വലയിൽ കുടുങ്ങുന്ന കടൽ വിസ്മയങ്ങൾ; തിമിംഗല സ്രാവുകൾക്ക് രക്ഷകരായി കേരളത്തിന്റെ മത്സ്യത്തൊഴിലാളികൾ

ലോകത്തിലെ ഏറ്റവും വലിയ മീനായ ആ കടൽ ഭീമൻ, തിരമാലകൾക്കിടയിലേക്ക് അപ്രത്യക്ഷമാകുന്നത് നോക്കി നിൽക്കുമ്പോൾ, ഒരുകാര്യം വ്യക്തമായിരുന്നു - ഇത്തവണ, മനുഷ്യൻ കടലിൽ നിന്നും ഒന്നും പിടിച്ചെടുക്കുകയല്ല, മറിച്ച് കടലിന് അതിന്റെ നിധി തിരികെ നൽകുകയായിരുന്നു.
ഭീമന്മാർ കുടുങ്ങുമ്പോൾ: ലോകത്തിലെ ഏറ്റവും വലിയ മത്സ്യത്തെ രക്ഷിക്കാൻ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ശ്രമിക്കുന്നു
തിരുവനന്തപുരം - മത്സ്യബന്ധന വലകളിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ തിരികെ കടലിലേക്ക് പോകാൻ മത്സ്യത്തൊഴിലാളികൾ സഹായിക്കുന്നു.ഫോട്ടോ: കെ എ ഷാജി
Published on

ജനുവരി 22, വ്യാഴാഴ്ചയിലെ ഒരു പ്രഭാതം. തിരുവനന്തപുരത്തിന്റെ തെക്കേ അതിർത്തിയിലുള്ള കൊച്ചുതോപ്പ് തീരത്തിന് അന്ന് പറയത്തക്ക പ്രത്യേകതയൊന്നുമില്ലായിരുന്നു. വിവർണ്ണമായ ആകാശം, ശാന്തമായ തിരമാലകൾ; പതിവുപോലെ പാതിയുറക്കത്തിൽ, വരാനിരിക്കുന്ന നീണ്ട മണിക്കൂറുകളെക്കുറിച്ചും അന്നത്തെ മീൻപിടുത്തത്തെക്കുറിച്ചും മാത്രം ചിന്തിച്ച്, വല വലിക്കുന്ന മത്സ്യത്തൊഴിലാളികൾ. നനഞ്ഞ കയറുകളുടെയും, ഉപ്പിന്റെയും, മണമുള്ള ആ കടപ്പുറത്ത്, കടൽകാക്കകളുടെ കരച്ചിൽ മാത്രം ഉയർന്നു കേട്ടു. വരുംവർഷങ്ങളിൽ തങ്ങൾ ഓർത്തിരിക്കാൻ പോകുന്ന വലിയൊരു സംഭവത്തിന്റെ സൂചനകളൊന്നും അപ്പോഴും ഉണ്ടായിരുന്നില്ല.

പെട്ടെന്നാണ് ആ വല നിശ്ചലമായത്. വെള്ളത്തിനടിയിൽ എന്തോ ഒരു വല്ലാത്ത ഭാരം അനുഭവപ്പെട്ടു. അത് മീനുകളെപ്പോലെ പിടയുന്ന ഒന്നായിരുന്നില്ല. തൊഴിലാളികൾ സർവ്വശക്തിയുമെടുത്ത് കയർ പുറകോട്ട് വലിച്ചപ്പോൾ, അത് അവരുടെ ഉള്ളംകൈകളിൽ ആഴ്ന്നിറങ്ങി, വലയുടെ ആകൃതി തന്നെ മാറിമറിഞ്ഞു. വെള്ളത്തിനടിയിലെ വലിയൊരു പാറയോ, അതോ കപ്പലിന്റെ അവശിഷ്ടമോ ആയിരിക്കുമെന്ന് ചിലർ കരുതി. എന്നാൽ ആഴം കുറഞ്ഞ തിരമാലകൾക്കിടയിൽ, ചാരനിറത്തിൽ, വെളുത്ത പുള്ളികളുള്ള ഒരു വലിയ രൂപം തെളിഞ്ഞുവന്നു. ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്നത് പോലെ അതിന്റെ ഭീമാകാരമായ വായ തുറക്കുകയും അടക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഒരു തിമിംഗല സ്രാവായിരുന്നു വലയിൽ കുടുങ്ങിയത്. അതൊരു അത്ഭുതക്കാഴ്ചയായിരുന്നു. അടുത്തുകിടക്കുന്ന വള്ളത്തേക്കാൾ നീളമുള്ള ഒരു കടൽജീവി. പ്രഭാതരശ്മികളുടെ വെള്ളിവെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന, പുള്ളികളുള്ള അതിന്റെ പരുപരുത്ത തൊലിയിൽ തൊട്ടപ്പോൾ, അതിന് ഭയത്തേക്കാളുപരി എങ്ങനെ പ്രതികരിക്കണമെന്നറിയാത്ത നിസ്സഹായതയിലായിരുന്നു. അതിന്റെ ചിറകുകളിലും, ചെകിളകളിലും വല മുറുകിക്കഴിഞ്ഞിരുന്നു. തിരിയാനോ, നീന്താനോ കഴിയാതെ, തിരയിളക്കത്തിൽ ആ ജീവൻ കടലിൽ നിന്നും കരയിലേക്ക് അകലുകയായിരുന്നു.

