ഇന്ത്യയിൽ ഭൂഗർഭജലക്ഷാമം രൂക്ഷമാകുന്നു: യു.എൻ. റിപ്പോർട്ട്

ഭൂഗർഭജലനിരപ്പ് താഴുന്നതിന് പ്രധാന കാരണം അമിതമായ ജലചൂഷണമാണെന്ന് വ്യക്തമാകുന്നു
ഇന്ത്യയിൽ ഭൂഗർഭജലക്ഷാമം രൂക്ഷമാകുന്നു: യു.എൻ. റിപ്പോർട്ട്
ഐസ്റ്റോക്ക്
Published on

ലോക കാലാവസ്ഥാ സംഘടന (WMO) പ്രസിദ്ധീകരിച്ച 'സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വാട്ടർ റിസോഴ്‌സസ് 2025' റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഭൂഗർഭജലനിരപ്പ് തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിൽ, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കൻ, വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഭൂഗർഭജലനിരപ്പ് താഴുന്നത് പരക്കെ അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്. എന്നാൽ, ഈ ഇടിവ് ഇപ്പോൾ വർഷങ്ങളായി തുടർച്ചയായി സംഭവിക്കുകയാണെന്ന് പുതിയ ആഗോള വിലയിരുത്തൽ മുന്നറിയിപ്പ് നൽകുന്നു. ഇത് ജലസന്തുലിതാവസ്ഥയിലെ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്: പുനരുജ്ജീവിപ്പിക്കപ്പെടുന്നതിനേക്കാൾ (Recharge) കൂടുതൽ ഭൂഗർഭജലം ഇവിടെ എടുത്തുപയോഗിക്കുന്നുണ്ട്.

"2022 മുതൽ 2025 വരെയുള്ള കാലയളവിൽ അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ, ഇന്ത്യ, തെക്കൻ ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവയുടെ ചില ഭാഗങ്ങളിൽ ഭൂഗർഭജലത്തിന്റെ അളവിൽ നിരന്തരമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പല പ്രദേശങ്ങളിലും ഇതിന് പ്രധാന കാരണം അമിതമായ ജലചൂഷണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്," ഡബ്ല്യു.എം.ഒ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആഗോളതലത്തിൽ, 2024-ൽ 25 ശതമാനമായിരുന്ന സ്ഥാനത്ത്, 2025-ൽ 34 ശതമാനം ഭൂഗർഭജല നിരീക്ഷണ കേന്ദ്രങ്ങളും സാധാരണ നിലയേക്കാൾ താഴ്ന്നതോ അതിലും വളരെ കുറഞ്ഞതോ ആയ ജലനിരപ്പാണ് രേഖപ്പെടുത്തിയത്. എന്നാൽ 2025-ൽ ഏകദേശം 31 ശതമാനം നിരീക്ഷണ കേന്ദ്രങ്ങളിൽ സാധാരണ നിലയേക്കാൾ ഉയർന്നതോ വളരെ ഉയർന്നതോ ആയ ഭൂഗർഭജലനിരപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

"ഭൂഗർഭജല നിരീക്ഷണ വിവരങ്ങൾ ലഭ്യമായ പ്രദേശങ്ങളിൽ നിന്നാണ് ഈ ശതമാനക്കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. 2024-നെ അപേക്ഷിച്ച് കൂടുതൽ പ്രദേശങ്ങളിലേക്ക് ഭൂഗർഭജലക്ഷാമം പടരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്," റിപ്പോർട്ടിൽ പറയുന്നു. 2001 മുതൽ 2020 വരെയുള്ള 20 വർഷത്തെ ശരാശരി കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഭൂഗർഭജലനിരപ്പ് അളന്നത്.

ഡബ്ല്യു.എം.ഒ.യുടെ (WMO) വിശകലനമനുസരിച്ച്, തുടർച്ചയായ ജലക്ഷാമത്തിലേക്കും വർഷങ്ങളോളം നീണ്ടുനിൽക്കുന്ന വരൾച്ചാ രീതികളിലേക്കുമാണ് ഭൂഗർഭജലത്തിന്റെ ഇപ്പോഴത്തെ പ്രവണതകൾ വിരൽ ചൂണ്ടുന്നത്.

'സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വാട്ടർ റിസോഴ്‌സസ്' റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ അഞ്ച് വർഷമാകുന്നു. ഇത് ജലചക്രത്തിലെ പ്രധാന ഘടകങ്ങളെക്കുറിച്ചുള്ള തുല്യമായ വിവരങ്ങൾ ലഭ്യമാക്കാനും ദീർഘകാല പ്രവണതകളെക്കുറിച്ച് കൃത്യമായ ധാരണ നൽകാനും സഹായിക്കുന്നു.

പുതിയ വാർഷിക വിലയിരുത്തലിനെ അടിസ്ഥാനമാക്കി ഡബ്ല്യു.എം.ഒ. പുറത്തുവിട്ട വാർത്താക്കുറിപ്പിൽ, "കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ ലോകത്തെ നദികൾ നേരിട്ട ഏറ്റവും വരണ്ട വർഷങ്ങളിൽ ഒന്നായിരുന്നു 2025," എന്ന് ചൂണ്ടിക്കാണിക്കുന്നു. "ഭൂമിയിലെ ശുദ്ധജല സംഭരണത്തിലും മഞ്ഞു മലകളുടെ വിസ്തൃതിയിലുമുണ്ടാകുന്ന ദീർഘകാല കുറവിന്റെ തുടർച്ചയാണിത്. ഭാവിയിൽ മനുഷ്യർക്കും സമ്പദ്‌വ്യവസ്ഥയ്ക്കും കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പ്രവണതയാണിത്," ഡബ്ല്യു.എം.ഒ. മുന്നറിയിപ്പ് നൽകി.

മറ്റ് പല പ്രധാന പ്രദേശങ്ങളിലെയും പോലെ, 2025-ൽ വടക്കൻ ഇന്ത്യയിലും ഭൗമ ജലസമ്പത്തിൽ (Terrestrial water storage) സാധാരണ നിലയേക്കാൾ കുറവാണ് രേഖപ്പെടുത്തിയത്.

ആഗോള ഭൗമ ജലസമ്പത്തിനെ കുറിച്ച് സംസാരിക്കവേ, "നമ്മുടെ ആ സമ്പാദ്യ അക്കൗണ്ട് നമ്മൾ വറ്റിച്ചുകൊണ്ടിരിക്കുകയാണ്," എന്ന് ഡബ്ല്യു.എം.ഒ. സെക്രട്ടറി ജനറൽ സെലസ്റ്റെ സാവ്ലോ പറഞ്ഞു.

"2014–2016 മുതൽ ആഗോള ഭൗമ ജലസമ്പത്തിൽ കുറവുണ്ടാകുന്ന പ്രവണത ദൃശ്യമാണ്; ഒരു പതിറ്റാണ്ടായി ഇത് തുടരുന്നു. തുടർച്ചയായ നാലാം വർഷവും ഭൂമിയിലെ പ്രധാന മഞ്ഞുമൂടിയ പ്രദേശങ്ങളിലെല്ലാം മഞ്ഞിന്റെ അളവ് കുറഞ്ഞു. ഭൂഗർഭജലത്തിന്റെ കാര്യവും വ്യത്യസ്തമല്ല: 2025-ൽ ലോകമെമ്പാടുമുള്ള നിരീക്ഷണ കിണറുകളിൽ മൂന്നിൽ രണ്ടും ചരിത്രപരമായ ശരാശരിക്കും പുറത്തുള്ള അവസ്ഥയാണ് കാണിച്ചത്. 2024-നെ അപേക്ഷിച്ച് ജലനിരപ്പ് മെച്ചപ്പെടുന്നതിന് പകരം വീണ്ടും കമ്മിയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്," സാവ്ലോ വ്യക്തമാക്കി.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in