

അമിത വിനോദസഞ്ചാരവും വാണിജ്യ പദ്ധതികളും കാരണം ഭീഷണി നേരിടുന്ന ഉത്തര മലബാറിലെ കണ്ണൂരിലുള്ള അപൂർവ്വ ലറ്ററൈറ്റ് പീഠഭൂമിയായ മാടായിപ്പാറയെ സംരക്ഷിക്കുന്നതിനായി പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും 2026 ഓഗസ്റ്റ് 22-ന് ഒന്നിച്ച് അണിനിരന്നു.
മുൻപ് ശാന്തവും സാംസ്കാരിക-പരിസ്ഥിതി പ്രാധാന്യമുള്ളതുമായ ഒരു കേന്ദ്രമായിരുന്ന മാടായിപ്പാറ, നിലവിൽ വാഹനങ്ങളുടെ കടന്നുകയറ്റം, മാലിന്യം തള്ളൽ, അമ്യൂസ്‌മെന്റ്-ഇക്കോ പാർക്ക് എന്നിവയിൽ നിന്ന് കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്; ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങൾ തുടർന്നാൽ ഈ ആവാസവ്യവസ്ഥ തിരിച്ചുകൊണ്ടുവരാനാകാത്തവിധം തകരുമെന്ന ആശങ്ക വർദ്ധിക്കുന്നു.
ഉത്തര മലബാറിലെ കണ്ണൂർ ജില്ലയിലുള്ള മാടായിപ്പാറയുടെ ശക്തമായ സംരക്ഷണത്തിനായി കൂടുതൽ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 2026 ഓഗസ്റ്റ് 22-ന് പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധ റാലി നടത്തി.
ഉത്തര മലബാറിലെ ഏറ്റവും സമ്പന്നമായ ലറ്ററൈറ്റ് (ചെങ്കൽ) ആവാസവ്യവസ്ഥകളിലൊന്നായ മാടായിപ്പാറയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള മാസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിലാണ് ഈ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
ഈ ജനകീയ മുന്നേറ്റം ഏതെങ്കിലും ഒരു വാണിജ്യ സ്ഥാപനത്തിനെതിരെ മാത്രമായിരുന്നില്ല. ജീവസ്സുറ്റ ഒരു ആവാസവ്യവസ്ഥയായ മാടായിപ്പാറയെ വെറുമൊരു വിനോദസഞ്ചാര ഉൽപ്പന്നമാക്കി മാറ്റുകയാണെന്ന വിശാലമായ ആശങ്കയുടെ പ്രതിഫലനമായിരുന്നു അത്. വികസനത്തിന്റെ പേരിൽ ഈ പീഠഭൂമിയെ തുടർച്ചയായ കടന്നുകയറ്റങ്ങൾക്കുള്ള ഒരു തരിശുഭൂമിയായി കാണുന്നത് അവസാനിപ്പിക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന സന്ദേശം.
എവിടെയാണ് മാടായിപ്പാറ?
തീരദേശ സമതലങ്ങൾ പശ്ചിമഘട്ടത്തിലേക്ക് പതിയെ ഉയർന്നുവരുന്ന ഉത്തര മലബാറിലെ കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ, കുപ്പം പുഴയ്ക്ക് അഭിമുഖമായാണ് മാടായിപ്പാറ സ്ഥിതി ചെയ്യുന്നത്. ഏകദേശം 600-700 ഏക്കറുകളിലായി പരന്നുകിടക്കുന്ന പരന്ന മുകളറ്റമുള്ള ഈ ലറ്ററൈറ്റ് പീഠഭൂമി പാറക്കെട്ടുകൾ, മണ്ണാഴം കുറഞ്ഞ പ്രദേശങ്ങൾ, പുൽമേടുകൾ, നീർക്കുഴികൾ (സീസണൽ പൂളുകൾ), തളങ്ങൾ എന്നിവ ചേർന്ന അപൂർവ്വമായ ഒരു ഭൂപ്രകൃതിയാണ്.