മിനിറ്റുകൾക്കുള്ളിൽ ആ വാർത്ത തീരമാകെ പടർന്നു. ആരോ ഫോൺ വിളിച്ചു, വേറൊരാൾ ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ട് കടൽക്കരയിലൂടെ ഓടി. തൊട്ടടുത്ത വെട്ടുകാട്, കൊച്ചുവേളി തീരങ്ങളിലും, സമാനമായ രീതിയിൽ മറ്റ് രണ്ട് തിമിംഗല സ്രാവുകൾ കൂടി വലയിൽ കുടുങ്ങിയെന്ന വാർത്ത പിന്നാലെ എത്തി. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി, നിശ്ശബ്ദമായി നിത്യതയിലേക്ക് ലയിക്കുമായിരുന്ന മൂന്നു ജീവനുകൾക്കായി ആ പ്രഭാതം പെട്ടെന്ന് വലിയൊരു ദൗത്യത്തിനുള്ള വേദിയായി. കൂട്ടായ പരിശ്രമത്തിന്റെയും ക്ഷമയുടെയും മണിക്കൂറുകളായിരുന്നു പിന്നീട്.

വ്യാഴാഴ്ച പകൽ അവസാനിക്കുമ്പോൾ, രണ്ട് ആൺസ്രാവുകളെയും, ഒരു പെൺസ്രാവിനേയും, മത്സ്യത്തൊഴിലാളികൾ സുരക്ഷിതമായി കടലിലേക്ക് തന്നെ തിരികെ വിട്ടു. വന്യജീവി ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (WTI) സഹകരണത്തോടെ 12, 16, 20 അടി വീതം നീളമുള്ള ആ കടൽഭീമന്മാരെ രക്ഷിച്ചപ്പോൾ, അത് തിരുവനന്തപുരത്തിന്റെ തീരദേശ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായി മാറി.

ശാന്തരായ കടൽഭീമന്മാർ

ഈ രക്ഷാദൗത്യങ്ങളോടെ, കേരളതീരത്തെ മത്സ്യത്തൊഴിലാളികൾ ഇതുവരെ ജീവൻ തിരിച്ചുനൽകിയത്, 54 തിമിംഗല സ്രാവുകൾക്കാണ്. അടുത്തു കാണുമ്പോൾ വിശ്വസിക്കാൻ കഴിയാത്തത്ര വലിപ്പമുള്ള ഈ ജീവികൾ, തങ്ങളെക്കാൾ എത്രയോ ചെറിയ മീനുകളെ പിടിക്കാൻ വിരിക്കുന്ന വലകളിൽ കുടുങ്ങുമ്പോൾ തീർത്തും നിസ്സഹായരായിപ്പോകുന്നു എന്നതാണ് സത്യം.

ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗല സ്രാവ് (Rhincodon typus). ഒരു സിറ്റി ബസ്സിനോളം നീളവും, ഇരുപത് ടണ്ണിലധികം ഭാരവും വയ്ക്കാൻ ഇവയ്ക്ക് കഴിയും. ഒരു കൊച്ചുകുട്ടിക്ക് നിവർന്നു നിൽക്കാൻ പാകത്തിൽ വീതിയുള്ളതാണ് ഇവയുടെ വായ. എന്നാൽ ഇത്രയും വലിപ്പമുണ്ടായിട്ടും കടലിലെ ഏറ്റവും ശാന്തരായ ജീവികളിൽ ഒന്നാണിവ. സൂക്ഷ്മജീവികളും, മീൻമുട്ടകളും ആഹാരമാക്കുന്ന ഇവ, ഓരോ മണിക്കൂറിലും ആയിരക്കണക്കിന് ലിറ്റർ കടൽവെള്ളം തങ്ങളുടെ ചെകിളകളിലൂടെ അരിച്ചെടുത്താണ് വിശപ്പടക്കുന്നത്.

