'ഇബു ബാരൺ': ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ്; 24 അടിയുമായി ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക്

ലോകത്തിലെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പുകൾ (Reticulated Pythons) ഇന്തോനേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും മനുഷ്യരെ ഇരയാക്കിയ സംഭവങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാമ്പായ ഇബു ബാരൺ അല്ലെങ്കിൽ ദി ബാരണസ് - ഏകദേശം 24 അടി നീളം.
ഇബു ബാരൺ.ചിത്രം കടപ്പാട്: ഗിന്നസ് വേള് ഡ് റെക്കോര് ഡ് സ്
Published on

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് എന്ന ഔദ്യോഗിക പദവി, ഇനി ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ നിന്നുള്ള 'ഇബു ബാരൺ' (Ibu Baron) എന്ന പെൺ മലമ്പാമ്പിന് സ്വന്തം. 7.22 മീറ്റർ (ഏകദേശം 23 അടി 8 ഇഞ്ച്) നീളമുള്ള ഈ ഭീമൻ റെറ്റിക്യുലേറ്റഡ് പൈത്തണിന്റെ (Malayopython reticulatus) നീളം, ഗിന്നസ് വേൾഡ് റെക്കോർഡ്സ് സ്ഥിരീകരിച്ചു.

ഒരു ഫുട്ബോൾ മൈതാനത്തെ ഒരു ഗോൾ പോസ്റ്റിന്റെ ഒരു അറ്റത്തുനിന്ന് മറ്റേ അറ്റം വരെ ഈ പാമ്പ് നീണ്ടുനിവർന്നു കിടന്നാൽ ആ സ്ഥലം മുഴുവനായി ഇത് കൈവശപ്പെടുത്തും. ആറ് ഷോപ്പിംഗ് ട്രോളികൾ വരിവരിയായി വെക്കുന്നതിന് തുല്യമാണ് ഇതിന്റെ വലിപ്പം. അനസ്തേഷ്യ നൽകി ശരീരം പൂർണ്ണമായി അയച്ചുവിട്ടാൽ ഇതിന് 7.9 മീറ്റർ (26 അടി) വരെ നീളം കണ്ടേക്കാമെന്ന് വിദഗ്ധർ കരുതുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ഗിന്നസ് അധികൃതർ അത്തരം പരീക്ഷണങ്ങൾക്ക് മുതിർന്നില്ല.

പ്രാദേശിക പരിസ്ഥിതി പ്രവർത്തകനായ, ബുഡി പുർവാന്തോയുടെ ഇടപെടലാണ് ഈ പാമ്പിന്റെ ജീവൻ രക്ഷിച്ചത്. 2025 ഡിസംബറിൽ ഇതിനെ കണ്ടെത്തിയപ്പോൾ, നാട്ടുകാരിൽ നിന്നും ഏറ്റെടുത്ത് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ അദ്ദേഹം മുൻകൈ എടുത്തു. വന്യജീവി വിദഗ്ധനായ ഡയസ് നുഗ്രാഹയും, ഫോട്ടോഗ്രാഫർ റാഡു ഫ്രെന്റിയുവും ചേർന്നാണ് പാമ്പിന്റെ നീളം അളന്നത്. സുലവേസിയിലെ മാരോസ് കൗണ്ടി എന്ന സ്ഥലത്തുവെച്ചാണ് ഇവരുടെ നേതൃത്വത്തിൽ അളവെടുപ്പ് നടന്നത്.

പശ്ചിമഘട്ടത്തിലെ രാജവെമ്പാലകളെപ്പോലെ തന്നെ, തെക്കുകിഴക്കൻ ഏഷ്യൻ വനങ്ങളിൽ മാത്രം കാണപ്പെടുന്ന ഇത്തരം ഭീമൻ പാമ്പുകൾ, ജൈവവൈവിധ്യത്തിന്റെ അത്ഭുതകരമായ അടയാളങ്ങളാണ്.

റെറ്റിക്യുലേറ്റഡ് പൈത്തണുകൾ (മലമ്പാമ്പുകൾ), മനുഷ്യരെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയും, തുടർന്ന് പൂർണ്ണരൂപത്തിൽ വിഴുങ്ങുകയും ചെയ്ത സംഭവങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.

2024 പകുതിയോടെ, ഇന്തോനേഷ്യയിലെ സൗത്ത് സുലവേസി പ്രവിശ്യയിൽ മാത്രം ഇത്തരത്തിലുള്ള രണ്ട് ഞെട്ടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും നീളം കൂടിയതും, ഭാരത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളതുമായ ഈ മലമ്പാമ്പുകൾ, രണ്ട് സ്ത്രീകളെയാണ് വിഴുങ്ങിയത്.

ഇതിനു മുൻപും, സമാനമായ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മലമ്പാമ്പുകൾ മനുഷ്യരെ ഇരയാക്കുന്നതിന്റെയും, കൊല്ലുന്നതിന്റെയും, ദൃശ്യങ്ങളും ചിത്രങ്ങളും തെളിവുകളായി ലഭ്യമാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in