709 പുതിയ ജന്തുവർഗങ്ങളുമായി ഇന്ത്യ; ജൈവവൈവിധ്യ കണ്ടെത്തലുകളിൽ മുന്നിൽ കേരളവും പശ്ചിമ ബംഗാളും

സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ZSI) റിപ്പോർട്ട് പ്രകാരം, രാജ്യത്ത് നിലവിൽ 1,05,953 ജന്തുവർഗങ്ങളും ഉപവർഗങ്ങളും (species and subspecies) രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ആഗോള ജന്തുവൈവിധ്യത്തിന്റെ ഏകദേശം 5.3 ശതമാനത്തോളം വരും.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് റിപ്പോർട്ട് പ്രകാശനം ചെയ്തു. പശ്ചിമ ബംഗാൾ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, പശ്ചിമ ബംഗാൾ പരിസ്ഥിതി മന്ത്രി മനോജ് ഒറാവോൺ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ധൃതി ബാനർജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് റിപ്പോർട്ട് പ്രകാശനം ചെയ്തു. പശ്ചിമ ബംഗാൾ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, പശ്ചിമ ബംഗാൾ പരിസ്ഥിതി മന്ത്രി മനോജ് ഒറാവോൺ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ധൃതി ബാനർജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജയന്ത ബസു
Published on
Summary
  • 2025-ൽ ഇന്ത്യ 709 പുതിയ ജന്തുവർഗങ്ങളെക്കൂടി ദേശീയ ഡാറ്റാബേസിലേക്ക് ചേർത്തു; സൂോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI) രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്.

  • ഈ പുതിയ കൂട്ടിച്ചേർക്കലുകളിൽ ശാസ്ത്രലോകത്തിന് ഇതുവരെ അപരിചിതമായിരുന്ന 483 പുതിയ സ്പീഷീസുകളും (species), ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ 226 സ്പീഷീസുകളും ഉൾപ്പെടുന്നു.

  • പുതിയ ജന്തുവർഗങ്ങളെ കണ്ടെത്തുന്നതിൽ കേരളമാണ് ഏറ്റവും മുന്നിൽ; പശ്ചിമ ബംഗാൾ, കർണാടക, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

  • ഇതോടെ ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ള ആകെ ജന്തുജാല വൈവിധ്യം 1,05,953 സ്പീഷീസുകളും ഉപവർഗങ്ങളുമായി (subspecies) ഉയർന്നു; ഇത് ആഗോള ജന്തുവൈവിധ്യത്തിന്റെ ഏകദേശം 5.3 ശതമാനത്തോളമാണ്.

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ZSI) പുതിയ റിപ്പോർട്ട് പ്രകാരം, 2025-ൽ ഇന്ത്യ 709 പുതിയ ജന്തുവർഗങ്ങളെക്കൂടി ദേശീയ ഡാറ്റാബേസിലേക്ക് ചേർത്തു. ശാസ്ത്രീയമായ രീതിയിൽ വിവരശേഖരണം ആരംഭിച്ചതിനു ശേഷം ഒരു വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഈ പുതിയ കണ്ടെത്തലുകളിൽ ശാസ്ത്രലോകത്തിന് ഇതുവരെ അപരിചിതമായിരുന്ന 483 പുതിയ സ്പീഷീസുകളും (species), ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ 226 സ്പീഷീസുകളും ഉൾപ്പെടുന്നു. ഇതിന് മുമ്പത്തെ ഏറ്റവും ഉയർന്ന വാർഷിക കണക്ക് 2024-ൽ രേഖപ്പെടുത്തിയ 683 സ്പീഷീസുകളായിരുന്നു.

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 111-ാമത് സ്ഥാപക ദിനാഘോഷ വേളയിൽ പുറത്തിറക്കിയ ‘ആനിമൽ ഡിസ്കവറീസ്: ന്യൂ സ്പീഷീസ്, ന്യൂ റെക്കോർഡ്സ്’ (Animal Discoveries: New Species, New Records) എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഈ പുതിയ കൂട്ടിച്ചേർക്കലുകളോടെ ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ള ആകെ ജന്തുജാല വൈവിധ്യം 1,05,953 സ്പീഷീസുകളും ഉപവർഗങ്ങളുമായി (subspecies) ഉയർന്നു. ഇത് ആഗോളതലത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആകെ ജന്തുവർഗങ്ങളുടെ (1,67,9,523 സ്പീഷീസുകൾ) ഏകദേശം 5.3 ശതമാനത്തോളമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

"ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ," റിപ്പോർട്ട് പ്രകാശനം ചെയ്തുകൊണ്ട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പ്രകൃതിദത്ത പൈതൃകത്തെ മനസ്സിലാക്കാനും സംരക്ഷിക്കാനും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കണ്ടെത്തലുകൾ "ടാക്സോണമിക് (വർഗ്ഗീകരണ ശാസ്ത്രം) വിജയത്തിന്റെ സാക്ഷ്യപത്രങ്ങൾ എന്നതിലുപരിയായി മറ്റൊന്നാണ്" എന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI) ഡയറക്ടർ ധൃതി ബാനർജി പറഞ്ഞു.

"ഈ കണ്ടെത്തലുകൾ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള നമ്മുടെ അറിവും ധാരണയും മെച്ചപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, ആഗോള ജൈവവൈവിധ്യ പ്രതിസന്ധിയെ നേരിടാനുള്ള ആഗോള ശ്രമങ്ങൾക്ക് പ്രധാന സംഭാവന നൽകുകയും ചെയ്യുന്നു," എന്ന് പറഞ്ഞ അവർ ജൈവവൈവിധ്യ ഗവേഷണങ്ങളിലും കപ്പാസിറ്റി ബിൽഡിംഗിലും (ശേഷി വികസനം) കൂടുതൽ നിക്ഷേപം നടത്തണമെന്നും ആഹ്വാനം ചെയ്തു..

കണ്ടെത്തലുകളിൽ മുന്നിൽ പ്രാണികൾ

ZSI ഡയറക്ടർ ധൃതി ബാനർജിക്കൊപ്പം മുതിർന്ന ശാസ്ത്രജ്ഞരായ സി. രഘുനാഥൻ, അൻജും എൻ. റിസ്‌വി, ജയിത സെൻഗുപ്ത എന്നിവർ ചേർന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. 2025-ൽ ഇന്ത്യയിൽ പുതുതായി രേഖപ്പെടുത്തപ്പെട്ട ജന്തുവർഗങ്ങളിൽ ഏറ്റവും വലിയ പങ്ക് പ്രാണികൾക്കായിരുന്നു (Insects).

പട്ടികയിൽ ചേർത്ത 709 സ്പീഷീസുകളിൽ 417 എണ്ണവും പ്രാണികളായിരുന്നു; അതായത് ആകെയുള്ളതിന്റെ ഏകദേശം 59 ശതമാനം. ശാസ്ത്രലോകത്തിന് പുതിയതായി കണ്ടെത്തിയ 483 സ്പീഷീസുകളിൽ 295 എണ്ണവും പ്രാണിവർഗ്ഗത്തിൽപ്പെട്ടവയായിരുന്നു.

തേനീച്ചകൾ, കടന്നലുകൾ, ഉറുമ്പുകൾ, സോഫ്ലൈകൾ (Sawflies) എന്നിവ ഉൾപ്പെടുന്ന ‘ഹൈമനോപ്റ്റെറ’ (Hymenoptera) വിഭാഗമാണ് 106 സ്പീഷീസുകളുമായി പട്ടികയിൽ ഒന്നാമതെത്തിയത്. ചിത്രശലഭങ്ങളും നിശാശലഭങ്ങളും (Moths) ഉൾപ്പെടുന്ന ‘ലെപിഡോപ്റ്റെറ’ (Lepidoptera) വിഭാഗം 65 കണ്ടെത്തലുകളുമായി തൊട്ടുപിന്നാലെയുണ്ട്.

ഈച്ചകളും കൊതുകുകളും ഉൾപ്പെടുന്ന ‘ഡിപ്റ്റെറ’ (Diptera) വിഭാഗം, എട്ടുകാലികൾ, തേളുകൾ, ചെള്ളുകൾ (Ticks and mites) എന്നിവയുൾപ്പെടുന്ന ‘അരാക്നിഡ്സ്’ (Arachnids) വിഭാഗം എന്നിവയിൽ നിന്ന് 64 കണ്ടെത്തലുകൾ വീതം രേഖപ്പെടുത്തി.

