

ഗൂഡല്ലൂരിനടുത്തുള്ള ഒ'വാലിയിൽ നടന്ന രണ്ട് മാരകമായ കടുവാ ആക്രമണങ്ങൾ, തമിഴ്‌നാട്ടിലെ നീലഗിരിയിലുള്ള വന്യജീവി ഇടനാഴികളും തോട്ടങ്ങളും ജനസാന്ദ്രതയേറിയ ജനവാസ മേഖലകളും തമ്മിലുള്ള സംഘർഷാവസ്ഥയെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്.
13 ദിവസത്തെ ഇടവേളയിലാണ് ഈ ആക്രമണങ്ങൾ നടന്നത്. ആക്രമണം നടത്തിയ കടുവ പിന്നീട് വനത്തിനുള്ളിലേക്ക് അപ്രത്യക്ഷമായി. നീലഗിരിയിലെ ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള വന്യജീവി സങ്കേത മേഖലകളിലൊന്നിൽ ഭീതിയും പ്രതിഷേധങ്ങളും വൻതോതിലുള്ള തിരച്ചിൽ ദൗത്യവും മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്.
ഒ'വാലി പ്രദേശം ജനസാന്ദ്രതയേറിയ ഒരു മുൻസിപ്പാലിറ്റിയോട് ചേർന്നുനിൽക്കുന്ന ഒന്നാണ്. തേയില-കാപ്പി തോട്ടങ്ങൾ, കൃഷിയിടങ്ങൾ, തൊഴിലാളി ലയങ്ങൾ, വനമേഖലകൾ എന്നിവയാൽ ചുറ്റപ്പെട്ടതാണ് ഈ പ്രദേശം.
മുതുമലൈ വനങ്ങളെ കേരളത്തിലെ നിലമ്പൂർ കാടുകളുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു വന്യജീവി പാതയുടെ (Wildlife Linkage) ഭാഗം കൂടിയാണിത്. ഇവിടെ വന അതിർത്തിയും മനുഷ്യരുടെ അധിവാസ മേഖലകളും തമ്മിലുള്ള വേർതിരിവ് പലപ്പോഴും വ്യക്തമല്ല.
കടുവയെ കണ്ടെത്താനായി വനംവകുപ്പ് 145 ക്യാമറ ട്രാപ്പുകൾ, 13 കൂട്ടുകൾ, ഡ്രോണുകൾ, ട്രാക്കിംഗ് ടീമുകൾ, വെറ്ററിനറി ജീവനക്കാർ, കുങ്കി ആനകൾ എന്നിവയെ വിന്യസിച്ചിട്ടുണ്ട്.
എട്ട് മുതൽ 10 വർഷം വരെ പ്രായം കണക്കാക്കുന്ന ആൺകടുവയാണെങ്കിലും, ഇതിനെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഒ'വാലിയിലെ ലോറിസ്റ്റണിനും മുതുമലൈ ടൈഗർ റിസർവിലെ സിംഗാര റെയിഞ്ചിനുമിടയിലാണ് കടുവ സഞ്ചരിക്കുന്നതെന്ന് ക്യാമറ ട്രാപ്പ് തെളിവുകൾ സൂചിപ്പിക്കുന്നു.
വനത്തിലൂടെ ദിവസം 5 മുതൽ 20 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഈ കടുവ, ഓരോ 10 മുതൽ 15 ദിവസത്തിനുള്ളിലും ഈ രണ്ട് മേഖലകൾക്കിടയിൽ മാറിമാറി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.
മറ്റൊരു ആക്രമണം ഉണ്ടാകുമോ എന്നതാണ് തൽക്കാലത്തെ പ്രധാന ആശങ്ക. എന്നാൽ, വന്യജീവികളുടെ സഞ്ചാരവും മനുഷ്യന്റെ ഉപജീവനമാർഗ്ഗങ്ങളും തമ്മിലുള്ള സംഘർഷം ഉടലെടുക്കുന്ന ഇത്തരം പ്രദേശങ്ങളുടെ അവസ്ഥ എത്രത്തോളം സങ്കീർണ്ണമാണെന്നാണ് ഈ സംഭവം എടുത്തു കാണിക്കുന്നത്.