ഓരോ തിമിംഗല സ്രാവിന്റെയും ശരീരത്തിലെ വെളുത്ത പുള്ളികൾ, മനുഷ്യന്റെ വിരലടയാളം പോലെ സവിശേഷമാണ്. ലോകത്ത് ഒരേപോലെയുള്ള രണ്ട് തിമിംഗല സ്രാവുകളില്ല. ഈ അടയാളങ്ങൾ നോക്കിയാണ് ഗവേഷകർ ഓരോ സ്രാവിനെയും തിരിച്ചറിയുന്നതും, വർഷങ്ങളോളം അവയുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുന്നതും. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇവ കേവലം ഒരു ശാസ്ത്രവിഷയമല്ല; മറിച്ച് ഭാവനയിൽ മാത്രം കാണാൻ കഴിയുന്ന, കടലിന്റെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ഒരു അത്ഭുതജീവിയാണ്.

എല്ലാവർഷവും, ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ തിമിംഗല സ്രാവുകൾ ഇന്ത്യയുടെ അറബിക്കടൽ തീരങ്ങളിലൂടെ സഞ്ചരിക്കാറുണ്ട്. ഈ സമയത്ത്, തീരക്കടലിൽ സമൃദ്ധമായി കാണപ്പെടുന്ന സൂക്ഷ്മജീവികളെ തേടിയാണിവ എത്തുന്നത്. ഇങ്ങനെ വരുമ്പോൾ പലപ്പോഴും, കരയോട് വളരെ അടുത്തേക്ക് - ആളുകൾ കുളിക്കാനും മീൻപിടിക്കാനും ഇറങ്ങുന്ന തീരങ്ങളിൽ നിന്നും ഏതാനും നൂറ് മീറ്റർ മാത്രം അകലെ വരെ, ഇവ എത്താറുണ്ട്.

"ഓരോ വർഷവും നമ്മുടെ തീരങ്ങൾ സന്ദർശിക്കുന്ന, വംശനാശഭീഷണി നേരിടുന്ന ഒരു ദേശാടന ജീവിയാണ് തിമിംഗല സ്രാവുകൾ," ഡബ്ല്യു.ടി.ഐ (WTI) മറൈൻ പ്രോജക്ട് കോർഡിനേറ്റർ, സാജൻ ജോൺ പറയുന്നു. "അവ അക്രമാസക്തരല്ല, ഇരപിടിയന്മാരുമല്ല. എന്നാൽ തീരത്തിനടുത്തേക്ക് വരുന്നത് കൊണ്ട് പലപ്പോഴും മത്സ്യബന്ധന വലകളിൽ ഇവ കുടുങ്ങിപ്പോകുന്നു. മത്സ്യത്തൊഴിലാളികളുടെ സഹായമില്ലെങ്കിൽ ഇവയിൽ ഭൂരിഭാഗവും അതിജീവിക്കില്ല."

മരണക്കെണികളാകുന്ന മീൻവലകൾ

തിരുവനന്തപുരത്തെ കടലോരങ്ങളിൽ, തലമുറകളായി തുടർന്നുപോരുന്ന പരമ്പരാഗത മത്സ്യബന്ധന രീതിയാണ് കമ്പവല (Shore-seine). തീരത്തുനിന്ന് കടലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിലേക്ക് വല വിരിച്ച ശേഷം, ചെറിയ മീനുകളെ ഒരു പ്രത്യേക ഭാഗത്തേക്ക് തെളിച്ചുകൊണ്ടുവരികയാണ് ഇതിലൂടെ ചെയ്യുന്നത്. വേലിയേറ്റവും ഇറക്കവും നോക്കി, കൃത്യസമയത്ത് പതിനഞ്ചും ഇരുപതും ആളുകൾ ചേർന്ന് ഒരുമയോടെ വല കരയിലേക്ക് വലിച്ചടുപ്പിക്കുന്നു.

