാതു' ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഗ്രാഫൈറ്റ് വിതരണ ശൃംഖലയുടെ ഭാഗമായി മൊസാംബിക്ക് മാറിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലും ബോട്സ്വാനയിലും ബാറ്ററി നിർമ്മാണത്തിന് ആവശ്യമായ മാംഗനീസ് പ്ലാന്റുകൾ വികസിച്ചുവരുന്നു. നമീബിയയിലും (2024), മലാവിയിലും (2025) യുറേനിയം ഉൽപ്പാദനം വീണ്ടും ആരംഭിച്ചിട്ടുണ്ട്.
ഈ മുന്നേറ്റങ്ങൾ വിരൽ ചൂണ്ടുന്നത് വലിയൊരു മാറ്റത്തിലേക്കാണ്. കേവലം ഖനനം ചെയ്ത് വിൽക്കുന്ന രീതിയിൽ നിന്ന് മാറി, ലോകത്തെ തന്ത്രപ്രധാനമായ വിതരണ ശൃംഖലകളുടെ അവിഭാജ്യ ഘടകമായി ആഫ്രിക്ക സാവധാനം മാറിക്കൊണ്ടിരിക്കുകയാണ്.
ഒറ്റപ്പെട്ട പദ്ധതികൾ കൊണ്ട് മാത്രം വലിയ മാറ്റമുണ്ടാകില്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ആഫ്രിക്കയുടെ ധാതു വികസന തന്ത്രം കേവലം ഖനനത്തിൽ ഒതുങ്ങാതെ, ശക്തമായ അടിസ്ഥാന സൗകര്യങ്ങളും, രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും, കൃത്യമായ സർക്കാർ നയങ്ങളും ചേർന്നുള്ള ഒരു സംയുക്ത പ്ലാറ്റ്‌ഫോമായി മാറണം.
പല ആഫ്രിക്കൻ രാജ്യങ്ങളിലും, ഖനനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നും പലയിടങ്ങളിലായി കിടക്കുന്നതും, കാലഹരണപ്പെട്ടതുമാണ്. ഇത് പുതിയ ഖനന സാധ്യതകൾ കണ്ടെത്തുന്നതിനും, നിക്ഷേപകരെ ആകർഷിക്കുന്നതിനും തടസ്സമാകുന്നു. അതിനാൽ, ഇത്തരം വിവരശേഖരണത്തെ ഒരു തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യമായി കാണണമെന്നും, ആധുനികവും ബന്ധിപ്പിക്കപ്പെട്ടതുമായ ഡാറ്റാ സിസ്റ്റങ്ങൾ നിർമ്മിക്കണമെന്നും റിപ്പോർട്ട് സർക്കാരുകളോട് ആവശ്യപ്പെടുന്നു.
"ആഫ്രിക്കയുടെ ധാതുക്കളെക്കുറിച്ചുള്ള കഥകൾ പലപ്പോഴും വളരെ ഇടുങ്ങിയ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് - അപൂർണ്ണമായ വിവരങ്ങളും, വിദേശ രാജ്യങ്ങളുടെ താൽപ്പര്യങ്ങളും മാത്രമായിരുന്നു അവിടെ മുൻപന്തിയിൽ," എന്ന് AFC പ്രസിഡന്റും സിഇഒയുമായ സമൈല സുബൈരു പറഞ്ഞു. എന്നാൽ, ഈ റിപ്പോർട്ട് ആഫ്രിക്കയുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ കാണാനാണ് ശ്രമിക്കുന്നതെന്നും, അടിസ്ഥാന സൗകര്യങ്ങൾക്കും സ്വന്തം നാട്ടിലെ വികസനത്തിനും മുൻഗണന നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഫ്രിക്കയുടെ വികസന ലക്ഷ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. നഗരവൽക്കരണം, വൈദ്യുതിയുടെ ആവശ്യം, കെട്ടിട നിർമ്മാണ സാമഗ്രികൾ, വളങ്ങൾ, വാഹനങ്ങൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന ആവശ്യകത ഭാവിയിൽ ധാതുക്കൾക്കായി വലിയൊരു വിപണി ആഫ്രിക്കയിൽ തന്നെ സൃഷ്ടിക്കും. എങ്കിലും, വലിയ തോതിലുള്ള സംസ്‌കരണ ശാലകൾ നിലനിർത്താൻ ഓരോ രാജ്യത്തെയും വിപണി മാത്രം ചിലപ്പോൾ തികഞ്ഞെന്നു വരില്ല.
