പ്രകൃതിയെ നശിപ്പിച്ച് ബിസിനസ്സ് വളർത്തുന്ന രീതി അപകടകരം: ഐ.പി.ബി.ഇ.എസ് റിപ്പോർട്ട്

പ്രകൃതിയെ സംരക്ഷിക്കാൻ ചെലവിടുന്ന ഓരോ ഡോളറിനും എതിരെ, അതിനെ നശിപ്പിക്കാനായി ലോകം ചെലവാക്കുന്നത് മുപ്പത്തി മൂന്ന് ഡോളർ എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ബിസിനസുകൾ അതിജീവനത്തിനായി ആശ്രയിക്കുന്ന പ്രകൃതിദത്ത സംവിധാനങ്ങളെത്തന്നെ നശിപ്പിക്കുന്നു: ഐപിബിഇഎസ് റിപ്പോർട്ട്
ബിസിനസുകൾ അതിജീവനത്തിനായി ആശ്രയിക്കുന്ന പ്രകൃതിദത്ത സംവിധാനങ്ങളെത്തന്നെ നശിപ്പിക്കുന്നു: ഐപിബിഇഎസ് റിപ്പോർട്ട്ഫോട്ടോ: iStock
Published on

ലോകമെമ്പാടുമുള്ള ബിസിനസ്സ് സ്ഥാപനങ്ങൾ, അവയുടെ നിലനിൽപ്പിന് തന്നെ ആധാരമായ പ്രകൃതിദത്ത സംവിധാനങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന്, 2026 ഫെബ്രുവരി 9-ന് പുറത്തുവന്ന ആഗോള റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഐ.പി.ബി.ഇ.എസ് (IPBES) അവരുടെ പന്ത്രണ്ടാം സെഷനിൽ പുറത്തിറക്കിയ ഈ റിപ്പോർട്ട്, "ബിസിനസ്സ് ആൻഡ് ബയോഡൈവേഴ്സിറ്റി റിപ്പോർട്ട്" എന്നാണ് അറിയപ്പെടുന്നത്. യു.കെ, യു.എസ്, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ശാസ്ത്രീയ പ്രബന്ധങ്ങളും, വിവരങ്ങളും, പഠനവിധേയമാക്കിയാണ് ഇത് തയ്യാറാക്കിയത്.

"എല്ലാ ബിസിനസ്സുകളും ജൈവവൈവിധ്യത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്, അതുപോലെ അവ പ്രകൃതിയിൽ ആഘാതം ഉണ്ടാക്കുകയും ചെയ്യുന്നു," എന്ന് റിപ്പോർട്ട് അടിവരയിടുന്നു. കൃഷിയിടങ്ങൾ മുതൽ ഫാക്ടറികളും, ഓഫീസുകളും വരെ നീളുന്ന, ഏതൊരു സംരംഭത്തിനും ശുദ്ധജലം, ഫലഭൂയിഷ്ഠമായ മണ്ണ്, തേനീച്ചകളെപ്പോലെയുള്ള പരാഗണകാരികൾ (pollinators), സുസ്ഥിരമായ കാലാവസ്ഥ എന്നിവ അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും, മനുഷ്യന്റെ ബിസിനസ്സ് പ്രവർത്തനങ്ങളാണ് ഇന്ന് പ്രകൃതി നശീകരണത്തിന്റെ ഏറ്റവും വലിയ കാരണമായി മാറിക്കൊണ്ടിരിക്കുന്നത്.

ഈ പഠനത്തിന് നേതൃത്വം നൽകിയ സ്റ്റീഫൻ പോളാസ്കി പറയുന്നത് ഇങ്ങനെയാണ്: "ജൈവവൈവിധ്യത്തിന്റെ തകർച്ച, ബിസിനസ്സ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ്. എന്നാൽ പരിതാപകരമായ വാസ്തവം എന്തെന്നാൽ, പ്രകൃതിയെ സംരക്ഷിക്കുന്നതിനേക്കാൾ അതിനെ ചൂഷണം ചെയ്യുന്നതാണ് കൂടുതൽ ലാഭകരം എന്ന് പലപ്പോഴും ബിസിനസ്സ് സ്ഥാപനങ്ങൾക്ക് തോന്നുന്നു എന്നതാണ്."

ഞെട്ടിക്കുന്ന കണക്കുകൾ

ഈ കണക്കുകൾ നൽകുന്ന സൂചനകൾ ആരെയും ഞെട്ടിക്കുന്നതാണ്. 2023-ൽ മാത്രം പ്രകൃതിക്ക് ദോഷകരമായ പ്രവർത്തനങ്ങൾക്കായി ലോകം ചിലവാക്കിയത് 7.3 ട്രില്യൺ ഡോളറാണ്. ഇതിൽ 4.9 ട്രില്യൺ ഡോളർ സ്വകാര്യ കമ്പനികളിൽ നിന്നും 2.4 ട്രില്യൺ ഡോളർ സർക്കാർ സബ്‌സിഡികളിൽ നിന്നുമാണ്.

