

ത്രിപുരയിലെ വനങ്ങളിൽ നിന്ന് പുതുതായി കണ്ടെത്തിയ ഒരു തവളയിനം, മനുഷ്യരെ പരിചരിക്കുന്നതിനായി ജീവിതത്തിന്റെ ഭൂരിഭാഗവും മാറ്റിവെച്ച കേരളത്തിലെ ഒരു സ്ത്രീയുടെ ഓർമ്മകൾക്ക് അപ്രതീക്ഷിതമായ പുനർജന്മം നൽകിയിരിക്കുകയാണ്.
'അമോലോപ്സ് അമ്മച്ചി' (Amolops ammachi) എന്ന് പേരിട്ടിരിക്കുന്ന ഈ തവളയ്ക്ക് 'ഇന്ത്യയുടെ ഫ്രോഗ്മാൻ' (‘Frogman of India') എന്നറിയപ്പെടുന്ന ഡൽഹി സർവകലാശാലയിലെ ഡോ. എസ്. ഡി. ബിജുവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് പത്മിനി വർക്കി അഥവാ എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന 'അമ്മച്ചി'യുടെ പേര് നൽകിയിരിക്കുന്നത്.
ഈ പേര് കേവലം ശാസ്ത്രലോകം നൽകുന്ന ഔദ്യോഗിക ആദരം മാത്രമല്ല. ഇന്ത്യയിലെ പ്രമുഖ ഉഭയജീവി ശാസ്ത്രജ്ഞരിൽ ഒരാളായി മാറുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പേ തന്നെ ബിജുവിന് അമ്മച്ചിയെ അറിയാമായിരുന്നു. തിരുവനന്തപുരത്തെ വിദ്യാർത്ഥി ജീവിതകാലത്തും സംഘടനാ പ്രവർത്തനങ്ങളുടെ നാളുകളിലും, അമ്മച്ചിയുടെ മകൻ അശോകന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു അദ്ദേഹം; വർക്കി കുടുംബത്തിന്റെ വീട്ടിൽ എന്നും ഊഷ്മളമായ സ്വീകാര്യത ലഭിച്ചിരുന്ന ചെറുപ്പക്കാരിൽ ഒരാളായിരുന്നു ബിജു. വർഷങ്ങൾക്ക് ശേഷം, തവളകളെ തേടി വടക്കുകിഴക്കൻ ഇന്ത്യയിലെ വനങ്ങളിലൂടെ സഞ്ചരിക്കവേ, ശാസ്ത്രലോകം ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ ജീവിവർഗ്ഗത്തെ കണ്ടെത്തുകയും, ഒരിക്കൽ തനിക്ക് അഭയം നൽകിയ ആ സ്ത്രീയുടെ പേര് അതിന് നൽകാൻ അദ്ദേഹം തീരുമാനിക്കുകയുമായിരുന്നു.
അമ്മച്ചിയുടെ വീട്
'അമോലോപ്സ് അമ്മച്ചി'യുടെ കഥ തുടങ്ങുന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു പശ്ചാത്തലത്തിലാണ്; 1970-കളുടെ അവസാനത്തിലും 1980-കളുടെ തുടക്കത്തിലും രാഷ്ട്രീയ സംഭവബഹുലമായിരുന്ന തിരുവനന്തപുരത്തെ ഒരു വീട്ടിൽ പത്മിനി വർക്കിയും ഭർത്താവ് പി. എം. വർക്കിയും അവരുടെ ആറ് മക്കളുമൊത്താണ് അവിടെ താമസിച്ചിരുന്നത്. എന്നാൽ ആ വീട് അവരുടെ കുടുംബാംഗങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായിരുന്നില്ല. വിദ്യാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും മക്കളുടെ സുഹൃത്തുക്കളും അവിടെ സ്വതന്ത്രമായി വന്നുപോയി. വിദ്യാർത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട യുവാക്കൾ പലപ്പോഴും അവിടെ ഒത്തുചേരുകയും രാഷ്ട്രീയം ചർച്ച ചെയ്യുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചിലപ്പോൾ രാത്രി തങ്ങുകയും ചെയ്തിരുന്നു. അമ്മച്ചി ഒരിക്കലും അവരെ അപരിചിതരായി കണ്ടില്ല. ഒരു അമ്മയുടെ സ്വാഭാവികമായ വാത്സല്യത്തോടെ അവർക്കായി ഭക്ഷണം പാകം ചെയ്യുകയും അവരുടെ വാക്കുകൾ കേൾക്കുകയും അവരെ പരിചരിക്കുകയും ചെയ്തു. ആ പേര് പിന്നീട് ഒരു കുടുംബബന്ധത്തിനപ്പുറമുള്ള വലിയൊരു അർത്ഥതലത്തിലേക്ക് വളർന്നു. ആ വീട്ടിലൂടെ കടന്നുപോയ പല ചെറുപ്പക്കാർക്കും അവർ യഥാർത്ഥത്തിൽ ഒരു അമ്മ തന്നെയായിരുന്നു.
