

ഇന്ത്യയിലെ ജലശേഖരണ സാഹചര്യം ക്രമാനുഗതമായി വഷളായിക്കൊണ്ടിരിക്കുകയാണ്. 166 അണക്കെട്ടുകളിലെ സംഭരണശേഷി 40 ശതമാനത്തിന് താഴെയായി കുറഞ്ഞപ്പോൾ, നദീതടങ്ങളിലെ ജലനിരപ്പും നിരന്തരമായി താഴ്ന്നുകൊണ്ടിരിക്കുന്നു. അസം, ഗോവ, കർണാടക, കേരളം, മധ്യപ്രദേശ്, തമിഴ്നാട്, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. സെൻട്രൽ വാട്ടർ കമ്മീഷൻ (CWC) 2026 ഏപ്രിൽ 30-ന് പുറത്തിറക്കിയ പ്രതിവാര ബുള്ളറ്റിൻ ഇത് വ്യക്തമാക്കുന്നു.
രാജ്യത്തെ 166 അണക്കെട്ടുകളിലെ ലൈവ് സ്റ്റോറേജ് (Live Storage) നിരീക്ഷിക്കുന്ന സി.ഡബ്ല്യു.സി എല്ലാ വ്യാഴാഴ്ചയും പ്രതിവാര ബുള്ളറ്റിൻ പുറത്തിറക്കാറുണ്ട്. ഇതിൽ 20 അണക്കെട്ടുകൾ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ടതാണ്; ഇവയുടെ ആകെ ലൈവ് സ്റ്റോറേജ് ശേഷി 35.299 ബില്യൺ ക്യൂബിക് മീറ്റർ (BCM) ആണ്. ഈ 166 അണക്കെട്ടുകളുടെയും കൂടി ആകെ ലൈവ് സ്റ്റോറേജ് ശേഷി 183.565 ബി.സി.എം ആണ്. ഇത് രാജ്യത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ള ഏകദേശം 257.812 ബി.സി.എം ആകെ സംഭരണശേഷിയുടെ 71.20 ശതമാനമാണ്.
2026 ഏപ്രിൽ 30-ലെ ബുള്ളറ്റിൻ പ്രകാരം, ഈ അണക്കെട്ടുകളിൽ ലഭ്യമായ ലൈവ് സ്റ്റോറേജ് 71.082 ബി.സി.എം ആണ്. ഇത് അവയുടെ ആകെ ശേഷിയുടെ 38.72 ശതമാനമാണ്; 2026 ഏപ്രിൽ 9-ന് ഇത് 44.71 ശതമാനമായിരുന്നു.
എന്നിരുന്നാലും, സാധാരണ നിലവാരത്തെയോ കഴിഞ്ഞ വർഷത്തെയോ അപേക്ഷിച്ച് ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സംഭരണം 62.296 ബി.സി.എം ആയിരുന്നു, സാധാരണ നിലവാരം 56.176 ബി.സി.എം ഉം ആണ്. കഴിഞ്ഞ 10 വർഷത്തെ ശരാശരി സംഭരണത്തെയാണ് സാധാരണ നിലവാരം (Normal storage) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
എന്നാൽ കിഴക്കൻ, വടക്കുകിഴക്കൻ, തെക്കേ ഇന്ത്യ എന്നിവിടങ്ങളിൽ സ്ഥിതി വളരെ മോശമാണ്. അസമിലെ അണക്കെട്ടുകളുടെ അവസ്ഥയാണ് ഏറ്റവും പരിതാപകരം; അവിടെ സാധാരണ നിലവാരത്തേക്കാൾ 43 ശതമാനത്തോളം കുറവുണ്ട്. ത്രിപുരയിലെ അണക്കെട്ടുകളിൽ 42 ശതമാനവും പശ്ചിമ ബംഗാളിൽ 58 ശതമാനവും കുറവ് രേഖപ്പെടുത്തി. ഈ സംസ്ഥാനങ്ങളിലെ പല അണക്കെട്ടുകളിലും ജലനിരപ്പ് 40 ശതമാനത്തിന് താഴെയാണ്.