എന്നാൽ, പ്രകൃതിയെ സംരക്ഷിക്കാനോ പഴയ രീതിയിലാക്കാനോ വേണ്ടി ചെലവാക്കിയത് വെറും 220 ബില്യൺ ഡോളർ മാത്രമാണ്. സാമ്പത്തിക ലോകം ഇന്നും പ്രകൃതി നശീകരണത്തിന് വലിയ പ്രതിഫലം നൽകുന്നുണ്ടെന്നും, എന്നാൽ പരിസ്ഥിതി സംരക്ഷണം ഫണ്ടിന്റെ അഭാവത്തിൽ അവഗണിക്കപ്പെടുകയാണെന്നും ഈ വലിയ അന്തരം വ്യക്തമാക്കുന്നു.

ജൈവവൈവിധ്യത്തിന്റെ തകർച്ച എന്നത് വെറും ഒരു പരിസ്ഥിതി പ്രശ്നം മാത്രമല്ല, മറിച്ച് കാലാവസ്ഥാ വ്യതിയാനം പോലെ തന്നെ, ഇതൊരു വലിയ സാമ്പത്തിക പ്രതിസന്ധി കൂടിയാണ്. തേനീച്ചകളെപ്പോലെയുള്ള പരാഗണകാരികളുടെ നാശം മൂലം ഉണ്ടാകുന്ന കൃഷിനാശം, തണ്ണീർത്തടങ്ങൾ നശിപ്പിക്കപ്പെടുന്നത് വഴിയുണ്ടാകുന്ന വെള്ളപ്പൊക്കം, നദികളുടെ തകർച്ച മൂലമുള്ള ജലക്ഷാമം എന്നിവ ഇതിനോടകം പല മേഖലകളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ, ഈ ഭീഷണികൾ വർദ്ധിക്കുമെന്നും അത് ലോകമെമ്പാടുമുള്ള തൊഴിലിനെയും ഭക്ഷ്യസുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

കാർഷികം, വനം, ഖനനം, ഊർജ്ജം, നിർമ്മാണം, ഗതാഗതം എന്നീ മേഖലകളാണ് പ്രകൃതിക്ക് ഏറ്റവും കൂടുതൽ നാശം വരുത്തുന്നത്. എന്നാൽ ചെറുകിട സ്ഥാപനങ്ങൾ പോലും വിതരണ ശൃംഖലകൾ വഴി ഈ നശീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, വനങ്ങൾ നശിപ്പിച്ചോ നദികൾ മലിനമാക്കിയോ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളാണ് തങ്ങൾ വിൽക്കുന്നതെന്ന്, ഒരു പലചരക്ക് കടയുടമയോ റെസ്റ്റോറന്റ് ഉടമയോ പോലും അറിയുന്നുണ്ടാകില്ല.

ഇത്രയധികം ഭീഷണികൾ ഉണ്ടായിരുന്നിട്ടും, കമ്പനികളുടെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തം വളരെ കുറവാണ്. ഒരു ശതമാനത്തിൽ താഴെ കമ്പനികൾ മാത്രമാണ് ,തങ്ങളുടെ പ്രവർത്തനങ്ങൾ ജൈവവൈവിധ്യത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. മിക്ക റിപ്പോർട്ടുകളും പേരിന് മാത്രമുള്ളവയാണ്. തങ്ങളുടെ അസംസ്‌കൃത വസ്തുക്കൾ എവിടെ നിന്ന് വരുന്നു എന്ന കൃത്യമായ വിവരം പോലും പല കമ്പനികളുടെ കൈകളിലില്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള നിലനിൽപ്പിനേക്കാളുപരി, ഹ്രസ്വകാല ലാഭത്തിനാണ് അവർ മുൻഗണന നൽകുന്നത്. 'ഗ്രീൻ വാഷിംഗ്' എന്ന പ്രവണതയെക്കുറിച്ചും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു; അതായത്, തങ്ങൾ പ്രകൃതിയെ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുകയും, എന്നാൽ യഥാർത്ഥത്തിൽ നാശനഷ്ടങ്ങൾ വളരെ കുറഞ്ഞ തോതിൽ മാത്രം കുറയ്ക്കുകയും ചെയ്യുന്ന രീതിയാണിത്.