ബിജുവും അവരിൽ ഒരാളായിരുന്നു. വർക്കി കുടുംബത്തിന്റെ വീട്ടിലേക്ക് അന്ന് കാലെടുത്തുവെച്ച ആ ചെറുപ്പക്കാരനായ രാഷ്ട്രീയ പ്രവർത്തകൻ, പിന്നീട് പതിറ്റാണ്ടുകളോളം ഇന്ത്യയിലെ ഏറ്റവും വിദൂര വനങ്ങളിലൂടെ സഞ്ചരിച്ച് ഉഭയജീവികളെ കുറിച്ച് പഠിക്കുമെന്നോ, ശാസ്ത്രലോകത്തിന് അജ്ഞാതമായ ജീവിവർഗ്ഗങ്ങളെ കണ്ടെത്തുമെന്നോ അന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലായിരുന്നു. പർവ്വതങ്ങളും വനങ്ങളും എണ്ണിത്തീർക്കാൻ കഴിയാത്തത്ര അരുവികളും അസാധാരണമായ വൈവിധ്യമുള്ള ജീവജാലങ്ങൾക്ക് വാസസ്ഥലമൊരുക്കിയ വടക്കുകിഴക്കൻ മേഖലയുടെ ജൈവസമ്പത്തിന്റെ ആഴങ്ങളിലേക്കായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം എത്തിച്ചേർന്നത്. എങ്കിലും, അമ്മച്ചിയെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹത്തിനുള്ളിൽ നിലനിന്നു. ത്രിപുരയിൽ വെച്ച് ഈ പ്രത്യേക തവളയെ കണ്ടെത്തുകയും ശാസ്ത്രീയമായ അന്വേഷണങ്ങളിലൂടെ അത് ശാസ്ത്രലോകത്തിന് പുതിയൊരു വർഗ്ഗമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തപ്പോൾ, തന്റെ ഔദ്യോഗിക ജീവിതം രൂപപ്പെടുന്നതിന് എത്രയോ മുമ്പ് തനിക്കറിയാമായിരുന്ന ആ സ്ത്രീയുമായി ഇതിനെ ബന്ധിപ്പിക്കാൻ ബിജു തീരുമാനിക്കുകയായിരുന്നു.
കാരുണ്യമാർന്ന രാഷ്ട്രീയം
പത്മിനി വർക്കിയുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിബദ്ധതകൾ പരസ്പരം പിരിമുറുക്കമില്ലാതെ ചേർന്നുനിൽക്കുന്നവയായിരുന്നു. കേരള ആരോഗ്യവകുപ്പിൽ ജോലി ചെയ്തിരുന്ന അവർ പുരോഗമന-ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെങ്കിലും, അവരുടെ രാഷ്ട്രീയം സംഘടനാ പ്രവർത്തനങ്ങളിലൂടെ മാത്രമല്ല, സ്വന്തം പെരുമാറ്റത്തിലൂടെ കൂടിയാണ് പ്രകടമായത്. അവരെ സംബന്ധിച്ചിടത്തോളം സാഹോദര്യം എന്നത് ഒരു അമൂർത്തമായ രാഷ്ട്രീയ ആശയമായിരുന്നില്ല; വിശന്നുവരുന്ന വിദ്യാർത്ഥിക്ക് ഭക്ഷണം നൽകുക, ബുദ്ധിമുട്ടിലായ ഒരാളെ സഹായിക്കുക, അഭയം നൽകുക അല്ലെങ്കിൽ പാർശ്വവത്കരിക്കപ്പെട്ട ഒരാൾക്കൊപ്പം നിലകൊള്ളുക എന്നതായിരുന്നു അത്. മഹിളാ സംഘടനകളിലും സാമൂഹിക സംരംഭങ്ങളിലും സജീവമായിരുന്ന അവർ, പിൽക്കാലത്ത് വലിയൊരു ഊർജ്ജം പാലിയേറ്റീവ് കെയറിനും പാർശ്വവത്കരിക്കപ്പെട്ട ആളുകളുടെ ക്ഷേമത്തിനുമായി മാറ്റിവെച്ചു. 'ദേവകി വാര്യർ സ്മാരക മഹിളാ പഠന കേന്ദ്രം', 'കേരള വർക്കിംഗ് വുമൺസ് അസോസിയേഷൻ', 'ആശ്രയ' എന്നിവയിലെ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിരമിക്കലിനു ശേഷവും അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയ ആ ജന്മസിദ്ധമായ പ്രേരണ മാറ്റമില്ലാതെ തുടർന്നു: സഹായം ആവശ്യമുള്ള മനുഷ്യരെ തിരികെ അയക്കരുത്.
ഈ പശ്ചാത്തലമാണ് തവളയ്ക്ക് നൽകിയ പേരിനെ ഏറെ അർത്ഥവത്താക്കുന്നത്. 'അമ്മച്ചി' എന്ന് സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന പത്മിനി വർക്കിയോടുള്ള ആദരസൂചകമായാണ് 'അമോലോപ്സ് അമ്മച്ചി' (Amolops ammachi) എന്ന് പേരിട്ടതെന്ന് ഔദ്യോഗിക ശാസ്ത്രീയ വിവരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്; മലയാളത്തിൽ 'അമ്മ' എന്നർത്ഥം വരുന്ന ഈ പദം, അവരുടെ ഉപാധികളില്ലാത്ത സ്നേഹത്തെയും ആർക്കും സഹായമെത്തിക്കാനുള്ള സന്നദ്ധതയെയുമാണ് സൂചിപ്പിക്കുന്നത്. ടാക്സോണോമിയിൽ (വർഗ്ഗീകരണ ശാസ്ത്രം) ശാസ്ത്രത്തിന് സംഭാവന നൽകിയവരുടെയോ ഗവേഷകർക്ക് പ്രചോദനമായവരുടെയോ പേരുകൾ പുതിയ ജീവിവർഗ്ഗങ്ങൾക്ക് നൽകുന്നത് അപൂർവ്വമല്ല. എന്നാൽ, ശാസ്ത്രജ്ഞനും ആദരിക്കപ്പെടുന്ന വ്യക്തിയും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ ചരിത്രമാണ് ഈ സംഭവത്തെ സവിശേഷമാക്കുന്നത്. ബിജു ഒരു പൊതുവ്യക്തിത്വത്തെ വെറുതെ സ്മരിക്കുകയായിരുന്നില്ല; മറിച്ച് തന്റെ വ്യക്തിത്വവും ചിന്തകളും രൂപപ്പെട്ട യൗവനകാലത്ത് തനിക്ക് അഭയവും സ്നേഹവും നൽകിയ ഒരാളെയാണ് അദ്ദേഹം ഓർത്തെടുത്തത്.
