അനന്തമായ യാത്ര: വാനനിരീക്ഷണത്തിൽ പുതുയുഗത്തിന് തുടക്കമിട്ട നാസയുടെ വോയേജർ
ചിത്രീകരണം: യോഗേന്ദ്ര ആനന്ദ് / സിഎസ്ഇ

അനന്തമായ യാത്ര: വാനനിരീക്ഷണത്തിൽ പുതുയുഗത്തിന് തുടക്കമിട്ട നാസയുടെ വോയേജർ

അൾട്രാവയലറ്റ് തരംഗദൈർഘ്യങ്ങളിലൂടെ ബഹിരാകാശത്തെക്കുറിച്ച് പഠിക്കാനുള്ള സാധ്യത തുറന്നുകൊടുത്തത് വോയേജർ ഇന്റർസ്റ്റെല്ലാർ മിഷനാണ്
Published on: 

1977-ൽ വോയേജർ ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കുമ്പോൾ, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചരിത്രപ്രധാനമായ പയനിയർ 10, പയനിയർ 11 എന്നീ പേടകങ്ങളുടെ പാത പിന്തുടർന്ന് വ്യാഴത്തെയും ശനിയെയും കുറിച്ച് പഠിക്കുക എന്നതായിരുന്നു അവയുടെ പ്രാഥമിക ലക്ഷ്യം. കൂടുതൽ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച വോയേജർ ദൗത്യം, സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളിലേക്കുള്ള വഴികാട്ടിയാവുകയും തുടർന്നുവന്ന ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് ദിശാബോധം നൽകുകയും ചെയ്തു. വ്യാഴത്തിന്റെ ഉപഗ്രഹമായ അയോയിൽ (Io) വോയേജർ 1 അഗ്നിപർവ്വതങ്ങൾ കണ്ടെത്തിയതാണ് ഇതിൽ ഏറെ ആവേശകരമായ ഒരു നേട്ടം - ഭൂമിക്ക് പുറത്ത് ആദ്യമായി കണ്ടെത്തിയ ഈ അഗ്നിപർവ്വതങ്ങൾ, വ്യാഴത്തിലെ മനോഹരമായ ധ്രുവദീപ്തിക്ക് (Jovian aurorae) നേരിട്ട് കാരണമാകുന്നുണ്ട്.

യുറാനസിനെയും നെപ്റ്റ്യൂണിനെയും സന്ദർശിച്ച ഏക ദൗത്യം ഇപ്പോഴും വോയേജർ 2 തന്നെയാണ്.

മനുഷ്യനിർമ്മിതമായ ഒരു വസ്തു എത്തിയതിൽ വെച്ച് ഏറ്റവും അകലെയുള്ള പേടകമായി വോയേജർ 1 ഇപ്പോൾ മാറിയിരിക്കുന്നു; സമീപഭാവിയിലൊന്നും മറ്റൊന്നിനും ഈ നേട്ടം മറികടക്കാനാവില്ല. ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം (one-light-day) അകലെയെന്ന അവിശ്വസനീയമായ നാഴികക്കല്ലിലേക്ക് വോയേജർ 1 ഉടൻ എത്തിച്ചേരും. ഈ അതുല്യ നേട്ടത്തോട് അടുക്കുന്ന വേളയിൽ, ഈ ദൗത്യത്തിന്റെ നേട്ടങ്ങളെ നമുക്ക് വിലയിരുത്താവുന്നതാണ്. പേരിൽ മാത്രമല്ല, എല്ലാ അർത്ഥത്തിലും ഇവ 'പയനിയർമാർ' (വഴികാട്ടികൾ) ആയിരുന്നു എന്നതാണ് ഏറ്റവും പ്രധാനമായി ഓർമ്മിക്കേണ്ടത്. പതിറ്റാണ്ടുകളായി പൊതുജനങ്ങളുടെ ഭാവനയെയും കൗതുകത്തെയും ഈ രണ്ട് പേടകങ്ങളും കീഴടക്കിയിരിക്കുകയാണ്. പേടകങ്ങളുമായി ആശയവിനിമയം സ്ഥാപിക്കുന്നതിലും നിലനിർത്തുന്നതിലുമുള്ള വെല്ലുവിളികളും, അവയിലെ ഏതൊക്കെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കണം, ഏതൊക്കെ ഓഫ് ചെയ്യണം എന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ഇന്നും വലിയ വാർത്തകളാകുന്നു.

ജ്യോതിശാസ്ത്രത്തിൽ വോയേജർ ഇന്റർസ്റ്റെല്ലാർ മിഷൻ (VIM) ചെലുത്തിയ ശാസ്ത്രീയ സ്വാധീനം ഏറെ പ്രധാനമാണ്; എന്നാൽ അതിലുപരിയായി, സൗരയൂഥത്തിന്റെ ബാഹ്യമേഖലകളിൽ നിന്ന് ഈ പേടകങ്ങൾ സാധ്യമാക്കിയ നിരീക്ഷണങ്ങൾ തുറന്നുതരുന്ന ഭാവി സാധ്യതകൾ എടുത്തുപറയേണ്ടതുണ്ട്.

2026 നവംബർ 16-30 ലക്കം 'ഡൗൺ ടു എർത്ത്' (Down To Earth) അച്ചടി പതിപ്പിൽ "അനന്തമായ യാത്ര" (An endless voyage) എന്ന കവർ സ്റ്റോറിയുടെ ഭാഗമായാണ് ഈ കോളം ആദ്യം പ്രസിദ്ധീകരിച്ചത്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)