സംരക്ഷണം അല്ലെങ്കിൽ വിനാശം

വേട്ടക്കാരെ കാവൽക്കാരായും, സംഘർഷത്തെ സഹവർത്തിത്വമായും മാറ്റിക്കൊണ്ട് പെരിയാർ കടുവാ സങ്കേതം, ഇന്ത്യൻ വനസംരക്ഷണ ചരിത്രം തിരുത്തിയെഴുതി
1998-ൽ പെരിയാർ തടാകത്തിൽ ആരംഭിച്ച 'ബാംബൂ റാഫ്റ്റിംഗ്', വനവിഭവങ്ങൾ കടത്തിയിരുന്ന പാതയെ  ഒരു നിരീക്ഷണ മേഖലയായി മാറ്റാൻ സഹായിച്ചു
1998-ൽ പെരിയാർ തടാകത്തിൽ ആരംഭിച്ച 'ബാംബൂ റാഫ്റ്റിംഗ്', വനവിഭവങ്ങൾ കടത്തിയിരുന്ന പാതയെ ഒരു നിരീക്ഷണ മേഖലയായി മാറ്റാൻ സഹായിച്ചു(ചിത്രങ്ങൾ: രതീഷ് എസ് ആർ)
Published on

പെരിയാർ കടുവാ സങ്കേതത്തിന് ഔപചാരികമായ പ്രവേശന കവാടങ്ങളൊന്നുമില്ല. കേരളത്തിലെ ഈ ദേശീയ ഉദ്യാനത്തിലേക്ക് കടക്കുന്ന ചെക്ക്പോസ്റ്റിൽ, പശ്ചിമഘട്ടത്തിലെ അതീവ സുരക്ഷയുള്ള വനമേഖലയിലേക്കാണ് നിങ്ങൾ പ്രവേശിക്കുന്നത് എന്ന് അറിയിക്കുന്ന ബോർഡുകൾ പോലുമില്ല.

എന്നാൽ, ഇവിടെ കാവൽ വളരെ ശക്തമാണ്. ചെക്ക്പോസ്റ്റിലുള്ള ഒരു ചെറിയ സംഘം ആളുകൾ വാഹനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. സി. പാണ്ഡ്യൻ, സി. മുരുകൻ, വി. മഹാമായൻ, ആർ. രാക്കുമുത്തു എന്നിവർ, പരിശീലനം ലഭിച്ച ഫോറസ്റ്റ് ഗാർഡുകളല്ല. 90-കളുടെ പകുതി വരെ, അവരുടെ മുതിർന്നവർ കാണിച്ചുകൊടുത്ത വഴികളിലൂടെ, രാത്രികാലങ്ങളിൽ കാട്ടിൽ കയറി, അനധികൃതമായി വനവിഭവങ്ങൾ ശേഖരിച്ചിരുന്നവരാണ് ഇവർ. എന്നാൽ ഇന്ന്, ഈ കാട്ടിൽ നിന്ന് നിയമവിരുദ്ധമായി ഒന്നും പുറത്തുപോകുന്നില്ലെന്ന് ഇവർ ഉറപ്പാക്കുന്നു. ഒരു വേട്ടക്കാരനെ എങ്ങനെ തിരിച്ചറിയണമെന്ന് അവർക്ക് നന്നായി അറിയാം.

"ചോദ്യങ്ങൾക്ക് വളരെ വേഗത്തിൽ മറുപടി നൽകുകയോ, പഠിച്ചു വെച്ചതുപോലെ പറയുകയോ ചെയ്താൽ; സംസാരിക്കുമ്പോൾ ഡ്രൈവറുടെ കണ്ണുകൾ വെട്ടിച്ചാൽ; വണ്ടിയിലുള്ള സാധനവും അതിൽ നിന്ന് വരുന്ന ഗന്ധവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ - ഇതെല്ലാം നിയമവിരുദ്ധമായ എന്തോ നടക്കുന്നുണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്," പാണ്ഡ്യൻ പറയുന്നു.

വാഹനത്തിന്റെ ബോഡിയിൽ തട്ടി നോക്കി ഉള്ളിൽ ഒഴിഞ്ഞു കിടക്കുന്ന ശബ്ദമുണ്ടോയെന്നും, അറ്റകുറ്റപ്പണികൾ നടത്തിയതിന്റെ പാടുകളുണ്ടോയെന്നും മുരുകൻ പരിശോധിക്കുന്നു. ബസ് കയറാൻ നിൽക്കുന്ന യാത്രക്കാരെയാണ് മഹാമായൻ നിരീക്ഷിക്കുന്നത്. ആരെങ്കിലും കണ്ണ് വെട്ടിക്കുന്നുണ്ടോ, ചെക്ക്പോസ്റ്റിലേക്കുതന്നെ നോക്കിയിരിക്കുന്നുണ്ടോ, പോകാൻ അസ്വാഭാവികമായ തിടുക്കം കാണിക്കുന്നുണ്ടോ എന്നൊക്കെ അദ്ദേഹം ശ്രദ്ധിക്കുന്നു. രാക്കുമുത്തു അവിടെ നടക്കുന്ന കാര്യങ്ങളെ മൊത്തത്തിൽ നിരീക്ഷിക്കുകയും, സംശയാസ്പദമായ എന്തെങ്കിലും ഉണ്ടോ എന്ന് വിലയിരുത്തുകയും ചെയ്യുന്നു.

2026, പെരിയാർ കടുവാ സങ്കേതത്തിന്റെ 75-ാം വാർഷികമാണ്. 925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വനത്തിൽ, കഴിഞ്ഞ കുറേ വർഷങ്ങളായി വേട്ടയാടൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പണ്ട് സ്ഥിതി ഇതായിരുന്നില്ല.

പെരിയാറിന്റെ ചരിത്രം തുടങ്ങുന്നത് വന്യജീവി ശാസ്ത്രത്തിലല്ല, മറിച്ച് കൊളോണിയൽ എൻജിനീയറിംഗിലാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനം, ബ്രിട്ടീഷ് എൻജിനീയർമാർ പെരിയാർ നദിക്ക് കുറുകെ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കുകയും, വെള്ളം തമിഴ്നാട്ടിലെ മഴ കുറഞ്ഞ പ്രദേശങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. ഇതോടെ വലിയൊരു വനപ്രദേശം വെള്ളത്തിനടിയിലായി. ഇന്നത്തെ പെരിയാർ തടാകം അങ്ങനെ രൂപപ്പെട്ടതാണ്. ആനപാതകൾ വെള്ളത്തിനടിയിലാവുകയും മൃഗങ്ങളുടെ സഞ്ചാരപാതകൾ മാറുകയും ചെയ്തു. മുല്ലപ്പെരിയാർ അണക്കെട്ട്, അവിടുത്തെ ജലലഭ്യതയെ മാത്രമല്ല, സാമൂഹിക-രാഷ്ട്രീയ ബന്ധങ്ങളെയും മാറ്റിമറിച്ചു.

ഫെബ്രുവരി 1–15, 2026 ലെ ഡൗൺ ടു എർത്ത് അച്ചടി പതിപ്പിൽ പ്രസിദ്ധീകരിച്ച വിശദമായ വിശകലനത്തിന്റെ ഭാഗമാണ് ഈ ലേഖനം.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in