യുകെയിലെ മാഞ്ചസ്റ്ററിൽ നടക്കുന്ന 12-ാമത് ഐപിബിഇഎസ് (IPBES) പ്ലീനറി, ബിസിനസ്സും ജൈവവൈവിധ്യവും തമ്മിലുള്ള ബന്ധത്തിനാണ് പ്രധാനമായും ഊന്നൽ നൽകുന്നത്.
വിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിനും, പ്രകൃതി സംരക്ഷണത്തിനുമുള്ള ആഗോള പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ആവാസവ്യവസ്ഥകളിൽ, ബിസിനസ്സ് മേഖല സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട്, പ്രതിനിധികൾ ഇതിൽ പരിശോധിക്കും. 2050-ലെ ജൈവവൈവിധ്യ ലക്ഷ്യം കൈവരിക്കുന്നതിനാവശ്യമായ നയരൂപീകരണത്തെയും, കോർപ്പറേറ്റ് തീരുമാനങ്ങളെയും സ്വാധീനിക്കാൻ ഈ റിപ്പോർട്ടിന് സാധിക്കും.
ആഗോള ജൈവവൈവിധ്യ പ്രതിസന്ധി നേരിടുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ വശങ്ങളും തെളിവുകളും ചർച്ച ചെയ്യുന്നതിനായി, 'ഇന്റർഗവൺമെന്റൽ സയൻസ്-പോളിസി പ്ലാറ്റ്‌ഫോം ഓൺ ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസസിന്റെ' (IPBES) 12-ാമത് പ്ലീനറി, യുകെയിലെ മാഞ്ചസ്റ്ററിൽ ആരംഭിച്ചു.
ഇതാദ്യമായാണ്, യുകെ ഒരു IPBES പ്ലീനറിക്ക് ആതിഥ്യം വഹിക്കുന്നത്. വ്യാവസായിക വിപ്ലവത്തിൽ ചരിത്രപരമായ പങ്ക് വഹിച്ച നഗരമെന്ന നിലയിലാണ്, മാഞ്ചസ്റ്റർ വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2026 ഫെബ്രുവരി 3 മുതൽ 8 വരെയാണ് സമ്മേളനം നടക്കുക.
ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ശാസ്ത്രത്തെയും നയരൂപീകരണത്തെയും കോർത്തിണക്കാൻ 2012-ൽ സ്ഥാപിതമായ ആഗോള സമിതിയാണ് IPBES. പ്രകൃതിയുടെ അവസ്ഥ വിലയിരുത്താനും, തീരുമാനമെടുക്കുന്നവർക്ക് വിശ്വസനീയമായ വിവരങ്ങൾ നൽകാനുമായി ശാസ്ത്രജ്ഞർ, സർക്കാരുകൾ, തദ്ദേശീയ അറിവുകൾ ഉള്ളവർ എന്നിവരെ ഈ വേദി ഒന്നിപ്പിക്കുന്നു.
കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പഠിക്കുന്ന ഐപിസിസിയുടെ മാതൃകയിൽ, 'ജൈവവൈവിധ്യത്തിന്റെ ഐപിസിസി' (IPCC for biodiversity) എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന സമിതിയാണിത്. പ്രകൃതി സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര വിനിയോഗം, മനുഷ്യക്ഷേമം എന്നിവ ഉറപ്പാക്കാൻ രാജ്യങ്ങളെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
വർഷത്തിലൊരിക്കൽ ചേരുന്ന IPBES പ്ലീനറിയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രധാന തീരുമാനമെടുക്കൽ സമിതി. ഏകദേശം 150 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും, നിരീക്ഷക രാജ്യങ്ങളും, മറ്റ് പങ്കാളികളും ഇതിൽ ഉൾപ്പെടുന്നു. 'ബിസിനസ്സും ജൈവ വൈവിധ്യവും' (Business and Biodiversity) എന്നതാണ്, ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രധാന ചർച്ചാവിഷയം.
കഴിഞ്ഞ മൂന്ന് വർഷമായി, ബിസിനസ്സുകൾ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്നും, അവ ആവാസവ്യവസ്ഥകളെ എങ്ങനെ ആശ്രയിക്കുന്നുവെന്നും, ശാസ്ത്രജ്ഞരും വിദഗ്ധരും പഠനം നടത്തിവരികയായിരുന്നു. ഈ പഠനഫലമാണ് IPBES-ന്റെ പുതിയ രീതിശാസ്ത്രപരമായ വിലയിരുത്തൽ റിപ്പോർട്ടിന് ആധാരം.
ഈ പുതിയ റിപ്പോർട്ട്, പ്രതിനിധികൾ സമ്മേളനത്തിൽ പരിശോധിക്കും. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ് റിപ്പോർട്ടിൽ വിശദീകരിക്കുന്നത്:
ബിസിനസ്സ് പ്രവർത്തനങ്ങൾ ജൈവവൈവിധ്യത്തെ എങ്ങനെ ബാധിക്കുന്നു.
വിഭവങ്ങൾക്കും സേവനങ്ങൾക്കുമായി ബിസിനസ്സുകൾ പ്രകൃതിയെ എങ്ങനെ ആശ്രയിക്കുന്നു.
ഈ ആഘാതങ്ങളും ആശ്രയത്വവും എങ്ങനെ അളക്കാം.
ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിന് (Global Biodiversity Framework) കീഴിലുള്ള '2050-ലെ ജൈവവൈവിധ്യ ലക്‌ഷ്യം' കൈവരിക്കാൻ ബിസിനസ്സുകൾക്ക് എങ്ങനെ സഹായിക്കാം.
