

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിനായി 'ശുദ്ധീകരിച്ച മലിനജലത്തിന്റെ സുരക്ഷിതമായ പുനരുപയോഗ നയം-2026' (Safe Reuse of Treated Water Policy, 2026) സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ ജലപരിപാലനത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. ഈ നയത്തിന്റെ കരട് രൂപം പരിശോധിക്കുന്നതിലും നിർണ്ണായകമായ സാങ്കേതിക നിർദ്ദേശങ്ങൾ നൽകി അത് അന്തിമമാക്കുന്നതിലും ഡൽഹി ആസ്ഥാനമായുള്ള 'സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ്' (CSE), സംസ്ഥാന മിഷൻ ഫോർ ക്ലീൻ ഗംഗയെ സഹായിച്ചു.
അഞ്ച് ഘട്ടങ്ങളിലായുള്ള വ്യക്തവും ലക്ഷ്യബോധമുള്ളതുമായ ഒരു കർമ്മപദ്ധതിയാണ് ഈ നയം മുന്നോട്ട് വെക്കുന്നത്. ഒന്നാം ഘട്ടത്തിൽ, 2030-ഓടെ നിലവിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ (STP) പ്രവർത്തിക്കുന്ന ഇടങ്ങളിൽ ശുദ്ധീകരിച്ച ജലത്തിന്റെ 50 ശതമാനം പുനരുപയോഗം ഉറപ്പാക്കും. രണ്ടാം ഘട്ടത്തിൽ, ഇതേ സ്ഥലങ്ങളിൽ 100 ശതമാനം പുനരുപയോഗം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
മൂന്നാം ഘട്ടത്തിൽ, നിലവിൽ പ്ലാന്റുകൾ ഇല്ലാത്തതോ പ്രവർത്തനരഹിതമായതോ ആയ സ്ഥലങ്ങളിൽ 2030-ഓടെ 30 ശതമാനം ജലം പുനരുപയോഗിക്കാൻ നിർദ്ദേശിക്കുന്നു. നാല്, അഞ്ച് ഘട്ടങ്ങളിലായി ഇതേ സ്ഥലങ്ങളിൽ 2035-ഓടെ 50 ശതമാനവും 2045-ഓടെ 100 ശതമാനവും പുനരുപയോഗം ലക്ഷ്യമിടുന്നു. കൃഷി, വ്യവസായം, നിർമ്മാണം, നഗരങ്ങളിലെ ലാൻഡ്‌സ്കേപ്പിംഗ് തുടങ്ങിയ പ്രധാന മേഖലകളിൽ ശുദ്ധീകരിച്ച ജലം ഉപയോഗിക്കുന്നതിലൂടെ ശുദ്ധജല സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും അമിതമായ ഭൂഗർഭജല ചൂഷണം തടയാനും സംസ്ഥാനം ലക്ഷ്യമിടുന്നു.
വർദ്ധിച്ചുവരുന്ന ജലക്ഷാമം പരിഹരിക്കാൻ ശുദ്ധീകരിച്ച മലിനജലത്തിന്റെ വ്യവസ്ഥാപിതമായ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന ഈ നയം നടപ്പിലാക്കിയ ഉത്തർപ്രദേശ് സർക്കാരിനെ അഭിനന്ദിക്കുന്നതായി സി.എസ്.ഇ (CSE) വാട്ടർ പ്രോഗ്രാം ഡയറക്ടർ സുബ്രത ചക്രവർത്തി പറഞ്ഞു. വ്യക്തമായ ലക്ഷ്യങ്ങളും നടപ്പാക്കൽ രീതികളും ഉൾക്കൊള്ളുന്ന സംസ്ഥാനത്തിന്റെ ഈ സമഗ്രമായ സമീപനം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലിനജലം 'ശുദ്ധീകരിച്ച് പുറന്തള്ളുക' എന്ന പരമ്പരാഗത രീതിയിൽ നിന്ന് അതിനെ ഒരു വിലപ്പെട്ട വിഭവമായി കണക്കാക്കുന്ന 'ചക്രിയ സമ്പദ്‌വ്യവസ്ഥ' (Circular Economy) രീതിയിലേക്കുള്ള വലിയൊരു മാറ്റമാണിത്. ഇത് ജലസുരക്ഷ വർദ്ധിപ്പിക്കുക മാത്രമല്ല, ദീർഘകാല പരിസ്ഥിതി സുസ്ഥിരതയ്ക്കും സാമ്പത്തിക ലാഭത്തിനും കാരണമാകുമെന്ന് സി.എസ്.ഇ പുറത്തിറക്കിയ പ്രസ്താവനയിൽ ചക്രബർത്തി വ്യക്തമാക്കി.
