

പയർ വർഗ്ഗങ്ങളുടെ വില നിയന്ത്രിക്കുന്നതിനും സാധാരണക്കാരുടെ കുടുംബ ബജറ്റിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുമായി കേന്ദ്ര സർക്കാർ മഞ്ഞപ്പയറിന്റെയും (വറ്റൽ പയർ/Yellow peas) ഉഴുന്നിന്റെയും (Black gram) നികുതി രഹിത ഇറക്കുമതി കാലാവധി 2027 മാർച്ച് 31 വരെ വീണ്ടും നീട്ടി. വറ്റൽ പയറിനുണ്ടായിരുന്ന കുറഞ്ഞ ഇറക്കുമതി വിലയും (Minimum import price) തുറമുഖ നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആഗോള വിപണിയിൽ നിന്ന് കൂടുതൽ സ്വതന്ത്രമായി ഇവ എത്തിക്കാൻ വ്യാപാരികൾക്ക് സാധിക്കും.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള ഭക്ഷ്യവിലയിലെ ആശങ്കകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇന്ത്യയിൽ, പ്രത്യേകിച്ച് ദരിദ്ര-മധ്യവർഗ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം പയർ വർഗ്ഗങ്ങളുടെ വില അവരുടെ ചിലവുകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പയർ വർഗ്ഗങ്ങളുടെ വിലയിലുണ്ടാകുന്ന ചെറിയ വർദ്ധനവ് പോലും അടുക്കള ബജറ്റിനെ പെട്ടെന്ന് ബാധിക്കാറുണ്ട്.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറപ്പെടുവിച്ച ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, 2027 മാർച്ച് 31 വരെ വലിയ നിയന്ത്രണങ്ങളില്ലാതെ വ്യാപാരികൾക്ക് വറ്റൽ പയറും ഉഴുന്നും ഇറക്കുമതി ചെയ്യാം. ആഭ്യന്തര വിതരണം വർദ്ധിപ്പിക്കാനും ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
വറ്റൽ പയറിന്റെ ഇറക്കുമതിയിൽ സർക്കാർ വലിയ ഇളവുകൾ നൽകിയിട്ടുണ്ട്. കുറഞ്ഞ ഇറക്കുമതി വില ഒഴിവാക്കിയതോടെ ആഗോള വിപണിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇവ വാങ്ങാൻ വ്യാപാരികൾക്ക് കഴിയും. തുറമുഖ നിയന്ത്രണങ്ങൾ നീക്കിയതോടെ ഇന്ത്യയിലെ ഏത് തുറമുഖം വഴിയും വറ്റൽ പയർ എത്തിക്കാം.
2027 മാർച്ച് 31-നോ അതിന് മുമ്പോ ബില്ല് ഓഫ് ലാഡിംഗ് (Bill of lading) നൽകിയിട്ടുള്ള എല്ലാ ചരക്കുകൾക്കും ഈ ഇളവ് ബാധകമായിരിക്കും. വ്യാപാരികൾ ഇംപോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിയമങ്ങൾ ലഘൂകരിക്കുന്നത് ആഭ്യന്തര വിപണിയിൽ വറ്റൽ പയറിന്റെ ലഭ്യത വർദ്ധിപ്പിക്കുകയും വില നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഉഴുന്നിന്റെ (Urad dal) തീരുവ രഹിത ഇറക്കുമതി നയവും സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നേരത്തെ 2026 മാർച്ച് വരെയായിരുന്ന കാലാവധിയാണ് ഇപ്പോൾ 2027 മാർച്ച് 31 വരെയാക്കിയത്.
ഇന്ത്യൻ വീടുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പയർ വർഗ്ഗങ്ങളിലൊന്നാണ് ഉഴുന്ന്. നിത്യേനയുള്ള വിഭവങ്ങൾക്ക് പുറമെ ഇഡ്ഡലി, ദോശ തുടങ്ങിയ ഭക്ഷണങ്ങളിലും ഇത് പ്രധാനമാണ്. വിപണിയിലെ ക്ഷാമവും പെട്ടെന്നുള്ള വിലക്കയറ്റവും തടയുന്നതിനാണ് ഈ കാലാവധി നീട്ടൽ. വിതരണ ശൃംഖലയിലെ തടസ്സങ്ങളും ആഗോളതലത്തിലെ ഡിമാൻഡ്-സപ്ലൈ അന്തരം പരിപ്പ് വിലയിൽ സമ്മർദ്ദം ചെലുത്തുന്ന സമയത്താണ് ഈ തീരുമാനം വരുന്നത്.