ആക്രമണങ്ങളും തുടർന്നുള്ള പ്രക്ഷോഭങ്ങളും
ഓഗസ്റ്റ് 8-ന് ലോറിസ്റ്റണിൽ വെച്ച് 58 വയസ്സുള്ള ബാലകൃഷ്ണൻ കൊല്ലപ്പെട്ടു. വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭാഗികമായി ഭക്ഷിച്ച നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 21-ന് വീടിന് സമീപം ജോലി ചെയ്യുകയായിരുന്ന കെ. രവികുമാർ (51) ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹവും ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നു. രണ്ട് സ്ഥലങ്ങളിലും കണ്ടെത്തിയ കാൽപ്പാടുകൾ ഒരേ കടുവയുടേതാണെന്ന് സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥരെ സഹായിച്ചു.
രണ്ടാമത്തെ കൊലപാതകത്തോടെ പ്രദേശത്തെ അവസ്ഥ പൂർണ്ണമായും മാറി. നാട്ടുകാർ തെരുവിലിറങ്ങി റോഡുകൾ ഉപരോധിച്ചു; ഗൂഡല്ലൂർ, പന്തലൂർ, ഒ'വാലി തുടങ്ങിയ പ്രദേശങ്ങളിൽ 48 മണിക്കൂർ ഹർത്താൽ ആചരിച്ചു.
തേയിലത്തോട്ടങ്ങളുടെ പ്രവർത്തനങ്ങളും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. ഒറ്റയ്ക്ക് തോട്ടങ്ങളിൽ ജോലിക്ക് ഇറങ്ങാൻ തൊഴിലാളികൾ ഭയന്നു. ഈ ഭീതി രണ്ട് ആക്രമണങ്ങൾ നടന്ന പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായിരുന്നില്ല.
മനുഷ്യജീവന് ഭീഷണിയാകുന്ന കടുവകളെ കൈകാര്യം ചെയ്യുന്നതിനുള്ള നിർദ്ദിഷ്ട നിബന്ധനകൾ പാലിച്ചാണ് വനംവകുപ്പ് പ്രവർത്തിക്കുന്നത്. ആക്രമണം നടത്തുന്ന കടുവയെ തിരിച്ചറിയുക, അതിന്റെ നീക്കങ്ങൾ നിരീക്ഷിക്കുക, ജീവനോടെ പിടികൂടാനോ മയക്കുവെടി വെക്കാനോ ശ്രമിക്കുക എന്നിവയിലാണ് പ്രാഥമിക ശ്രദ്ധ. മറ്റ് വഴികളെല്ലാം അടയുമ്പോൾ മാത്രമാണ് കടുവയെ കൊല്ലുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
എന്നാൽ, ആക്രമണം നടന്ന രണ്ട് സ്ഥലങ്ങളേക്കാൾ വളരെ വിശാലമായ മേഖലയിലൂടെയാണ് ഈ കടുവ സഞ്ചരിക്കുന്നത് എന്നതാണ് പ്രധാന വെല്ലുവിളി.
ഒ'വാലിയെ ഒരു ഗ്രാമത്തിനോട് ചേർന്നുള്ള വെറുമൊരു കാടായി മാത്രം കാണാൻ കഴിയില്ല. സംരക്ഷിത വനങ്ങൾ, തോട്ടങ്ങൾ, ഫാമുകൾ, റോഡുകൾ, ജനവാസ കേന്ദ്രങ്ങൾ, പുഴകൾ എന്നിവയൊക്കെ ചേർന്ന സങ്കീർണ്ണമായ ഒരു ഭൂപ്രകൃതിയാണിത്.
ഒ'വാലിയിലൂടെയുള്ള മുതുമലൈ-നിലമ്പൂർ പാത ഒരു പ്രധാന വന്യജീവി ഇടനാഴിയാണെന്ന് സർക്കർ രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ആളുകൾ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇടങ്ങളിലൂടെയാണ് ഈ ഇടനാഴി കടന്നുപോകുന്നത്. അതിനാൽ, വന്യജീവികളുമായുള്ള സഹവാസം എന്നത് ഒരു സിദ്ധാന്തമല്ല, മറിച്ച് ദിനംപ്രതിയുള്ള ജീവിത യാഥാർത്ഥ്യമാണ്.
മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഭൂപ്രകൃതി ഒന്നാണ്. ഒരു ഫോറസ്റ്റ് ഡിവിഷന്റെയോ തോട്ടത്തിന്റെയോ അതിർത്തികൾ കടുവ തിരിച്ചറിയുന്നില്ല. ഇര, വെള്ളം, സുരക്ഷിതമായ മറവ്, സഞ്ചാരപാതകൾ എന്നിവയ്ക്കനുസരിച്ചാണ് അത് നീങ്ങുന്നത്. എന്നാൽ മനുഷ്യരെ സംബന്ധിച്ച് അതേ സ്ഥലം തോട്ടങ്ങളായും കൃഷിയിടങ്ങളായും റോഡുകളായും വീടുകളായും വിഭജിക്കപ്പെട്ടിരിക്കുന്നു. രാത്രിയിൽ മൃഗങ്ങൾ സഞ്ചരിക്കുന്ന അതേ പാതയാകാം അടുത്ത ദിവസം രാവിലെ ഒരു തോട്ടം തൊഴിലാളി ജോലിക്ക് പോകാൻ ഉപയോഗിക്കുന്നത്.
ചരിത്രപരമായ കാരണങ്ങൾ
ഗൂഡല്ലൂരിന്റെ ഇപ്പോഴത്തെ രൂപം തോട്ടങ്ങളും അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളി സമൂഹങ്ങളും ചേർന്ന് നിർമ്മിച്ചതാണ്. ശ്രീലങ്കയിൽ നിന്ന് തിരികെയെത്തി ഇവിടെ പുനരധിവസിപ്പിക്കപ്പെട്ട ശ്രീലങ്കൻ തമിഴ് കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നു. അവരുടെ തലമുറകൾ തേയിലത്തോട്ടങ്ങൾ, ചെറുകിട ഫാമുകൾ, ലയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ജീവിതം പടുത്തുയർത്തിയത്. തോട്ടം മേഖലയിലെ ജോലി പതുക്കെ അനിശ്ചിതത്വത്തിലായതോടെ പല കുടുംബങ്ങളും ഉപജീവനത്തിനായി മറ്റ് മാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതരായി.
ഇന്നത്തെ ഈ പ്രതിസന്ധി മനസ്സിലാക്കാൻ ആ ചരിത്രം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം, ഇന്ന് ജീവൻ അപകടത്തിലായിരിക്കുന്ന മനുഷ്യരും, വന്യജീവികൾ സഞ്ചരിക്കുന്ന അതേ ഇടങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.
തേയിലക്കൊളുന്ത് നുള്ളുന്നത് അനിശ്ചിതമായി നീട്ടിവെക്കാൻ കഴിയില്ല. കാപ്പിത്തോട്ടങ്ങൾക്ക് കൃത്യമായ പരിചരണം ആവശ്യമാണ്. പ്രദേശത്ത് കടുവയെ കണ്ടു എന്നതുകൊണ്ട് മാത്രം ചെറുകിട കർഷകർക്ക് തങ്ങളുടെ കൃഷിയിടങ്ങൾ ഉപേക്ഷിക്കാൻ കഴിയില്ല. തൊഴിലാളികൾ കൂട്ടമായി മാത്രം ജോലി ചെയ്യണമെന്ന് നിർബന്ധം പിടിച്ചാൽ ഉൽപ്പാദനച്ചെലവ് കൂടും; ജോലിക്ക് ഇറങ്ങിയില്ലെങ്കിൽ ഉൽപ്പാദനം നിലയ്ക്കും. അതുകൊണ്ടുതന്നെ, ഒരു വന്യജീവി ആക്രമണം ജീവഹാനിക്കപ്പുറം സാമ്പത്തികമായ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തൊഴിലാളികളെയും ചെറുകിട കർഷകരെയുമാണ് ഇത് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്.
അയൽപ്രദേശമായ മസിനഗുഡിയിലും ഇത്തരം സംഘർഷങ്ങൾക്ക് നീണ്ട ചരിത്രമുണ്ട്. മേഖലയിലെ വന്യജീവി ഇടനാഴികളെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കാളിയായ പി.ടി. വർഗീസ്, താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാത്ത വനസംരക്ഷണ പദ്ധതികളെ ചോദ്യം ചെയ്തിട്ടുണ്ട്. മുൻപ് മോയാർ ആന ഇടനാഴിയെക്കുറിച്ചുള്ള തർക്കങ്ങൾ ഉയർന്നപ്പോൾ, ഔദ്യോഗികമായി തയ്യാറാക്കിയ ഇടനാഴി ഭൂപടങ്ങളുടെ കൃത്യതയെ അദ്ദേഹം ചോദ്യം ചെയ്യുകയും ഈ പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ സാന്നിധ്യവും അവകാശങ്ങളും അവഗണിക്കാൻ കഴിയില്ലെന്ന് വാദിക്കുകയും ചെയ്തിരുന്നു.