ഒരു സാധാരണക്കാരന്റെ കണ്ണിൽ മാടായിപ്പാറ കാറ്റടിക്കുന്ന പാറക്കെട്ടുകളും പുല്ലും നിറഞ്ഞ വെറുമൊരു പ്രദേശം മാത്രമായി തോന്നാം. എന്നാൽ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും വ്യത്യസ്തമായ ഒന്നാണ്; ഒറ്റനോട്ടത്തിൽ വന്ധ്യമെന്ന് തോന്നുമെങ്കിലും അസാധാരണമായ ജൈവസമ്പത്ത് ഒളിപ്പിച്ചുവെച്ചിരിക്കുന്ന തികഞ്ഞ സന്തുലിതാവസ്ഥയിലുള്ള ഒരു ആവാസവ്യവസ്ഥയാണത്.
ഈ പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രവുമായും മാടായിപ്പാറ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. മാടായിക്കാവ് ഭഗവതി ക്ഷേത്രം, മാടായി കോട്ടയുടെ അവശിഷ്ടങ്ങൾ, പുരാതനമായ ജൂതക്കുളം എന്നിവയെല്ലാം ഇതിന്റെ വിസ്തൃതമായ ഭൂപ്രകൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. ഋതുക്കൾ മാറുന്നതിനനുസരിച്ച് ഇതിന്റെ നിറവും സ്വഭാവവും മാറുന്നു; മൺസൂൺ കാലത്ത് കടും പച്ചപ്പണിഞ്ഞും, പിന്നീട് പൂത്തുലഞ്ഞും, അതിനുശേഷം വിശാലമായ സ്വർണ്ണനിറത്തിലുള്ള പുൽമേടുകളായി ഉണങ്ങി വരണ്ടും ഇത് മാറുന്നു.
സ്വന്തം ഭംഗിയുടെ ഇര
എന്നാൽ ഈ ഭൂപ്രകൃതി ഇപ്പോൾ അതിന്റെ സ്വന്തം ഭംഗിയുടെ തന്നെ ഇരയായി മാറുകയാണ്. കണ്ണൂരിലെ ഏറ്റവും ജനപ്രീയമായ ഏകദിന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാടായിപ്പാറ ഉയർന്നുവന്നിട്ടുണ്ട്. വർദ്ധിച്ചുവരുന്ന സന്ദർശകരുടെ എണ്ണം, വാഹനങ്ങൾ, മാലിന്യങ്ങൾ, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ നൂറ്റാണ്ടുകളായി പ്രകൃതിദത്തമായ മാറ്റങ്ങളെ അതിജീവിച്ച ഒരു ഭൂപ്രകൃതിക്ക് പുതിയ ഭീഷണിയുയർത്തുന്നു. ആധുനിക ടൂറിസത്തിന്റെ വേഗതയോടും തീവ്രതയോടും പോരാടാൻ ഇത് പ്രയാസപ്പെട്ടേക്കാം.
മാടായിപ്പാറയ്ക്ക് സമീപമുള്ള പയ്യന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകനായ എൻ. സുബ്രഹ്മണ്യൻ പറയുന്നതനുസരിച്ച്, ഈ മാറ്റം വളരെ വേഗത്തിലായിരുന്നു. മുൻപ് പ്രാദേശികമായ മതപരമായ പ്രാധാന്യമുള്ള ഒരു സ്ഥലവും ഗ്രാമവാസികൾ, ഗവേഷകർ, പ്രകൃതി സ്നേഹികൾ എന്നിവർ മാത്രം എത്തുന്ന ഒരു ഇടവുമായിരുന്നു മാടായിപ്പാറ. എന്നാൽ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ, സോഷ്യൽ മീഡിയ, ടൂറിസം പ്രചാരണം എന്നിവ ആയിരക്കണക്കിന് സന്ദർശകരുടെ യാത്രകളിൽ മാടായിപ്പാറയെയും ഉൾപ്പെടുത്തി. പ്രധാന അവധി ദിവസങ്ങളിൽ 500 മുതൽ 600 വരെ വാഹനങ്ങൾ ഇവിടെ എത്താറുണ്ടെന്ന് പ്രാദേശിക പരിസ്ഥിതി പ്രവർത്തകർ കണക്കാക്കുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ അവഗണിക്കാൻ കഴിയാത്തത്ര വ്യക്തമാണ്. കാറുകളും മോട്ടോർ സൈക്കിളുകളും പീഠഭൂമിയിലേക്ക് ഓടിച്ചുകയറ്റുകയും തുറസ്സായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുകയും ചെയ്യുന്നു. സന്ദർശകർ സൂക്ഷ്മമായ സസ്യജാലങ്ങളിലൂടെ നടക്കുകയും ഭക്ഷണം പാകം ചെയ്യുകയും പ്ലാസ്റ്റിക്, ബോട്ടിലുകൾ, മറ്റ് മാലിന്യങ്ങൾ എന്നിവ ഉപേക്ഷിച്ചു പോകുകയും ചെയ്യുന്നു.