ഇന്ത്യയുടെ ജന്തുജാല രജിസ്ട്രിയിൽ പ്രാണികൾക്കാണ്, പ്രത്യേകിച്ച് വണ്ടുകൾ (Beetles), നിശാശലഭങ്ങൾ, തേനീച്ചകൾ എന്നിവയ്ക്കാണ് ഏറ്റവും ഉയർന്ന വൈവിധ്യമുള്ളതെന്നും കശേരുക്കളിൽ (Vertebrates) മത്സ്യങ്ങളാണ് മുന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമത്

98 പുതിയ കൂട്ടിച്ചേർക്കലുകളുമായി 2025-ൽ ഏറ്റവും കൂടുതൽ പുതിയ ജന്തുവർഗങ്ങൾ രേഖപ്പെടുത്തിയത് കേരളത്തിലാണ്. 2024-ലെ പട്ടികയിലും കേരളം തന്നെയായിരുന്നു ഒന്നാമത്. 76 സ്പീഷീസുകളുമായി പശ്ചിമ ബംഗാളാണ് തൊട്ടുപിന്നിൽ; കർണാടകയിൽ 67-ഉം അരുണാചൽ പ്രദേശിൽ 65-ഉം ജന്തുവർഗങ്ങൾ വീതം രേഖപ്പെടുത്തി.

പശ്ചിമഘട്ടം, കിഴക്കൻ ഹിമാലയം, തീരദേശ-വന ആവാസവ്യവസ്ഥകൾ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളുടെ പ്രാധാന്യത്തെയാണ് ഈ കണ്ടെത്തലുകൾ അടിവരയിടുന്നത്. ഈ പ്രദേശങ്ങളിൽ നിന്ന് ഇപ്പോഴും പുതിയ സ്പീഷീസുകൾ തുടർച്ചയായി കണ്ടെത്താനാകുന്നുണ്ട്.

ഇത്തരം കണ്ടെത്തലുകൾ ടാക്സോണമിക്ക് (വർഗ്ഗീകരണ ശാസ്ത്രം) മാത്രമല്ല, മറിച്ച് വന്യജീവി സംരക്ഷണ ആസൂത്രണം, പ്രകൃതിദത്ത ആവാസവ്യവസ്ഥകളുടെ സംരക്ഷണം, പരിസ്ഥിതിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളൽ എന്നിവയ്ക്കും ഏറെ നിർണായകമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പുതുക്കിയ വിവരപ്പട്ടികയും ഫോസിൽ പോർട്ടലും പുറത്തിറക്കി

ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ജന്തുജാലങ്ങളുടെ ഡിജിറ്റൽ ഡാറ്റാബേസായ ‘ഫൗണ ഓഫ് ഇന്ത്യ ചെക്ക്‌ലിസ്റ്റിന്റെ’ (Fauna of India Checklist) വേർഷൻ 3.0-യും സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI) പുറത്തിറക്കി. 185 ടാക്സോണമിക് (വർഗ്ഗീകരണ ശാസ്ത്ര) വിദഗ്ധർ പങ്കാളികളായ കൂട്ടായ ശ്രമത്തിലൂടെയാണ് ഈ വിവരപ്പട്ടിക തയ്യാറാക്കിയതെന്ന് ധൃതി ബാനർജി പറഞ്ഞു. 121 പ്രത്യേക തരം ജന്തുവിഭാഗങ്ങളുടെ ഇൻവെന്ററികളിലായി (inventories) 1,05,953 സ്പീഷീസുകളും ഉപവർഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നയരൂപകർത്താക്കൾക്കും ഗവേഷകർക്കും വന്യജീവി സംരക്ഷണ ആസൂത്രകർക്കും ഇത് പ്രയോജനപ്രദമാക്കുന്നതിനായി ഈ ചെക്ക്‌ലിസ്റ്റ് എല്ലാ വർഷവും പുതുക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെന്റും ചേർന്ന് വികസിപ്പിച്ച ‘പാലിയോഇന്ത്യ പോർട്ടലിന്റെ’ (PaleoIndia Portal) ഉദ്ഘാടനവും ഈ ചടങ്ങിൽ നടന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയ ഭൂപടങ്ങൾ ഉപയോഗിച്ചാണ് ഈ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഫോസിൽ (ഫോസിൽ അവശിഷ്ടങ്ങൾ) ജന്തുജാലങ്ങളുടെ ഭൂമിശാസ്ത്രപരമായ വ്യാപനം ഈ പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അയ്യായിരത്തിലധികം മൃഗങ്ങളുടെ ഫോസിൽ മാതൃകകളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ട്.

