ലോക തേനീച്ച ദിനം 2026: ഇന്ത്യയിലെ തേൻ ഉൽപ്പാദന കുതിപ്പിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന പ്രതിസന്ധികൾ
കഴിഞ്ഞ വർഷം ഇന്ത്യ ഒരു ലക്ഷത്തിലധികം മെട്രിക് ടൺ തേനായിരുന്നു കയറ്റുമതി ചെയ്തത്. കേവലം അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ കയറ്റുമതി രാജ്യത്ത് നിന്ന് രണ്ടാമത്തെ വലിയ കയറ്റുമതി രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ കാർഷിക മേഖലയിലെ അധികമാരും ചർച്ച ചെയ്യാത്ത വലിയൊരു വിജയഗാഥയാണ് ഈ കുതിപ്പ്. ദേശീയ തേനീച്ചവളർത്തൽ-തേൻ മിഷൻ (NBHM) വഴി നടപ്പിലാക്കിയ 500 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയുടെ ഈ 'മധുര വിപ്ലവത്തിന്' (Sweet Revolution) കരുത്തുപകരുന്നത്. എങ്കിലും, കയറ്റുമതി കണക്കുകളുടെ ഡാഷ്‌ബോർഡിൽ ഇല്ലാത്ത മറ്റൊരു യാഥാർത്ഥ്യം കൂടിയുണ്ട്. ഇന്ത്യയിലെ നാടൻ തേനീച്ചകളുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തുന്നത്; കയറ്റുമതി നിരക്കുകൾ ഉയരുമ്പോഴും നാടൻ തേനീച്ചകളുടെ എണ്ണം കുറയുന്നതായി ഫീൽഡ് ഗവേഷകരും തേനീച്ച കർഷകരും ഒരേപോലെ സാക്ഷ്യപ്പെടുത്തുന്നു. പരസ്പരവിരുദ്ധമായ ഈ രണ്ട് വസ്തുതകളെയും നാം ഒന്നിച്ച് തന്നെ കാണേണ്ടതുണ്ട്.
ആഗോള സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഇന്ത്യയ്ക്ക് ഇത് ഏറ്റവും അനുയോജ്യമായ സമയമാണെന്ന് തോന്നും. ലോകത്തിലെ ഏറ്റവും വലിയ തേൻ ഇറക്കുമതി രാജ്യമായ അമേരിക്കയിൽ, വരോവ മൈറ്റ് (varroa mite) എന്ന ജീവികളുടെ ആക്രമണം, കീടനാശിനികളോടുള്ള പ്രതിരോധശേഷി, കാലാവസ്ഥാ വ്യതിയാനം മൂലം പൂക്കാലങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ എന്നിവ കാരണം 2024-25 കാലയളവിൽ തേനീച്ചക്കൂട്ടങ്ങളുടെ എണ്ണത്തിൽ 60 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. സമാനമായ പ്രതിസന്ധികൾ തുർക്കി, എത്യോപ്യ, ഇറാൻ എന്നീ രാജ്യങ്ങളിലെ തേൻ ഉൽപ്പാദനത്തെയും ബാധിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ആഗോളതലത്തിൽ തേൻ ലഭ്യതയിൽ വലിയൊരു കുറവ് (honey gap) അനുഭവപ്പെടുന്നുണ്ട്. ഇത് അമേരിക്കയിലും യൂറോപ്പിലും തേൻ ഇറക്കുമതി വില വർദ്ധിപ്പിക്കുകയും, വിശ്വസനീയമായ വിതരണക്കാർക്ക് മികച്ച അവസരങ്ങൾ തുറന്നുനൽകുകയും ചെയ്യുന്നു. പ്രതിവർഷം 5 ശതമാനം എന്ന സ്ഥിരതയാർന്ന ഉൽപ്പാദന വളർച്ചയും, മെട്രിക് ടണ്ണിന് 1,400 യു.എസ് ഡോളർ എന്ന ചുരുങ്ങിയ കയറ്റുമതി വിലയും (Minimum Export Price) ഉള്ള ഇന്ത്യ ഈ കുറവ് നികത്താൻ ഏറ്റവും അനുയോജ്യമായ സ്ഥാനത്താണ്. ഈ അവസരം തികച്ചും യഥാർത്ഥ്യമാണ്. എങ്കിലും, നിലവിലെ ഈ ബിസിനസ്സ് മോഡൽ എത്രത്തോളം സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും എന്നതാണ് പ്രധാന ചോദ്യം
ആഭ്യന്തര തലത്തിൽ വർദ്ധിച്ചുവരുന്ന വിഷമതകൾ
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള, ചിട്ടയോടെ പരിപാലിക്കുന്ന ഒരു ചെറിയ ഫാമിലേക്ക് ചെന്നാൽ ഈ വൈരുദ്ധ്യം കൂടുതൽ വ്യക്തമാകും. ഗോത്രവർഗ്ഗക്കാർ കാട്ടുതേനീച്ചകളുടെ കൂട്ടിൽ നിന്ന് ശേഖരിക്കുന്ന ജാമുൻ (ഞാവൽ) തേൻ ഉൽപ്പാദിപ്പിക്കുന്ന ഫാമുകളാണിവ. ഈ ജാമുൻ തേൻ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത് ഒരു മെട്രിക് ടണ്ണിന് 4,500 മുതൽ 6,000 വരെ യു.എസ് ഡോളറിന് തുല്യമായ തുകയ്ക്കാണ്; എന്നാൽ ഇന്ത്യയുടെ കുറഞ്ഞ കയറ്റുമതി വില വെറും 1,400 യു.എസ് ഡോളറാണ്. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ പ്രശസ്തമായ ഹിമാലയൻ വൈറ്റ് ഹണി, സുന്ദർബൻ ഹണി എന്നിവയുടെ ആഭ്യന്തര വില നിലവിലുള്ള കുറഞ്ഞ കയറ്റുമതി വിലയേക്കാൾ (Minimum Export Price) എത്രയോ മുകളിലാണ്. ചുരുക്കത്തിൽ, ഇന്ത്യ ഉൽപ്പാദിപ്പിക്കുന്നതിൽ വെച്ച് ഏറ്റവും മികച്ച തേൻ ആഭ്യന്തര വിപണിയിൽ തന്നെ തുടരുകയാണ്, കാരണം അതിന് കയറ്റുമതി വിലയേക്കാൾ വലിയ മൂല്യമുണ്ട്. അതേസമയം, വിദേശയിനമായ യൂറോപ്യൻ തേനീച്ചകളിൽ നിന്നാണ് വലിയ അളവിലുള്ള ബൾക്ക് ഫ്ലോറൽ തേൻ പ്രധാനമായും ഉൽപ്പാദിപ്പിക്കപ്പെടുന്നത്.