കുന്നുകളിൽ ഒളിഞ്ഞിരുന്ന ഒരു തവള
വടക്കുകിഴക്കൻ ഇന്ത്യയിലെ ജൈവവൈവിധ്യ സമൃദ്ധമായ പർവ്വതമേഖലകളിലൊന്നായ ത്രിപുരയിലെ ജമ്പുയി കുന്നുകളിൽ നിന്നാണ് ഈ തവളയെ കണ്ടെത്തിയത്. ഏഷ്യയിലുടനീളം കാണപ്പെടുന്ന നൂറോളം ജീവിവർഗ്ഗങ്ങൾ അടങ്ങുന്ന 'കാസ്‌കേഡ് തവളകളുടെ' (Cascade Frogs) വിഭാഗത്തിൽപ്പെടുന്ന 'അമോലോപ്സ്' (Amolops) ജനുസ്സിലാണ് ഇത് ഉൾപ്പെടുന്നത്. വേഗത്തിലൊഴുകുന്ന കാട്ടരുവികൾ, പാറക്കെട്ടുകളുള്ള വെള്ളച്ചാട്ടങ്ങൾ, അരുവികൾ എന്നിവയോടു ചേർന്നുള്ള വാസസ്ഥലങ്ങളാണ് ഇവയുടെ പേരിന് ആധാരം. പുതുതായി കണ്ടെത്തിയ ഈ ജീവിവർഗ്ഗം ഏകദേശം 80 മില്ലീമീറ്റർ വലിപ്പമുള്ള ഇടത്തരം വലുപ്പമുള്ള ഒന്നാണ്; ഇളം തവിട്ടുനിറത്തിലുള്ള ശരീരത്തിൽ ആകർഷകമായ ഒലിവ്-പച്ച നിറത്തിലുള്ള വരകളുടെ നെറ്റ് വർക്ക് പോലുള്ള പാടുകളുണ്ട്. കാഴ്ചയിൽ പരസ്പരം വളരെയധികം സാമ്യമുള്ള ഒരു കൂട്ടം തവളകൾക്കിടയിൽ ഒളിഞ്ഞിരുന്നതിനാൽ, വിശദമായ പരിശോധന കൂടാതെ ഇവയെ തിരിച്ചറിയാൻ സാധിക്കുമായിരുന്നില്ല.
15 വർഷത്തിലധികം നീണ്ട ഗവേഷണങ്ങളുടെ ഫലമായിരുന്നു ഈ കണ്ടെത്തൽ. ബിജുവും സഹപ്രവർത്തകരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏഴെണ്ണത്തിലെയും പർവ്വതമേഖലകളിൽ സർവേ നടത്തുകയും കാസ്‌കേഡ് തവളകളുടെ 300-ലധികം ഭൂമിശാസ്ത്രപരമായ ജനസംഖ്യകൾ രേഖപ്പെടുത്തുകയും ചെയ്തു. ഗവേഷകർ തങ്ങളുടെ ഫീൽഡ് നിരീക്ഷണങ്ങളും മുതിർന്ന തവളകളുടെയും വാൽമാക്രികളുടെയും വിശദമായ ശരീരഘടനാ പഠനങ്ങളും ഡി.എൻ.എ വിശകലനവും സംയോജിപ്പിച്ചാണ് ഇവയുടെ പരിണാമ ബന്ധങ്ങൾ നിർണ്ണയിച്ചത്. അവരുടെ ശ്രമഫലമായി ത്രിപുര, നാഗാലാൻഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് ശാസ്ത്രലോകത്തിന് പുതിയ മൂന്ന് ജീവിവർഗ്ഗങ്ങളെ കണ്ടെത്താനും ഇന്ത്യയിൽ ആദ്യമായി 8 കാസ്‌കേഡ് തവള വർഗ്ഗങ്ങളെ രേഖപ്പെടുത്താനും കഴിഞ്ഞു.
ദശലക്ഷക്കണക്കിന് വർഷങ്ങളുടെ പരിണാമം
പുതുതായി വിവരിക്കപ്പെട്ട മറ്റ് രണ്ട് ജീവിവർഗ്ഗങ്ങൾ നാഗാലാൻഡിലെ സെൻഡെൻയു ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയ 'അമോലോപ്സ് സെൻഡെൻയു' (Amolops sendenyu - സെൻഡെൻയു കാസ്‌കേഡ് ഫ്രോഗ്), മനോഹരമായ രൂപം കാരണം പശ്ചിമ ബംഗാളിൽ നിന്ന് കണ്ടെത്തി പേരിട്ട 'അമോലോപ്സ് ബെല്ല' (Amolops bella - ബ്യൂട്ടിഫുൾ കാസ്‌കേഡ് ഫ്രോഗ്) എന്നിവയാണ്. പതിറ്റാണ്ടുകളായി പഠനം നടക്കുന്ന പ്രദേശങ്ങളിൽ പോലും എത്രത്തോളം ജൈവവൈവിധ്യമാണ് ഇനിയും രേഖപ്പെടുത്താതെ കിടക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണ്ടെത്തലുകൾ.