കടലിന്റെ ഗതിയും, കൂട്ടായ പരിശ്രമവും ഒത്തുചേരുന്ന ഒരു രീതിയാണിത്. എന്നാൽ, ഒരു കൂട്ടം ചാളയും (സാർഡീൻ) ഭീമാകാരമായ തിമിംഗല സ്രാവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ഈ വലകൾക്ക് കഴിയില്ല എന്നതാണ് ഇതിലെ വെല്ലുവിളി.

ഒരു തിമിംഗല സ്രാവ് അബദ്ധത്തിൽ കമ്പവലയ്ക്കുള്ളിൽ അകപ്പെട്ടാൽ, താൻ അപകടത്തിലാണെന്ന് അത് പെട്ടെന്ന് തിരിച്ചറിയാറില്ല. വെള്ളം അരിച്ചെടുത്ത് ആഹാരം കഴിച്ച് അത് മുന്നോട്ട് തന്നെ നീങ്ങും. വലയുടെ ഇടുങ്ങിയ ഭാഗത്ത് എത്തുമ്പോഴാണ് തിരിയാൻ കഴിയില്ലെന്ന് അത് മനസ്സിലാക്കുന്നത്. കടൽവെള്ളം ഇറങ്ങുന്നതോടെ വല മുറുകുകയും സ്രാവ് തീർത്തും നിസ്സഹായനാവുകയും ചെയ്യുന്നു. ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട്, അമിത സമ്മർദ്ദത്താൽ തളരുന്ന ആ ജീവൻ, പലപ്പോഴും മനുഷ്യർ കാണുന്നതിന് മുൻപേ കടലിന്റെ ആഴങ്ങളിൽ പൊലിഞ്ഞുപോകാറുണ്ട്.

"നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ഇത് പതിവാണ്," സാജൻ ജോൺ പറയുന്നു. "പക്ഷേ, ഒരേ ദിവസം തന്നെ ഒരേ തീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് തിമിംഗല സ്രാവുകളെ രക്ഷപ്പെടുത്തുന്നത് ഇതാദ്യമായാണ്."

മണിക്കൂറുകൾ നീണ്ട പരിശ്രമം

കൊച്ചുതോപ്പിൽ, ഏതാണ്ട് ഇരുപതോളം മത്സ്യത്തൊഴിലാളികളാണ് കയറുകളും കത്തികളുമായി കടലിലേക്കിറങ്ങിയത്. വല വലിച്ചും, വള്ളം തുഴഞ്ഞും, കരുത്തുറ്റ ശരീരമുള്ള ചെറുപ്പക്കാരും, അമ്പതുകളിലെത്തിയവരും ആ കൂട്ടത്തിലുണ്ടായിരുന്നു. തങ്ങൾക്കോ, ആ ജീവിക്കോ പരിക്കേൽക്കാത്ത വിധം വളരെ കരുതലോടെയായിരുന്നു അവരുടെ ഓരോ നീക്കവും. ഒരു ചെറിയ പിഴവ് പോലും സ്രാവിനെ പരിഭ്രാന്തിയിലാക്കുമെന്നും, അല്ലെങ്കിൽ വല പാടേ തകർക്കുമെന്നും അവർക്ക് നന്നായി അറിയാമായിരുന്നു.

തുടക്കത്തിൽ പരിഭ്രമിച്ച സ്രാവ്, തന്റെ കൂറ്റൻ വാലുപയോഗിച്ച് വെള്ളത്തിൽ ശക്തമായി അടിച്ചു കൊണ്ടിരുന്നു. വലിയ തിരമാലകൾ തൊഴിലാളികൾക്ക് നേരെ വന്നതോടെ, ചിലർ പിന്നോട്ട് മാറിയെങ്കിലും ഉടൻ തന്നെ അവർ തിരികെ വന്ന് വലയുടെ ഓരോ കണ്ണികളും മുറിക്കാൻ തുടങ്ങി. ചിറകുകളും, ചെകിളകളും, വാലും ഓരോന്നായി വലയിൽ നിന്ന് വേർപെടുത്തി. അതോടെ, താൻ ഇനി അപകടത്തിലല്ലെന്ന് തിരിച്ചറിഞ്ഞത് പോലെ ആ വലിയ ജീവി പതുക്കെ ശാന്തനായി.