വന ഇടനാഴി സംരക്ഷണം എന്നത് കേവലം സാങ്കേതികമായ ഒരു നടപടിയായി മാത്രം ചിത്രീകരിക്കപ്പെടുന്നതുകൊണ്ടാണ് ഈ വാദം പ്രസക്തമാകുന്നത്. രണ്ട് സംരക്ഷിത വനമേഖലകൾക്കിടയിൽ ഒരു വര വരയ്ക്കുകയും അതിനുള്ളിലെ പ്രദേശത്തെ വന്യജീവി പാതയായി കണക്കാക്കുകയുമാണ് സാധാരണ ചെയ്യാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ആ പാതയിൽ റോഡുകളോ തോട്ടങ്ങളോ ഫാമുകളോ വീടുകളോ ഉണ്ടാകാം. മനുഷ്യരുടെ ഉപയോഗത്തെ കണക്കിലെടുക്കാതെ മൃഗങ്ങളുടെ സഞ്ചാരപാത മാത്രം സംരക്ഷിക്കാൻ ശ്രമിക്കുന്നത് ജനങ്ങളിൽ എതിർപ്പും അവിശ്വാസവും വളർത്താൻ മാത്രമേ സഹായിക്കൂ.
ഗൂഡല്ലൂരിലെ കർഷക നേതാവായ വി. ഡി. ശെൽവരാജ് വനാതിർത്തിയിൽ ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥയെക്കുറിച്ച് ചോദിക്കുന്നത് ഇങ്ങനെയാണ്: "ഇത് മൃഗങ്ങളുടെ മാത്രം പ്രശ്നമല്ല. മനുഷ്യരെ എങ്ങനെ ജീവിക്കാൻ നിർബന്ധിതരാക്കുന്നു എന്നതിന്റെ കൂടെ പ്രശ്നമാണ്. സ്വാഭാവിക ആവാസവ്യവസ്ഥ തകർക്കപ്പെട്ടു, തോട്ടങ്ങൾ ഉപേക്ഷിക്കപ്പെട്ടു, പാവപ്പെട്ട മനുഷ്യർ കാൽനടയായി പോകുമ്പോൾ മൃഗങ്ങളുടെ മുന്നിൽപ്പെടുന്നു. ഒരാൾ കൊല്ലപ്പെട്ട ശേഷം പട്രോളിംഗ് നടത്തുന്നതിലല്ല, പാരിസ്ഥിതിക പുനരുദ്ധാരണത്തിലാണ് (Eco-restoration) കാര്യം."
മരണം നടന്നതിന് ശേഷം മാത്രം ആരംഭിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ പരിമിതിയാണ് നിലവിലെ കടുവാ തിരച്ചിൽ ദൗത്യം കാണിക്കുന്നത്. മനുഷ്യരെ നിരന്തരം ആക്രമിക്കുന്ന ഒരു മൃഗത്തെ പിടികൂടേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാൽ ഈ തിരച്ചിൽ ദൗത്യത്തിന് മാത്രം, ഇത്തരം ഏറ്റുമുട്ടലുകളിലേക്ക് നയിച്ച യഥാർത്ഥ സാഹചര്യങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല.
ആക്രമണം നടത്തിയ കടുവ ആരോഗ്യവാനും ചടുലമായി സഞ്ചരിക്കുന്നവനുമാണെന്നാണ് വിവരം. അത് ഇരപിടിക്കാൻ പ്രാപ്തിയില്ലാത്തതാണെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചിട്ടില്ല. സിംഗാരയ്ക്കും ലോറിസ്റ്റണിനുമിടയിലുള്ള കടുവയുടെ സഞ്ചാരം വ്യക്തമാക്കുന്നത് വിശാലമായ ഒരു ആവാസവ്യവസ്ഥ അതിന് മുന്നിലുണ്ടെന്നാണ്. ഇത്രയധികം നിരീക്ഷണങ്ങൾ ഉണ്ടായിട്ടും പിടിതരാതെ തുടരാൻ സാധിക്കുന്നത് ആ പ്രദേശത്തിന്റെ സങ്കീർണ്ണമായ ഭൂപ്രകൃതി കൊണ്ടുകൂടിയാണ്.