നാടൻ തേനീച്ചകളുടെ ഈ പ്രശ്നമാണ് നിലവിലെ സാഹചര്യത്തിന്റെ കേന്ദ്രബിന്ദു. എന്നാൽ നയരൂപീകരണത്തിൽ ഇതിന് അർഹിക്കുന്ന ശ്രദ്ധ ലഭിക്കാറില്ല. ഇന്ത്യയിലെ വനങ്ങളും കൃഷിയിടങ്ങളും വൈവിധ്യമാർന്ന പരാഗണകാരികളുടെ (pollinators) കേന്ദ്രമാണ്: വനങ്ങളിലെ മരങ്ങളിൽ പരാഗണം നടത്തുന്ന ഏഷ്യൻ റോക്ക് ബീ (മലന്തേനീച്ച), വിവിധ വിളകളെയും പരമ്പരാഗത കാർഷിക ആവാസവ്യവസ്ഥകളെയും പിന്തുണയ്ക്കുന്ന ഇന്ത്യൻ ഹണി ബീ, പശ്ചിമഘട്ടത്തിലെ ഉഷ്ണമേഖലാ സസ്യങ്ങളുടെ പരാഗണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന കൊമ്പുതേനീച്ചകൾ (stingless bees) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയോരോന്നും പരിസ്ഥിതിയിൽ പകരം വയ്ക്കാനില്ലാത്ത പങ്ക് വഹിക്കുന്നവയാണ്. എന്നാൽ ഇവയൊന്നും യൂറോപ്യൻ തേനീച്ചകളെപ്പോലെ (Apis mellifera) വൻതോതിൽ തേൻ ഉൽപ്പാദിപ്പിക്കുന്നില്ല. കൂടുതൽ ഉൽപ്പാദനം എന്ന യുക്തി ബിസിനസ്സ് പരമായി ശരിയായിരിക്കാം, പക്ഷേ പാരിസ്ഥിതികമായി ഇത് വലിയ നഷ്ടമാണ് വരുത്തുന്നത്. നാടൻ പരാഗണകാരികളുടെ എണ്ണം കുറയുമ്പോൾ, അവയെ ആശ്രയിക്കുന്ന ലിച്ചി, കടുക്, സൂര്യകാന്തി തുടങ്ങിയ വിളകളുടെ ഉൽപ്പാദനക്ഷമത വലിയ അപകടത്തിലാകുന്നു. മനുഷ്യൻ കൃത്രിമമായി വളർത്തുന്ന തേനീച്ചക്കൂടുകൾക്ക് ഈ നാടൻ തേനീച്ചകളുടെ സ്വാഭാവിക പങ്കിന് ഒരിക്കലും പൂർണ്ണമായൊരു പകരമാവാൻ കഴിയില്ല.
ഈ പ്രതിസന്ധികളെല്ലാം പരിഹരിക്കാനുള്ള സമയത്തെ കാലാവസ്ഥാ വ്യതിയാനം കൂടുതൽ ചുരുക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ മൺസൂൺ കൂടുതൽ പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുന്നു - നീണ്ട വരണ്ട കാലാവസ്ഥ, തീവ്രമായ മഴ, സീസണിന്റെ മധ്യത്തിലുള്ള കടുത്ത ഉഷ്ണതരംഗങ്ങൾ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. സസ്യങ്ങളുടെ പൂക്കാലത്തിന്റെ ദൈർഘ്യം കുറഞ്ഞുവരികയാണ്. ഇതിനൊപ്പമാണ് കീടനാശിനികളുടെ പ്രശ്നം, ഇത് ഇന്ത്യയുടെ തേൻ കയറ്റുമതി ചരിത്രത്തോട് ഒട്ടും ചേർന്നുപോകാത്ത ഒന്നാണ്. കീടനാശിനികളുടെ അംശം കണ്ടെത്തിയത് കാരണം തമിഴ്‌നാട് പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കയറ്റുമതിയിൽ വളരെ പിന്നിലാണ്. ഇന്ത്യൻ കയറ്റുമതി കണ്ടെയ്‌നറുകളിൽ നിറയ്ക്കുന്ന ബൾക്ക് തേൻ ഉൽപ്പാദിപ്പിക്കുന്ന രാജസ്ഥാനിലെയും ഉത്തർപ്രദേശിലെയും കടുകുപാടങ്ങൾ, കർണാടകയിലെ സൂര്യകാന്തി മേഖലകൾ, ബിഹാറിലെ ലിച്ചി തോട്ടങ്ങൾ എന്നിവ രാജ്യത്ത് ഏറ്റവും കൂടുതൽ കീടനാശിനികൾ ഉപയോഗിക്കുന്ന കാർഷിക മേഖലകളിൽ ചിലതാണ്. മൂന്ന് പ്രധാന നിയോനികോട്ടിനോയിഡ് (neonicotinoid) കീടനാശിനികളുടെ പുറം ഉപയോഗം യൂറോപ്യൻ യൂണിയൻ 2018-ൽ തന്നെ നിരോധിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ, പ്രധാന തേനീച്ചവളർത്തൽ മേഖലകളിൽ പൂക്കാലത്ത് ഉപയോഗിക്കുന്ന ഇത്തരം സിസ്റ്റമിക് കീടനാശിനികളുടെ നിയന്ത്രണം ഇപ്പോഴും വളരെ പരിമിതമാണ്.