തെക്കേ ഇന്ത്യയിലെ മൊത്തത്തിലുള്ള സംഭരണം സാധാരണ നിലവാരത്തേക്കാൾ മെച്ചപ്പെട്ടതാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ചില പ്രധാന സംസ്ഥാനങ്ങളിലെ കുറവ് ആശങ്കയുണ്ടാക്കുന്നു. കർണാടകയിൽ സാധാരണ നിലവാരത്തേക്കാൾ 14 ശതമാനം കുറവ് ജലശേഖരണമാണുള്ളത്. കേരളത്തിൽ നേരിയ കുറവുണ്ടായെങ്കിലും ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ അണക്കെട്ടുകളിൽ ഏകദേശം 22 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് കാവേരി തടത്തിലെ സമ്മർദ്ദത്തെ സൂചിപ്പിക്കുന്നു. ഏറ്റവും പ്രധാനമായി, തെക്കേ ഇന്ത്യയിലെ 36 അണക്കെട്ടുകളിൽ ജലനിരപ്പ് 40 ശതമാനത്തിന് താഴെയാണ്; രാജ്യത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.
മധ്യപ്രദേശിലെ അണക്കെട്ടുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്. പടിഞ്ഞാറൻ ഇന്ത്യയിലെ ഗോവയിൽ ഒരു അണക്കെട്ട് മാത്രമാണുള്ളതെങ്കിലും അവിടെ 12 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി.
രൂക്ഷമായ സാഹചര്യം
രാജ്യത്തെ ഒമ്പത് പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് സാധാരണ നിലവാരത്തിന്റെ 50 ശതമാനത്തിനും താഴെയായി. അസമിലെ ഖണ്ഡോങ് (21.16%), ജാർഖണ്ഡിലെ ചന്ദൻ ഡാം (0.00%), കർണാടകയിലെ തട്ടഹള്ള (24.63%), കേരളത്തിലെ പെരിയാർ (29.21%), തമിഴ്നാട്ടിലെ ആഴിയാർ (48.89%), കാരായാർ (49.89%), വൈഗൈ (15.17%), തെലങ്കാനയിലെ പ്രിയദർശിനി ജുരാല (46.56%), പശ്ചിമ ബംഗാളിലെ കംഗ്സാബതി (28.54%) എന്നിവ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജലശേഖരണം ഇതിനകം കുറഞ്ഞ സംസ്ഥാനങ്ങളിലാണ് ഇവയിൽ പലതും സ്ഥിതി ചെയ്യുന്നത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
അതുപോലെ, ആകെ 166 അണക്കെട്ടുകളിൽ 22 എണ്ണത്തിൽ ജലനിരപ്പ് സാധാരണ നിലവാരത്തിന്റെ 80 ശതമാനമോ അതിൽ താഴെയോ ആണ്. ഇതിൽ ഒമ്പത് അണക്കെട്ടുകൾ 50 ശതമാനത്തിന് താഴെയാണ്, 13 എണ്ണം 51 മുതൽ 80 ശതമാനം വരെയാണ്. ഈ 13 എണ്ണത്തിൽ മൂന്ന് അണക്കെട്ടുകൾ 51 മുതൽ 60 ശതമാനം വരെയും, നാലെണ്ണം 61 മുതൽ 70 ശതമാനം വരെയും, ആറെണ്ണം 71 മുതൽ 80 ശതമാനം വരെയും ആണ്. ഇത് വലിയൊരു വിഭാഗം അണക്കെട്ടുകൾ ഇപ്പോഴും തൃപ്തികരമായ അവസ്ഥയിലല്ലെന്ന് സൂചിപ്പിക്കുന്നു.