മഴയും മൂടൽമഞ്ഞും ഡ്രോൺ തിരച്ചിലുകളെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. നിബിഡമായ കാടുകൾ കരമാർഗ്ഗമുള്ള തിരച്ചിലിനെയും ബുദ്ധിമുട്ടിലാക്കുന്നു. ക്യാമറ ട്രാപ്പുകളിൽ നിന്ന് വന്യജീവികളുടെ നീക്കത്തെക്കുറിച്ചുള്ള അപൂർണ്ണമായ ചിത്രങ്ങൾ മാത്രമാണ് ലഭിക്കുന്നത്. അവസാനമായി കണ്ടെത്തിയ സ്ഥലത്തേക്ക് തിരച്ചിൽ സംഘം എത്തുമ്പോഴേക്കും കടുവയ്ക്ക് കിലോമീറ്ററുകളോളം കാട്ടിലൂടെ സഞ്ചരിക്കാൻ കഴിയും.
അതുകൊണ്ടുതന്നെ, ക്യാമറ ട്രാപ്പുകളിൽ പുതിയ ചിത്രങ്ങൾ പതിഞ്ഞില്ല എന്നത് ഭീഷണി പൂർണ്ണമായും ഒഴിഞ്ഞു എന്നതിന്റെ സൂചനയായി കരുതാൻ കഴിയില്ല.
ഇവിടെയാണ് വനസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിശാലമായ ചോദ്യങ്ങൾ ഉയർന്നുവരുന്നത്.
നീലഗിരിയുടെ സങ്കീർണ്ണതകൾ (Blue Mountain blues)
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പല വന്യജീവി ആവാസവ്യവസ്ഥകളും സ്ഥിതിചെയ്യുന്നത് നീലഗിരിയിലാണ്. എന്നാൽ മനുഷ്യർ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന മലയോര മേഖലകളിലൊന്ന് കൂടിയാണിത്. മുതുമലൈ പാരിസ്ഥിതികമായി ബന്ദിപ്പൂരിനോടും വയനാടിനോടും ചേർന്നുനിൽക്കുന്നു. മുകൂർത്തി, സൈലന്റ് വാലി എന്നീ പ്രദേശങ്ങളിലേക്കുള്ള വനങ്ങൾ പശ്ചിമഘട്ട ശൃംഖലയുടെ ഭാഗമാണ്. ഈ സംരക്ഷിത വനമേഖലകൾക്കിടയിലായി തോട്ടങ്ങൾ, ജനവാസ കേന്ദ്രങ്ങൾ, റോഡുകൾ, സ്വകാര്യ ഭൂമികൾ എന്നിവ സ്ഥിതി ചെയ്യുന്നു.
വന്യജീവികളുടെ നിലനിൽപ്പിനും, ഭക്ഷണം, വെള്ളം, കാലാനുസൃതമായ മാറ്റങ്ങൾ എന്നിവയ്ക്കനുസരിച്ച് അവയ്ക്ക് സഞ്ചരിക്കുന്നതിനും വന്യജീവി ഇടനാഴികൾ അത്യാവശ്യമാണ്. എന്നാൽ ജനവാസ മേഖലകളിലൂടെ ഇത്തരം ഇടനാഴികൾ കടന്നുപോകുമ്പോൾ, വന്യജീവികൾ മനുഷ്യനുമായി മുഖാമുഖം വരാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു.
എല്ലാ വന്യജീവി ഇടനാഴികളും മനുഷ്യർക്ക് പൂർണ്ണമായും നിരോധിക്കുക എന്നത് ഇതിനൊരു പരിഹാരമല്ല. വനസംരക്ഷണത്തിന്റെ ഭാരം മുഴുവൻ ജനങ്ങൾ മാത്രം ചുമക്കണമെന്ന് പ്രതീക്ഷിക്കുന്നതും ശരിയല്ല.
മനുഷ്യ-വന്യജീവി സംഘർഷ സാധ്യതയുള്ള നിർദ്ദിഷ്ട മേഖലകളെ (Conflict hotspots) മുൻകൂട്ടി തിരിച്ചറിയുന്നതിലൂടെ കൂടുതൽ പ്രായോഗികമായ ഒരു സമീപനം സാധ്യമാകും. റോഡുകൾ, തോട്ടങ്ങളിലെ പാതകൾ, ലയങ്ങൾ, കൃഷിയിടങ്ങൾ, ജലസ്രോതസ്സുകൾ, വനാതിർത്തികൾ എന്നിവയിലൂടെയുള്ള വന്യജീവികളുടെ സഞ്ചാരം ഭൂപടത്തിൽ അടയാളപ്പെടുത്തണം. ക്യാമറ ട്രാപ്പുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും ഇത്തരം മേഖലകളിൽ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഒരു ആക്രമണം ഉണ്ടായതിന് ശേഷം മാത്രം പ്രവർത്തിക്കുന്നതിന് പകരം, അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ നിരന്തരം പ്രവർത്തിക്കണം.