'സിറ്റി-ലെവൽ റീയൂസ് ആക്ഷൻ പ്ലാനുകൾ' (CLRAPs) വഴി വികേന്ദ്രീകൃതമായ ആസൂത്രണത്തിന് ഈ നയം മുൻഗണന നൽകുന്നു. നഗരസഭകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പുനരുപയോഗ സാധ്യതകൾ കണ്ടെത്താനും ആവശ്യകതകൾ മനസ്സിലാക്കി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഈ പദ്ധതികൾ വഴികാട്ടിയാകും.
നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ (NMCG) സാമ്പത്തിക സഹായത്തോടും സി.എസ്.ഇയുടെ സാങ്കേതിക പിന്തുണയോടും കൂടി ആഗ്ര, പ്രയാഗ്‌രാജ് തുടങ്ങിയ നഗരങ്ങൾ ഇതിനോടകം തന്നെ ഇത്തരം കർമ്മപദ്ധതികൾ തയ്യാറാക്കി മാറ്റത്തിന് തുടക്കമിട്ടു കഴിഞ്ഞു. ഈ പദ്ധതികൾ എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാമെന്നും ഓരോ മേഖലയ്ക്കും അനുയോജ്യമായ പുനരുപയോഗ രീതികൾ എങ്ങനെ കണ്ടെത്താമെന്നും ഈ നഗരങ്ങൾ കാണിച്ചുതരുന്നു.
പ്രയാഗ്‌രാജിൽ 1,625 കോടി രൂപയുടെ നാല് പദ്ധതികളിലൂടെ പ്രതിദിനം 126.45 ദശലക്ഷം ലിറ്റർ (MLD) ജലം പുനരുപയോഗിക്കാൻ ലക്ഷ്യമിടുന്നു. ആഗ്രയിൽ 93 കോടി രൂപയുടെ മൂന്ന് പദ്ധതികളിലൂടെ 28 എം.എൽ.ഡി ജലം പുനരുപയോഗിക്കാനാണ് തീരുമാനം. നദീസംരക്ഷണത്തിനും മലിനീകരണം കുറയ്ക്കാനുമുള്ള ദേശീയ മുൻഗണനകളുമായി ഈ നയം പൂർണ്ണമായും പൊരുത്തപ്പെടുന്നു. ശുദ്ധീകരിക്കാത്ത മലിനജലം നദികളിലേക്ക് ഒഴുകുന്നത് കുറയ്ക്കുന്നതിലൂടെ 'നമാമി ഗംഗ' പോലുള്ള പദ്ധതികൾക്ക് ഇത് വലിയ കരുത്താകും.
കരട് നയം തയ്യാറാക്കുന്നതിൽ സംസ്ഥാന ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ച സി.എസ്.ഇ തന്നെയാണ് ആഗ്രയിലെയും പ്രയാഗ്‌രാജിലെയും ആക്ഷൻ പ്ലാനുകൾ വികസിപ്പിച്ചത്. സുരക്ഷിതമായ ശുചിത്വ സംവിധാനങ്ങൾ ഉറപ്പാക്കാനും സർക്കുലർ ഇക്കണോമി നടപ്പിലാക്കാനുമായി സംസ്ഥാന സർക്കാരുമായും എൻ.എം.സി.ജിയുമായും സി.എസ്.ഇ നടത്തുന്ന നിരന്തരമായ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് ചക്രബർത്തി ഓർമ്മിപ്പിച്ചു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)