

മഹാരാഷ്ട്ര ഫിഷറീസ് വകുപ്പും, ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് 2026 ഫെബ്രുവരി 14-ന് ഏകദേശം 1.22 കോടി മത്സ്യക്കുഞ്ഞുങ്ങളെ ജലാശയത്തിൽ നിക്ഷേപിച്ചു. അധിനിവേശ മത്സ്യങ്ങൾ, തദ്ദേശീയ മത്സ്യസമ്പത്തിന് വരുത്തിയ നാശനഷ്ടങ്ങൾ പരിഹരിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ഇന്ത്യൻ മേജർ കാർപ്പുകൾ എന്നറിയപ്പെടുന്ന രോഹു, മൃഗാൽ, കട്ല എന്നീ ഇനങ്ങളിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് പ്രധാനമായും തുറന്നുവിട്ടത്. ശുദ്ധജല ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈ മത്സ്യങ്ങൾ നിർണ്ണായക പങ്കുവഹിക്കുന്നു.
പുണെ ജില്ലയിലെ പാലസ്‌ദേവിലുള്ള, ഉജാനി തണ്ണീർത്തടത്തിൽ തിലാപ്പിയ, ആഫ്രിക്കൻ മുഷി, സക്കർമൗത്ത് ക്യാറ്റ്‌ഫിഷ് തുടങ്ങിയ വിദേശ ഇനം മത്സ്യങ്ങളുടെ അതിപ്രസരം കാരണം തദ്ദേശീയ മത്സ്യങ്ങൾ വൻതോതിൽ കുറഞ്ഞിരുന്നുവെന്ന് ബി.എൻ.എച്ച്.എസ് ശാസ്ത്രജ്ഞൻ ഉന്മേഷ് കട്‌വാട്ടെ പറഞ്ഞു.
സക്കർമൗത്ത് ക്യാറ്റ്‌ഫിഷ് തെക്കേ അമേരിക്കയിൽ നിന്നുള്ളവയാണെങ്കിൽ, തിലാപ്പിയയും ആഫ്രിക്കൻ മുഷിയും ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. 2025 നവംബറിലാണ് ഉജാനി ജലസംഭരണിയിൽ ആഫ്രിക്കൻ മുഷിയുടെ സാന്നിധ്യം കണ്ടെത്തിയത്.
ജലാശയത്തിൽ നിന്ന് ഇത്തരം അധിനിവേശ മത്സ്യങ്ങളെ നീക്കം ചെയ്യാനും പകരം എണ്ണം കുറഞ്ഞുപോയ തദ്ദേശീയ മത്സ്യങ്ങളെ തിരികെ കൊണ്ടുവരാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 14-ന് നടന്ന മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം ഇതിന്റെ ആദ്യപടിയാണ്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജലാശയത്തിലെ തിലാപ്പിയയുടെ എണ്ണത്തിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. ഇത് തദ്ദേശീയ മത്സ്യങ്ങൾ വീണ്ടും കരുത്താർജ്ജിക്കുന്നതിന്റെ സൂചനയായി ഗവേഷകർ കാണുന്നു.
പ്രത്യേകം തയ്യാറാക്കിയ ഓക്സിജൻ ടാങ്കുകളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചത്. അവയുടെ അതിജീവനം ഉറപ്പാക്കാൻ ശാസ്ത്രീയമായ രീതികൾ പിന്തുടർന്നു. ഫിഷറീസ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഓരോ നെറ്റിലും 2,500 മത്സ്യങ്ങൾ വീതമാണ് ജലാശയത്തിലേക്ക് തുറന്നുവിട്ടത്.
സിപ്ല ഫൗണ്ടേഷന്റെ സഹായത്തോടെ, വംശനാശഭീഷണി നേരിടുന്ന 12 തദ്ദേശീയ മത്സ്യങ്ങളെ ജൂൺ, ജൂലൈ മാസങ്ങളിൽ പ്രജനനം നടത്തി ജലാശയത്തിൽ വിടാനും ബി.എൻ.എച്ച്.എസിന് പദ്ധതിയുണ്ട്.
ഒരു ദശലക്ഷം ഇന്ത്യൻ മേജർ കാർപ്പുകളെയും അത്രതന്നെ ഡെക്കാൻ മഹാസീർ മത്സ്യക്കുഞ്ഞുങ്ങളെയും കൂടി നിക്ഷേപിക്കുന്നതിലൂടെ, ഉജാനി തണ്ണീർത്തടത്തിന്റെയും ഭീമ നദിയുടെയും ആവാസവ്യവസ്ഥ പൂർണ്ണമായി വീണ്ടെടുക്കാമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)