ഒരു വാഹനം വരുത്തുന്ന നാശനഷ്ടം അത് ബാക്കിയാക്കുന്ന ടയർ അടയാളങ്ങൾ കൊണ്ട് മാത്രം അളക്കാനാവില്ല. തുടർച്ചയായ വാഹനഗതാഗതം ആഴം കുറഞ്ഞ മണ്ണിനെ ഉറപ്പിക്കുകയും, സസ്യജാലങ്ങളെ ചതച്ചരയ്ക്കുകയും, ജീവികളുടെ പ്രജനനത്തിനും തീറ്റ തേടലിനും സഹായിക്കുന്ന നീർക്കുഴികളെയും ചെറിയ താഴ്ചകളെയും നശിപ്പിക്കുകയും ചെയ്യുന്നു. വളരെ ചെറിയ മൈക്രോഹാബിറ്റാറ്റുകളുടെ തലത്തിൽ പ്രവർത്തിക്കുന്ന ഒരു ആവാസവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, നിസ്സാരമെന്ന് തോന്നുന്ന തടസ്സങ്ങൾ പോലും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകും.
ഈ വർഷം ജൂലൈ 31 മുതൽ മാടായിപ്പാറയുടെ സമീപപ്രദേശത്ത് ഒരു അമ്യൂസ്‌മെന്റ്-ഇക്കോ പാർക്ക് പ്രവർത്തിക്കാൻ തുടങ്ങിയതാണ് ഉത്തര മലബാർ മേഖലയിൽ ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള പുതിയ ആശങ്ക. ഇതിന്റെ അനുമതികളെ ചോദ്യം ചെയ്യുകയും കൂടുതൽ വാണിജ്യ ടൂറിസം ഈ പീഠഭൂമിയിൽ നിലവിലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തുകൊണ്ട് പ്രാദേശിക പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിന് ആവശ്യമായ പ്രാദേശിക അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നതിനേക്കാൾ വലിയൊരു ചോദ്യമുണ്ട്: ഇക്കോ-പാർക്ക് എന്ന് വിളിക്കപ്പെടുന്നതുകൊണ്ട് മാത്രം സൂക്ഷ്മമായ ഒരു ലറ്ററൈറ്റ് ആവാസവ്യവസ്ഥയ്ക്ക് മറ്റൊരു വാണിജ്യ ടൂറിസം ആകർഷണത്തെ താങ്ങാൻ കഴിയുമോ? പരിസ്ഥിതിയോട് ഉത്തരവാദിത്തമുള്ള ഒരു ടൂറിസം കേന്ദ്രം പ്രകൃതിക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കുകയാണ് വേണ്ടത്, അത് വർദ്ധിപ്പിക്കുകയല്ല. ഒരു പദ്ധതി, സന്ദർശകരുടെ എണ്ണം, വാഹന ഗതാഗതം, മാലിന്യം, ശബ്ദം, കൃത്രിമ വെളിച്ചം, റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും ആവശ്യകത എന്നിവ വർദ്ധിപ്പിക്കുന്നുവെങ്കിൽ, അതിന്റെ ആകെ തുകയായ പാരിസ്ഥിതിക പ്രത്യാഘാതം പരിശോധിക്കപ്പെടേണ്ടതുണ്ട്. മാടായിപ്പാറയിൽ, ആ വിലയിരുത്തൽ നാശനഷ്ടങ്ങൾ ദൃശ്യമാകുന്നതുവരെ മാറ്റിവെക്കാൻ കഴിയില്ല.