നയരൂപീകരണകർത്താക്കൾക്കുള്ള റിപ്പോർട്ടിന്റെ സംഗ്രഹത്തിന്, പ്ലീനറി അംഗീകാരം നൽകും. അംഗീകരിക്കപ്പെട്ടാൽ, 2026 ഫെബ്രുവരി 9-ന് ഈ സംഗ്രഹം പ്രസിദ്ധീകരിക്കും. കൂടുതൽ പ്രകൃതി-അനുകൂല തീരുമാനങ്ങൾ എടുക്കാൻ സർക്കാരുകൾക്കും കമ്പനികൾക്കും നിക്ഷേപകർക്കും ഇത് വഴികാട്ടിയാകും.
ബിസിനസ്സുകൾ പ്രകൃതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ചർച്ച ചെയ്യാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മാഞ്ചസ്റ്റർ എന്ന് IPBES ചെയർ ഡേവിഡ് ഒബുറ പത്രക്കുറിപ്പിൽ പറഞ്ഞു. "ജൈവവൈവിധ്യവും ബിസിനസ്സും തമ്മിലുള്ള ബന്ധത്തിലെ മാറ്റത്തിന്റെ പുതിയ അധ്യായം" എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
പ്രകൃതി ക്ഷോഭം തടയുന്നതിനായുള്ള ആഗോള വാഗ്ദാനങ്ങൾ പ്രവൃത്തി പഥത്തിൽ എത്തിക്കാനുള്ള നിർണ്ണായക അവസരമാണ് ഈ സമ്മേളനമെന്ന് യുകെ പ്രകൃതി കാര്യ മന്ത്രി, മേരി ക്രീഗ്, അഭിപ്രായപ്പെട്ടു.
IPBES-12-ൽ, ഭാവിയിലെ വിലയിരുത്തലുകളുടെ പുരോഗതിയും പ്രതിനിധികൾ പരിശോധിക്കും. 2027-ൽ പൂർത്തിയാകുന്ന 'ജൈവവൈവിധ്യം ഉൾപ്പെടുത്തിയുള്ള സ്ഥലാസൂത്രണത്തെയും (spatial planning) പാരിസ്ഥിതിക ബന്ധങ്ങളെയും' കുറിച്ചുള്ള റിപ്പോർട്ടും, 2028-ലെ പ്ലീനറി പരിഗണിക്കുന്ന 'ജൈവവൈവിധ്യത്തെയും ആവാസവ്യവസ്ഥാ സേവനങ്ങളെയും കുറിച്ചുള്ള രണ്ടാം ആഗോള വിലയിരുത്തലും' ഇതിൽ ഉൾപ്പെടുന്നു.
2030 വരെയുള്ള പുതിയ വിലയിരുത്തലുകൾക്കായുള്ള നിർദ്ദേശങ്ങളും അവർ പരിഗണിക്കും; മലിനീകരണം, ദാരിദ്ര്യം, നഗരങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലായിരിക്കും ഇവ ശ്രദ്ധ കേന്ദ്രീകരിക്കുക.
മറ്റ് പ്രധാന ചർച്ചാവിഷയങ്ങളിൽ ഇവ ഉൾപ്പെടുന്നു: IPBES-ന്റെ ബാഹ്യ അവലോകന ഫലങ്ങളും പ്രവർത്തനം മെച്ചപ്പെടുത്താനുള്ള വഴികളും, ശാസ്ത്രീയ വിലയിരുത്തലുകൾക്ക് നേതൃത്വം നൽകുന്ന 'മൾട്ടിഡിസിപ്ലിനറി എക്സ്പെർട്ട് പാനലിലേക്കുള്ള' 25 അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, IPBES യോഗങ്ങളിൽ നിരീക്ഷകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കരട് ചട്ടങ്ങൾ.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ യോഗത്തിൽ, IPBES-ന് അതിന്റെ പ്രവർത്തനം കാര്യക്ഷമമായി തുടരാനാകുമെന്ന് ഉറപ്പാക്കുന്നതിനായി, സാമ്പത്തികവും സംഘടനാപരവുമായ കാര്യങ്ങളും പ്രതിനിധികൾ ചർച്ച ചെയ്യും.
2024 ഡിസംബറിൽ നടന്ന IPBES-ന്റെ കഴിഞ്ഞ യോഗത്തിൽ, സർക്കാരുകൾ രണ്ട് പ്രധാന റിപ്പോർട്ടുകൾക്ക് അംഗീകാരം നൽകിയിരുന്നു. ഇതിൽ ആദ്യത്തേത് 'നെക്സസ് അസസ്മെന്റ്' (Nexus Assessment) ആയിരുന്നു; ജൈവവൈവിധ്യ നാശം ജലം, ഭക്ഷണം, ആരോഗ്യം, കാലാവസ്ഥ എന്നിവയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഈ പ്രശ്നങ്ങൾ ഒന്നിച്ചു തന്നെ നേരിടണമെന്നും ഇത് വ്യക്തമാക്കി.
രണ്ടാമത്തേത് 'ട്രാൻസ്ഫോർമേറ്റീവ് ചേഞ്ച് അസ്സെസ്സ്മെന്റ്' ആയിരുന്നു; ജൈവവൈവിധ്യ നാശത്തിന്റെ അടിസ്ഥാന കാരണങ്ങൾ വിശദീകരിച്ച ഈ റിപ്പോർട്ട്, പ്രകൃതിയെ സംരക്ഷിക്കുന്നതിനായി സമൂഹത്തിലും, സമ്പദ്‌വ്യവസ്ഥകളിലും വരുത്തേണ്ട ആഴത്തിലുള്ള മാറ്റങ്ങളെക്കുറിച്ചും പ്രതിപാദിച്ചു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)