'സിസ്റ്റമാറ്റിക്സ്, മോളിക്കുലാർ ഫൈലോജനി, ഡൈവേഴ്സിഫിക്കേഷൻ, ആൻഡ് ബയോജിയോഗ്രാഫി ഓഫ് കാസ്കേഡ് ഫ്രോഗ്സ് (റാണിഡേ: അമോലോപ്സ്) ഫ്രം ഇന്ത്യ: ആൻ ഇന്റഗ്രേറ്റീവ് അസസ്മെന്റ് വിത്ത് ഡിസ്ക്രിപ്ഷൻ ഓഫ് ത്രീ ന്യൂ സ്പീഷീസ്' (Systematics, molecular phylogeny, diversification, and biogeography of Cascade Frogs (Ranidae: Amolops) from India: an integrative assessment with description of three new species) എന്ന തലക്കെട്ടിലുള്ള പഠനം ഹാർവാർഡ് സർവകലാശാല 1863 മുതൽ പ്രസിദ്ധീകരിക്കുന്ന പ്രശസ്തമായ 'ബുള്ളറ്റിൻ ഓഫ് ദി മ്യൂസിയം ഓഫ് കോംപാരറ്റീവ് സുവോളജി' (Bulletin of the Museum of Comparative Zoology) എന്ന ശാസ്ത്ര ജേണലിലാണ് പ്രസിദ്ധീകരിച്ചത്. മൂന്ന് പുതിയ ജീവിവർഗ്ഗങ്ങളെ വിവരിക്കുന്നതിനപ്പുറം, കാസ്‌കേഡ് തവളകൾ എങ്ങനെ പരിണമിച്ചുവെന്നും ഏഷ്യയിലുടനീളം എങ്ങനെ വ്യാപിച്ചുവെന്നും ഈ പഠനം പരിശോധിക്കുന്നു. പ്രധാനപ്പെട്ട ഭൗമശാസ്ത്രപരവും കാലാവസ്ഥാപരവുമായ മാറ്റങ്ങളുടെ കാലഘട്ടമായ ഈയോസീൻ-ഒലിഗോസീൻ (Eocene-Oligocene) പരിവർത്തന സമയത്ത്, അതായത് ഏകദേശം 32 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ഈ ഗ്രൂപ്പിൽ വ്യാപകമായ വൈവിധ്യവൽക്കരണം നടന്നതായി ഡി.എൻ.എ അധിഷ്ഠിത കാലപ്പഴക്കം നിർണ്ണയിക്കൽ പ്രക്രിയ സൂചിപ്പിക്കുന്നു. ഏഷ്യയിലുടനീളം കിഴക്കുനിന്നും പടിഞ്ഞാറോട്ടുള്ള കുടിയേറ്റത്തിന്റെ വിവിധ തരംഗങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്ന പഠനം, ഈ തവളകളുടെ വ്യാപനവും വൈവിധ്യവൽക്കരണവും രൂപപ്പെടുത്തുന്നതിൽ ഹിമാലയത്തിന്റെ ആദ്യകാല ഉയർച്ചയുടെ പങ്കിനെ എടുത്തുകാണിക്കുകയും ചെയ്യുന്നു.
"ഇന്ത്യയിലെ കാസ്‌കേഡ് തവളകളെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിനായുള്ള 15 വർഷത്തിലധികം നീണ്ട പ്രവർത്തനമാണിത്. വർഗ്ഗീകരണപരമായി ഏറെ വെല്ലുവിളി നിറഞ്ഞ ഒരു ഗ്രൂപ്പാണിത്, എന്നാൽ ഇവയുടെ ജീവശാസ്ത്രപരമായ പല ആശയക്കുഴപ്പങ്ങളും ഇപ്പോൾ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഇത് ജീവിവർഗ്ഗങ്ങളുടെ ശരിയായ തിരിച്ചറിവിനും സംരക്ഷണത്തിനും സഹായിക്കും. അർഹിക്കുന്ന പരിഗണന ലഭിക്കാത്തതും കണ്ടെത്തപ്പെടാത്തതുമായ ജൈവവൈവിധ്യം ഇനിയും നമ്മുടെ ജീവിവർഗ്ഗങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഈ പഠനം വീണ്ടും ഉറപ്പിക്കുന്നു. പ്രത്യേകിച്ച്, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട രണ്ട് ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളുടെ ഭാഗമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്," ബിജു പറയുന്നു.