മാടായിപ്പാറ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഏതെങ്കിലും ഒരു വലിയ പദ്ധതിയിൽ നിന്നായിരിക്കണമെന്നില്ല. അത് ഒന്നൊന്നായി വരുന്ന ചെറിയ പദ്ധതികളിൽ നിന്നാകാം. വീതി കൂട്ടിയ ഒരു റോഡ്, ഒരു പാർക്കിംഗ് ഏരിയ, ഒരു റെസ്റ്റോറന്റ്, ഒരു കാഴ്ചാ ബംഗ്ലാവ് (വ്യൂയിംഗ് പ്ലാറ്റ്‌ഫോം), ഒരു നീന്തൽക്കുളം എന്നിവയ്ക്ക് പോലും ഇതിന്റെ സൂക്ഷ്മമായ ആവാസവ്യവസ്ഥയെ അപകടത്തിലാക്കാൻ കഴിയും. താത്കാലിക കടകൾ, അലങ്കാര വിളക്കുകൾ, കൂടുതൽ ടൂറിസം പ്രവർത്തനങ്ങൾ, വർദ്ധിച്ചുവരുന്ന വാഹനങ്ങൾ എന്നിവ ഇതിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം. ഒറ്റയ്ക്കൊറ്റയ്ക്ക് നോക്കുമ്പോൾ ഇവയൊന്നും വലിയ ദോഷകരമല്ലെന്ന് തോന്നാം. എന്നാൽ ഇവയെല്ലാം ഒന്നിക്കുമ്പോൾ, തികഞ്ഞ സന്തുലിതാവസ്ഥയിൽ പ്രവർത്തിക്കുന്ന ഒരു ആവാസവ്യവസ്ഥയെ വെറുമൊരു വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ ഇവയ്ക്ക് കഴിയും.
മാടായിക്കാവ് ക്ഷേത്രത്തിലേക്കുള്ള റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദം ഈ പ്രശ്നത്തെ വ്യക്തമാക്കുന്ന ഒന്നാണ്. പീഠഭൂമിയിലെ കുളങ്ങൾ, ജലാശയങ്ങൾ, സസ്യജാലങ്ങൾ, മറ്റ് പ്രകൃതിദത്ത സവിശേഷതകൾ എന്നിവയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള നാശനഷ്ടങ്ങളെക്കുറിച്ച് പരിസ്ഥിതി ആശങ്കകൾ ഉയർന്നിരുന്നു. തുടർന്ന് പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള മുൻകരുതലുകൾ നിർദ്ദേശിക്കപ്പെടുകയും ചെയ്തു. എന്നാൽ ഇതിൽ നിന്നുള്ള പാഠം ഈ റോഡിനേക്കാൾ വലിയൊന്നാണ്. കടുത്ത പാരിസ്ഥിതിക സമ്മർദ്ദം നേരിടുന്ന ഒരു പ്രദേശത്ത് ഉണ്ടാകുന്ന ഓരോ പുതിയ കടന്നുകയറ്റവും അതിന്റെ ആകെ ആഘാതത്തിന്റെ ഭാരം കൂട്ടുക മാത്രമേയുള്ളൂ.
പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു ഭൂപ്രകൃതി
ഗവേഷകരുടെ അഭിപ്രായത്തിൽ, മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യം തുടങ്ങുന്നത് അതിന്റെ ഭൂപ്രകൃതിയിൽ നിന്നാണ്. ഉത്തര മലബാറിലെ ഏറ്റവും പ്രത്യേകതയുള്ള ആവാസവ്യവസ്ഥകളിൽ ഒന്നാണ് ലറ്ററൈറ്റ് പീഠഭൂമികൾ എന്നാണ് അവർ വിലയിരുത്തുന്നത്. ആഴം കുറഞ്ഞതും പോഷകഗുണം കുറഞ്ഞതുമായ മണ്ണ്, ശക്തമായ സൂര്യപ്രകാശം, മാറിമാറി വരുന്ന മഴ-വേനൽക്കാലങ്ങൾ എന്നിവ വളരെ അപൂർവ്വമായ, മറ്റെവിടെയും കാണാൻ കഴിയാത്ത അല്ലെങ്കിൽ വളരെ ചില സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്ന സസ്യസമൂഹങ്ങളെ ഇവിടെ സൃഷ്ടിച്ചിരിക്കുന്നു. പൂവിടുന്ന ഏകദേശം 700 ഓളം സസ്യയിനങ്ങൾ മാടായിപ്പാറയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്ന 40 ഓളം അപൂർവ്വ പുൽവർഗ്ഗങ്ങളിൽ (endemic grass species) പത്തിലധികവും ഇവിടെ കാണപ്പെടുന്നു. നിംഫോയിഡസ് കൃഷ്ണകേസരാ (Nymphoides krishnakesara), ജസ്റ്റിസിയ ഏകകുസുമാ (Justicia ekakusuma), റൊട്ടാല മലബാറിക്ക (Rotala malabarica), ലിൻഡേർണിയ മാടായിപ്പാറൻസെ (Lindernia madayiparense) എന്നിവ ഉൾപ്പെടെ പീഠഭൂമിയിൽ നിന്ന് ആദ്യമായി തിരിച്ചറിഞ്ഞ നിരവധി അപൂർവ്വ സസ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ ജൈവവൈവിധ്യം സസ്യങ്ങളിൽ മാത്രം അവസാനിക്കുന്നില്ല. 160-ലധികം ഇനം ചിത്രശലഭങ്ങൾ, 269 ഇനം പക്ഷികൾ, 300-ലധികം ഇനം അറ്റങ്ങൾ (moths), പത്തണക്കണക്കിന് തുമ്പികൾ, കടന്നലുകൾ, വെട്ടുക്കിളികൾ, പ്രെയ്യിംഗ് മാന്റിസുകൾ (praying mantises), നൂറിലധികം ഇനം ചിലന്തികൾ, നിരവധി ഉഭയജീവികൾ എന്നിവയും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തര മലബാറിലെ ലറ്ററൈറ്റ് (ചെങ്കൽ) പീഠഭൂമികൾ പ്രകൃതിദത്ത ജലസംഭരണികളായി പ്രവർത്തിക്കുന്ന ഭൂപ്രകൃതികളാണ്. സുഷിരങ്ങളുള്ള ചെങ്കല്ലുകളിലേക്ക് മഴവെള്ളം ഇറങ്ങിച്ചെല്ലുന്നത് ഭൂഗർഭജല പുനർപൂരിതത്തിനും (recharge), അരുവികളിലേക്കും ചുറ്റുമുള്ള ആവാസവ്യവസ്ഥകളിലേക്കും ക്രമേണ വെള്ളം ഒഴുകിയെത്തുന്നതിനും സഹായിക്കുന്നു. നിരീക്ഷണ പഠനങ്ങൾ സൂചിപ്പിക്കുന്നത് മാടായിപ്പാറ പ്രതിവർഷം 320 കോടി ലിറ്റർ (3.2 ബില്യൺ ലിറ്റർ) വെള്ളം സംഭരിക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ ഇതിലെ സീസണൽ കുളങ്ങളും തളങ്ങളും പ്രകൃതിദത്ത നീർച്ചാലുകളും സജീവമായ ഒരു ജലശാസ്ത്ര സംവിധാനത്തിന്റെ (hydrological system) ഭാഗമാണ്, അല്ലാതെ ഒരു ടൂറിസം കേന്ദ്രത്തിലെ അലങ്കാര വസ്തുക്കളല്ല. ലറ്ററൈറ്റ് ഉപരിതലത്തെ മൂടുന്നതോ, തളങ്ങൾ നികത്തുന്നതോ, പ്രകൃതിദത്ത നീരൊഴുക്കുകളെ തടസ്സപ്പെടുത്തുന്നതോ ആയ ഏത് നിർമ്മാണവും ഈ സംവിധാനത്തെ ബാധിക്കും. ഒരു കോൺക്രീറ്റ് നിർമ്മിതി ഏതാനും ചതുരശ്ര മീറ്റർ മാത്രമായിരിക്കാം കൈയടക്കുന്നത്. എന്നാൽ അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ അതിനേക്കാൾ വളരെ ദൂരത്തേക്ക് വ്യാപിക്കും.