ഈ സാഹചര്യം ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. തലമുറകളായി പ്രകൃതിയെ കാത്തുസൂക്ഷിക്കുന്ന ഗോത്രവർഗക്കാരാണ് ഇതിന്റെ ഏറ്റവും വലിയ ഇരകൾ. ലോകത്തെ ഗോത്രവർഗ ഭൂമിയുടെ 60 ശതമാനത്തോളം ഇന്ന് വ്യവസായവൽക്കരണത്തിന്റെ ഭീഷണിയിലാണ്. ഖനനം, മരംവെട്ട്, ഊർജ്ജ പദ്ധതികൾ എന്നിവ മൂലം ഈ പ്രദേശങ്ങൾ വലിയ സമ്മർദ്ദം നേരിടുന്നു. സ്ത്രീകളും, യുവാക്കളും, ഗ്രാമീണ സമൂഹങ്ങളുമാണ് ഇതിന്റെ കെടുതികൾ കൂടുതൽ അനുഭവിക്കുന്നത്. വിരോധാഭാസമെന്നു പറയട്ടെ, ഗോത്രവർഗക്കാരുടെ അറിവുകൾ തേടാനോ, ലാഭവിഹിതം അവരുമായി പങ്കുവെക്കാനോ, ബിസിനസ്സ് ലോകം തയ്യാറാകുന്നില്ല.

"ഗോത്രവർഗക്കാരുമായും, പ്രാദേശിക സമൂഹങ്ങളുമായും, മാന്യമായ സഹകരണം ഉറപ്പാക്കുന്നത് ബിസിനസ്സ് ലോകത്തെ ഭീഷണികൾ കുറയ്ക്കാനും, പുതിയ അവസരങ്ങൾ കണ്ടെത്താനും സഹായിക്കും," എന്ന് ഈ പഠനത്തിന് നേതൃത്വം നൽകിയ കൊളംബിയയിൽ നിന്നുള്ള സിമെന റൂയിഡ പറയുന്നു.

'ഹരിത ഊർജ്ജത്തിന്' (Green energy) വേണ്ടിയുള്ള നെട്ടോട്ടം മറ്റൊരു വശത്ത് വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. സോളാർ പാനലുകൾക്കും, ഇലക്ട്രിക് വാഹന ബാറ്ററികൾക്കും ആവശ്യമായ ധാതുക്കൾ ഖനനം ചെയ്യുന്നത്, പലപ്പോഴും ഗോത്രവർഗക്കാരുടെ ഭൂമിയിൽ നിന്നാണ്. ഇത് പലപ്പോഴും അവരുടെ അനുമതിയില്ലാതെ നടക്കുന്നത് പുതിയ സംഘർഷങ്ങൾക്ക് വഴിവെക്കുന്നു.

പ്രകൃതി നശീകരണം തടയാൻ ബിസിനസ്സ് ലോകം നേരിടുന്ന വെല്ലുവിളികളും റിപ്പോർട്ട് വ്യക്തമാക്കുന്നു. വനങ്ങൾ വളരാൻ പതിറ്റാണ്ടുകൾ വേണം, എന്നാൽ കമ്പനികൾക്ക് വേണ്ടത് ഓരോ മൂന്ന് മാസത്തിലുമുള്ള ലാഭക്കണക്കുകളാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനേക്കാൾ അത് നശിപ്പിക്കുന്നത് ലാഭകരമായി തുടരുന്നിടത്തോളം കാലം ഈ മാറ്റം സാവധാനത്തിലായിരിക്കും. തെറ്റായ സബ്‌സിഡികളും, കൃത്യമായ വിവരങ്ങളുടെ അഭാവവും, സുസ്ഥിരമായ രീതികളെ പ്രോത്സാഹിപ്പിക്കുന്നില്ല.

പ്രധാന നിർദേശങ്ങൾ

മാറ്റത്തിന്റെ പാതയിലേക്ക് ലോകം അടിയന്തരമായി നീങ്ങണമെന്ന് ഐ.പി.ബി.ഇ.എസ് (IPBES) റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു. ഈ പഠനത്തിൽ പങ്കാളിയായ, യു.കെയിൽ നിന്നുള്ള ശാസ്ത്രജ്ഞൻ മാറ്റ് ജോൺസ് ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: "ബിസിനസ്സ് സ്ഥാപനങ്ങൾക്കും, മറ്റ് പ്രധാന മേഖലകൾക്കും, ഒന്നുകിൽ സുസ്ഥിരമായ ഒരു ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് മുന്നേറാം, അല്ലെങ്കിൽ പ്രകൃതിയിലെ ജീവജാലങ്ങളെപ്പോലെ തന്നെ തങ്ങളുടെ സ്വന്തം നിലനിൽപ്പും അപകടത്തിലാക്കാം."