നദീതടങ്ങളിലെ ജലനിരപ്പ്
സി.ഡബ്ല്യു.സിയുടെ 2026 ഏപ്രിൽ 9-ലെ ബുള്ളറ്റിനുമായി താരതമ്യം ചെയ്യുമ്പോൾ, ഏപ്രിൽ 30-ലെ ഏറ്റവും പുതിയ കണക്കുകൾ സമ്മിശ്രമായ ഒരു ചിത്രമാണ് നൽകുന്നത്. ഏപ്രിൽ തുടക്കത്തിൽ ഗംഗ (53.8%), ഗോദാവരി (47.58%), നർമ്മദ (46.09%), താപ്തി (60.71%) എന്നിവ താരതമ്യേന മെച്ചപ്പെട്ട നിലയിലായിരുന്നു. പുതിയ ബുള്ളറ്റിൻ പ്രകാരം ഗംഗാ തടം 50.01 ശതമാനമായും, ഗോദാവരി 40.69 ശതമാനമായും, നർമ്മദ 38.82 ശതമാനമായും കുറഞ്ഞു - അതായത് ഇവിടങ്ങളിൽ ജലനിരപ്പ് താഴ്ന്നു, അതേസമയം താപ്തി ഏകദേശം പഴയ നിലയിൽ തുടരുന്നു. നേരത്തെ 31.31 ശതമാനമായിരുന്ന കൃഷ്ണ നദീതടം 22.55 ശതമാനമെന്ന ദുർബലമായ അവസ്ഥയിൽ തുടരുകയാണ്. കാവേരി (ഇപ്പോൾ 35.74%), മഹാനദി (43.51%) എന്നിവയിലും കുറവുണ്ടായിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ നദീതടങ്ങളിലും മാറ്റങ്ങൾ നിരീക്ഷിക്കപ്പെട്ടു. സിന്ധു നദീതടം നേരത്തെ 41.52 ശതമാനത്തിലും മഹി 48.70 ശതമാനത്തിലുമായിരുന്നു. ഇപ്പോൾ മഹി 44.71 ശതമാനമായി മെച്ചപ്പെട്ടപ്പോൾ, സിന്ധു നദീതടത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. നേരത്തെ 35.20 ശതമാനമായിരുന്ന ബ്രഹ്മപുത്ര ഇപ്പോൾ സാധാരണ നിലവാരത്തിനടുത്ത് സ്ഥിരത കൈവരിക്കുന്നു. എന്നിരുന്നാലും, വടക്കുകിഴക്കൻ മേഖലയിലെ ബരാക് നദീതടത്തിന്റെ അവസ്ഥ കൂടുതൽ ദുർബലമായി തുടരുന്നു; സാധാരണ നിലവാരത്തേക്കാൾ 24 ശതമാനം കുറവ് രേഖപ്പെടുത്തുന്ന ഈ പ്രദേശം ഏറ്റവും കൂടുതൽ ജലക്ഷാമം നേരിടുന്ന നദീതടമായി തുടരുന്നു.
ചെറുതും തീരദേശവുമായ നദീതടങ്ങളിൽ ഈ വ്യത്യാസം കൂടുതൽ പ്രകടമാണ്. ഏപ്രിൽ 9-ന് പെണ്ണാർ 73.43 ശതമാനത്തിലും സബർമതി 57.19 ശതമാനത്തിലുമായിരുന്നു; സുവർണ്ണരേഖ 80.48 ശതമാനമെന്ന മികച്ച നിലയിലായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സബർമതിയും സുവർണ്ണരേഖയും ഇപ്പോഴും കരുത്തുറ്റ നിലയിലാണ്, എന്നാൽ പെണ്ണാർ താഴേക്ക് പോയി സാധാരണ നിലവാരത്തിന് താഴെയായി. നേരത്തെ 41.42 ശതമാനമായിരുന്ന ബ്രാഹ്മണി-വൈതരണിയും സാധാരണ നിലവാരത്തിന് താഴെയാണ്. അതേസമയം, കിഴക്കൻ തീരദേശ നദികളിലെയും (മഹാനദി-പെണ്ണാർ) പടിഞ്ഞാറൻ തീരദേശ നദികളിലെയും (തദ്രി-കന്യാകുമാരി) ജലനിരപ്പ് കുറഞ്ഞുതന്നെ നിൽക്കുന്നത് ഒരു മാസത്തിനിടെ പല നദീതടങ്ങളിലും ജലനിരപ്പ് മൊത്തത്തിൽ കുറഞ്ഞതിനെ സൂചിപ്പിക്കുന്നു; ഇത് പ്രാദേശികമായ ജല അസമത്വത്തെ കൂടുതൽ രൂക്ഷമാക്കുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)