അതുകൊണ്ട് തന്നെ, പല രാജ്യങ്ങൾ ചേർന്ന് ഒരു വലിയ വിപണിയായി മാറിയാൽ, മാത്രമേ ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള ധാതു സംസ്‌കരണ വ്യവസായങ്ങൾ കെട്ടിപ്പടുക്കാൻ ആഫ്രിക്കയ്ക്ക് സാധിക്കൂ എന്ന് റിപ്പോർട്ട് വാദിക്കുന്നു.
മൊറോക്കോയിലെ ഫോസ്‌ഫേറ്റ് മേഖല, ഉത്തരാഫ്രിക്കയിലെ ഉരുക്ക് വ്യവസായം, കോപ്പർ ബെൽറ്റിലെ ചെമ്പ് വ്യവസായം എന്നിവ ഇതിന് മികച്ച ഉദാഹരണങ്ങളാണ്. ഈ മേഖലകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളും, വലിയ തോതിലുള്ള ഉൽപ്പാദനവും, രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഒത്തുചേർന്നതാണ് അവയുടെ വിജയത്തിന് കാരണമായത്.
ഈ റിപ്പോർട്ടിലെ ധാതു വികസന തന്ത്രത്തിന്റെ കേന്ദ്രബിന്ദു അടിസ്ഥാന സൗകര്യങ്ങളാണ്. വിശ്വസനീയമായ വൈദ്യുതി, മികച്ച ഗതാഗത സംവിധാനങ്ങൾ, വ്യവസായ ഭൂമി, കാര്യക്ഷമമായ വ്യാപാര രീതികൾ എന്നിവ ഉറപ്പാക്കിയാൽ മാത്രമേ പ്രാദേശികമായി ധാതു വ്യവസായങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കൂ എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യങ്ങൾ തമ്മിലുള്ള സഹകരണം എവിടെയൊക്കെ സാധ്യമാകുമെന്ന് കണ്ടെത്താനായി, ഖനികളെയും റെയിൽവേ ലൈനുകളെയും തുറമുഖങ്ങളെയും വൈദ്യുതി നിലയങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു ഭൂപടം തന്നെ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് അതിർത്തികൾ കടന്നുള്ള ഉൽപ്പാദന ശൃംഖലകൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കും.
സ്വർണ്ണത്തെ ഒരു തന്ത്രപ്രധാനമായ അവസരമായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ആഫ്രിക്കയിൽ ഏകദേശം 5 ട്രില്യൺ ഡോളറിന്റെ സ്വർണ്ണ ശേഖരമുണ്ടെങ്കിലും, ആഫ്രിക്കൻ രാജ്യങ്ങളുടെ വിദേശ നാണയ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക് വളരെ കുറവാണ്.
ഘാന ഉൾപ്പെടെ സ്വന്തമായി സ്വർണ്ണ ശുദ്ധീകരണ പ്ലാന്റുകളുള്ള 15-ഓളം ആഫ്രിക്കൻ രാജ്യങ്ങൾക്ക്, തങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സ്വർണ്ണത്തെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാം. ഇത് വിദേശ നാണയ ശേഖരം വർദ്ധിപ്പിക്കാനും, സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് രക്ഷിക്കാനും സഹായിക്കും.
ഇക്കാര്യത്തിൽ ഘാന 2025-ൽ രൂപീകരിച്ച 'ഗോൾഡ് ബോഡ്' ഒരു മികച്ച മാതൃകയായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കാനും, അനധികൃത ഖനനവും കടത്തും തടയാനും ഈ സ്ഥാപനം സഹായിച്ചു. ഇതിലൂടെ ഘാനയുടെ വിദേശ നാണയ ശേഖരം 10 ബില്യൺ ഡോളറിന് മുകളിൽ എത്തുകയും, കറൻസിയുടെ മൂല്യം ഗണ്യമായി വർദ്ധിക്കുകയും ചെയ്തു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)