പ്രകൃതിക്ക് ദോഷകരമാകുന്ന സബ്‌സിഡികൾ ഘട്ടംഘട്ടമായി നിർത്തലാക്കുക, കമ്പനികളുടെ പരിസ്ഥിതി റിപ്പോർട്ടുകൾ നിർബന്ധമാക്കുക, ലാഭത്തിനൊപ്പം പ്രകൃതി സംരക്ഷണവും ഉറപ്പാക്കുന്ന പുതിയ നിയമങ്ങൾ നടപ്പിലാക്കുക എന്നിവ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളിൽ ഉൾപ്പെടുന്നു. അതോടൊപ്പം, ഗോത്രവർഗക്കാരുടെ ഭൂമിയിലെ പദ്ധതികൾക്ക് അവരുടെ അറിവോടും പൂർണ്ണസമ്മതത്തോടും (FPIC) കൂടിയുള്ള അനുമതി ഉറപ്പാക്കുകയും വേണം.

രാജ്യത്തിന്റെ വിജയം ജി.ഡി.പി (GDP) കൊണ്ട് മാത്രം അളക്കുന്ന രീതി മാറ്റുക, ദീർഘകാലാടിസ്ഥാനത്തിൽ പ്രകൃതിയെ സംരക്ഷിക്കുന്ന കമ്പനി മേധാവികൾക്ക്, പ്രത്യേക പാരിതോഷികങ്ങൾ നൽകുക, പരിസ്ഥിതി പുനരുദ്ധാരണത്തിനായി സാമ്പത്തിക മേഖലയെ പരിഷ്കരിക്കുക, ആസൂത്രണത്തിലും തീരുമാനങ്ങളിലും ഗോത്രവർഗക്കാരുടെ അറിവ് കൂടി ഉൾപ്പെടുത്തുക തുടങ്ങിയവയാണ് റിപ്പോർട്ട് നിർദ്ദേശിക്കുന്ന അടിസ്ഥാനപരമായ പരിഷ്കാരങ്ങൾ.

വ്യക്തിഗതമായി ബിസിനസ്സുകൾക്ക് മാറ്റങ്ങൾ വരുത്താമെങ്കിലും, വ്യവസ്ഥാപിതമായ മാറ്റം അനിവാര്യമാണെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. നിലവിൽ, കർശനമായ നിയമങ്ങളില്ലാത്തതിനാൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അധികച്ചെലവ് വരികയും, പ്രകൃതിയെ നശിപ്പിക്കുന്ന എതിരാളികൾ ലാഭം കൊയ്യുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. പല ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും തങ്ങൾ പ്രകൃതിയിലുണ്ടാക്കുന്ന ആഘാതം അളക്കാനോ നിയന്ത്രിക്കാനോ ഉള്ള സാങ്കേതിക സൗകര്യങ്ങളുമില്ല.

ഈ സാഹചര്യം മാറാൻ, കമ്പനികൾ തങ്ങളുടെ എല്ലാ തീരുമാനങ്ങളിലും പ്രകൃതിയെ ഒരു പ്രധാന ഘടകമായി കാണേണ്ടതുണ്ട്. കൃത്യമായ ലക്ഷ്യങ്ങൾ നിശ്ചയിക്കുക, യഥാർത്ഥ മാറ്റങ്ങൾ നിരീക്ഷിക്കുക, ഗോത്രവർഗക്കാരുമായി അർത്ഥവത്തായ രീതിയിൽ സഹകരിക്കുക, ഉൽപ്പന്നങ്ങൾ എവിടെ നിന്ന് വരുന്നു എന്ന കാര്യത്തിൽ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് പോംവഴികൾ. ബാങ്കുകളും, നിക്ഷേപകരും തങ്ങളുടെ പണം പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലേക്കും വീണ്ടെടുക്കൽ പ്രക്രിയകളിലേക്കും തിരിച്ചുവിടണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യക്ക് നിർണായകമായ സൂചനകൾ

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക്, ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഏറെ ഗൗരവവും അടിയന്തര ശ്രദ്ധ അർഹിക്കുന്നതുമാണ്. കോടിക്കണക്കിന് ആളുകളാണ് ഉപജീവനത്തിനായി കൃഷിയെയും വനങ്ങളെയും മത്സ്യബന്ധനത്തെയും ഇവിടെ ആശ്രയിക്കുന്നത്. പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതങ്ങളും, ജൈവവൈവിധ്യത്തിന്റെ തകർച്ചയും, കാലാവസ്ഥാ വ്യതിയാനവും, ഇതിനോടകം തന്നെ നമ്മുടെ കർഷകരെയും മത്സ്യത്തൊഴിലാളികളെയും തീരദേശ സമൂഹങ്ങളെയും ദോഷകരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, ഇന്ത്യൻ കമ്പനികളും, ബാങ്കുകളും, നിയന്ത്രണ ഏജൻസികളും, പ്രകൃതിയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ തങ്ങളുടെ സാമ്പത്തിക-ബിസിനസ്സ് ആസൂത്രണത്തിന്റെ ഭാഗമായി അടിയന്തരമായി ഉൾപ്പെടുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ ഒരു സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.

Down To Earth
malayalam.downtoearth.org.in