

മെയ് 8, 2026-ൽ നൂറാം ജന്മദിനം ആഘോഷിക്കുന്ന ലോകപ്രശസ്ത പ്രകൃതിശാസ്ത്രജ്ഞനായ സർ ഡേവിഡ് ആറ്റൻബറോയോടുള്ള ആദരസൂചകമായി ചിലിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം പരാദ കടന്നലിന് (parasitic wasp) അദ്ദേഹത്തിന്റെ പേര് നൽകി.
യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടനിലുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞരാണ് ചിലിയിൽ പുതിയ ഇനം കടന്നലിനെ കണ്ടെത്തുകയും അതിന് അറ്റൻബറോൺകുലസ് ടൗ (Attenboroughnculus tau) എന്ന് പേരിടുകയും ചെയ്തത്.
2026 മെയ് 7-നാണ് ഈ കണ്ടെത്തൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രകൃതിയെക്കുറിച്ചും വന്യജീവികളെക്കുറിച്ചും അവബോധം വളർത്തുന്നതിൽ ആറ്റൻബറോ നൽകിയ സംഭാവനകളെ മാനിച്ചാണ് ഗവേഷകർ ഈ കൊച്ചു പരാദ കടന്നലിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.
ഏകദേശം 3.5 മില്ലിമീറ്റർ മാത്രം വലിപ്പമുള്ള ഈ കടന്നൽ മറ്റ് ഇനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. നിലവിലുള്ള ഒരു ജെനസിലോ (Genus) സ്പീഷീസിലോ (Species) ഇതിനെ ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ ഇതിനായി ഒരു പുതിയ വിഭാഗം തന്നെ രൂപീകരിച്ചു.
1983-ൽ ചിലിയിലെ വാൽഡിവിയ പ്രവിശ്യയിൽ നിന്നാണ് ഈ പ്രാണിയെ ആദ്യമായി ശേഖരിച്ചത്. എന്നാൽ മ്യൂസിയത്തിലെ പഴയ ശേഖരങ്ങളെക്കുറിച്ച് പഠിക്കുന്നതിനിടയിലാണ് ഗവേഷകർ ഇതിന്റെ അസാധാരണമായ സവിശേഷതകൾ ശ്രദ്ധിക്കുന്നത്.
വോളന്റിയറായ അഗസ്റ്റിൻ ഡി കെറ്റലെയർ (Augustijn De Ketelaere) നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഈ കടന്നലിന്റെ പ്രത്യേകതകൾ അടുത്തിടെ വെളിച്ചത്തുവന്നത്.
ഗാവിൻ ആർ ബ്രോഡിന്റെ നേതൃത്വത്തിലായിരുന്നു ഈ പഠനം. കടന്നലിന്റെ ഉദരഭാഗത്തുള്ള 'T' ആകൃതിയിലുള്ള അടയാളത്തിൽ നിന്നാണ് "ടൗ" (Tau) എന്ന പേര് ലഭിച്ചതെന്ന് ഗവേഷകർ വ്യക്തമാക്കി.
ആറ്റൻബറോ തന്റെ ഡോക്യുമെന്ററികളിൽ ഇത്തരം കടന്നലുകളെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ടെന്ന് ശാസ്ത്രസംഘം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രശസ്തമായ 'ട്രയൽസ് ഓഫ് ലൈഫ്' (Trails of Life) പരമ്പരയിൽ ഇവയെ "ബോഡി സ്നാച്ചർ വോസ്‌പ്സ്" (body snatcher wasps) എന്നാണ് വിശേഷിപ്പിച്ചത്. പ്രകൃതിയിലെ ഏറ്റവും ചെറിയ ജീവികളുടെ പോലും പ്രാധാന്യം മനസ്സിലാക്കാൻ അദ്ദേഹം ജനങ്ങളെ സഹായിച്ചിട്ടുണ്ട്.
തിരിച്ചറിയപ്പെടാത്ത ഇനിയും നിരവധി ജീവിവർഗ്ഗങ്ങൾ കണ്ടെത്താനുണ്ടെന്നും പഴയ ശാസ്ത്രീയ ശേഖരങ്ങൾ എത്രത്തോളം പ്രധാനമാണെന്നും ഈ കണ്ടെത്തൽ തെളിയിക്കുന്നതായി മ്യൂസിയം അധികൃതർ പറഞ്ഞു.
ആറ്റൻബറോ ഒരിക്കൽ പറഞ്ഞതുപോലെ, "നമ്മൾ ഓരോരുത്തരും ആശ്രയിച്ചു കഴിയുന്ന ഈ പ്രകൃതിയുടെ ഭാവി നമ്മുടെ കൈകളിലാണ്".
'The description of a new genus of Pedunculinae (Hymenoptera: Ichneumonidae) from Chile and a key to the world genera' എന്ന പഠന പ്രബന്ധം 'ജേണൽ ഓഫ് നാച്ചുറൽ ഹിസ്റ്ററി'യിലാണ് (Journal of Natural History) പ്രസിദ്ധീകരിച്ചിരിക്കുന്നത്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)