പാരിസ്ഥിതിക വശങ്ങൾക്കും സമാനമായ പരിഗണന നൽകേണ്ടതുണ്ട്. നാശത്തിലേക്ക് പോകുന്ന വനമേഖലകൾ പുനരുദ്ധരിക്കപ്പെടണം. സ്വാഭാവിക സസ്യജാലങ്ങളും ഇരപിടിയൻ മൃഗങ്ങൾക്കാവശ്യമായ മൃഗസമ്പത്തും സംരക്ഷിക്കപ്പെടണം. കാടിന്റെ സ്വാഭാവിക ഘടനയെ മാറ്റുകയും സ്വാഭാവിക ഭക്ഷണസ്രോതസ്സുകളെ കുറയ്ക്കുകയും ചെയ്യുന്ന അധിനിവേശ സസ്യങ്ങളെ (Invasive species) നിയന്ത്രിക്കണം. വന്യജീവി ഇടനാഴികൾ ഭൂപടങ്ങളിലെ വരകളിൽ മാത്രം ഒതുങ്ങാതെ പ്രായോഗികമായി ഉപയോഗപ്രദമായ രീതിയിൽ നിലനിൽക്കണം.
ഈ പ്രക്രിയയിൽ പ്രാദേശിക സമൂഹങ്ങളെയും പങ്കാളികളാക്കണം. വന്യജീവികളുടെ സഞ്ചാരം, കാലാനുസൃതമായ ജലസ്രോതസ്സുകൾ, നിരന്തരം സംഘർഷമുണ്ടാകുന്ന സ്ഥലങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ആ പ്രദേശത്ത് ജീവിക്കുന്ന ആളുകൾക്കുണ്ട്. ആനകൾ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളും കാട്ടുപോത്തുകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന ഇടങ്ങളും തോട്ടം തൊഴിലാളികൾക്ക് നന്നായി അറിയാം. ഇത്തരം വിവരങ്ങൾ ക്യാമറ ട്രാപ്പുകൾക്കും ശാസ്ത്രീയ നിരീക്ഷണങ്ങൾക്കും വലിയ തോതിൽ തുണയാകും.
ഒരു മാതൃകാ കേസ്
നീലഗിരിയിലെ വനസംരക്ഷണത്തിന് ഒ'വാലി ഒരു വലിയ പരീക്ഷണമാണ്.
ദക്ഷിണേന്ത്യയിലെ 'നീലഗിരി കുന്നുകൾ' വന്യജീവികൾ മാത്രം ജീവിക്കുന്ന വിജനമായ കാടുകളല്ല. മനുഷ്യർ ജീവിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പ്രദേശങ്ങളും, അതോടൊപ്പം മേഖലയിലെ പ്രധാന വന്യജീവി ആവാസവ്യവസ്ഥകളും ഒരുമിച്ച് നിലനിൽക്കുന്ന ഒന്നാണത്. വനസംരക്ഷണ നയങ്ങൾ ഈ രണ്ട് യാഥാർത്ഥ്യങ്ങളെയും ഒരുപോലെ അംഗീകരിക്കേണ്ടതുണ്ട്.
തൽക്കാലത്തെ പ്രധാന പരിഗണന വ്യക്തമാണ്. മറ്റൊരു ജീവഹാനി ഉണ്ടാകുന്നതിന് മുൻപ്, രണ്ട് മരണങ്ങൾക്ക് കാരണക്കാരനായ കടുവയെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. എന്നാൽ ആ മൃഗത്തെ പിടികൂടിയതുകൊണ്ടു മാത്രം ദൗത്യം പൂർണ്ണമായ ഒരു പരിഹാരമാകുന്നില്ല.
വന്യജീവികളോ മനുഷ്യരോ - ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക എന്നതാകരുത് ലക്ഷ്യം. മറിച്ച്, രണ്ടു കൂട്ടർക്കും ഒരുപോലെ സുരക്ഷിതമായ ഒരു അന്തരീക്ഷം ഉറപ്പാക്കുക എന്നതായിരിക്കണം.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)