സുസ്ഥിര തേൻ വ്യവസായത്തിനായുള്ള ഭാവിവഴി
ഇതൊന്നും നമ്മൾ കയറ്റുമതി മോഹം ഉപേക്ഷിക്കണം എന്ന് അർത്ഥമാക്കുന്നില്ല. പകരം, അതിനെ കൂടുതൽ പക്വതയോടെ സമീപിക്കണം എന്നാണ് കാണിക്കുന്നത്. ഘട്ടം ഘട്ടമായുള്ള ഒരു നയരൂപീകരണം ഇതിന് ആവശ്യമാണ് - അതായത്, സാധാരണ തേനിന്റെ തറവിലയായി നിലവിലെ കുറഞ്ഞ കയറ്റുമതി വില (MEP) നിലനിർത്തുമ്പോൾ തന്നെ, സർട്ടിഫൈഡ് ഓർഗാനിക്, ജി.ഐ (ഭൗമസൂചിക) പദവിയുള്ളവ, അല്ലെങ്കിൽ ഉൽപ്പാദന കേന്ദ്രം കൃത്യമായി കണ്ടെത്താനാകുന്ന (single-origin traceable) പ്രീമിയം ഇനം തേനുകൾക്ക് പ്രത്യേക കയറ്റുമതി ആനുകൂല്യങ്ങൾ നൽകണം. ബ്രസീൽ, ഉക്രെയ്ൻ, അല്ലെങ്കിൽ ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്ക് ഒരു ടൺ തേനിന് ലഭിക്കുന്ന വിലയും ഇന്ത്യയ്ക്ക് ലഭിക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാൻ ഇത് സഹായിക്കും. കീടനാശിനി നിയന്ത്രണങ്ങൾ തേനീച്ചവളർത്തൽ നയവുമായി സംയോജിപ്പിക്കേണ്ടതുണ്ട്: പൂക്കാലത്ത് വിളകളിൽ കീടനാശിനി തളിക്കുന്നതിന് മുൻപ് തേനീച്ച കർഷകരെ നിർബന്ധമായും അറിയിക്കുക, പൂവിടുന്ന സമയത്ത് നിയോനികോട്ടിനോയിഡ് ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, 'മധുക്രാന്തി' (Madhukranti) ട്രേസബിലിറ്റി പോർട്ടൽ വഴി കീടനാശിനികളുടെ അംശം നിരീക്ഷിക്കുക എന്നിവയാണ് ഇതിനായി ഇനി മുന്നോട്ട് വെക്കേണ്ട പ്രധാന ചുവടുവെപ്പുകൾ.
പടിഞ്ഞാറൻ രാജ്യങ്ങളിലെ തേനീച്ചക്കൂടുകളെ തകർത്തുകളഞ്ഞ കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും, ഇന്ത്യയിലെ തേനീച്ചകൾ കയറ്റുമതിയിൽ വൻ കുതിപ്പ് നടത്തിക്കൊണ്ട് ശ്രദ്ധേയമായ കാര്യമാണ് ചെയ്യുന്നത്. നാം കൈവരിക്കുന്ന ഈ നേട്ടങ്ങൾ സുസ്ഥിരമായ പാരിസ്ഥിതിക അടിത്തറയിലാണോ കെട്ടിപ്പടുക്കുന്നത്, അതോ എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയാത്ത പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്തുകൊണ്ടാണോ എന്ന് സ്വയം ചോദിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ലോക തേനീച്ച ദിനം. ഇന്ത്യയുടെ 'മധുര വിപ്ലവം' അതിന്റെ ഒന്നാം അധ്യായം വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി അത് അതിന്റെ രണ്ടാം അധ്യായം കൂടി അർഹതയോടെ നേടിയെടുക്കേണ്ടതുണ്ട്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