കർഷകർ വില സമ്മർദ്ദം നേരിടാം
ഈ നീക്കം ഹ്രസ്വകാലത്തേക്ക് ഉപഭോക്താക്കളെ സഹായിക്കുമെങ്കിലും, തുടർച്ചയായ നികുതി രഹിത ഇറക്കുമതി പയർ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ തകർക്കുമെന്ന് ചില വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.
വില നിയന്ത്രിക്കാൻ നികുതി രഹിത ഇറക്കുമതിയെ വീണ്ടും ആശ്രയിക്കുന്നത് 'ആത്മനിർഭർ ഭാരത്' അഥവാ സ്വയംപര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യത്തെ ദോഷകരമായി ബാധിച്ചേക്കാം എന്ന് ഓൾ ഇന്ത്യ എഡിബിൾ ഓയിൽ ട്രേഡേഴ്‌സ് ഫെഡറേഷൻ ദേശീയ അധ്യക്ഷനും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് ദേശീയ മന്ത്രിയുമായ ശങ്കർ താക്കർ പറഞ്ഞു.
കുറഞ്ഞ നിരക്കിലുള്ള ഇറക്കുമതി ആഭ്യന്തര വിപണിയിൽ മത്സരം വർദ്ധിപ്പിക്കുമെന്നും ചില്ലറ വിൽപ്പന വില കുറയ്ക്കാൻ സഹായിക്കുമെന്നും താക്കർ പറഞ്ഞു. നയം ഒരു വർഷത്തേക്ക് കൂടി നീട്ടിയതോടെ വ്യാപാരികൾക്ക് ദീർഘകാല കരാറുകളിൽ ഏർപ്പെടാൻ സാധിക്കും, ഇത് വിതരണ ശൃംഖല സുഗമമാക്കാൻ സഹായിക്കും.
ഈ തീരുമാനത്തിന്റെ ഫലം കാലക്രമേണ ചില്ലറ വിപണിയിൽ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിമാൻഡ് കൂടുതലുള്ള പ്രദേശങ്ങളിൽ പയർ വർഗ്ഗങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതും പ്രധാനമാണ്.
എന്നാൽ വറ്റൽ പയറിന്റെ കുറഞ്ഞ ഇറക്കുമതി വില നീക്കം ചെയ്തതോടെ, ഇറക്കുമതി ചെയ്യുന്ന പയറിന് ആഭ്യന്തര ഉൽപന്നങ്ങളേക്കാൾ വില കുറയാൻ സാധ്യതയുണ്ട്. കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വിപണിയിലെത്തുമ്പോൾ ആഭ്യന്തര ഉൽപ്പാദകർക്ക് വില കുറയ്ക്കാൻ സമ്മർദ്ദമുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സംഘർഷങ്ങളുടെയും വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തിൽ ഈ തീരുമാനം നിലവിൽ ഉചിതമാണെങ്കിലും, സ്വയംപര്യാപ്തത എന്ന ഇന്ത്യയുടെ ദീർഘകാല ലക്ഷ്യത്തെ ഇത് തടസ്സപ്പെടുത്തിയേക്കാം എന്ന് താക്കർ പറഞ്ഞു. ഇന്ത്യൻ കർഷകർക്ക് പയർ വർഗ്ഗങ്ങൾക്ക് ന്യായമായ വില ലഭിച്ചില്ലെങ്കിൽ അവർ മറ്റ് വിളകളിലേക്ക് മാറിയേക്കാമെന്നും, അത് ഇന്ത്യയെ സ്വയംപര്യാപ്തതയിൽ നിന്ന് കൂടുതൽ അകറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)