ഫോസിൽ രേഖകളെ എളുപ്പത്തിൽ തിരയാൻ കഴിയുന്ന ഒരു ദേശീയ ഡാറ്റാബേസിലേക്ക് കൊണ്ടുവരുന്നതിലൂടെ, ഡിജിറ്റൽ സംരക്ഷണത്തിലേക്കുള്ള (Digital conservation) സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ പോർട്ടലെന്ന് അധികൃതർ വ്യക്തമാക്കി.

ബംഗാളിൽ കടുവകളെ വീണ്ടും എത്തിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ

ചടങ്ങിൽ, രാജസ്ഥാനിലെ സരിസ്‌ക ടൈഗർ റിസർവിനെ ഒരു മാതൃകയായി ചൂണ്ടിക്കാണിച്ചുകൊണ്ട് പശ്ചിമ ബംഗാളിൽ കടുവകളെ വീണ്ടും എത്തിക്കുന്നതിനുള്ള (Tiger reintroduction) സാധ്യതകളെക്കുറിച്ച് ഭൂപേന്ദർ യാദവ് പരാമർശിച്ചു. നിലവിൽ സ്ഥിരമായി കടുവകളൊന്നുമില്ലാത്ത വടക്കൻ ബംഗാളിലെ ബക്സ (Buxa) വനമേഖലയിൽ കടുവ പുനരധിവാസം പരീക്ഷിക്കാമെന്ന് മന്ത്രി സൂചിപ്പിച്ചു. 2008-ഓടെ സരിസ്കയിലെ എല്ലാ കടുവകളും നഷ്ടപ്പെട്ടിരുന്നുവെങ്കിലും, തുടർച്ചയായ പുനരധിവാസ-സംരക്ഷണ പ്രവർത്തനങ്ങളിലൂടെ അവിടെയിപ്പോൾ 56 കടുവകളുണ്ടെന്ന് മന്ത്രി പറഞ്ഞു.

"തുടർച്ചയായ ശാസ്ത്രീയ മാനേജ്‌മെന്റ്, പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം, രാഷ്ട്രീയ പ്രതിബദ്ധത എന്നിവയ്ക്ക് എന്തൊക്കെ നേടാനാകും എന്നതിന്റെ ശക്തമായ തെളിവാണ് ഇന്ന് സരിസ്‌ക," അദ്ദേഹം പറഞ്ഞു. ‘റോയൽ ബംഗാൾ കടുവകളുടെ നാടിനായി’ കേന്ദ്ര സർക്കാരും പശ്ചിമ ബംഗാൾ സർക്കാരും സമാനമായ ഒരു കാഴ്ചപ്പാടോടെയാണ് കാര്യങ്ങൾ ആലോചിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

"കൃത്യമായ ശാസ്ത്രീയ ആസൂത്രണത്തോടെയും വിദഗ്ധരുമായുള്ള വിശദമായ കൂടിയാലോചനകളോടെയും, അനുയോജ്യമായ പ്രദേശങ്ങളിൽ കടുവകളെ വീണ്ടും എത്തിക്കാനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്. ഇത് ജൈവവൈവിധ്യ സംരക്ഷണവും പാരിസ്ഥിതിക സുരക്ഷയും ശക്തമാക്കും," അദ്ദേഹം പറഞ്ഞു. 2025-ൽ പശ്ചിമ ബംഗാളിൽ നിന്ന് കണ്ടെത്തിയ 76 പുതിയ സ്പീഷീസുകൾ ഉൾപ്പെടെ, സംസ്ഥാനത്തിന്റെ ജൈവവൈവിധ്യ റെക്കോർഡുകൾ വലിയ നേട്ടം കൈവരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ വരുന്നത്. ഇത് പ്രകൃതിദത്ത ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിലേക്കും ആസൂത്രണത്തിലേക്കും വീണ്ടും ശ്രദ്ധ തിരിക്കാൻ കാരണമാകുന്നുണ്ട്.

ആവാസവ്യവസ്ഥയുടെ നാശം, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, മറ്റ് മനുഷ്യനിർമ്മിത ഭീഷണികൾ എന്നിവയാൽ പ്രകൃതി വലിയ സമ്മർദ്ദം നേരിടുന്ന ഈ കാലഘട്ടത്തിൽ, ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യ ഡാറ്റാബേസ് ഏറെ അത്യാവശ്യമാണെന്ന് ZSI റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

(പരിഭാഷ, എഡിറ്റിംഗ് സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in