കണ്ടെത്തലിനൊപ്പം കാത്തുസൂക്ഷിക്കാനുള്ള കടമയും
കണ്ടെത്തലിനോളം തന്നെ പ്രധാനമാണ് ഈ മുന്നറിയിപ്പും. വടക്കുകിഴക്കൻ ഇന്ത്യ ഹിമാലയൻ, ഇന്തോ-ബർമ്മ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളുടെ ഭാഗമാണ്. അപൂർവ്വമായ ജൈവസമ്പത്തുകൊണ്ടും ലോകത്ത് മറ്റൊരിടത്തും കാണാത്ത അനവധി ജീവിവർഗ്ഗങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ മേഖലകൾ. ഇതിൽ പല ജീവിവർഗ്ഗങ്ങളും ഭീഷണികൾ നേരിടുന്ന സവിശേഷമായ വാസസ്ഥലങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. വേഗത്തിലൊഴുകുന്ന അരുവികളിലും കാടുകളുള്ള മലയോര മേഖലകളിലും ജീവിക്കുന്ന കാസ്‌കേഡ് തവളകൾ, അവയുടെ വാസസ്ഥലത്തിന്റെ ആരോഗ്യവുമായി അടുത്ത ബന്ധമുള്ളവയാണ്. അതിനാൽ ഒരു ജീവിവർഗ്ഗത്തെ കണ്ടെത്തുക എന്നത് ആദ്യപടി മാത്രമാണ്. അവയുടെ വ്യാപനം മനസ്സിലാക്കുന്നതും വാസസ്ഥലം സംരക്ഷിക്കുന്നതും അവയുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതും ഒരേപോലെ പ്രധാനമാണ്.
വ്യക്തിപരമായ ആദരം
'അമോലോപ്സ് അമ്മച്ചി'യുടെ കഥ രണ്ട് തരത്തിലുള്ള കണ്ടെത്തലുകളെയാണ് ഒന്നിച്ചുചേർക്കുന്നത്. ബിജുവിന്റെ ഗവേഷണം, ഔദ്യോഗിക ശാസ്ത്രലോകം ശ്രദ്ധിക്കാതെ പോയ ഒരു തവളയെ വെളിച്ചത്തുകൊണ്ടുവന്നപ്പോൾ, അദ്ദേഹത്തിന്റെ ഓർമ്മകൾ, താൻ സ്വാധീനിച്ച മനുഷ്യരിലൂടെ സ്മരണകൾ നിലനിർത്തിയ ഒരു സ്ത്രീയുടെ ജീവിതത്തെ വീണ്ടും തുറന്നുകാട്ടി. പത്മിനി വർക്കി 2015-ൽ അന്തരിച്ചുവെങ്കിലും, അവർ പ്രചോദനം നൽകിയ രാഷ്ട്രീയ പ്രവർത്തകരിലൂടെയും, അവർ സഹായിച്ച മനുഷ്യരിലൂടെയും, വളർത്തിയ കുടുംബത്തിലൂടെയും അവരുടെ ഓർമ്മകൾ ജീവിച്ചു. ഇപ്പോൾ അത് തികച്ചും വേറിട്ടൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്.
'അമോലോപ്സ് അമ്മച്ചി' ശാസ്ത്രീയ പഠനത്തിലോ, ഫീൽഡ് ഗൈഡിലോ, സംരക്ഷണ പഠനത്തിലോ പരാമർശിക്കപ്പെടുമ്പോഴൊക്കെ, പത്മിനി വർക്കി എന്ന പേരും അതിനോടൊപ്പം സഞ്ചരിക്കും. ജമ്പുയി കുന്നുകളിലെ കാടുകളിൽ, പാറക്കെട്ടുകൾക്കും ഇരമ്പിയൊഴുകുന്ന അരുവികൾക്കും ഇടയിൽ, ആ തവളകൾ ജീവിക്കുന്നുണ്ട് - പത്മിനി വർക്കി ജനിക്കുന്നതിനും ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഒരു പരിണാമ ചരിത്രത്തിന്റെ ഭാഗമായി.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)