"കണ്ണൂർ ജില്ലയുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് മാടായിപ്പാറ കൈയടക്കിവെച്ചിരിക്കുന്നത്, എങ്കിലും ഇവിടുത്തെ സസ്യവൈവിധ്യത്തിന്റെ വലിയൊരു പങ്കിനെ ഇത് സംരക്ഷിച്ചുനിർത്തുന്നു. പ്രധാനപ്പെട്ട കാര്യം ഈ ജീവിവർഗ്ഗങ്ങൾ പീഠഭൂമിയിൽ ജീവിക്കുന്നു എന്ന് മാത്രമല്ല. ലറ്ററൈറ്റ്, മണ്ണ്, വെള്ളം, പാറ, തുറസ്സായ സ്ഥലം എന്നിവയുടെ സവിശേഷമായ സംയോജനത്തെയാണ് അവ ആശ്രയിക്കുന്നത്. ഈ ആവാസവ്യവസ്ഥയെ നശിപ്പിച്ചാൽ, അതിന് മറ്റൊരു പകരക്കാരനില്ല," എന്ന് എൻ. സുബ്രഹ്മണ്യൻ ചൂണ്ടിക്കാണിക്കുന്നു.
'ഭാവി തലമുറയ്ക്കായി സംരക്ഷിക്കുക'
പ്രശസ്ത പരിസ്ഥിതി പ്രവർത്തകരായ ടി.പി. പത്മനാഭനും വി.സി. ബാലകൃഷ്ണനും പറയുന്നത് ഈ ചർച്ച വികസനവും സംരക്ഷണവും തമ്മിലുള്ള ഒരു തർക്കമായി ചുരുക്കരുതെന്നാണ്. "ഭാവി തലമുറകൾക്കായി മാടായിപ്പാറയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ അസാധാരണമായ ആവാസവ്യവസ്ഥ നമുക്ക് പാരമ്പര്യമായി ലഭിച്ചതാണ്, എന്നാൽ തകർന്ന ഒരു ഭൂപ്രകൃതി നമുക്ക് ശേഷമുള്ളവർക്ക് കൈമാറാൻ നമുക്ക് യാതൊരു അവകാശവുമില്ല," പത്മനാഭൻ പറയുന്നു.
പീഠഭൂമിയുടെ ഭൂപ്രകൃതിയും അതിലെ ജൈവവൈവിധ്യവും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചാണ് ബാലകൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നത്. "ഇവിടുത്തെ ലറ്ററൈറ്റ് ഘടനകളും സീസണൽ കുളങ്ങളും തുറസ്സായ ആവാസവ്യവസ്ഥകളും മറ്റെവിടെയും പുന സൃഷ്ടിക്കാൻ കഴിയാത്ത ജീവിവർഗ്ഗങ്ങളെയാണ് താങ്ങിനിർത്തുന്നത്. ഈ ആവാസവ്യവസ്ഥകൾ അപ്രത്യക്ഷമായാൽ, അവയെ ആശ്രയിക്കുന്ന ജീവിവർഗ്ഗങ്ങളും അവയോടൊപ്പം ഇല്ലാതാകും," അദ്ദേഹം പറയുന്നു.
പരിസ്ഥിതി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം, വിഷയം ആളുകളെ മാടായിപ്പാറയിൽ നിന്ന് അകറ്റി നിർത്തലല്ല. മറിച്ച് അമിതമായ ഉപയോഗവും ആവേശവും കൊണ്ട് അതിനെ തകർച്ചയിലേക്ക് തള്ളിവിടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ്.
എന്നാൽ, ഈ ഭൂപ്രകൃതിക്ക് ഇനി തിരികെ കൊണ്ടുവരാനാകാത്തവിധം നാശനഷ്ടം സംഭവിക്കുന്നതിന് മുൻപ് അധികാരികൾ ഈ മുന്നറിയിപ്പ് ചെവിക്കൊള്ളുമോ എന്നതാണ് പ്രധാന ചോദ്യം.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)