ഏതാണ്ട് ഒരു മണിക്കൂറോളം അരയ്ക്കൊപ്പം വെള്ളത്തിൽ നിന്നുകൊണ്ട്, ആ കടൽഭീമനെ ആഴക്കടലിലേക്ക് തിരികെ വിടാൻ അവർ കിണഞ്ഞു പരിശ്രമിച്ചു. വശങ്ങളിലേക്ക് നീങ്ങാൻ സഹായിക്കുന്നതിനായി, ചിലർ അതിന്റെ വാലിൽ അയഞ്ഞ രീതിയിൽ കയർ കെട്ടി; മറ്റു ചിലർ സ്രാവിന്റെ തലഭാഗം പതുക്കെ തിരിച്ച്, ശരിയായ ദിശയിലേക്ക് നീക്കി. ഒടുവിൽ ആ വലിയ മീൻ നീലക്കടലിന്റെ ആഴങ്ങളിലേക്ക് നീന്തി മറഞ്ഞപ്പോൾ, അവിടെ വലിയ ആർപ്പുവിളികളൊന്നും ഉയർന്നില്ല. പകരം, കിതപ്പും നിശബ്ദതയും മാത്രം. തങ്ങളുടെ കൈകളിലൂടെ അമൂല്യമായ എന്തോ ഒന്ന് കടന്നുപോയി എന്നൊരു തിരിച്ചറിവ് എല്ലാവരിലും ഉണ്ടായിരുന്നു.

വെട്ടുകാട്ടിലും, കൊച്ചുവേളിയിലും ഇതേ കാഴ്ചകൾ തന്നെ ആവർത്തിച്ചു. മൂന്നിടങ്ങളിലും വലകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അന്നത്തെ മീൻപിടുത്തം ഉപേക്ഷിക്കേണ്ടി വന്നു. ചില തൊഴിലാളികൾക്ക് വിൽക്കാൻ ഒരു മീൻ പോലും കിട്ടാതെ ശൂന്യമായ കൈകളുമായി വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. എങ്കിലും, ആ ജീവനുകൾ സുരക്ഷിതമായി കടലിലേക്ക് മടങ്ങിയല്ലോ എന്ന ആശ്വാസം അവരിലുണ്ടായിരുന്നു.

മാറുന്ന ചിന്തകൾ, തെളിയുന്ന കാഴ്ചകൾ

കുറച്ചുകാലം മുമ്പ് വരെ , ഭൂരിഭാഗം മത്സ്യത്തൊഴിലാളികൾക്കും തിമിംഗല സ്രാവുകൾ ശല്യക്കാരായിരുന്നു. അവ, വിലപിടിപ്പുള്ള വലകൾ നശിപ്പിച്ചു, മീൻപിടുത്തം വൈകിപ്പിച്ചു, ഒരു വരുമാനവും നൽകിയതുമില്ല. അവയെ രക്ഷിക്കുക എന്നത് അസാധ്യമാണെന്ന് കരുതിയതുകൊണ്ടും, ഈ ജീവികൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അറിവ് ഇല്ലാത്തതുകൊണ്ടും, പല സ്രാവുകളും അന്ന് വലയ്ക്കുള്ളിൽ തന്നെ ചത്തുപോകുമായിരുന്നു.

എന്നാൽ 2017-ഓടെ ഈ സ്ഥിതി മാറിത്തുടങ്ങി. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും (WTI), കേരള വനംവകുപ്പും സംയുക്തമായി നടപ്പിലാക്കിയ സംരക്ഷണ പദ്ധതിയിലൂടെ, മത്സ്യത്തൊഴിലാളികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അവരുടെ പ്രശ്നങ്ങൾ കേൾക്കാനും, അവരെ ബോധവൽക്കരിക്കാനും, കൃത്യമായ പരിശീലനം നൽകാനും പദ്ധതിക്ക് കഴിഞ്ഞു. അങ്ങനെ സ്രാവുകളെ രക്ഷിക്കുക എന്നത് പ്രായോഗികമാണെന്ന ബോധ്യം തൊഴിലാളികളിൽ വളർന്നു.

തീരദേശ ഗ്രാമങ്ങൾ സന്ദർശിച്ച വന്യജീവി പ്രവർത്തകർ, തിമിംഗല സ്രാവുകളുടെ പ്രാധാന്യത്തെക്കുറിച്ചും, വല മുറിക്കാതെ അവയെ എങ്ങനെ സുരക്ഷിതമായി പുറത്തുവിടാം എന്നതിനെക്കുറിച്ചും ക്ലാസുകൾ നൽകി. സഹായത്തിനായി ഫോൺ നമ്പറുകൾ നൽകുകയും, ചെറിയ രക്ഷാസേനകൾ രൂപീകരിക്കുകയും ചെയ്തു. ഇതോടെ, വലയിൽ സ്രാവുകൾ കുടുങ്ങുന്ന വിവരം ഒളിച്ചുവെക്കുന്നതിന് പകരം സഹായത്തിനായി അധികൃതരെ വിളിക്കാൻ മത്സ്യത്തൊഴിലാളികൾ തയ്യാറായി.

