ട്രെയിൻ കയറുന്ന രാജവെമ്പാലകൾ: മുന്നറിയിപ്പുമായി പുതിയ പഠനം

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന രാജവെമ്പാലകളെ, ഗോവയിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് കണ്ടെത്തിയത് വലിയ പരിസ്ഥിതി ആശങ്കകൾക്ക് കാരണമാകുന്നുവെന്ന് ഒരു പഠനം വ്യക്തമാക്കുന്നു.
ഗുജറാത്തിലെ വൽസാദിൽ ട്രെയിനിൽ കണ്ടെത്തിയ  മൂർഖൻ (നജ നാജ).
ഗുജറാത്തിലെ വൽസാദിൽ ട്രെയിനിൽ കണ്ടെത്തിയ മൂർഖൻ (നജ നാജ).ഫോട്ടോ: സമീർ ലഖാനി
Published on

ഗോവയിലെ റെയിൽവേ സ്റ്റേഷനുകളിലും, ട്രെയിനുകൾക്ക് സമീപവും തുടർച്ചയായി രാജവെമ്പാലകളെ കണ്ടെത്തുന്നത് പരിസ്ഥിതി പ്രവർത്തകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന വംശനാശഭീഷണി നേരിടുന്ന 'ഒഫിയോഫാഗസ് കലിംഗ' (Ophiophagus kaalinga) എന്ന രാജവെമ്പാല വർഗ്ഗത്തെ ഗോവയിലെ വിവിധ ട്രെയിനുകളിൽ നിന്ന് പലപ്പോഴായി പിടികൂടിയതായി, 'ബയോട്രോപ്പിക്ക' (Biotropica) ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നു.

പാമ്പുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഇടങ്ങളിൽ ഇവ എങ്ങനെ എത്തിപ്പെടുന്നു എന്നതിനെക്കുറിച്ച് ഗവേഷകർ ഒരു പഠനം തന്നെ ആരംഭിച്ചു. 2023 ജൂലൈയിൽ, ചന്ദോർ റെയിൽവേ സ്റ്റേഷനിൽ പ്രാദേശിക മൃഗസംരക്ഷണ ഗ്രൂപ്പുമായി ചേർന്ന് നടത്തിയ പാമ്പ് രക്ഷാപ്രവർത്തനമാണ് രാജവെമ്പാലകളുടെ ഈ അസാധാരണ സാന്നിധ്യത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രേരിപ്പിച്ചതെന്ന്, പഠനത്തിന് നേതൃത്വം നൽകിയ ദീകാഞ്ച് പാർമർ പറഞ്ഞു. അറ്റകുറ്റപ്പണികൾക്കായി റെയിൽവേ സ്റ്റേഷനിൽ കൂട്ടിയിട്ടിരുന്ന ട്രാക്കുകൾക്കിടയിലാണ് അന്ന് രാജവെമ്പാലയെ കണ്ടെത്തിയത്.

കർണാടകയിലെ, ദണ്ഡേലി ടൈഗർ റിസർവിനുള്ളിലെ കാസിൽ റോക്ക് എന്ന പ്രദേശം രാജവെമ്പാലകളുടെ സ്വാഭാവിക ആവാസകേന്ദ്രമാണ്. ഇവിടെ നിന്നുള്ള ട്രെയിനുകൾ ഗോവയിലെ വരണ്ട തീരപ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നിർത്തുന്ന ഇടമാണ് ചന്ദോർ. അതുപോലെ തന്നെ, 2021 സെപ്റ്റംബറിൽ, വാസ്കോഡഗാമ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും ഒരു രാജവെമ്പാലയെ പിടികൂടിയിരുന്നു. ലോളിയം, പാട്നം കാനകോണ, പാലോലം എന്നിവിടങ്ങളിൽ നിന്നും സമാനമായ രീതിയിൽ പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലും, ഗുജറാത്തിലും, ഇത്തരത്തിൽ ട്രെയിനുകളിൽ നിന്ന് പാമ്പുകളെ കണ്ടെത്തിയ മുൻകാല സംഭവങ്ങളും ഗവേഷകർ പഠനവിധേയമാക്കി.