ഇന്ത്യയൊട്ടാകെ, പ്രത്യേകിച്ച് രണ്ട് പതിറ്റാണ്ട് മുൻപേ ഈ പദ്ധതി തുടങ്ങിയ ഗുജറാത്ത് തീരത്ത്, ഇതുവരെ ആയിരത്തിലധികം തിമിംഗല സ്രാവുകളെ മത്സ്യത്തൊഴിലാളികൾ തന്നെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കണക്കുകൾ താരതമ്യേന കുറവാണെങ്കിലും, ഇവിടുത്തെ മനുഷ്യരുടെ ചിന്താഗതിയിലുണ്ടായ മാറ്റം വളരെ വലുതാണ്.

തിരുവനന്തപുരത്തെ ഇത്തരം രക്ഷാപ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള വ്യക്തിയാണ് അജിത് ശംഖുമുഖം. അദ്ദേഹം ഒരു ശാസ്ത്രജ്ഞനോ ഉദ്യോഗസ്ഥനോ അല്ല; മറിച്ച് കടലിനെയും, വലകളെയും, കടലിന്റെ മക്കളെയും നന്നായി അറിയാവുന്ന ഒരു സാധാരണ മത്സ്യത്തൊഴിലാളിയാണ്. എപ്പോൾ വിളിച്ചാലും ബൈക്കിലോ വള്ളത്തിലോ അദ്ദേഹം ഓടിയെത്തും - ചിലപ്പോൾ പാതിരാത്രിയിൽ പോലും. അജിത്തും സംഘവും നടത്തുന്ന 54-ാമത്തെ രക്ഷാദൗത്യമായിരുന്നു കൊച്ചുതോപ്പിലേത്.

ഓരോ രക്ഷാപ്രവർത്തനത്തിനും പിന്നിൽ വലിയൊരു നഷ്ടമുണ്ട്. വലകൾ നശിക്കുന്നു, പണവും സമയവും നഷ്ടപ്പെടുന്നു. എന്നാൽ WTI പദ്ധതിയിലൂടെ വലകൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് ചെറിയ തോതിൽ ആശ്വാസധനം ലഭിക്കുന്നുണ്ട്. അതിലുപരിയായി അവർക്ക് ലഭിക്കുന്നത് വലിയൊരു ബഹുമാനവും, അംഗീകാരവുമാണ്. തങ്ങൾ ചെയ്യുന്നത് വലിയൊരു പുണ്യമാണെന്ന തിരിച്ചറിവ് അവരിൽ അഭിമാനം നിറയ്ക്കുന്നു.

"മുൻപൊക്കെ മീൻ കിട്ടുന്നതിനെക്കുറിച്ച് മാത്രമായിരുന്നു ഞങ്ങളുടെ ചിന്ത. എന്നാൽ ഇപ്പോൾ വലയിൽ ഒരു തിമിംഗല സ്രാവിനെ കണ്ടാൽ അതിനെ എങ്ങനെ രക്ഷിക്കാം എന്നാണ് ഞങ്ങൾ ആദ്യം ആലോചിക്കുന്നത്," അജിത് പറയുന്നു.

തിരുവനന്തപുരത്തെ കടപ്പുറങ്ങളിൽ വളരുന്ന കുട്ടികൾ ഇന്ന് കേൾക്കുന്നത് തിമിംഗല സ്രാവുകളെ രക്ഷിച്ച കഥകളാണ്. പലരും അത് നേരിട്ട് കണ്ടവരാണ്. വിനോദസഞ്ചാരികളും, വിദ്യാർത്ഥികളും, വനംവകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് ആ തീരങ്ങളിൽ എത്തുന്നത് തൊഴിലാളികളെ സഹായിക്കാനാണ്.

പതുക്കെയാണെങ്കിലും, ആ മാറ്റം സംഭവിച്ചു കഴിഞ്ഞു. കടൽ എന്നത് ഇനി വെറും മീൻ പിടിക്കാനുള്ള ഒരിടം മാത്രമല്ല; വരുംതലമുറയ്ക്കായി കരുതിവെക്കേണ്ട ജീവന്റെ ഉറവിടം കൂടിയാണെന്ന ബോധ്യം തീരങ്ങളിൽ അലയടിക്കുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in