2002 മുതൽ 2024 വരെയുള്ള 22 വർഷത്തെ കണക്കുകൾ പരിശോധിച്ച ഗവേഷകർ, ഗോവയിൽ ഇത്തരത്തിലുള്ള 47 ഇടങ്ങൾ കണ്ടെത്തി. ഇതിൽ അഞ്ചെണ്ണം തിരക്കേറിയ റെയിൽവേ പാതകൾക്ക് സമീപമായിരുന്നു. ഗോവയുടെ കിഴക്കൻ ഉൾപ്രദേശങ്ങൾ മാത്രമാണ് രാജവെമ്പാലകൾക്ക് ജീവിക്കാൻ അനുയോജ്യമെന്ന് പഠനമാതൃകകൾ സൂചിപ്പിക്കുമ്പോഴും, അതിനു പുറത്തുള്ള തീരപ്രദേശങ്ങളിൽ ഇവയെ കണ്ടെത്തുന്നത് അത്ഭുതകരമാണ്.

ഇരയുടെ ലഭ്യത (മറ്റ് പാമ്പുകൾ, എലികൾ), സുരക്ഷിതമായ ഒളിത്താവളങ്ങൾ, എന്നിവ തേടിയാകാം ഇവ ചരക്ക് ട്രെയിനുകളിൽ കയറുന്നത്. ഇത്തരത്തിൽ കാസിൽ റോക്ക് പോലുള്ള അനുയോജ്യമായ വനമേഖലകളിൽ നിന്ന് 85 കിലോമീറ്റർ അകലെയുള്ള ചന്ദോറിലേക്കോ, 120 കിലോമീറ്റർ അകലെയുള്ള വാസ്കോയിലേക്കോ ട്രെയിൻ മാർഗ്ഗം ഇവ എത്തിപ്പെടുന്നുവെന്ന് ഗവേഷകർ നിഗമനത്തിലെത്തി.

ഇന്ത്യയിലെ അതിവിപുലമായ റെയിൽവേ ശൃംഖല വഴി, രാജവെമ്പാലകൾ പുതിയ ഇടങ്ങളിലേക്ക് എത്തിപ്പെടുന്നത്, മനുഷ്യൻ്റെ ഇടപെടലുകൾ വഴി, ജീവിവർഗ്ഗങ്ങൾ വ്യാപിക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഈ മാറ്റമുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് പഠനം പറയുന്നത് ഇങ്ങനെയാണ്: രാജവെമ്പാലകൾ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഗ്രാമങ്ങളിലോ, പട്ടണങ്ങളിലോ എത്തിപ്പെടുന്നത്, പാമ്പുകൾക്കും മനുഷ്യർക്കും ഒരുപോലെ ഗുരുതരമായ ഭീഷണിയാണ്. മറ്റ് വിഷപ്പാമ്പുകളെപ്പോലെയല്ല, ഇന്ത്യയിൽ രാജവെമ്പാലയുടെ വിഷത്തിന് മാത്രമായി പ്രത്യേകം ആന്റി-വെനം (Antivenom) ലഭ്യമല്ല. ഇതിന്റെ കടിയേറ്റാൽ 15 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാം. മറുവശത്ത്, ഭയചകിതരായ മനുഷ്യർ പാമ്പിനെ കൊല്ലാൻ ശ്രമിക്കുന്നത്, വലിയ അപകടസാധ്യതകളിലേക്ക് നയിക്കുകയും ചെയ്യും.

പഠനത്തിന് നേതൃത്വം നൽകിയ പാർമർ പറയുന്നതനുസരിച്ച്, രാജവെമ്പാല വർഗ്ഗത്തിലെ 'ഒഫിയോഫാഗസ് ഹന്ന' (Ophiophagus hannah), നിലവിൽ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 'ഒഫിയോഫാഗസ് കലിംഗ'യുടെ (Ophiophagus kaalinga) ജനസംഖ്യയെക്കുറിച്ച് നമുക്ക് ഇപ്പോഴും വളരെ കുറഞ്ഞ അറിവേയുള്ളൂ.

നഗരവൽക്കരണവും, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സാമീപ്യവും സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങൾക്കിടയിൽ, പഠനത്തിൽ കണ്ടെത്തിയ ഈ ആശങ്കാജനകമായ സാഹചര്യം കണക്കിലെടുത്ത്, ഇവയുടെ സംരക്ഷണത്തിനായി കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in